Current Date

Search
Close this search box.
Search
Close this search box.

ഖത്തര്‍ പ്രതിസന്ധി : മഞ്ഞുരുക്കത്തിന്റെ വഴി

പശ്ചിമേഷ്യ മഞ്ഞുരുക്കത്തിന്റെ വഴിയിലാണ് എന്ന് തീര്‍ത്തു പറയാന്‍ സമയമായിട്ടില്ല. എങ്കിലും പുതിയ വര്ഷം കൂടുതല്‍ പ്രതീക്ഷ നല്‍കുന്നു എന്ന് പറയാതെ വയ്യ. ജി സി സി രാജ്യങ്ങളുടെ കൂട്ടായ്മ പശ്ചിമേഷ്യയെ സംബന്ധിച്ചിടത്തോളം പ്രാധാന്യമുള്ളതാണ്. ഇന്ത്യക്കാരെ സംബന്ധിച്ചിടത്തോളം പ്രത്യേകിച്ചും. മൂന്നര വര്ഷം മുമ്പ് സഊദി, യു എ ഇ, ബഹ്‌റൈന്‍ , ഈജിപ്ത് എന്നീ രാജ്യങ്ങള്‍ ഏകപക്ഷീയമായി ഖത്തറിനെതിരെ ഉപരോധം കൊണ്ട് വന്നപ്പോള്‍ നമ്മുടെ ആശങ്ക ഇതിലും കൂടുതലായിരുന്നു. ഒരിക്കലും നടക്കാന്‍ സാധ്യതയില്ലാത്ത കാര്യങ്ങളാണ് അന്ന് ഉപരോധം നീക്കാന്‍ മുന്നോട്ട് വെച്ചത്. ഖത്തര്‍ അതിനെ ഒരു പരിധിവരെ മറികടന്നു എന്നത് ശരിയാണ്. പക്ഷെ മേഖലയുടെ വളര്‍ച്ചക്ക് ഈ ഉപരോധം തീര്‍ത്തും പ്രതികൂലമായി മാറി എന്നതാണ് ബാക്കി പത്രം.

2017 ലാണ് ഉപരോധം പൂര്‍ണ രൂപത്തില്‍ നിലവില്‍ വന്നതെങ്കിലും 2014 മുതല്‍ തന്നെ അതിന്റെ ആരവം തുടങ്ങിയിരുന്നു. പല രാജ്യങ്ങളും ആദ്യമായി ഖത്തറുമായുള്ള നയതന്ത്ര ബന്ധം അവസാനിപ്പിച്ചിരുന്നു. പലരും പിന്നീട് ബന്ധം പുനസ്ഥാപിച്ചു. വാസ്തവത്തില്‍ ഇതിന്റെ വേരുകള്‍ക്ക് മുല്ലപ്പൂ വിപ്ലവത്തോളം ആഴമുണ്ട്. മുസ്ലിം ബ്രദര്‍ ഹുഡിനു ഖത്തര്‍ വഴിവിട്ട സഹായം നല്‍കുന്നു എന്നതാണ് അതിന്റെ പിന്നില രാഷ്ട്രീയം. പശ്ചിമേഷ്യയില്‍ മാത്രമല്ല ലോകാടിസ്ഥാനത്തില്‍ തന്നെ സ്വാദീനമുള്ള വാര്‍ത്താ ചാനല്‍ എന്ന കാരണത്താല്‍ അല്‍ ജസീറയും പലരുടെയും കണ്ണിലെ കരടായിരുന്നു. ഖത്തര്‍ ഭീകര പ്രവര്‍ത്തനങ്ങളെ സഹായിക്കുന്ന രീതിയില്‍ സംഘടനകളെയും വ്യക്തികളെയും പിന്തുണയ്ക്കുന്നു എന്നതായിരുന്നു മുഖ്യ ആരോപണം. ഉപരോധം നീക്കാന്‍ താഴെ പറയുന്ന കാര്യങ്ങള്‍ ഉപാധികളില്ലാതെ ഖത്തര്‍ നടപ്പാക്കണം എന്നും ഇവര്‍ ഉറച്ചു നിന്ന്.

– അല്‍ ജസീറ ചാനല്‍ പൂട്ടുക.
– ഖത്തര്‍ സഹായം ചെയ്യുന്ന “ മിഡില്‍ ഈസ് ഐ” അടക്കം ചില ഓണ്‍ലൈന്‍ , ഓഫ്‌ ലൈന്‍ മാധ്യമങ്ങള്‍ പൂര്‍ണമായി അവസാനിപ്പിക്കുക.
– ഖത്തറിലെ തുര്‍ക്കി താവളം അടച്ചു പൂട്ടുക, തുര്‍ക്കിയുമായുള്ള സൈനിക സഹകരണം അവസാനിപ്പിക്കുക.
– ഇറാനുമായുള്ള നയതന്ത്ര ബന്ധം കുറയ്ക്കുക. അമേരിക്കന്‍ ഉപരോധത്തിനു അനുഗുണമായ രീതിയിലുള്ള ബന്ധം മാത്രമാക്കി ചുരുക്കുക.
– Islamic Revolutionary Guard Corps ന്റെ അംഗങ്ങള്‍ക്ക് ഖത്തറില്‍ പ്രവര്‍ത്തനാനുമതി നല്‍കാതിരിക്കുക.
– മുസ്ലിം ബ്രദര്‍ ഹൂഡ്, ഐഎസ്ഐഎസ്, ഹമാസ്, അല്‍ ഖാഇദ, ഹിസ്ബുള്ള പോലുള്ള സംഘടനകള്‍ക്ക് നല്‍കി വരുന്ന സഹായ സഹകരണങ്ങള്‍ അവസാനിപ്പിക്കുക.
– ഖത്തറിലുള്ള എല്ലാ ഭീകരരെയും സ്വന്തം നാട്ടില്‍ കീഴടങ്ങാന്‍ അനുവദിക്കണം. അവര്‍ക്ക് നല്‍കുന്ന സാമ്പത്തിക സഹായം നിര്‍ത്തലാക്കണം.
– ഈ നാല് രാജ്യങ്ങളുടെ ആഭ്യന്തര കാര്യത്തില്‍ ഇടപെടുന്നതില്‍ നിന്നും ഖത്തര്‍ മാറി നില്‍ക്കണം.
– സഊദി, യു എ ഇ എന്നീ രാജ്യങ്ങള്‍ “ wanted criminals” എന്ന രീതിയില്‍ പ്രഖ്യാപിച്ചവര്‍ക്ക് പൗരത്വം നല്‍കുന്നത് ഖത്തര്‍ നിര്‍ത്തലാക്കണം.
മറ്റു പല ഉപാധികളും അന്ന് മുന്നോട്ട് വെക്കപ്പെട്ടിരുന്നു. എല്ലാം ആരോപണം എന്ന രീതിയില്‍ ഖത്തര്‍ തള്ളിക്കളഞ്ഞു. വര്‍ത്തമാന സാഹചര്യത്തില്‍ ഖത്തറിനു ഉപരോധവുമായി മുന്നോട്ട് പോകാന്‍ കഴിയില്ല എന്നായിരുന്നു ഈ നാല് രാജ്യങ്ങളും കണക്കാക്കിയത്. ഖത്തറിനു വേണ്ട ഭക്ഷണ സാധനങ്ങള്‍ തൊണ്ണൂറ്റി ഒമ്പത് ശതമാനവും ഇറക്കുമതിയായിരുന്നു. പക്ഷെ പെട്ടെന്ന് തന്നെ ഖത്തര്‍ ഈ പ്രതിസന്ധികളെ അതിജീവിക്കുന്ന കാഴ്ചയാണ് പിന്നെ നാം കണ്ടത്. ഖത്തര്‍ വ്യാപാരത്തില്‍ ദുബായ് പോര്ട്ടിന്റെ സ്ഥാനം വലുതായിരുന്നു. തുര്‍ക്കി ഇറാന്‍, ഒരു പരിധിവരെ ഒമാന്‍, എന്നീ രാജ്യങ്ങളുടെ സഹകരണത്തോടെ അവര്‍ പിടിച്ചു നിന്നു. കുവൈത്ത് അമീറിന്റെ നേതൃത്തത്തില്‍ പലപ്പോഴും ചര്‍ച്ചകള്‍ നടന്നെങ്കിലും ഒരു ശുഭ വാര്‍ത്തക്ക് പിന്നെയും കാത്തു നില്‍ക്കേണ്ടി വന്നു. ലോക രാജ്യങ്ങളില്‍ അധികവും ഈ ഉപരോധത്തെ അനുകൂലിച്ചില്ല. പക്ഷെ ഈ അവസ്ഥ മുതലെടുക്കാന്‍ ശ്രമിക്കും എന്ന് ഇസ്രയേല്‍ അന്ന് തന്നെ പ്രഖ്യാപിച്ചിരുന്നു.

മുല്ലപ്പൂ വിപ്ലവവും അതിന്റെ ഭാഗമായ ഈജിപ്തിലെ ഭരണമാറ്റവും പശ്ചിമേഷ്യയില്‍ വലിയ പ്രകമ്പനം സൃഷ്ടിച്ചു. എന്ത് വില കൊടുത്തും അതിനെ അതിജീവിക്കുക എന്നത് പലര്‍ക്കും ഒരു ആവശ്യമായി മാറി. തിരഞ്ഞെടുക്കപ്പെട്ട സര്‍ക്കാരിനെ പട്ടാളത്തിന്റെ സഹായത്തോടെ ഇല്ലാതാക്കുന്നതാണ് പിന്നീട് നാം കണ്ടത്. പുതിയ സാഹചര്യത്തില്‍ സുന്നീ ലോകത്തിന്റെ നേതൃത്വത്തിന് വേണ്ടി സഊദിയും തുര്‍ക്കിയും തമ്മില്‍ വടംവലി ആരംഭിച്ചിരുന്നു. അതെ സമയം പശ്ചിമേഷ്യയുടെ നേതൃത്വ പദവിക്ക് വേണ്ടിയുള്ള സമരത്തിലായിരുന്നു ഇറാനും സഊദിയും. ഒബാമ കാലത്ത് കുറെയൊക്കെ രമ്യതയില്‍ എത്തിരുന്ന ഇറാന്‍ ആണവ കരാറും ഇറാന്‍ ഉപരോധവും ട്രമ്പ്‌ വന്നതോട് കൂടി വീണ്ടും അട്ടിമറിക്കപ്പെട്ടു. ഇറാനെ അറബി ഇസ്ലാമിക രാജ്യങ്ങളുടെ മുഖ്യ ശത്രു എന്ന നിലയില്‍ പ്രതിഷ്ടിക്കുന്നതില്‍ അമേരിക്ക ഒരിക്കല്‍ കൂടി വിജയിച്ചു. ഖത്തറും മറ്റു നാല് രാജ്യങ്ങളും അമേരിക്കന്‍ ചേരിയില്‍ തന്നെയായിരുന്നുവെങ്കിലും മറ്റു നാല് രാജ്യങ്ങളെ അപേക്ഷിച്ച് അമേരിക്ക ശത്രു പക്ഷത്ത് നിര്‍ത്തുന്ന രാജ്യങ്ങളുമായി കൂടുതല്‍ അടുപ്പം എന്നത് കൂടി ഈ ഉപരോധത്തിന് മാറ്റുകൂട്ടി. ഈ വിഷയത്തില്‍ ഒരേ സമയം തന്നെ പല രീതിയിലാണ് ട്രമ്പ്‌ ട്വീറ്റ് ചെയ്തത്. ഭീകരവാദത്തിനു നല്‍കുന്ന സഹായത്തെ അദ്ദേഹം ഒരിക്കല്‍ ശക്തമായി എതിര്‍ത്ത് ട്വീറ്റ് ചെയ്തിരുന്നു. അത് ഖത്തറിനെ ഉദ്ദേശിച്ചായിരുന്നു എന്ന് ലോകം വിലയിരുത്തി. പിന്നീട് പഴയ ട്വീറ്റ് ട്രാമ്പ് തന്നെ തിരുത്തി. അതെ സമയം ഖത്തര്‍ വിഷയത്തില്‍ പെട്ടെന്ന് തന്നെ ഒരു പരിഹാരം കാണണം എന്ന രീതിയിലാണ് US National Security Adviser Robert O’Brien പ്രതികരിച്ചത്.

മറ്റൊരു വിലയിരുത്തല്‍ കൂടി ഈ സമയത്ത് ഉചിതമാണ്. ട്രമ്പ് കാലത്താണ് ഈ ഉപരോധം ആരംഭിച്ചത്. പശ്ചിമേഷ്യയില്‍ ഇറാന്‍ തുര്‍ക്കി രാജ്യങ്ങളെ കൂടുതല്‍ ഒറ്റപ്പെടുത്തുക എന്നത് ട്രമ്പ്‌ സ്വീകരിച്ച തന്ത്രമാണ്. മുസ്ലിം നാടുകള്‍ക്കിടയില്‍ നിലനില്‍ക്കുന്ന ഭിന്നത രൂക്ഷമാക്കുക എന്നത് ഏതു കാലത്തെയും അമേരിക്കന്‍ നിലപാടാണ്. സുന്നീ ഷിയാ വിഷയങ്ങള്‍ കൂടുതല്‍ ശക്തമാക്കാന്‍ കഴിഞ്ഞു എന്നതും അമേരിക്കന്‍ നേട്ടമാണ്. ഒബാമ കാലത്ത് ചില മഞ്ഞുരുകലിന് ലോകം സാക്ഷിയായി. നയതന്ത്ര കാര്യത്തില്‍ ഷിയാ രാഷ്ട്രീയം എന്നും സുന്നീ രാഷ്ട്രീയത്തെ കവച്ചു വെച്ചിരുന്നു. ഇറാന്‍ പശ്ചിമേഷ്യയില്‍ തങ്ങളുടെ സ്വാദീനം വര്‍ധിപ്പിക്കാന്‍ ശ്രമിച്ചു. അതിനെ തന്ത്രപരമായി നേരിടാന്‍ പലപ്പോഴും മേഖലയിലെ മറ്റു രാജ്യങ്ങള്‍ക്ക് കഴിയാതെ പോയി. അവിടെയാണ് അമേരിക്ക എന്നും രക്ഷകനായി വന്നത്. ഖത്തര്‍ ഉപരോധത്തില്‍ അവര്‍ ഉന്നയിച്ച ആവശ്യങ്ങളില്‍ പലതും ഇറാനുമായും തുര്‍ക്കിയുമായും ബന്ധെപ്പെട്ടതായിരുന്നു എന്നത് കാണാതെ പോകരുത്. ട്രമ്പ്‌ അടുത്ത ആഴ്ച തിരിച്ചു പോകും. പശ്ചിമേഷ്യന്‍ കാര്യങ്ങളില്‍ കൃത്യമായ നിലപാടുള്ള വ്യക്തിയാണ് നിയുക്ത പ്രസിഡന്റ്. തന്റെ കാലത്ത് തന്നെ ഒരു വലിയ വിഷയം ഇല്ലാതാക്കാന്‍ കഴിഞ്ഞു എന്ന ഖ്യാതി തനിക്കിരിക്കട്ടെ എന്ന ട്രമ്പ്‌ ബുദ്ധി കൂടി പുതിയ തീരുമാനത്തിന് പിറകില്‍ കാണുമെന്നു വിചാരിക്കതിരിക്കാന്‍ ന്യായങ്ങളില്ല.

എന്തായാലും നേരത്തെ പറഞ്ഞ ലിസ്റ്റില്‍ നിന്നും ഒന്ന് പോലും നടപ്പാക്കാതെയാണ് ഇപ്പോള്‍ ഉപരോധം ഇല്ലാതായത്. ആര് ജയിച്ചു തോറ്റു എന്നതിനേക്കാള്‍ പ്രാധാന്യം മേഖലയില്‍ കൂടുതല്‍ സമാധാനവും പുരോഗതിയും കൈവരും എന്നതാണ്. പശ്ചിമേഷ്യ ഇപ്പോള്‍ പഴയ ലോകമല്ല. അടുത്ത കാലം വരെ പുറത്തു നിര്‍ത്തിയിരുന്ന ഇസ്രയേല്‍ ഇന്ന് മേഖലയില്‍ പലരുടെയും ഉറ്റ മിത്രമാണ്. പശ്ചിമേഷ്യയിലെ പോളിസി തീരുമാനിക്കുന്നിടത് അമേരിക്കന്‍ സ്വാധീനം വലുതാണ്. അതില്‍ ഇനി മുതല്‍ ഇസ്രയേല്‍ സ്വാധീനം എത്രയാകും എന്നതാണ് പലരും ചോദിക്കുന്നത്. ഇന്നും മുസ്ലിം പണ്ഡിതര്‍ക്കു സ്വാധീനമുള്ള മണ്ണാണ് ഖത്തര്‍ . യൂസഫുല്‍ ഖര്‍ദാവി പോലുള്ള പണ്ഡിതരെ പുറത്താക്കണം എന്ന കാര്യവും പഴയ ലിസ്റ്റില്‍ പ്രഖ്യാപിച്ചിരുന്നു. കണ്ടിടത്തോളം ഏകപക്ഷീയമായ ഒരു നടപടിയിലൂടെയാണ് ഉപരോധം സഊദി വേണ്ടെന്നു വെച്ചത്. അതിന്റെ പിന്നിലെ കാര്യങ്ങള്‍ ഇനിയും അറിഞ്ഞിട്ടു വേണം. എന്തായാലും ഒരു യുഗപ്പിറവി എന്ന് പറയാന്‍ കഴിയില്ലെങ്കിലും അനുഭവത്തിലൂടെ പലര്‍ക്കും കാര്യങ്ങള്‍ മനസ്സിലാവുന്നു എന്ന സന്ദേശം നല്‍കാന്‍ പുതിയ കൊല്ലത്തിനു കഴിയുന്നുണ്ട്.

Related Articles