Columns

പുല്‍വാമ: വിഷയത്തെ തന്ത്രപൂര്‍വം വഴി തിരിച്ചുവിടുന്നര്‍

വീട്ടില്‍ കള്ളന്‍ കയറി എന്ന പരാതിയുമായാണ് സുന്ദരന്‍ പോലീസ് സ്‌റ്റേഷനില്‍ വന്നത്. കള്ളന്‍ കൊണ്ടുപോയ സാധനനങ്ങളുടെ ലിസ്റ്റ് സുന്ദരന്‍ പോലീസിനു നല്‍കി. കൂട്ടത്തില്‍ പഴയ ഒരു റേഡിയോവിനെ കുറിച്ചും പറയുന്നുണ്ട്. സ്ഥിരം പാട്ട് കേള്‍ക്കാറുണ്ടോ എന്ന് എസ് ഐ. ഉണ്ടെന്ന് സുന്ദരനും. ‘ഏതു തരം പാട്ടാണ് കൂടുതല്‍ ഇഷ്ടം’.’യേശുദാസിന്റെ പഴയ പാട്ടുകള്‍’.’അപ്പോള്‍ ജയചന്ദ്രനോ’ ചോദ്യവും ഉത്തരവും തുടര്‍ന്ന് കൊണ്ടിരുന്നു. അതിനിടയില്‍ മറ്റൊരു കേസും അവിടെ വന്നു. എസ്.ഐ സുന്ദരനെ വിട്ടു അങ്ങോട്ട് പോയി. എന്ത് കൊണ്ട് ജയചന്ദ്രന്റെ പാട്ടുകളും ആയിക്കൂടാ എന്ന ചിന്തയില്‍ സുന്ദരന്‍ സ്‌റ്റേഷനില്‍ നിന്നും തിരിച്ചു നടന്നു. അപ്പോള്‍ അയാളുടെ മനസ്സില്‍ കള്ളനെ കുറിച്ച് ഒരോര്‍മ്മയും ഉണ്ടായിരുന്നില്ല.

ഇപ്പോള്‍ ചര്‍ച്ച മുഴുവന്‍ അഭിനന്ദിനെക്കുറിച്ച് മാത്രമാണ്. പുല്‍വാമയും അവിടെ മരിച്ചു വീണ പട്ടാളക്കാരും നമ്മുടെ ചര്‍ച്ചകളില്‍ നിന്നും പോയിരിക്കുന്നു. ഇനി അടുത്ത പൊട്ടിത്തെറിയില്‍ മാത്രമായി പുതിയ ചര്‍ച്ച ആരംഭിക്കും. ഒരു രാജ്യം നിര്‍ത്താതെ ചര്‍ച്ച ചെയ്യേണ്ട ഒന്നാണ് പുല്‍വാമയില്‍ കഴിഞ്ഞു പോയത്. നാം കൊട്ടിഘോഷിക്കുന്ന നമ്മുടെ നാടിന്റെ സുരക്ഷയാണ് അവിടെ ചോദ്യം ചെയ്യപ്പെട്ടതും. ഇത്ര ശക്തമായ ഒരിടത്തേക്ക് എങ്ങിനെ ഭീകരവാദി കടന്നുകയറി എന്ന ചര്‍ച്ച നാം ബോധപൂര്‍വം ഒഴിവാക്കി. അത്തരം ചര്‍ച്ചകള്‍ പാകിസ്ഥാനെ സഹായിക്കും എന്ന ന്യായം നാം തുടര്‍ന്ന് കൊണ്ടിരുന്നു. പലപ്പോഴും നമ്മുടെ രാജ്യത്തിന്റെ സുരക്ഷാ മതില്‍ ഭേദിച്ച് ഇങ്ങിനെ ഭീകരര്‍ അകത്തു കടന്നിട്ടുണ്ട്. കാര്‍ഗില്‍ യുദ്ധം എന്നത് മറ്റൊന്നുമല്ല. നാം അറിയാതെ മറ്റൊരു നാടിന്റെ പട്ടാളക്കാര്‍ ഇന്ത്യന്‍ മണ്ണിലേക്ക് കയറി വന്ന കഥയാണ്. അരുണാചല്‍ പ്രദേശില്‍ ചൈന നമ്മുടെ മണ്ണില്‍ റോഡ് നിര്‍മ്മിക്കുന്നത് നാം അറിഞ്ഞു പോലുമില്ല. അപ്പോള്‍ നമ്മുടെ രാജ്യ സുരക്ഷ അത്ര ഭദ്രമല്ല. അതിനെ ശക്തിപ്പെടുത്താന്‍ എന്ത് കൊണ്ട് കഴിയാതെ പോകുന്നു എന്ന ചോദ്യത്തിന് ഉത്തരം നല്‍കാന്‍ ബന്ധപ്പെട്ടവര്‍ ശ്രമിക്കാറില്ല.

തെറ്റായ ദേശീയതയെ ചോദ്യം ചെയ്യാന്‍ ആളുകള്‍ രംഗത്ത് വരുന്നു എന്നതാണ് പുതിയ സംഭവ വികാസങ്ങള്‍ നല്‍കുന്ന പാഠം. ഭരണകൂടങ്ങളുടെ തെറ്റുകള്‍ പലപ്പോഴും ദേശ സുരക്ഷയുടെ പേരില്‍ മൂടിവെക്കാറാണ് പതിവ്. ആ പതിവിനെ മറികടക്കാന്‍ നാം പഠിച്ചിരിക്കുന്നു എന്നതാണ് ഈ ദുരന്തത്തിലെ ശുഭകരമായ കാര്യം. യുദ്ധം എന്ന അവസാന വഴി ആദ്യം ചര്‍ച്ച ചെയ്ത് ജനത്തെ വൈകാരികതയുടെ കൊടുമുടിയില്‍ കൊണ്ടെത്തിക്കാന്‍ പലരും ശ്രമിച്ചു. ഭീകരരുടെ ആസ്ഥാനം തകര്‍ത്തു എന്ന പേരില്‍ നടത്തിയ സൈനിക അഭ്യാസം പോലും വേണ്ടത്ര തൃപ്തികരമായ ഉത്തരം നല്‍കിയില്ല.

ഇന്ത്യന്‍ അതിര്‍ത്തി കയറിയുള്ള ഭീകരവാദമായിരുന്നു വിഷയം. അതില്‍ പാകിസ്താന്‍ കുറ്റക്കാര്‍ എന്ന് വധിയെഴുതി. സൈനികന്‍ അവരുടെ കയ്യില്‍ പെട്ടപ്പോള്‍ ചര്‍ച്ചയുടെ മുഴുവന്‍ രീതിയും മാറി. പിന്നെ നമ്മുടെ ചര്‍ച്ച സൈനികന്റെ മോചനവും അദ്ദേഹത്തിന്റെ മീശയുമായി. ഇന്ത്യ-പാകിസ്താന്‍ വാക്‌പോരില്‍ ആര് ജയിച്ചു എന്നാണു അന്താരാഷ്ട്ര മാധ്യമങ്ങള്‍ ചര്‍ച്ച ചെയ്തത്. ചര്‍ച്ചയുടെ കാതലായ വശം മാറി പോയിരിക്കുന്നു. പാകിസ്ഥാനാണ് ശത്രു എന്ന് വരികില്‍ എന്ത് നടപടിയാണ് നാം സ്വീകരിച്ചത്. യുദ്ധം ഒരു ശരിയായ നിലപാടല്ല എന്ന് എല്ലാ കൂട്ടര്‍ക്കും അറിയാം. അതിനപ്പുറം പാകിസ്ഥാനെ നിലക്ക് നിര്‍ത്താന്‍ അന്താരാഷ്ട്ര രീതിയില്‍ നാം എന്തൊക്കെ ചെയ്തു?. പാകിസ്താന്‍ ഭീകരരുടെ താവളമാണ് എന്ന് പറഞ്ഞു കൊണ്ടിരുന്നാല്‍ പരിഹാരമാകില്ല. പകരം അന്താരാഷ്ട്ര ലോകത്തിനു മനസ്സിലാവണം. അങ്ങിനെ മനസ്സിലാക്കി കൊടുക്കുന്നതില്‍ നാം പരാജയപ്പെട്ടു എന്ന് പറയുന്നതാവും ശരി. ഒറ്റ പട്ടാളക്കാരനെ വിട്ടു കൊടുത്തു ചര്‍ച്ചയുടെ വഴി മാറ്റാന്‍ അവര്‍ക്ക് കഴിഞ്ഞു. അതെ സമയം നമ്മുടെ വിഷയം യേശുദാസിന്റെ പാട്ടല്ല വീട്ടില്‍ കയറിയ കള്ളനാണ് എന്ന് പറയാന്‍ സുന്ദരന് മാത്രമല്ല നമുക്കും സമയം കിട്ടിയില്ല.

കൊല്ലപ്പെട്ട ജവാന്മാര്‍ക്ക് പകരമായി നമുക്ക് പട്ടാളക്കാരന്റെ മീശയെ കുറിച്ചു സംസാരിക്കാന്‍ അങ്ങിനെയാണു കഴിയുന്നത്. നമ്മുടെ അതിര്‍ത്തികള്‍ സുരക്ഷിതമല്ല എന്ന തിരിച്ചറിവ് ഇനിയും നമുക്ക് ഉണ്ടായിട്ടു വേണം.

Facebook Comments
Related Articles
Show More

Check Also

Close
Close
Close