Columns

ഖാസിം സുലൈമാനിയുടെ കൊലയും പശ്ചിമേഷ്യയും

ഇറാന്‍ സൈനിക മേധാവി ജനറല്‍ ഖാസിം സുലൈമാനിയെ വധിച്ചതിലൂടെ ഇറാനും യു.എസും തമ്മിലുള്ള സംഘട്ടനത്തിന്റെ നിയമങ്ങളില്‍ മാറ്റം വന്നു എന്നാണ് ഇറാനിയന്‍ രാഷ്ട്രീയ നിരീക്ഷകര്‍ പറയുന്നത്. പശ്ചിമേഷ്യയിലെ ഇറാന്റെ സൈനികവത്കരിക്കപ്പെട്ട വിദേശനയത്തിന്റെ പ്രധാന മുഖമായിരുന്നു കഴിഞ്ഞ 20 വര്‍ഷമായി സുലൈമാനി. അദ്ദേഹത്തെയാണ് കഴിഞ്ഞ ദിവസം പുലര്‍ച്ചെ ബാഗ്ദാദ് അന്താരാഷ്ട്ര വിമാനത്താവളത്തിനു നേരെ നടന്ന വ്യോമാക്രമണത്തിലൂടെ യു.എസ് കൊലപ്പെടുത്തിയത്. ഇസ്ലാമിക് റവല്യൂഷണറി ഗാര്‍ഡ് (IRGC) തലവനും ഖുദ്‌സ് ഫോഴ്‌സിന്റെ സൈനിക,രാഷ്ട്രീയ ശക്തിയുടെ ശില്‍പ്പിയുമായിരുന്നു അദ്ദേഹം.

ഇറാഖ് സൈന്യത്തിന്റെ സഹസംഘടനയായ Popular Mobilisation Forces, (PMF)ന്റെ കമാന്‍ഡര്‍ അബൂ മഹ്ദി അല്‍ മുഹന്‍ദിസ് അടക്കം മറ്റു ഏഴ് പേര്‍ ആക്രമണത്തില്‍ കൊല്ലപ്പെട്ടിട്ടുണ്ട്. PMF ഇറാഖിന്റെ ഔദ്യോഗിക സുരക്ഷ സേനയുമായി നിയമപരമായി ബന്ധമുണ്ടെന്നും ഇവരെ ഇറാഖ് തന്നെയാണ് നേരിട്ട് നിയന്ത്രിക്കുന്നതെന്നും IRGC ആണ് ഇവര്‍ക്ക് ഫണ്ട് നല്‍കുന്നതെന്നുമാണ് വിമര്‍ശകര്‍ ആരോപിക്കുന്നത്.

ട്രംപിന്റെ നിര്‍ദേശപ്രകാരമാണ് ആക്രമണം നടത്തിയെന്ന് പെന്റഗണ്‍ അറിയിച്ചു. ഇറാനും യു.എസും വാര്‍ത്ത സ്ഥിരീകരിച്ചിട്ടുണ്ട്. ഇറാന്‍ പദ്ധതിയിടുന്ന ഭാവിയിലെ ആക്രമണങ്ങളെ തകര്‍ക്കുകയാണ് ആക്രമണത്തിന് പിന്നിലെ ഉദ്ദേശമെന്നാണ് യു.എസ് അവകാശപ്പെടുന്നത്. കഠിനമായ പ്രതികാരം ചെയ്യുമെന്നും സുലൈമാനിയെ വധിച്ച കുറ്റവാളികള്‍ കാത്തിരുന്നോളൂ എന്നുമാണ് ഇറാന്‍ നേതാവ് ആയതുള്ള ഖാംനഈ അറിയിച്ചത്. സംഭവത്തില്‍ യു.എസ് ഖേദിക്കേണ്ടി വരുമെന്നും ഇത് ഇറാനും ഇറാഖിനും നേരെയുള്ള യുദ്ധക്കുറ്റമാണെന്നും ഇറാന്‍ രാഷ്ട്രീയ നീരീക്ഷകന്‍ മുഹമ്മദ് മാറന്‍ഡി അഭിപ്രായപ്പെട്ടു.

ഇത്തരം ഉയര്‍ന്ന ഇറാന്‍ ഉദ്യോഗസ്ഥര്‍ കൊല്ലപ്പെടുന്നത് ഇരു രാജ്യങ്ങളും തമ്മിലെ ഇടപാടുകളില്‍ മാറ്റം വരുത്തും. ഇത് ഇറാഖിലെ യു.എസ് സൈനികരെയും മറ്റു പാശ്ചാത്യന്‍ സൈനികരെയും ആക്രമിക്കുന്നതിലേക്ക് ഇറാനെയും ഇറാഖിനെയും നയിക്കും. 2015ല്‍ ഇറാഖില്‍ നിന്നും ഐ.എസിനെ തുരത്തുന്നതിലും ഇക്കാര്യത്തില്‍ ഇറാഖ് സൈന്യത്തിന് ഇറാന്റെ പിന്തുണ നല്‍കുന്നതിലും ഇരു സൈന്യത്തെയും ഏകോപിപ്പിക്കുന്നതിലും സുലൈമാനിക്ക് നിസ്തുല പങ്കുണ്ടായിരുന്നു. ഐ.എസിന്റെ ആത്യന്തിക തോല്‍വിയില്‍ അദ്ദേഹം വലിയ പങ്ക് വഹിച്ചിട്ടുണ്ട്.

പാശ്ചാത്യ മാധ്യമങ്ങള്‍ അദ്ദേഹത്തെ നിര്‍മ്മിച്ച ധാരണയില്‍ നിന്നും തികച്ചും വിഭിന്നമാണ് യഥാര്‍ത്ഥത്തില്‍ ജനറല്‍ സുലൈമാന്‍. വിപരീതമായി ചിത്രീകരിച്ചത് അദ്ദേഹത്തിന് കരിനിഴലായി മാറി. ഇറാന് ഏറെ പ്രിയപ്പെട്ടവനായിരുന്നു അദ്ദേഹം-മാറന്‍ഡി പറയുന്നു. പൊതുജനങ്ങള്‍ക്ക് ഏറെ സുപരിചതനായ അദ്ദേഹം ദേശീയ വേദികളില്‍ പലപ്പോഴും പൊതുപ്രസംഗങ്ങള്‍ നടത്താറുണ്ടായിരുന്നു. ഇറാന്റെ വിദേശ നയം രൂപീകരിക്കുന്നതില്‍ പ്രധാന പങ്കുവഹിച്ച അദ്ദേഹം ഇറാനിയന്‍ സമൂഹത്തില്‍ വലിയ സ്വാധീനമുള്ള വ്യക്തിത്വമായിരുന്നു-രാഷ്ട്രീയ നിരീക്ഷകര്‍ പറയുന്നു.

പശ്ചിമേഷ്യയിലെ ഇറാന്റെ രാഷ്ട്രീയ സൈനിക പെരുമാറ്റങ്ങളില്‍ പുതിയ ഒരു അധ്യായം സൃഷ്ടിക്കാന്‍ ഈ കൊലപാതകം കാരണമാകും. ഈ കൊലപാതകം ഇറാനെ ഈ മേഖലയിലെ വിദേശ നയതന്ത്രങ്ങള്‍ പാലിക്കുന്നതില്‍ നിന്ന് പിന്തിരിപ്പിക്കരുതെന്നും അദ്ദേഹം പറഞ്ഞു. ഖാസിമിന്റെ കൊലപാതകം യു.എസിന് കനത്ത വില നല്‍കേണ്ടി വരുമെന്നും ഇറാഖിലെ സൈനികരുടെയും യു.എസ് പൗരന്മാരുടെയും ജീവന് ഇത് ഭീഷണിയാകുമെന്നും മുന്‍ സി.ഐ.എ ഇന്റലിജന്‍സ് ഓഫിസര്‍ ബോബ് ബിയര്‍ പറഞ്ഞു.

അവലംബം: അല്‍ജസീറ
വിവ: സഹീര്‍ വാഴക്കാട്

Facebook Comments
Related Articles
Close
Close