Sunday, November 16, 2025

Current Date

നിസ്തുലനായ നബി

Prophet Muhammad PBUH

ഹിജ്റ കലണ്ടറിലെ മൂന്നാം മാസമായ റബീഉല്‍ അവ്വലിന് പരിശുദ്ധ റമദാന്‍, ദുല്‍ഹജ്ജ് മാസങ്ങള്‍ പോലെയുള്ള പ്രസക്തിയോ പ്രാധാന്യമോ മതപരമായി ഇല്ല. എന്നാല്‍ ചരിത്രപരമായ പ്രാധാന്യമുണ്ട്. സത്യശുദ്ധമായ ചരിത്രത്തിന്റെ ഗുണപാഠങ്ങൾ ഖുർആനികദൃഷ്ട്യാ “ആയത്ത്” (ദൃഷ്ടാന്തം) ആണ്. വിശുദ്ധ വേദഗ്രന്ഥത്തിലെ സൂക്തങ്ങളും, പ്രകൃതിയിലെ ചിന്തോദ്ദീപക പ്രതിഭാസങ്ങളും പോലെയുള്ള ആയത്തുകളാണെന്ന് സൂറ: ശുഅറായിൽ മാത്രം എട്ടുതവണ ആവർത്തിച്ച് പറഞ്ഞതായി കാണാം. (നിശ്ചയമായും അതിലൊരു ദൃഷ്ടാന്തമുണ്ട്. പക്ഷേ, അവരില്‍ ഏറെപ്പേരും വിശ്വസിക്കുന്നവരായില്ല. 26:8)

അന്ത്യപ്രവാചകനായ മുഹമ്മദ് നബി (സ) യുടെ ജനനവും വിയോഗവും നബിയുടെ ജീവിതത്തിലെ സുപ്രധാന സംഭവമായ ഹിജ്റയും നടന്നത് റബീഉല്‍ അവ്വലിലാണ്. നബിയുടെ ജനനം റബീഉല്‍ അവ്വല്‍ 12-ന് ആണെന്നാണ് പൊതുവില്‍ അറിയപ്പെടുന്നത്. വ്യത്യസ്തമായ മറ്റഭിപ്രായങ്ങളുമുണ്ട്. എന്നാല്‍ അതൊരു തിങ്കളാഴ്ചയായിരുന്നുവെന്നത് തര്‍ക്കമറ്റ വസ്തുതയാണ്. അനാഥനായി ജനിച്ച് അനാഥത്വത്തിന്മേല്‍ അനാഥത്വം എന്ന നിലയില്‍ വേദനകളും യാതനകളും അനുഭവിച്ച മുഹമ്മദ് നബി (സ) പില്‍ക്കാലത്ത് ലോകാന്ത്യം വരെയുള്ള സകല യത്തീമുകളുടെയും അശരണരുടെയും തോഴനായി. യത്തീമുകളുടെ കാര്യത്തില്‍ അളവറ്റ ആര്‍ദ്രത പുലര്‍ത്തിയ നബി (സ) യുടെ അതുല്യ ദയ ചരിത്രകാരന്മാര്‍ പ്രത്യേകം അടയാളപ്പെടുത്തിയിട്ടുണ്ട്.

പിതാമഹന്റെ വിയോഗാനന്തരം പിതൃവ്യന്‍ അബൂത്വാലിബിന്റെ സ്നേഹമസൃണമായ സംരക്ഷണയിലാണ് മുഹമ്മദ് (സ) വളര്‍ന്നത്. സകലരുടെയും സ്നേഹാദരവുകള്‍ പിടിച്ചുപറ്റിക്കൊണ്ടുള്ള മുഹമ്മദിന്റെ വളര്‍ച്ച തന്റെ മഹല്‍നാമത്തെ (സ്തുതിക്കപ്പെട്ടവന്‍) അന്വര്‍ത്ഥമാക്കും വിധമായിരുന്നു. മക്കയിലും പരിസരത്തുമുള്ള സര്‍വരും അദ്ദേഹത്തെ അല്‍അമീന്‍ (വിശ്വസ്തന്‍), അത്വാഹിര്‍ (വിശുദ്ധന്‍), അസ്സ്വാദിഖ് ( സത്യസന്ധൻ) എന്നിങ്ങനെ സ്നേഹാദരപൂര്‍വ്വം വിശേഷിപ്പിച്ചു. പിതൃവ്യന്‍ അബൂത്വാലിബ് സാമ്പത്തികശേഷി കുറഞ്ഞ ആളായിരുന്നു.അബൂത്വാലിബിന് കുറെ മക്കളുമുണ്ടായിരുന്നു. ദാരിദ്ര്യത്തിന്റെ പ്രശ്നങ്ങളും പ്രയാസങ്ങളുമുണ്ടായിരുന്നു. എന്നാല്‍ ഈ ദാരിദ്ര്യത്തിന്റെ പ്രശ്നങ്ങളോ ദുഷ്ഫലങ്ങളുടെ ലാഞ്ചനയോ അല്‍ അമീനിന്റെ വ്യക്തിത്വത്തില്‍ ദൃശ്യമായില്ല. നബി (സ) യുടെ ഗോത്രം മക്കയിലെ ഏറ്റവും ഉന്നതമായിരുന്നു. പിതൃപരമ്പര മഹാനായ ഇബ്രാഹീം നബി (അ) യില്‍ (അബ്രഹാം) ചെന്നു ചേരുന്നതാണ്. ഞാന്‍ എന്റെ പ്രപിതാവ് ഇബ്രാഹീം (അ) മിന്റെ പ്രാര്‍ത്ഥനയുടെ പ്രത്യുത്തരവും ഈസാ നബി (അ) യുടെ (യേശു) സുവിശേഷ പ്രവചനത്തിന്റെ (ബിശാറത്ത്) പുലര്‍ച്ചയുമാണെന്ന് നബി (സ) പറഞ്ഞത് സ്മരണീയമാണ്.

മഹാനായ ഇസ്മാഈല്‍ നബിക്ക് ശേഷം ദീര്‍ഘകാലം പ്രവാചകനിയോഗം ഉണ്ടായിട്ടില്ലാത്തതിനാല്‍ മക്കയിലെയും പരിസരത്തെയും സാമൂഹ്യാന്തരീക്ഷവും സദാചാര നിലവാരവും വളരെ പരിതാപകരമായിരുന്നു. വളരെയേറെ പിഴച്ചതും ദുഷിച്ചതുമായ ബഹുദൈവ വിശ്വാസവും തജ്ജന്യമായ പലവിധ തിന്മകളും അതിന്റെ സകല ബീഭത്സകതളോടെ കൊടികുത്തി വാണിരുന്നു. വ്യക്തിത്വ രൂപീകരണത്തില്‍ ജനിച്ചുവളര്‍ന്ന സാമൂഹ്യചുറ്റുപാടുകള്‍ക്ക് വളരെ വലിയ പങ്കുണ്ടെന്നാണ് സാമൂഹ്യശാസ്ത്രം പറയുന്നത്. ആ അര്‍ത്ഥത്തില്‍ അസംഖ്യം അബൂജഹലുമാര്‍ക്ക് ജന്മം നല്‍കാന്‍ പാകമായ സാമൂഹ്യാന്തരീക്ഷമാണ് അന്ന് അവിടം നിലനിന്നിരുന്നത്. ഈ സാമൂഹ്യശാസ്ത്രത്തിന് തികച്ചും അപവാദമായി അത്യുല്‍കൃഷ്ട സ്വഭാവഗുണങ്ങളോടെയാണ് മുഹമ്മദ് (സ) വളര്‍ന്നത്.

അനാഥനും ദരിദ്രനുമായ മുഹമ്മദ് (സ) ചെറുപ്പം മുതലേ വേല ചെയ്തും ആടിനെ മേയ്ച്ചും ജീവിച്ചു. യുവാവായപ്പോള്‍ മക്കയിലെ വര്‍ത്തക പ്രമുഖയും ധനികയുമായ ഖദീജയുടെ കച്ചവട സംഘത്തില്‍ ചേര്‍ന്നു കച്ചവടം ചെയ്തു. അങ്ങേയറ്റത്തെ സത്യസന്ധതയും സല്‍സ്വഭാവവും ഒട്ടും കൈവെടിയാതെ വളരെ മാന്യമായ രീതിയില്‍ വിജയകരമായി കച്ചവടം ചെയ്തു. നല്ല ലാഭവും കൊയ്തു. കച്ചവടമല്ലേ അങ്ങനെയും ഇങ്ങനെയുമൊക്കെ ചാഞ്ഞും ചരിഞ്ഞും ഇത്തിരി കള്ളവും കാപട്യവുമൊക്കെ ആവാമെന്ന് പലരുടെയും ന്യായങ്ങളെ തിരുത്തിക്കാണിക്കുന്നതായിരുന്നു മുഹമ്മദിന്റെ മികവാര്‍ന്ന കച്ചവടയാത്രകള്‍.

പുരുഷന്‍ വധുവിനെ തേടുകയെന്നതായിരുന്നു അറേബ്യയിലെ സാമാന്യരീതിയിലുള്ള വിവാഹാലോചനാ രീതി. എന്നാല്‍ വിധവയും കുലീനയും സമ്പന്നയുമായ ഖദീജ തികച്ചും വ്യത്യസ്തമായി ഉത്തരവാദപ്പെട്ടവര്‍ മുഖേന വിവാഹോലോചന നടത്തിയതിന് പ്രേരകമായത് മുഹമ്മദിന്റെ മാന്യവും അത്യുല്‍കൃഷ്ടവുമായ സ്വഭാവഗുണങ്ങളും സത്യസന്ധതയുമായിരുന്നു. തന്നേക്കാള്‍ പതിനഞ്ച് വയസ്സ് പ്രായക്കൂടുതലുള്ള ഖദീജയിലാണ് നബിക്ക് ഇബ്രാഹീം ഒഴികെയുള്ള എല്ലാ സന്താനങ്ങളും ജനിച്ചത്. ഖദീജയുടെ വിയോഗാനന്തരമാണ് നബി (നബിയുടെ 50 വയസ്സിനു ശേഷം) മറ്റ് വിവാഹങ്ങളെല്ലാം കഴിച്ചത്. നബി പത്നിമാരില്‍ ആയിശ ഒഴികെ ബാക്കിയെല്ലാവരും വിധവകളും അതില്‍തന്നെ ചിലര്‍ വൃദ്ധകളുമായിരുന്നു.

ഖദീജയുമായുള്ള വിവാഹാനന്തരം സന്തുഷ്ടവും സംതൃപ്തവുമായ കുടുംബജീവിതം നയിച്ചുകൊണ്ടിരിക്കെതന്നെ, ചെറുപ്പം മുതലേ അവിടെ നടമാടിയിരുന്ന പലവിധ തിന്മകളില്‍നിന്നും അനാചാരങ്ങളില്‍ നിന്നും വളരെയേറെ അകലം പാലിച്ചിരുന്ന മുഹമ്മദിന് ഏകാന്തധ്യാനത്തിലിരിക്കുന്ന പതിവ് ഉണ്ടായിരുന്നു. ഈ പതിവ് നബിക്ക് നാല്‍പത് വയസ്സായപ്പോള്‍ കൂടിവന്നു. ഹിറാ ഗുഹയുടെ ഏകാന്തതയില്‍ സുദീര്‍ഘമായി കഴിഞ്ഞുകൂടുന്നതുവഴി ചുറ്റുപാടും നടമാടുന്ന ഹീനകൃത്യങ്ങളിലും ദുരാചാരങ്ങളിലും മറ്റും തനിക്കനുഭവപ്പെടുന്ന എന്തെന്നില്ലാത്ത അസ്വസ്ഥതക്ക് ആശ്വാസം തേടുകയായിരുന്നു മുഹമ്മദ്. ഇങ്ങനെ ഹിറയുടെ ഏകാന്തതയിലേക്ക് മുഹമ്മദ് പോകുമ്പോള്‍ ഭക്ഷണവും മറ്റും തയ്യാറാക്കിക്കൊടുത്ത് സര്‍വാത്മനാ സഹകരിക്കുകയാണ് ഖദീജ ചെയ്തത്. മുഹമ്മദിന്റെ നന്മയും ശ്രേഷ്ഠതയും വളരെ നന്നായി മനസ്സിലാക്കിയ ഖദീജ, മുഹമ്മദിന് താങ്ങും തണലുമായി നിലകൊണ്ടു. അതുകൊണ്ട് തന്നെ പില്‍ക്കാലത്ത് ഖദീജയെ അനുസ്മരിക്കുമ്പോഴെല്ലാം നബി വളരെ വികാരാധീനനാകാറുണ്ടായിരുന്നു.

നബിയുടെ നാല്‍പതാമത്തെ വയസ്സില്‍ റമദാനില്‍ ഹിറാ ഗുഹയില്‍ ഏകാന്ത ധ്യാനത്തില്‍ കഴിയവെ ജിബ്രീല്‍ എന്ന മലക്ക് പ്രത്യക്ഷപ്പെടുകയും നബിയോട് ‘വായിക്കുക’ എന്നാജ്ഞാപിക്കുകയും തനിക്ക് വായിക്കാനറിയില്ലെന്ന് മറുപടി പറയുകയും ചെയ്തു. കല്‍പനയും മറുപടിയും ആവര്‍ത്തിക്കപ്പെട്ടു. തുടര്‍ന്ന് വിശുദ്ധ ഖുർആൻ 96-ാം അധ്യായത്തിന്റെ പ്രാരംഭ വചനങ്ങള്‍ മുഹമ്മദ് നബിക്ക് അവതരിച്ചു. തികച്ചും അവിചാരിതമായുണ്ടായ ഈ അസാധാരണാനുഭവത്തില്‍ പരിഭ്രമിച്ച് പനിയും വിറയലുമായി വന്ന ഭര്‍ത്താവിനെ ഖദീജ സാന്ത്വനപ്പെടുത്തിയ വാക്കുകള്‍ ആധികാരിക ചരിത്ര ഗ്രന്ഥങ്ങൡലെല്ലാം തങ്കലിപികളാല്‍ രേഖപ്പെടുത്തപ്പെടുന്നതാണ്. ”അല്ലാഹുവാണ് സത്യം, അല്ലാഹു താങ്കളെ അപമാനിക്കുകയില്ല തന്നെ. അങ്ങ് അശരണരുടെ അത്താണിയാണ്. ബന്ധങ്ങള്‍ ചേര്‍ക്കുന്നവനാണ്. അതിഥികളെ ആദരിക്കുന്നതാണ്. അശരണര്‍ക്കു സമ്പാദിച്ചുകൊടുക്കുന്ന ആളാണ്.”

സ്വപത്നിയുടെ ഇവ്വിധമുള്ള സാക്ഷ്യപത്രവും പ്രശംസയും പിന്നീട് ബഹുഭാര്യത്വം സ്വീകരിച്ചപ്പോഴും നബി പത്നിമാര്‍ പ്രവാചകന്റെ സ്വഭാവമഹിമയെ പറ്റി പറഞ്ഞിട്ടുണ്ട്. നബിയില്‍ ആദ്യമായി സന്ദേഹലേശ്യമന്യേ വിശ്വസിച്ചവര്‍ നബിയെ ഏറ്റവും നന്നായി അടുത്തറിയുന്നവരായിരുന്നു. പ്രിയപത്നി ഖദീജ, ബാല്യകാലം മുതലേ ആത്മമിത്രമായി അടുത്തിടപഴകിയ അബൂബക്കര്‍ (റ), നബിയോടൊപ്പം ജീവിക്കാന്‍ ഏറെ അവസരം കിട്ടിയ പിതൃവ്യപുത്രന്‍ അലി (റ), നബിയുടെ വളര്‍ത്തുപുത്രനായിരുന്ന സൈദ് തുടങ്ങിയവര്‍ അങ്ങനെയുള്ളവരാണ്. നബിയുടെ സ്വഭാവവൈശിഷ്ട്യവും തികഞ്ഞ സത്യസന്ധതയുമാണ് ഇതിന് പ്രധാന നിമിത്തം.

പരമകാരുണികനും കരുണാനിധിയുമായ അല്ലാഹു നബിയെ ഖുര്‍ആനില്‍ വിശേഷിപ്പിച്ചത് റഹ്മത്തുന്‍ ലില്‍ ആലമീന്‍ (സര്‍വ്വലോകങ്ങള്‍ക്കും അനുഗ്രഹം എന്നാണ്. പ്രവാചകനിലൂടെ മാനവതക്കാകെ അവതരിപ്പിക്കപ്പെട്ട ഖുര്‍ആനിനെ കാരുണ്യം (റഹ്മത്ത്) എന്ന് 31: 3 ല്‍ വിശേഷിപ്പിച്ചത് കൂടി ചേര്‍ത്തുവായിക്കേണ്ടതുണ്ട്. നബിക്ക് സകലമനുഷ്യരോടുമുള്ള ദയാവായ്പിന്റെയും ഗുണകാംക്ഷയുടെയും ആഴം പറഞ്ഞ് ഫലിപ്പിക്കാന്‍ മനുഷ്യഭാഷയിലെ പദാവലികള്‍ അശക്തമായതിനാല്‍ അല്ലാഹുവിനെ പരിചയപ്പെടുത്താന്‍ ഉപയോഗിക്കാറുള്ള രണ്ട് വിശിഷ്ടനാമങ്ങള്‍ (റഊഫ്, റഹീം) 9:128 ല്‍ ഉപയോഗിച്ചതും ചിന്തനീയമാണ്.

മൈക്കള്‍ഹാര്‍ട്ട് ചരിത്രത്തെ ഏറ്റവുമേറെ സ്വാധീനിച്ച നൂറ് മഹാന്മാരുടെ പട്ടിക തയ്യാറാക്കിയപ്പോള്‍ നബിയെ പ്രാധാന്യപൂര്‍വം പ്രഥമ സ്ഥാനത്ത് പ്രതിഷ്ഠിക്കാന്‍ നിര്‍ബ്ബന്ധിതനായതില്‍ അത്ഭുതമേതുമില്ല. കാരണം പതിനാല് നൂറ്റാണ്ടുകളായി നബി സാധിച്ച മഹാമാറ്റത്തിന്റെയും വിപ്ലവത്തിന്റെയും വിശാലവും വിവരണാതീതവുമായ സല്‍ഫലങ്ങള്‍ ഏത് അന്ധനും അനുഭവവേദ്യമാകും വിധം ജീവിതത്തിന്റെ നിഖില മേഖലകളിലും അങ്ങോളമിങ്ങോളം വ്യാപകമാണ്. ഇന്നും എന്നും ആരുടെയും നിര്‍ബ്ബന്ധമോ സമ്മര്‍ദ്ദമോ ഇല്ലാതെ കോടിക്കണക്കിന് വിശ്വാസികള്‍ അനവധി നല്ല ചിട്ടകളും സമ്പ്രദായങ്ങളും നിഷ്ഠാപൂര്‍വ്വം പാലിക്കുന്നത് ആരെയും ഇരുത്തിച്ചിന്തിപ്പിക്കാതിരിക്കില്ല. നിരവധി ശീലങ്ങളും ശൈലികളും നിത്യം നിരന്തരം ശ്രദ്ധാപൂര്‍വ്വം പാലിക്കുകയും പ്രചരിപ്പിക്കുകയും ചെയ്യുന്നത് നബിയോടുള്ള അതിരറ്റ സ്നേഹത്താലാണ്. പതിനാല് നൂറ്റാണ്ടിലേറെക്കാലമായി ലോകത്തുടനീളം അനവധി തലമുറകളെ ഇവ്വിധം സ്വാധീനിച്ച മറ്റൊരു മാതൃകാ പുരുഷനോ ആചാര്യനോ വേറെ ഇല്ല തന്നെ. പ്രവാചകന്റെ വര്‍ത്തമാനം ശ്രദ്ധിക്കുമ്പോള്‍ സ്നേഹാതിരേകത്താല്‍ വിതുമ്പുന്ന കോടിക്കണക്കിനാളുകള്‍ ഇന്നുമുണ്ട്. നബിയോടുള്ള ഈ സ്നേഹത്തെ ചൂഷണം ചെയ്തു ശരിയല്ലാത്ത പലതും മാര്‍ക്കറ്റ് ചെയ്യാന്‍ പുരോഹിതരും മറ്റും സമര്‍ത്ഥമായി യത്നിക്കുന്നത് തന്നെ കുറിക്കുന്നത് അത്രമാത്രം അതിന് ശക്തിയുണ്ട് എന്നതാണല്ലോ? നബി (സ) അരുളിയിരിക്കുന്നുവെന്ന മുഖവുരയോടെ എന്തും എളുപ്പം പ്രചരിപ്പിക്കാമെന്ന തരിച്ചറിവില്‍ നിന്നാണ് പലവ്യാജ വര്‍ത്തമാനങ്ങളും പറഞ്ഞു പരത്തുവാന്‍ സാധിക്കുന്നത്. നബിയുടെ സ്വാധീനത്തിന്റെ ആഴം ഗ്രഹിക്കാന്‍ ഒരു ചരിത്ര സംഭവം:

അഗാധ പണ്ഡിതനും ശാസ്ത്രജ്ഞനും വലിയ ഭക്തനുമായ മഹാന് ഒരു സേവകനുമുണ്ടായിരുന്നു. തന്റെ യജമാനന്റെ വിജ്ഞാനവും ഭക്തിയും സ്വഭാവമഹിമയും മറ്റും കാരണമായി അദ്ദേഹം നബിയേക്കാള്‍ വലിയ മഹാനാണെന്ന മൂഢനിലപാട് ഈ സേവകന്‍ പുലര്‍ത്തിയിരുന്നു. പണ്ഡിതന്‍ തന്റെ വേലക്കാരന്റെ മൂഢധാരണ തിരുത്താന്‍ പരമാവധി ശ്രമിച്ചെങ്കിലും ഫലമുണ്ടായില്ല. മരം കോച്ചുന്ന കൊടും തണുപ്പുള്ള ഒരു രാത്രിയില്‍ പ്രഭാതത്തിന് മുമ്പെ രാത്രിയുടെ അന്ത്യയാമങ്ങളിൽ തഹജ്ജുദ് നമസ്കരിക്കാന്‍ വുളുവിന് വെള്ളം കൊണ്ടുകൊടുക്കാന്‍ അദ്ദേഹം ആവശ്യപ്പെട്ടു. പക്ഷെ സേവകന്‍ ഉണര്‍ന്നെഴുന്നേറ്റു വന്നില്ല. പിന്നീട് പലവട്ടം അദ്ദേഹത്തെ വിളിച്ചെങ്കിലും തണുപ്പിന്റെ കാഠിന്യം കാരണം സേവകന്‍ പുതപ്പിനുള്ളിലേക്ക് തന്നെ ചുരുണ്ടുകൂടി. സംഗതി നടക്കുകയില്ലെന്ന് കണ്ടപ്പോള്‍ പണ്ഡിതന്‍ തന്നെ പോയി വെള്ളമെടുത്ത് വുളുചെയ്ത് പ്രാര്‍ത്ഥനയും കീര്‍ത്തനങ്ങളുമെല്ലാം നിര്‍വ്വഹിച്ചു.

കുറെ സമയത്തിന് ശേഷം അകലെ ഏതോ മസ്ജിദിന്റെ മിനാരത്തില്‍ നിന്ന് സുബ്ഹ് ബാങ്കിന്റെ നാദം ഒഴുകിവന്നു. അപ്പോഴതാ ഈ സേവകന്‍ പിടഞ്ഞെഴുന്നേറ്റ് വളരെ ധൃതിയില്‍ പ്രാര്‍ത്ഥനക്ക് തയ്യാറെടുക്കുന്നു. ഈ ഘട്ടത്തില്‍ പണ്ഡിതന്‍ പ്രസ്തുത സേവകനെ സ്നേഹപൂര്‍വ്വം വിളിച്ച് അരികിലിരുത്തി പറഞ്ഞു. നിന്റെ തൊഴിലുടമയായ ഞാന്‍ പലവട്ടം നിന്നെ നേരില്‍ വിളിച്ചുണര്‍ത്തി. പക്ഷെ തണുപ്പുകൊണ്ടായിരിക്കാം നിനക്ക് പുറത്തേക്ക് വരാന്‍ സാധിച്ചില്ല. എന്നാല്‍ നൂറ്റാണ്ടുകള്‍ക്ക് മുമ്പ് അന്ത്യപ്രവാചകനായ നബി നിര്‍ദ്ദേശിച്ചതനുസരിച്ച് ഏതോ ഒരു വൃദ്ധന്‍ അങ്ങകലെ കൂരിരുട്ടില്‍ ഒരു മസ്ജിദില്‍ വെച്ച് ബാങ്ക് വിളിച്ചപ്പോള്‍ നീ തല്‍ക്ഷണം വളരെ ധൃതിയില്‍ പിടഞ്ഞെഴുന്നേറ്റു. ഇതാണ് നബിയും ഞാനും തമ്മിലുള്ള അന്തരം. നബിയുടെ മഹത്വവും സ്വാധീനവും ഇപ്പോഴെങ്കിലും നീ തിരിച്ചറിയണം; നീ കൊണ്ടു നടക്കുന്ന മൂഢധാരണ നിര്‍ബന്ധമായും തിരുത്തണം.

നബി (സ) അനുസരിക്കപ്പെടുകയും അനുധാവനം ചെയ്യപ്പെടുകയും ചെയ്യുമ്പോലെ ലോകത്ത് ഒരു ചരിത്രപുരുഷനും അനുധാവനം ചെയ്യപ്പെടുന്നില്ല. നബിയെ അഗാധമായി സ്നേഹിക്കുമ്പോലെ ലോകത്ത് ഒരു നേതാവിനെയും ആരും സ്നേഹിക്കുന്നില്ല. നബിചര്യക്ക് ലോകം കല്‍പിച്ച വലിയ പ്രാധാന്യത്തിന്റെ നിദര്‍ശനമാണ് ഹദീസ് വിജ്ഞാനീയങ്ങളും അനുബന്ധസാഹിത്യങ്ങളും. പതിനായിരക്കണക്കിന് ഹദീസുകളിലൂടെ നബിയുടെ ജീവിതം ചരിത്രത്തിന്റെ പൂര്‍ണ്ണ വെളിച്ചത്തില്‍ എക്കാലത്തെയും മനുഷ്യര്‍ക്ക് നന്നായി ഉപകരിക്കും വിധം ശോഭിച്ചു നില്‍ക്കുന്നു. ചരിത്രത്തിന്റെ പൂര്‍ണ്ണവെളിച്ചത്തില്‍ നിറഞ്ഞുനില്‍ക്കുന്ന നബിചര്യയെ അവഗണിച്ച് കൊണ്ട് ഒരാള്‍ക്ക് സത്യവിശ്വാസിയാവുക സാധ്യമല്ല. നബിചര്യയുടെയും നബിചരിത്രത്തിന്റെയും പിന്‍ബലത്തിലാണ് വിശുദ്ധവേദഗ്രന്ഥം വിശദമായി ഗ്രഹിക്കാനാവുന്നത്. നബിയുടെ സത്യസന്ധതയിലാണ് ഖുര്‍ആനിന്റെ ആധികാരികത.

നബിയെ മാറ്റിനിര്‍ത്തികൊണ്ടു സ്വര്‍ഗപ്രാപ്തി സാധ്യമല്ല. നബി സത്യവിശ്വാസത്തിന്റെയും (ഈമാൻ) അനുഷ്ഠാനത്തിന്റെയും (ഇസ്ലാം) അവിഭാജ്യഘടകമാണ്. നബിയുടെ പ്രവാചകത്വം മനസാ വാചാ കര്‍മ്മണാ അംഗീകരിക്കുകയും പ്രഘോഷണം ചെയ്യുകയും ചെയ്താലേ സര്‍വ്വപ്രധാനമായ ശഹാദത്ത് (സത്യസാക്ഷ്യം) പൂര്‍ണ്ണമാകുകയുള്ളൂ. നബി (സ)യിലൂടെ മാത്രമാണ് പഞ്ചേന്ദ്രിയങ്ങള്‍ക്ക് ഗോചരമല്ലാത്ത ഭാവനക്കും ബുദ്ധിക്കും വഴങ്ങാത്ത, സത്യശുദ്ധമായ അദൃശ്യലോകവാര്‍ത്തകള്‍ കൃത്യമായി നമുക്ക് കിട്ടുന്നത്. അവ്വിധം ലഭിക്കുന്ന വിവരങ്ങള്‍ പരമസത്യവുമാണ്. നബിചര്യയും നബിചരിത്രവും ഹിദായത്തിന്റെ (സന്മാർഗം ) സ്രോതസ്സും അവലംബവുമാണ് . അതുകൊണ്ടാണ് വിശുദ്ധ ഖുര്‍ആന്‍ തീര്‍ച്ചയായും താങ്കള്‍ ഋജുവായ സരണിയിലേക്ക് വഴികാണിക്കുക തന്നെയാണ്. (42:52) എന്ന് പ്രസ്താവിച്ചത്.

വിശുദ്ധഖുര്‍ആനിനെ അല്ലാഹു സംരക്ഷിച്ചു നിലനിര്‍ത്തിയിട്ടുണ്ട്. അതേപോലെ നബിയുടെ ചര്യയും ചരിത്രവും സവിശദം രേഖപ്പെടുത്തി ലോകാന്ത്യം വരെയുള്ളവര്‍ക്ക് പ്രയോജനപ്പെടും വിധം നിലനിര്‍ത്താന്‍ അല്ലാഹു തുണച്ചിട്ടുണ്ട്. തലമുറകള്‍ കൈമാറി നിത്യജീവിതത്തിലൂടെ അത് നിലനില്‍ക്കുന്നുമുണ്ട്. നബിമാതൃകക്കും ഉപദേശ നിര്‍ദേശങ്ങള്‍ക്കും വിശ്വാസികള്‍ ആദരപൂര്‍വ്വം കല്‍പ്പിച്ച അതീവ പ്രാധാന്യത്തിന്റെ നിദര്‍ശനമാണ് നബിയുമായി ബന്ധപ്പെട്ട എല്ലാ വിവരങ്ങളും പിന്‍ഗാമികള്‍ക്ക് കൈമാറുന്നതില്‍ കണ്ണികളായി വര്‍ത്തിച്ച ആദ്യതലമുറകളില്‍ പെട്ട അഞ്ചുലക്ഷത്തോളം വ്യക്തികളുടെ വിവരങ്ങള്‍ നബിചര്യക്ക് പുറമേ, നബിചര്യയുടെ സംരക്ഷണാര്‍ത്ഥം സസൂക്ഷ്മം രേഖപ്പെടുത്തിയിരിക്കുന്നുവെന്നത്. സുന്നത്തിന്റെ സത്യസന്ധതയും കൃത്യതയും ഉറപ്പുവരുത്താനാണിത്. നബിചര്യയും ചരിത്രവും ഇസ്ലാമിന്റെ ദ്വിതീയ പ്രമാണമായതിനാലാണ് മുന്‍ഗാമികള്‍ ശ്രദ്ധാപൂര്‍വ്വം ഇങ്ങനെ ചെയ്തത്.

സര്‍വ്വവിഗ്രഹങ്ങളെയും വിപാടനം ചെയ്ത, എല്ലാ വിഗ്രഹവല്‍ക്കരണത്തെയും നഖശിഖാന്തം എതിര്‍ത്ത നബി(സ), തന്നെ ആരും വിഗ്രഹവല്‍ക്കരിക്കാതിരിക്കാനും പരിധിവിട്ട് വാഴ്ത്താതിരിക്കാനും പ്രത്യേക ജാഗ്രത പുലര്‍ത്തുകയും കര്‍ശന നിര്‍ദ്ദേശം നല്‍കുകയും ചെയ്തിട്ടുണ്ട്. നിങ്ങളെന്നെ ഒരിക്കലും വാഴ്ത്തരുത്. അല്ലാഹുവിന്റെ ദാസനും (അബ്ദുല്ല) അല്ലാഹുവിന്റെ ദൂതനും എന്നാണ് നിങ്ങള്‍ പറയേണ്ടത്. (ഹദീസ്) ഇന്നും ആഗോള മുസ്ലിംകള്‍ ഒറ്റക്കെട്ടായി തങ്ങളുടെ സത്യസാക്ഷ്യ വചനത്തിലെ കലിമത്തുശ്ശഹാദത്ത് രണ്ടാം ഖണ്ഡത്തില്‍ മുഹമ്മദുൻ അബ്ദുഹു വറസൂലുഹു എന്ന് തന്നെ പറയുന്നു.

Summary: Prophet Muhammad (peace be upon him) stands as a unique figure among human beings, embodying a rare combination of qualities that distinguish him in history and faith. His life seamlessly blended the roles of a spiritual guide, social reformer, statesman, and compassionate family man, all grounded in humility and sincerity. Unlike many leaders who are remembered for only one aspect of greatness, the Prophet’s character radiated excellence in every dimension—his truthfulness, justice, mercy, patience, and unwavering dedication to humanity. His simplicity despite immense responsibility, his ability to forgive even his fiercest enemies, and his vision of equality and brotherhood set him apart as a model not confined to one era, but relevant for all times.

Related Articles