Current Date

Search
Close this search box.
Search
Close this search box.

സഖാവിനും സാഹിബിനും മലയാള സിനിമയില്‍ ഇടമുണ്ട്

എന്റെ ചെറുപ്പത്തില്‍ നാട്ടില്‍ ഒരാള്‍ പ്രസംഗിക്കാന്‍ വന്നു. ഖുര്‍ആന്‍ പഠിപ്പിക്കാന്‍ ഒരു പ്രോഫസ്സര്‍ മതി എന്ന സയ്യിദ് മൌദൂദിയുടെ പ്രശസ്തമായ വചനം അദ്ദേഹം ഇങ്ങിനെ വിശദീകരിച്ചു. “ ആരാണ് പ്രോഫസ്സര്‍ എന്നറിയാമോ?. പാന്റിട്ട്‌ നിന്ന് മൂത്രമൊഴിച്ചു ശുദ്ധിയാക്കാത്തയാള്‍……….. അങ്ങിനെ ഒരാള്‍ ഖുര്‍ആന്‍ വിശദീകരിക്കണം എന്നാണോ നിങ്ങള്‍ ആഗ്രഹിക്കുന്നത്…….?”. പിന്നെ എന്റെ നാട്ടില്‍ നിന്ന് മൂത്രമോഴിക്കുന്നവരെ പ്രൊഫസര്‍ എന്ന പേരില്‍ വിളിക്കപ്പെട്ടു.

സിനിമ എന്നതിനെ കുറിച്ചും നമ്മുടെ ധാരണ അത് തന്നെയായിരുന്നു. സെക്സും വയലന്‍സും പ്രേമവും പാട്ടും ചേര്‍ത്താല്‍ സിനിമയായി എന്നൊരു ധാരണ നമ്മുടെ നാട്ടില്‍ നിലനിന്നിരുന്നു. പ്രത്യേകിച്ച് മുസ്ലിം സമുദായത്തില്‍. സിനിമ എന്ന മേഖല തന്നെ ഹറാമിന്റെ സങ്കേതമായി മനസ്സിലാക്കിയിരുന്നു. സിനിമക്ക് പോകുക എന്നതു പോലും ഒരു “ വന്‍ പാപമായി” കണക്കാക്കിയിരുന്ന കാലം. അന്നും സിനിമ ഒരു മാധ്യമമാണ് എന്ന ചര്‍ച്ചയും നിലനിന്നിരുന്നു. പക്ഷെ അവരുടെ ശബ്ദം നേര്‍ത്തതു മാത്രമായിരുന്നു. സമുദായത്തിന്റെ പൊതു ബോധത്തെ കവച്ചു വെക്കാനുള്ള ആര്‍ജവം അവര്‍ക്കില്ലായിരുന്നു.

മറ്റൊരു കാര്യം കൂടി ചേര്‍ത്ത് വായിക്കണം. ആ കാലത്ത് സിനിമ സംഗീത മേഖലയില്‍ എത്തിപ്പെട്ട അധിക സാമുദായിക അംഗങ്ങളും ഒരു പരിധിവിട്ട ജീവിതമായിരുന്നു നയിച്ചിരുന്നത്. അത് കൊണ്ട് തന്നെ ആ മേഖല എന്നും സമുദായം ഒരു വിലക്കപ്പെട്ട കനിയായി കരുതി. അതിനെ നമുക്ക് സൂക്ഷ്മത എന്നും വിളിക്കാം. അപ്പോഴാണ്‌ ഒരു കാര്യം നാം ശ്രദ്ധിച്ചത്. ഇതേ മേഖല തന്നെ പലരും മോശമായി ഉപയോഗിക്കുന്നു. അതു കൊണ്ട് തന്നെ സിനിമ എന്ന പൊതു മാധ്യമം നന്മയുടെ മാര്‍ഗത്തില്‍ ഉപയോഗപ്പെടുത്താം എന്ന ഉറച്ച തീരുമാനം മത രംഗത്ത്‌ നിന്നും ഉയര്‍ന്നു വരുന്നത്.
ഇപ്പോഴും വേണ്ടത്ര ഈ മേഖല ഉപയോഗപ്പെടുത്താന്‍ ഇസ്ലാമിക പക്ഷത്തിനു കഴിഞ്ഞിട്ടില്ല. ഇസ്ലാമും അതിന്റെ അനുബന്ധങ്ങളും ലോക അടിസ്ഥാനത്തില്‍ സിനിമകളിലൂടെ വികലമാക്കിയിട്ടുണ്ട്. അതിനെതിരെ പ്രതിഷേധവും പ്രകടനവും നടത്തുക എന്നതിനപ്പുറം അതെ രൂപത്തില്‍ തന്നെ അതിനെ നേരിടുക എന്ന നിലപാട് മുസ്ലിം ലോകം ഇനിയും രൂപപ്പെടുത്തിയിട്ടു വേണം. പ്രവാചക കാലത്ത് കാര്യങ്ങളെ വികലമാക്കി അവതരിപ്പിക്കാന്‍ ശത്രുക്കള്‍ ഉപയോഗിച്ച മാര്‍ഗമാണ് കവിത. കവികളെ ഖുര്‍ആന്‍ നിശിതമായി വിമര്‍ശിക്കുന്നുണ്ട്. അതെ സമയം കവിത എന്ന മാധ്യമത്തെ വിമര്‍ശിക്കുന്നില്ല എന്ന് എടുത്തു പറയണം. പ്രവാചകന്‍ കവിതയിലൂടെ തന്നെ ഇസ്ലമിന്റെ ശത്രുക്കള്‍ക്ക് മറുപടി പറയാന്‍ അനുയായികളെ പ്രേരിപ്പിച്ച വിവരവും നമുക്കറിയാം.

Also read: ഹലാൽ ലൗ സ്റ്റോറി നൽകുന്ന ദൃശ്യാനുഭവം

ഹറാം ഹലാല്‍ ഇസ്ലാമിന്റെ അടിസ്ഥാനമാണ്. അത് അനുഷ്ഠാനങ്ങളിലും ആഹാരത്തിലും മാത്രം ഒതുങ്ങി നിന്നാല്‍ പോര എന്ന് ഇസ്ലാം നിഷ്കര്‍ഷിക്കുന്നു. അതൊരു ജീവിത രീതിയാണ്‌. എല്ലാ കാര്യത്തിലും ഈ രണ്ട് അടിസ്ഥാനങ്ങളും വിശ്വാസി പാലിക്കേണ്ടി വരുന്നു. കലയിലും സാഹിത്യത്തിലും സംഗീതത്തിലും ഈ അടിസ്ഥാനം പാലിക്കപ്പെടണം. അത് പാലിക്കപ്പെടാന്‍ കഴിയില്ല എന്നിടത്താണ് പലരും ഈ രംഗത്ത്‌ നിന്നും പിറകോട്ടു പോകുന്നത്. അതിനെ നമുക്ക് സൂക്ഷമത എന്ന് വിളിക്കാം. അതെ സമയം ഈ രംഗം ഇസ്ലാം വിരുദ്ധതയുടെ ആളുകള്‍ ഉപയോഗപ്പെടുത്തുമ്പോള്‍ സൂക്ഷമതയോടെ രംഗത്തിരങ്ങുക എന്നത് കാലത്തിന്റെ സമരമായി മാറുന്നു.

മലയാള സിനിമക്ക് സുപരിചിതമായ ചില ശീലങ്ങളുണ്ട്. മലയാള സിനിമയില്‍ മുസ്ലിം കഥകളും കഥാപാത്രങ്ങളുമുണ്ടായിട്ടുണ്ട്. അതൊരു ഇസ്ലാമിക പ്രതലത്തില്‍ നിന്നുള്ളതായിരുന്നില്ല. പലപ്പോഴും സമുദായത്തെ ആക്ഷേപിക്കാനുള്ള ഒരിടമായി അത് മാറിയിരുന്നു. ഒന്നിലധികം പെണ്ണ് കെട്ടുന്നവരുടെ പേരായി മലയാള സിനിമയില്‍ “ ഹാജിയാര്‍” എന്ന പ്രയോഗം മാറിയിരുന്നു. തലയില്‍ ഒരു തൊപ്പിയും കഴുത്തില്‍ ഒരു “ ഏലസ്സും” കുറച്ചു അന്തക്കേടും ചേര്‍ത്താല്‍ മലയാളസിനിമക്ക് മുസ്ലിം കഥാപാത്രം റെഡിയായിരുന്നു. ഇസ്ലാമിനെ പ്രതിരോധിക്കാന്‍ പുതു വഴികള്‍ തേടണമെന്ന പാഠമാണ് പല മുസ്ലിം സംഘടനകളും അണികളെ പഠിപ്പിച്ചത്. അത് ഫലം കണ്ടു. മുസ്ലിം സത്വത്തെ ശരിയായ പ്രതലത്തില്‍ പ്രതിഫലിപ്പിക്കാനുള്ള ശ്രമം പലയിടത്ത് നിന്നും തുടങ്ങിയിരുന്നു.

Also read: മുഗള്‍ കലിഗ്രഫി: മുസ്‌ലിം ഭരണാധികാരികളുടെ പങ്ക്

എന്തൊക്കെ പറഞ്ഞാലും മലയാള സിനിമയുടെ പൊതുബോധം സവര്‍ണമാണ്. വാര്യരും നായരും മേനോനും വിളികള്‍ പോലെ പോതുവാകില്ല സാഹിബ് വിളി. സഖാവിനും സാഹിബിനും മലയാള സിനിമയില്‍ ഇടമുണ്ട് എന്ന് ഉറക്കെ പറയാന്‍ വലിയ ധൈര്യം ആവശ്യമാണ്‌. അതായതു രണ്ട് ധാരണകള്‍ പൊളിച്ചു കൊണ്ട് മാത്രമേ അത്തരം ഒരു നിലപാടുമായി മുന്നോട്ടു പോകാന്‍ കഴിയൂ. ഒന്ന് കലയുടെ മേഖലകളില്‍ മതപൌരോഹിത്യത്തിന്റെ വിലക്ക് തകര്‍ത്ത് മുന്നേറുക. അപ്പോഴും നേരത്തെ പറഞ്ഞ “ ഹലാല്‍ ഹറാം” വിഷയങ്ങള്‍ക്ക് അതിന്റെ സ്ഥാനം നല്‍കുക. മറ്റൊന്ന് കേരളീയ പൊതുബോധം രൂപപ്പെടുത്തിയ സവര്‍ണ അടയാളങ്ങള്‍ തകര്‍ക്കുക. അവിടെ “ ലിബറലുകള്‍ “ ഉയര്‍ത്താന്‍ സാധ്യതയുള്ള “ പൊതു വാദങ്ങളെ” പ്രതിരോധിക്കുക. പക്ഷെ നാം പ്രതീക്ഷയിലാണ്. ആരാണ് പ്രൊഫസര്‍ എന്ന ബോധം ഇന്ന് ജനത്തിന് വന്നിരിക്കുന്നു.

Related Articles