Current Date

Search
Close this search box.
Search
Close this search box.

അഭയാർത്ഥികൾക്ക് വേണ്ടി അവർ കൈ കോർത്തു

വലതുപക്ഷ തീവ്രവാദികൾ, വൈറ്റ് സുപ്രമെയ്സിസ്റ്റുകൾ, ഫാഷിസ്റ്റുകൾ, ഇത്തരക്കാരെ പിന്തുണക്കുന്ന ഭരണകൂടങ്ങൾ തുടങ്ങിയവ ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ, വിശിഷ്യാ യൂറോപ്യൻ രാജ്യങ്ങളിൽ പിടിമുറുക്കുമ്പോഴും ലക്ഷക്കണക്കിന് മനുഷ്യ സ്‌നേഹികൾ നമുക്കു ചുറ്റുമുണ്ടെന്ന് തെളിയിക്കുന്നതായിരുന്നു പോളണ്ടിന്റെ തലസ്ഥാന നഗരിയായ വാഴ്‌സയിലും മറ്റൊരു നഗരമായ ക്രാകോവിലും കഴിഞ്ഞ ദിവസം നടന്ന കൂറ്റൻ പ്രകടനങ്ങൾ.

അഭയം തേടിയെത്തിയ സ്ത്രീകളും കുട്ടികളും ഉൾപ്പെടെയുള്ള നിസ്സഹായരായ നൂറു കണക്കിനാളുകളെ അതി ക്രൂരമായി അതിർത്തിക്കപ്പുറത്തെ കൊടും വനത്തിലേക്ക് തള്ളിയ ഭരണകൂട ഭീകരതക്കെതിരെ വലതുപക്ഷ തീവ്രവാദികളായ മനുഷ്യവിരുദ്ധർ പിടിമുറുക്കുന്ന യൂറോപ്പിന്റെ തിരുമുറ്റത്തുനിന്ന് തന്നെ പ്രതികരണമുണ്ടായി എന്നത് ശുഭ സൂചനയാണ്.

കഴിഞ്ഞ രണ്ടു മാസത്തോളമായി മിഡിലീസ്റ്റിൽനിന്നും ആഫ്രിക്കയുടെ വിവിധ ഭാഗങ്ങളിൽനിന്നും അഭയാർഥികൾ പോളണ്ടിലെത്തുന്നു. ഇവരോട് അതിക്രൂരമായാണ് പോളിഷ് അധികൃതർ പെരുമാറുന്നത്. ഇത് സകല സീമകളും ലംഘിച്ചപ്പോഴാണ് പോളിഷ് ജനത തന്നെ രാഷ് ട്രീയം മറന്ന് രംഗത്തിറങ്ങിയത്.

അഭയാർഥികളെ പുറന്തള്ളാൻ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചായിരുന്ന പോളിഷ് സർക്കാർ തുടങ്ങിയത്. വ്യാഴാഴ്ച ഇതുസംബന്ധിച്ച് നിയമവും പാസ്സാക്കി. ഇതാകട്ടെ, യൂറോപ്യൻ യൂനിയന്റെയും അന്താരാഷ് ട്ര നിയമങ്ങളുടെയും നഗ്നമായ ലംഘനമാണ്.

എത്ര മൃതശരീരങ്ങളാണ് വനത്തിൽ കിടക്കുന്നത്? പ്രകടനക്കാർ ഉയർത്തിയ പ്ലക്കാർഡുകളിൽ ഒന്ന് ചോദിക്കുന്നു. പുറത്താക്കപ്പെട്ട ഏഴ് അഭയാർത്ഥികൾക്ക് കൊടും ശൈത്യത്തിൽ ജീവൻ നഷ്ടപ്പെട്ടിരുന്നു.

അഭയം തേടിയെത്തുന്നവരോട് മനുഷ്യത്വ വിരുദ്ധമായാണ് സർക്കാർ പ്രവർത്തിക്കുന്നതെന്ന് ഓട്ടിസം ബാധിച്ച കുട്ടികളുടെ പ്രീ-സ്‌കൂളിൽ തെറാപിസ്റ്റായി ജോലി ചെയ്യുന്ന മുപ്പത്തൊമ്പതുകാരി ദൊറോത മോറൻ പറയുന്നു. തന്റെ മൂന്നു മക്കളിൽ രണ്ടു പേരുമൊത്താണ് വാഴ്‌സയിലെ മാർച്ചിൽ അവർ അണിചേർന്നത്.

‘നമ്മൾ യൂറോപ്യൻ യൂനിയനിലാണ്. ഇത്തരം വിഷയങ്ങൾ ഉണ്ടാകുമ്പോൾ യൂറോപ്യൻ യൂനിയന്റെ സഹായം തേടാം. എന്നാൽ, നമ്മൾ ആദ്യം മനുഷ്യരാവുക. കുട്ടികളെയും കുടുംബങ്ങളെയും സംരക്ഷിക്കുക, അവർ സർക്കാറിനെ ഓർമിപ്പിക്കുന്നു.

പ്രതിഷേധ മാർച്ചിനെത്തിയ നാൽപത്തഞ്ചുകാരൻ മാർസിൻ കാസ്പ്രാസക്കിന് പറയാനുള്ളതും ഇതുതന്നെ. കുറെ ദൂരെനിന്ന് മാർച്ചിൽ പങ്കെടുക്കാനെത്തിയതാണ് അദ്ദേഹം. “നമ്മുടെ കിഴക്കൻ അതിർത്തിയിൽ സംഭവിക്കുന്നത് ഭീകരമാണ്. സ്ത്രീകളും കുട്ടികളും നിർദാക്ഷിണ്യം ആട്ടിപ്പുറത്താക്കപ്പെടുന്നു. അഭയം തേടിയെത്തുന്നവരുടെ മതവും തൊലിയുടെ നിറവും വംശവും നോക്കുന്നത് പൊറുക്കാനാവാത്ത കുറ്റമാണ്, “നിന്റെ അയൽക്കാരനെ സ്‌നേഹിക്കുക” എന്ന പ്ലക്കാർഡുയർത്തി കാസ്പ്രാസക് ഓർമിപ്പിക്കുന്നു.

ബിലാറസാണ് അഭയാർത്ഥികളെ തള്ളി വിടുന്നത് എന്നാണ് പോളണ്ടിന്റെ പരാതി. പല യൂറോപ്യൻ രാജ്യങ്ങളും അഭയാർത്ഥികളുടെ വിഷയത്തിൽ ഇരട്ടത്താപ്പാണ് കാണിക്കുന്നത്. എല്ലാ ഭാരവും തുർക്കിക്കുമേൽ അടിച്ചേൽ പിക്കുകയാണ്.

ഒരാൾ മതത്തിന്റെയോ വർണത്തിന്റെയോ ജാതിയുടെയോ വംശത്തിന്റെയോ പേരിൽ വിവേചനം നേരിടുകയോ പീഡിപ്പിക്കപ്പെടുകയോ ചെയ്തുകൂടെന്നാണ് അന്താരാഷ്ട്ര നിയമങ്ങൾ അനുശാസിക്കുന്നത്. ഏതെങ്കിലും തരത്തിലുള്ള വിവേചനം ഭയന്ന് അന്യരാജ്യത്ത് അഭയം തേടിയാൽ മാനുഷിക പരിഗണന നൽകി വ്യക്തികളെയോ സംഘങ്ങളെയോ ഉൾക്കൊള്ളണമെന്നത് ഓരോ രാജ്യവും ഉയർത്തിപ്പിടിക്കേണ്ട മൂല്യമാണ്. 1948ൽ പാസ്സാക്കിയ യൂനിവഴ്‌സൽ ഡിക്ലറേഷൻ ഓഫ് ഹ്യൂമൻ റൈറ്റ്സിലെ ഖണ്ഡിക 14 (1) പൗരന്മാർക്ക് മറ്റൊരു രാജ്യത്ത് അഭയം തേടാൻ അവകാശമുണ്ടെന്ന് വ്യക്തമാക്കുന്നു.

1992-ൽ നിലവിൽ വന്ന യൂറോപ്യൻ യൂനിയൻ ഉടമ്പടിയുടെ ഖണ്ഡിക രണ്ടിൽ മനുഷ്യന്റെ അന്തസ്സ്, സ്വാതന്ത്ര്യം, ജനാധിപത്യം, തുല്യത, നിയമവാഴ്ച, ന്യൂനപക്ഷങ്ങൾ ഉൾപ്പെടെയുള്ള വിഭാഗങ്ങളുടെ മനുഷ്യാവകാശങ്ങൾ ആദരിക്കൽ എന്നിവ യൂനിയന്റെ അടിസ്ഥാന മൂല്യങ്ങളായി രേഖപ്പെടുത്തിയിട്ടുണ്ട്. മേൽപറഞ്ഞവയിലെ ഏതു ലംഘനവും യൂറോപ്യൻ യൂനിയൻ ഉയർത്തിപ്പിടിക്കുന്ന മൂല്യങ്ങളുടെ ലംഘനമായി കാണുമെന്നും അംഗരാജ്യങ്ങൾ ഇത്തരം ലംഘനങ്ങളിൽ ഏർപ്പെടുകയാണെങ്കിൽ തക്കതായ നടപടികൾ സ്വീകരിക്കാമെന്നും ഖണ്ഡിക ഏഴ് വ്യക്തമാക്കുന്നു. ഹംഗേറിയൻ പാർലമെന്റ് മേൽപറഞ്ഞ മേഖലകളിൽ നിയമലംഘനം നടത്തിയതിനെ തുടർന്ന് ആ രാജ്യത്തിനെതിരെ കടുത്ത ശിക്ഷാ നടപടികൾ ആവശ്യപ്പെട്ടുന്ന പ്രമേയം 197-നെതിരെ 448 വോട്ടുകൾക്ക് യൂറോപ്യൻ പാർലമെന്റ് 2017ൽ പാസ്സാക്കുകയുണ്ടായി.
അഭയാർഥികളോട് അനുഭാവ പൂർവ്വം പെരുമാറാൻ സർവ്വ അന്താരാഷ്ട്ര നിയമങ്ങളും നിഷ്കർഷിക്കുമ്പോഴാണ് നൂറ്റാണ്ടുകൾക്ക് മുമ്പേ ഇവിടെ ജീവിച്ചവരുടെയും സ്വാതന്ത്ര്യസമരത്തിൽ പങ്കെടുത്തവരുടെയും പിന്മുറക്കാരുടെ പൗരത്വം പോലും റദ്ദാക്കി അവരെ രണ്ടാം കിട പൗരന്മാരാക്കാനുള്ള ഹിന്ദു രാഷ്ട്രവാദികളുടെ ഗൂഢ പദ്ധതികൾ എൻ ആർ സി എന്ന കാടത്തത്തിലൂടെ നമ്മുടെ രാജ്യത്ത് നടപ്പാക്കാൻ പോകുന്നത്.

വംശീയവും മതപരവുമായ മുഴുവൻ വിവേചനങ്ങളെയും നിരാകരിക്കുന്ന 1969-ലെ അന്താരാഷ്ട്ര കൺവെൻഷനിലും (International Convention on the Elimination of All Forms of Racial Discrimination) രാഷ്ട്രീയ, പൗരാവകാശങ്ങൾ ഉറപ്പാക്കുന്ന അന്താരാഷ്ട്ര കരാറിലും (International Covenant on Civil and Political Rights) ഭാഗഭാക്കായ രാജ്യമാണ് ഇന്ത്യ. ഇവയുടെയൊക്കെ നഗ്നമായ ലംഘനമാണ് സംഘ് പരിവാർ ഭരണകൂടത്തിന്റെ പൗരത്വ ഭേദഗതി നിയമവും (CAA) ദേശീയ പൗരത്വ പട്ടികയും (NRC).

???? വാട്സാപ് ഗ്രൂപ്പില്‍ അംഗമാവാൻ????: https://chat.whatsapp.com/FZFMUBbfc8KHUgxeDQuqFU

Related Articles