Columns

തളരുകയല്ല, വളരുകയാണ് ഖത്തര്‍!

സൗദി അറേബ്യ, യു.എ.ഇ, ബഹ്റൈന്‍, ഈജിപ്ത് എന്നീ നാലു രാഷ്ട്രങ്ങള്‍ ഖത്തര്‍ എന്ന രാഷ്ട്രത്തിനു മേല്‍ ഉപരോധമേര്‍പ്പെടുത്തിയിട്ട് രണ്ടു വര്‍ഷം തികഞ്ഞിരിക്കുകയാണ്. രണ്ടു വര്‍ഷത്തോളം ഉപരോധത്തിനു വിധേയമായെങ്കിലും, അതിനെയെല്ലാം പൂര്‍വ്വാധികം ശക്തിയോടെയും കരുത്തോടെയും അതിജീവിച്ചിരിക്കുകയാണ് ഖത്തര്‍ എന്ന ചെറുരാഷ്ട്രം, അതേസമയം തങ്ങളുടെ അയല്‍രാഷ്ട്രത്തെ കുടുക്കാന്‍ വേണ്ടി ഒരുക്കിയ കെണിയില്‍ സ്വയംകുരുങ്ങിയ അവസ്ഥയിലാണ് ഉപരോധമേര്‍പ്പെടുത്തിയ രാഷ്ട്രങ്ങള്‍ നിലവില്‍ എത്തിനില്‍ക്കുന്നത്. ആര്‍ക്കും വിധേയപ്പെടാത്ത, എന്നും മുന്നില്‍ നടന്നുമാത്രം ശീലമുള്ള ഖത്തര്‍ ഭരണനേതൃത്വം, സൗദി അറേബ്യക്കും യു.എ.ഇക്കും എന്നുമൊരു തലവേദനയായിരുന്നു എന്ന് സമീപകാല സംഭവവികാസങ്ങള്‍ വ്യക്തമാക്കുന്നുണ്ട്. അറബ് ഭരണകൂടങ്ങള്‍ക്കിടയില്‍ കാലാകാലങ്ങളായി നിരന്തരം ഉയര്‍ന്നുവന്നിട്ടുള്ള സംഘര്‍ഷങ്ങളുടെയും അസ്വാരസ്യങ്ങളുടെയും മൂലഹേതുവും ഇതുതന്നെയാണ്.

2011-ലെ ജനകീയ വിപ്ലവത്തിനു ശേഷം യമന്‍ ജനതയുടെ കരങ്ങളില്‍ നിന്നും തങ്ങളുടെ സഖ്യകക്ഷി അലി അബ്ദുല്ല സാലിഹിനെ രക്ഷപ്പെടുത്താന്‍ ജി.സി.സി രാഷ്ട്രങ്ങള്‍ മുന്നോട്ടുവെച്ച “ഗള്‍ഫ് ഇനീഷ്യേറ്റീവ്”നെ ആദ്യമായി തള്ളിക്കളഞ്ഞ രാഷ്ട്രം ഖത്തര്‍ ആയിരുന്നു. ഖത്തറിനെ തകര്‍ക്കാനും ലോകത്തിനു മുന്നില്‍ മോശപ്പെടുത്താനും എവ്വിധമാണ് സൗദി അറേബ്യ കരുക്കള്‍ നീക്കിയതെന്ന് അന്നത്തെ സംഭവവികാസങ്ങള്‍ നിരീക്ഷിച്ചിരുന്നവര്‍ക്ക് ഓര്‍മയുണ്ടാവും. അവര്‍ ഖത്തറിനെതിരെ ഒന്നിനുപിറകെ ഒന്നായി ഹാഷ്-ടാഗുകളും വര്‍ത്തകളും പടച്ചുവിട്ടു.

ഏതെങ്കിലും രാഷ്ട്രം പുറപ്പെടുവിക്കുന്ന ആജ്ഞകള്‍ അനുസരിക്കാനോ, വിധേയപ്പെടാനോ, ആശ്രിതരായി കഴിയാനോ ഖത്തര്‍ ഒരുക്കമായിരുന്നില്ല. സ്വന്തമായ സ്വതന്ത്രമായ തീരുമാനങ്ങള്‍ കൊണ്ടല്ലാതെ തങ്ങളുടെ ഭാവി വികസനപരിപാടികള്‍ പൂര്‍ത്തീകരിക്കാനും സഫലീകരിക്കാനും കഴിയില്ലെന്ന് ഖത്തര്‍ വിശ്വസിച്ചു. തങ്ങളുടെ അയല്‍രാഷ്ട്രങ്ങളുമായി ഊഷ്മള ബന്ധം കാത്തുസൂക്ഷിക്കുന്നതിനു വേണ്ടി ഖത്തറിന് ഒരുപാട് സഹിക്കേണ്ടിയും ചെറുക്കേണ്ടിയും വന്നിട്ടുണ്ട്. സൗദി അറേബ്യയോട് എന്നും വളരെ ബഹുമാനാദരവുകളോടു കൂടി മാത്രമേ ഖത്തര്‍ ഇടപെട്ടിരുന്നുള്ളു, അന്താരാഷ്ട്രതലത്തില്‍ സൗദി അറേബ്യ വിമര്‍ശിക്കപ്പെട്ടപ്പോഴൊക്കെ തന്നെയും ഖത്തര്‍ എല്ലാവിധ പിന്തുണയും നല്‍കി കൂടെതന്നെ ഉറച്ചുനിന്നിരുന്നു. എന്നാല്‍, സൗദി അറേബ്യയുടെ സ്വേച്ഛാധിപത്യപരവും രാഷ്ട്രീയ ഉള്‍ക്കാഴ്ചയില്ലാത്തതുമായ നയങ്ങളുടെ കാര്യത്തില്‍ ഖത്തര്‍ എന്നും എതിര്‍പക്ഷത്തു തന്നെയാണ് നിലകൊണ്ടിരുന്നത്. ഉദാഹരണത്തിന്, യമനിലെ അലി അബ്ദുല്ല സാലിഹിന്‍റെ കാര്യം തന്നെ എടുക്കാം. യമന്‍ എന്ന രാഷ്ട്രത്തിന്‍റെ കാര്യത്തില്‍ യമന്‍ ജനതക്കെതിരെ നിലപാടെടുത്ത സൗദി അറേബ്യക്കെതിരെയായിരുന്നു ഖത്തര്‍ നിലകൊണ്ടത്.

അതുമായി ബന്ധപ്പെട്ട എല്ലാകാര്യങ്ങളും പരാമര്‍ശിക്കാനും ഉള്‍ക്കൊള്ളിക്കാനും ഈ ഒരു ലേഖനം മാതിയാവുകയില്ല. എന്നിരുന്നാലും, സൗദി കിരീടാവകാശി, മുഹമ്മദ് ബിന്‍ സല്‍മാന്‍, 2015 മാര്‍ച്ചില്‍ ആരംഭം കുറിച്ച ‘ഓപ്പറേഷന്‍ ഡിസിസീവ് സ്റ്റോം’നെ കുറിച്ച് നിര്‍ബന്ധമായും പരാമര്‍ശിക്കേണ്ടതുണ്ട്. സഖ്യരാഷ്ട്രങ്ങളോട് ആലോചിക്കുക പോലും ചെയ്യാതെയാണ് അവരെയും കൂടി ഉള്‍പ്പെടുത്തി കൊണ്ട് പ്രസ്തുത ഓപ്പറേഷന് സല്‍മാന്‍ തുടക്കം കുറിച്ചത്. യമനുമായി ചേര്‍ന്നുകിടക്കുന്ന തങ്ങളുടെ തെക്കന്‍ അതിര്‍ത്തി സുരക്ഷിതമാക്കാന്‍ സല്‍മാന്‍ ഖത്തറിനോട് സൈനികസഹായം ആവശ്യപ്പെട്ടപ്പോള്‍, എതിര്‍പ്പൊന്നും പറയാതെ പെട്ടെന്ന് സൈന്യത്തെ അയച്ചുകൊടുക്കുകയാണ് ഖത്തര്‍ ചെയ്തത്. അതേസമയം ഒരൊറ്റ ഉപാധിമാത്രമേ ഖത്തര്‍ സൗദിക്കു മുന്നില്‍വെച്ചുള്ളു; അതായത്, യമനില്‍ കടന്നുകയറി ആക്രമണം നടത്താനല്ല, മറിച്ച് യമനില്‍ നിന്നും ഏതെങ്കിലും തരത്തിലുള്ള ആക്രമണം ഉണ്ടായാല്‍ അതിനെ ചെറുക്കാന്‍ മാത്രമാണ് തങ്ങളുടെ സൈന്യത്തെ വിട്ടുതന്നിരിക്കുന്നതെന്ന് ഖത്തര്‍ വ്യക്തമാക്കിയിരുന്നു. മേഖലയെ യുദ്ധമുഖരിതമാക്കാനുള്ള എല്ലാനീക്കങ്ങള്‍ക്കും എതിരെയായിരുന്നു ഖത്തര്‍ നിലപാട്.

എന്നാല്‍ ഒറ്റരാത്രികൊണ്ട് കാര്യങ്ങള്‍ ഖത്തറിന് എതിരായി തിരിയുകയാണ് ഉണ്ടായത്. ഉപരോധം ഏര്‍പ്പെടുത്തപ്പെട്ടതോടെ ഖത്തര്‍ സൈന്യം സൗദി അറേബ്യയില്‍ നിന്നും പിന്‍വാങ്ങി. ഇതായിരുന്നില്ല ഖത്തറില്‍ നിന്നും മറ്റു നാലു രാഷ്ട്രങ്ങള്‍ പ്രതീക്ഷിച്ചത്. അവര്‍ ഖത്തറിനെ കടന്നാക്രമിക്കാനും ഖത്തറില്‍ അധിനിവേശം നടത്താനും ശ്രമിച്ചതിനുള്ള തെളിവുകള്‍ പുറത്തുവന്നു. ഖത്തറില്‍ അധിനിവേശം നടത്താനുള്ള ശ്രമങ്ങള്‍ നടക്കില്ലെന്ന് ബോധ്യപ്പെട്ട അവര്‍ ഖത്തറിനു മേല്‍ ഉപരോധമേര്‍പ്പെടുത്തുകയും റമദാന്‍ മാസത്തില്‍ ചരക്കുകളൊന്നും ഖത്തറില്‍ പ്രവേശിക്കുന്നില്ലെന്ന് ഉറപ്പുവരുത്തികൊണ്ട് നിരോധനാജ്ഞ പുറപ്പെടുവിക്കുകയും ചെയ്തു. ഇതുകൂടാതെ അവര്‍ ഖത്തറിലേക്കുള്ള വ്യോമപാതകള്‍ അടച്ചു, ഖത്തര്‍ ജനതയുമായി പരസ്പരമുള്ള കുടുംബബന്ധങ്ങള്‍ വിച്ഛേദിക്കുകയും ചെയ്തു. ഇക്കാര്യത്തില്‍ സൗദി അറേബ്യയും യു.എ.ഇയും ബഹ്റൈനും ഒരുമിച്ചു നിന്നു.

ഖത്തറിനെ തങ്ങളുടെ ചൊല്‍പ്പടിക്കുകീഴില്‍ അനുസരണയോടെ നിര്‍ത്താനുള്ള ഏറ്റവും നല്ല മാര്‍ഗമാണ് ഉപരോധം എന്നായിരുന്നു പ്രസ്തുത നാലു രാഷ്ട്രങ്ങളും കരുതിയത്. ഖത്തര്‍ തങ്ങളുടെ സ്വാതന്ത്ര്യവും പരമാധികാരവും അടിയറവെക്കുമെന്നും ഉപരോധത്തിനു മുന്നില്‍ പിടിച്ചു നില്‍ക്കാന്‍ ഖത്തറിന് അധികകാലം കഴിയില്ലെന്നും ആ നാലു രാഷ്ട്രങ്ങള്‍ മനക്കോട്ട കെട്ടി.

എന്നാല്‍ ഉപരോധം ഏര്‍പ്പെടുത്തിയിട്ട് രണ്ടു വര്‍ഷങ്ങള്‍ കഴിഞ്ഞു. എന്താണ് യഥാര്‍ഥത്തില്‍ സംഭവിച്ചത്? ഖത്തര്‍ തങ്ങളുടെ നയതന്ത്ര ബന്ധങ്ങള്‍ കൂടുതല്‍ വ്യാപിപ്പിച്ചു, രാഷ്ട്രീയ സ്വാധീനം വര്‍ധിപ്പിച്ചു, മുന്‍പത്തേക്കാള്‍ കൂടുതല്‍ അന്താരാഷ്ട്രതലത്തില്‍ ബഹുമാനാദരവുകള്‍ നേടി. എല്ലാത്തിനുമുപരി, തങ്ങളുടെ സഹോദരഅയല്‍രാജ്യങ്ങളെ പരിഗണിച്ചു കൊണ്ട് മാറ്റിവെച്ചിരുന്ന പദ്ധതികള്‍ പൂര്‍ത്തീകരിച്ചതോടെ സാമ്പത്തികമായി ഖത്തര്‍ പൂര്‍വ്വാധികം ശക്തി പ്രാപിക്കുകയും ചെയ്തു. അതേസമയം, ഉപരോധത്തിന്‍റെ മുഖ്യസൂത്രധാരന്‍മാരായ സൗദി അറേബ്യയും യു.എ.ഇയും വലിയ അളവിലുള്ള പ്രതിസന്ധി നേരിട്ടുകൊണ്ടിരിക്കുകയാണെന്നാണ് വാസ്തവം. റമദാന്‍ മാസത്തില്‍ മക്കയില്‍ സല്‍മാന്‍ രാജാവ് വിളിച്ചു ചേര്‍ത്ത മൂന്നു ഉച്ചകോടികള്‍ക്കും അവയുടെ ഉദ്ദേശലക്ഷ്യങ്ങളുടെ ഏഴയലത്തു പോലും എത്താന്‍ സാധിച്ചിട്ടില്ലെന്ന കാര്യം അവരുടെ സാമ്പത്തിക വളര്‍ച്ചയുടെ സൂചികകള്‍ തന്നെ തെളിയിക്കുന്നുണ്ട്.

ഖത്തര്‍ ഇന്നവരുടെ രണ്ടാം സ്വാതന്ത്ര്യമാണ് നേടിയിരിക്കുന്നത്. ഭരണനേതൃത്വത്തിന്‍റെ ഉള്‍ക്കാഴ്ചയും ബൗദ്ധികശേഷിയും സുതാര്യതയും നയതന്ത്രബന്ധങ്ങളിലെ പരസ്പരബഹുമാനവും മിഡിലീസ്റ്റിലെ ഒരു സ്വാധീനശക്തിയായി ഖത്തറിനെ മാറ്റിത്തീര്‍ക്കുക തന്നെ ചെയ്യും.

മൊഴിമാറ്റം : ഇര്‍ഷാദ്
അവലംബം : middleeastmonitor

Facebook Comments
Show More

Related Articles

Close
Close