Sunday, November 16, 2025

Current Date

മുത്തൊളിവേ, മുഹമ്മദ് റസൂലരേ…

Prophet Muhammad (peace be upon him) was first introduced during childhood—through stories of his kindness, honesty, and mercy that left a lasting impression on young hearts

“മുപ്പത്തിയഞ്ചു വർഷമായി മദീനയിലെത്തിയിട്ട്. റസൂലിൻ്റെ നാട്ടിൽ തീർഥാടനത്തിന് വരുന്നവർക്ക് സ്ഥലങ്ങളും ചരിത്രവും പറഞ്ഞു കൊടുക്കുന്ന പണിയാണ്. എത്രയോ, എത്രയോ വട്ടം ഇവിടെ വന്നിട്ടുണ്ട്. എന്നാലും ഇപ്പോഴും ഇവിടെയെത്തുമ്പോ നെഞ്ചിലൊരു ആളലാണ്. സങ്കടം വരും.” ഉഹ്ദിൽ , നബി തങ്ങൾക്ക് പരിക്കു പറ്റിയ സ്ഥലത്ത് നിർത്തിയ വണ്ടിയിൽ നിന്നിറങ്ങുമ്പോൾ ഞങ്ങളുടെ വഴികാട്ടിയായി വന്ന ഉസ്താദ് പറഞ്ഞു.

നോക്കൂ, ആ സംഭവം നടന്നിട്ടിപ്പോൾ ആയിരത്തി അഞ്ഞൂറ് വർഷം കഴിഞ്ഞു പോയിട്ടുണ്ട്. എന്നിട്ടും അപ്പോഴേക്കും നിറയാൻ വെമ്പി നിന്ന ഞങ്ങളുടെ കണ്ണുകൾക്ക് അത് എളുപ്പത്തിൽ മനസ്സിലാക്കാൻ പറ്റിയിരുന്നു. മദീനയിലെത്തുന്നതിന് ഏതാനും ദിവസങ്ങൾ മാത്രം മുമ്പ് ത്വാഇഫിൽ, കല്ലേറ് കൊണ്ട് ചോര വാർന്ന് തിരുമേനി ക്ഷീണിച്ചിരുന്ന ഇടത്ത് ഞങ്ങളും നിന്നിട്ടുണ്ടായിരുന്നല്ലോ അങ്ങനെ. പ്രവാചകൻ്റെ നൂറ്റാണ്ടിനെ അതേ അളവിൽ അനുഭവിക്കുന്നതിൻ്റെ പേര് കൂടിയാണ് ഹജ്ജും ഉംറയും. അതേ തണൽ, സങ്കടങ്ങൾ, സന്തോഷങ്ങൾ. ഭൗതികതയുടെ (ബൗദ്ധികതയുടേയും) ഏതു മാപിനി കൊണ്ടും അളന്നു കണക്കാക്കാൻ സാധിക്കാത്ത സ്നേഹത്തിൻ്റെ ഏറ്റവും അമ്പരപ്പുണ്ടാക്കുന്ന രൂപം. വിശ്വാസിയല്ലാത്ത ഒരാൾക്ക് ഒരിക്കലും മനസിലാക്കാൻ ഭാഗ്യമില്ലാതെ പോയ വികാരം. 

ഖന്ദഖിൻ്റെ കിടങ്ങുണ്ടായിരുന്ന സ്ഥലത്ത് ആലോചനാ നിമഗ്നയായി നിന്നപ്പോഴും നബി (സ) ക്ക് ഏറ്റവും സ്നേഹം തോന്നിയ ഉഹുദ് മലയുടെ മുകളിൽ ബഹുമാനത്തോടെ നിൽക്കുമ്പോഴും റൗദക്കരികെ ആദരവോടെയിരുന്ന് സ്വലാത്ത് ചൊല്ലുമ്പോഴും ഹിറയിലും സൗറിലും ക്ലേശിച്ച് കയറി നോക്കിയപ്പോഴും ഉറഞ്ഞു കൂടിയ തോന്നലുകളെ ഏതു വാക്കിനാലാണ് നമ്മൾ പരിഭാഷപ്പെടുത്തുക! ചുറ്റുപാടു നിന്നും ഈണത്തിൽ ഉറക്കെ നബിയുടെ മദ്ഹ് പാട്ട് കേൾക്കുന്ന ഈ ആദ്യ വസന്തത്തിൻ്റെ മാസത്തിൽ മനസ്സ് കൊണ്ട് ഞാനാ തീർഥാടനം പിന്നെയും പിന്നെയും ആവർത്തിക്കുകയാണ്. അതിനുമപ്പുറത്ത് റസൂലിനെ ആദ്യം അറിഞ്ഞു തുടങ്ങിയ കുട്ടിക്കാലത്തോളം ചെന്നെത്തിക്കുന്നുണ്ട് ഈ ഈണങ്ങൾ.

‘മുത്തൊളിവ് ‘ -അങ്ങനെയാണ് അരുമയായ പേരക്കുട്ടികളെ ഇന്നമ്മ വിളിച്ചിരുന്നത്. ഒക്കത്തെടുത്ത് , സകല സ്നേഹവും വഴിയുന്ന ഈണത്തിൽ മുഖത്തെ പാൽ പുഞ്ചിരി കാണാനായി ഉമ്മ നീട്ടി വിളിക്കും – “ഇന്നമ്മാൻ്റെ മുത്തൊളിവേ…”അവരായിരുന്നു ഈ ഭൂമിയിൽ ഏറ്റവും ഭംഗിയായി സ്നേഹിക്കാൻ അറിയുന്നയാള് എന്ന പോലെ അടുപ്പത്തിൻ്റെ ഏറ്റവും നല്ല വാക്കാണ് എനിക്കത്. വാത്സല്യത്തിൻ്റെ അതേ പേര് തന്നെയാണ് റസൂലിനെയും ഇന്നമ്മ വിളിച്ചിരുന്നത്!! – മുത്തൊളിവായ മുഹമ്മദ് നബി. കേൾക്കുന്ന ഞങ്ങൾക്കൊക്കെയും നബി തങ്ങളെ സ്വന്തം വീട്ടിലെ കുഞ്ഞിനോളം അടുപ്പമുള്ളയാളായി തോന്നുമാറ് ഇഷ്ടം നിറഞ്ഞു നിന്നിരുന്നു ആ വിളിയില്. കുഞ്ഞനിയനോളം /അനിയത്തോളം സ്നേഹം തോന്നേണ്ടുന്ന, അറിഞ്ഞുകൊണ്ട് വേദനിപ്പിക്കാൻ പാടില്ലാത്ത, സന്തോഷം തോന്നിക്കാൻ ആവുന്നതൊക്കെ ചെയ്യേണ്ടുന്നത്ര  അടുപ്പം കുഞ്ഞുങ്ങൾക്ക് നബിയോടുണ്ടാവാൻ ഇതിലും ലളിതമായി പ്രവാചകനെ എങ്ങനെ ആവിഷ്‌കരിക്കാനാണ്?!

പൈതങ്ങളെ വിഷമിപ്പിക്കുന്നതൊന്നും നമ്മൾ ചെയ്യില്ല എന്ന പോലെ, അവരോടൊപ്പം എത്ര നേരം ഇരുന്നാലും മടുപ്പാവില്ല എന്ന പോലെ, അവരോടുള്ള ഇഷ്ടം ഏറ്റവും നിഷ്കളങ്കമായതാണ് എന്ന പോലെ, എല്ലാ ദുഃഖങ്ങളും കുഞ്ഞുങ്ങളുടെ ചിരിയിൽ മറന്നു പോവും എന്ന പോലെ റസൂൽ ഇന്നമ്മാൻ്റെ ജീവിതത്തിൽ നിറഞ്ഞു നിന്നു. പരീക്ഷണങ്ങളിൽ പ്രവാചക കഥകൾ സാന്ത്വനങ്ങളായി . ചിലപ്പോൾ, ഇതിനൊക്കെ പകരം സ്വർഗം കിട്ടിക്കോളും എന്ന് പറഞ്ഞ് ദിക്റുകൾ പഠിപ്പിച്ചു തന്ന നബി തിരുമേനി ഒഴിവു നേരങ്ങളിലെ കൂട്ടായി. മറ്റു ചിലപ്പോൾ ആലവും അർളും സമാവാത്തും ഏറ്റു ചൊല്ലുന്ന സ്വലാത്ത് വീടിനും കുടുംബത്തിനും ബർക്കത്തായി. അങ്ങനെയൊക്കെത്തന്നെയാവണം എൻ്റെ മക്കൾക്കും നബി (സ) ആവേണ്ടത് എന്ന് ഭംഗിയുള്ള നിർബന്ധമുണ്ടായിരുന്നു ഇന്നമ്മാക്ക്. 

അതുകൊണ്ടുതന്നെയാകണം ജീവിതവും സ്വഭാവവും രൂപപ്പെടാൻ തുടങ്ങുന്ന ചെറുപ്പത്തിൽ തന്നെ ദീനിനെ ഞങ്ങൾക്ക് ഇതേപോലെ മനോഹരമായ വഴികളിലൂടെ പഠിപ്പിച്ചത്. കളികൾക്കിടയിൽ വഴക്കിടുന്ന, എന്നിട്ടതിൻ്റെ പേരിൽ “ഓളോട് ഞാനിനി ഈ ജന്മത്ത് മിണ്ടൂല” എന്ന് ആണയിടുന്ന വാശിക്കാരിയോട്, മൂന്ന് ദിവസത്തിൽ കൂടുതൽ ഒരാള് മറ്റൊരാളോട് പിണങ്ങാൻ പാടില്ലാന്നു മുത്ത് നബി(സ) പറഞ്ഞിട്ടുണ്ട് എന്ന് ഇന്നമ്മ പറഞ്ഞു തരും.  ഏഷണി പറയൽ തെറ്റാണെന്ന്, കൊടുത്ത സമ്മാനങ്ങൾ തിരിച്ചു വാങ്ങരുത് എന്ന്, ആരും ആരെയും കളിയാക്കാൻ പാടില്ല എന്ന് ….അങ്ങനെയങ്ങനെ കുഞ്ഞുങ്ങൾക്ക്  നല്ലത് പഠിപ്പിക്കുന്ന എത്രയോ നല്ല കാര്യങ്ങൾ റസൂൽ പറഞ്ഞിട്ടില്ലേ എന്ന അകമ്പടിയോടെ ഞങ്ങൾ കേട്ടു. മുത്തൊളിവായ നബി തിരുമേനി പറഞാൽപ്പിന്നെ ആ വാക്ക് തെറ്റിക്കുന്നതെങ്ങനെ!!

ഏതു പിണക്കവും റസൂൽ പറഞ്ഞു എന്ന ഒറ്റക്കാരണം കൊണ്ട് ഇല്ലാതായി. മൂന്നാൾ നിൽക്കുമ്പോൾ രണ്ടാള് മാത്രം രഹസ്യം പറയാതെയായി, കുറ്റം പറയുന്നവർ നരകത്തിൽ പോകുമെന്ന് പേടി തോന്നിത്തുടങ്ങി, മിഠായി വീതം കൊടുക്കുമ്പോൾ വലിയ കഷ്ണം നമ്മളെടുത്ത് ചെറുത് അനിയന് കൊടുക്കുന്ന സ്വഭാവം ചീത്തയാണെന്ന് തിരിച്ചറിവുണ്ടായി… അല്ലാഹുവിൻ്റെ ദീൻ ആണ് ഇതൊക്കെയും എന്നോ ഞങ്ങളാ കേട്ടിരുന്ന നല്ല കാര്യങ്ങളൊക്കെ ഹദീസുകൾ ആയിരുന്നു എന്നോ  അറിയുന്നതിനും എത്രയോ മുമ്പായിരുന്നു ഇതെല്ലാം. ഒരു ചെരിപ്പിടുന്നതിൽ പോലും അല്ലാഹുവിൻ്റെ പുണ്യം കിട്ടുന്നതെങ്ങനെയെന്ന്  വഴികാണിച്ചു തന്ന ആറ്റലായ ഹബീബ്. 

ഇങ്ങനെയൊക്കെ നബി(സ) യെ അറിഞ്ഞതിൻ്റെ മധുരം കൊണ്ടാണ് പ്രവാചകനെ വെറുക്കുന്നവരെ തീരെയും ഭാഗ്യമില്ലാത്തവർ എന്ന് പാവം തോന്നുന്നത്.  ദീൻ അനുസരിപ്പിക്കാൻ വടിയെടുത്ത്, കപ്പടാമീശ പിരിച്ചു പേടിപ്പിക്കുന്ന മാഷല്ല മുത്തു റസൂല് എന്ന് ഹുബ്ബു റസൂലിൻ്റെ വിഷയത്തിൽ ശാഠ്യം പിടിച്ചവരോട് തിരുത്താൻ തോന്നുന്നത്. അനുസരിക്കൽ മാത്രമാണ് പ്രവാചക സ്നേഹം എന്ന് തെറ്റായി മനസ്സിലാക്കിയവരോട്, തിരുമേനി ജനിച്ച ദിവസം ഒന്നു മധുരം കഴിച്ചാൽ ദീനിന് ഒന്നും സംഭവിക്കില്ലെന്നും മുഹമ്മദ് നബി പ്രവാചകൻ മാത്രമായിരുന്നില്ല മുത്തു റസൂല് കൂടിയായിരുന്നു എന്നും ഉറക്കെ പറയാൻ തോന്നുന്നത്.

പിൻകുറി: “നിങ്ങളുടെ ഭാഷയിൽ കുഞ്ഞുങ്ങൾ നബിയെ വിളിക്കുന്ന പേരെന്താണ്?” വിശുദ്ധ ഭൂമിയിൽ പോയപ്പോൾ പരിചയപ്പെടുന്ന പല നാടുകളിലുള്ള വരോട് ചോദിക്കണം എന്ന് കരുതിയിട്ട് നടക്കാതെ പോയ ചോദ്യമാണത്. ഇനിയൊരിക്കൽ കൂടി പോവാനുള്ള മഹാ ഭാഗ്യം കിട്ടിയാൽ ചോദിക്കും എന്ന് ഉറപ്പുള്ളത് – അതായിരിക്കും അവരുടെ അക്ഷരമാലയിലെ ഏറ്റവും ഭാഗ്യമുള്ള അക്ഷരങ്ങൾ.

Summary: This piece shares a personal experience of how Prophet Muhammad (peace be upon him) was first introduced during childhood—through stories of his kindness, honesty, and mercy that left a lasting impression on young hearts. Over time, these early teachings deepened in meaning, especially when experiencing the rituals of Hajj and Umrah. Standing in the sacred places where the Prophet once walked and worshipped creates a living connection between faith, memory, and history.

Related Articles