Current Date

Search
Close this search box.
Search
Close this search box.

മനുഷ്യര്‍ക്ക് വേണ്ടിയുള്ള പ്രവാചകന്‍

“നാം ഈ ഖുര്‍ആനില്‍ വിവിധ ഉപമകളിലൂടെ ജനങ്ങളെ കാര്യം ധരിപ്പിച്ചു. പക്ഷേ, അധികജനവും നിഷേധത്തില്‍ത്തന്നെ ഉറച്ചുനിന്നു. അവര്‍ പറഞ്ഞു: ‘നീ ഞങ്ങള്‍ക്കായി ഭൂമി പിളര്‍ന്ന് ഒരു ഉറവൊഴുക്കുന്നതുവരെ ഞങ്ങള്‍ നിന്റെ സന്ദേശം വിശ്വസിക്കുന്നതല്ല. അല്ലെങ്കില്‍, നിനക്ക് ഈത്തപ്പഴവും മുന്തിരിയും നിറഞ്ഞ ഒരു തോട്ടമുണ്ടാകട്ടെ; അതില്‍ നീ നദികള്‍ ഒഴുക്കുകയും വേണം. അതല്ലെങ്കില്‍, നീ വാദിക്കുംപോലെ ആകാശത്തെ ഞങ്ങളുടെ മേല്‍ കഷണങ്ങളായി വീഴ്ത്തുകയോ ദൈവത്തെയും മലക്കുകളെയും ഞങ്ങളുടെ മുന്നില്‍ നേരിട്ട് ഹാജരാക്കുകയോ ചെയ്യുക. അതുമല്ലെങ്കില്‍, നിനക്ക് ഒരു സ്വര്‍ണമാളികയുണ്ടാവട്ടെ. അല്ലെങ്കില്‍, നീ മാനത്തേക്കു കയറിപ്പോവുക. ഞങ്ങള്‍ക്കു വായിക്കാവുന്ന ഒരു ഗ്രന്ഥം നീ ഇറക്കിക്കൊണ്ടു വരുന്നതുവരെ നിന്റെ ആകാശാരോഹണവും ഞങ്ങള്‍ വിശ്വസിക്കുകയില്ല’–പ്രവാചകന്‍ അവരോടു പറയുക: ‘എന്റെ നാഥന്‍ പരമപരിശുദ്ധന്‍. ഞാനോ, സന്ദേശവാഹകനായ ഒരു മനുഷ്യനല്ലാതെ മറ്റെന്തെങ്കിലുമാണോ?”

മക്കാ കാലത്ത് പ്രവാചകനോട് നിഷേധികള്‍ പല ആവശ്യങ്ങളും ചോദിച്ചു കൊണ്ടിരുന്നു. ഞാന്‍ ഒരു മനുഷ്യനായ പ്രവാചകനാണ്‌ എന്ന് പലവുരു പ്രവാചകന്‍ ആവര്‍ത്തിച്ചു കൊണ്ടിരുന്നു. ഞാനും നിങ്ങളെ പോലെ ഒരു മനുഷ്യനാണ്. ഞാനും നിങ്ങളും തമ്മിലുള്ള അന്തരം എനിക്ക് ദൈവീക ബോധനം ലഭിക്കുന്നു എന്നാണു. നിങ്ങള്‍ ചോദിക്കുന്ന കാര്യങ്ങള്‍ കൊണ്ട് വരാന്‍ ഞാന്‍ അശക്തനാണ്. മറ്റൊരു രീതിയില്‍ പറഞ്ഞാല്‍ സമൂഹം പ്രവാചകന്മാരെ മനസ്സിലാക്കിയത് ആ രൂപത്തിലാവാം. നമ്മുടേത്‌ പോലുള്ള ഒരു മനസ്സിലാക്കല്‍. പ്രവാചകന്‍ സമൂഹത്തില്‍ ചര്‍ച്ച ചെയ്യപ്പെടുന്നുണ്ട്. പക്ഷെ അത് പ്രവാചകന്‍ എന്ന മനുഷ്യനെ കുറിച്ചല്ല എന്ന് മാത്രം. പലപ്പോഴും അതൊരു അത്ഭുത ലോകത്തെ ചര്‍ച്ചയാണ്. ശേഷം ഖുര്‍ആന്‍ ഇങ്ങിനെ പറയുന്നു. “ ഈ ഭൂമിയില്‍ മലക്കുകളാണ് ജീവിക്കുന്നതെങ്കില്‍ മലക്കിനെ തന്നെ പ്രവാചകനായി അയക്കുമായിരുന്നു” .

അപ്പോള്‍ എന്തിനു വേണ്ടിയാണ് മനുഷ്യനായ പ്രവാചകനെ അയച്ചത് എന്ന ചോദ്യത്തിന് മറുപടി കൃത്യമാണ്. ഒരു മനുഷ്യന് മാത്രമേ മനുഷ്യര്‍ക്ക്‌ മാതൃകയാകാന്‍ കഴിയൂ. പിന്നെ എന്തിനാണ് പ്രവാചകന്മാര്‍ക്കു അമാനുഷിക കഴിവുകള്‍ നല്‍കിയത്?. അമാനുഷിക കഴിവുകളില്‍ പ്രവാചകന്മാരുടെ ഭാഗം പൂജ്യമാണ്. അതിന്റെ പൂര്‍ണ ഉടമസ്ഥന്‍ അല്ലാഹു തന്നെയാണ്. അത് കൊണ്ട് തന്നെ പ്രവാചകന്മാര്‍ ആഗ്രഹിക്കുന്ന സമയത്ത് അത്തരം അമാനുഷിക കഴിവുകള്‍ അവര്‍ക്ക് പുറത്തെടുക്കാന്‍ കഴിഞ്ഞില്ല. അതെപ്പോള്‍ ആവശ്യം വരുന്നു എന്നത് അല്ലാഹുവിനു മാത്രമേ അറിയൂ. മുകളില്‍ മക്കക്കാര്‍ ചോദിച്ചതു നല്‍കാന്‍ അല്ലാഹുവിനു സാധ്യമാണ്. പക്ഷെ അങ്ങിനെ ഉണ്ടാവേണ്ടതല്ല വിശ്വാസം. അതിനു മുമ്പും ജനതകള്‍ അവരുടെ പ്രവാചകരുടെ അമാനുഷിക പ്രവര്‍ത്തനങ്ങള്‍ കണ്ടിട്ടുണ്ട്. അവരില്‍ അധികവും അത് കൊണ്ട് വിശ്വസിച്ചിട്ടില്ല. വിശ്വസിക്കാന്‍ തയ്യാറല്ലാത്ത ജനത പുതിയ കണ്ടെതെലുകള്‍ നടത്തുക എന്നത് സാധാരണമാണ്. ഒരു മനുഷ്യന്‍ എന്ന നിലയിലാണ് പ്രവാചകന്‍ സമൂഹത്തില്‍ ജീവിച്ചത്. മനുഷ്യര്‍ക്കുണ്ടാകുന്ന എല്ലാ തരം ബുദ്ധിമുട്ടുകളും വിഷമങ്ങളും പ്രവാചകനും സംഭവിച്ചു.

പ്രവാചകനെ വിശ്വാസികളുടെ മനസ്സില്‍ നിന്നും മാറ്റിയെടുക്കാന്‍ സാധ്യമല്ല എന്ന തിരിച്ചറിവ് ശത്രുക്കളെ മറ്റൊരു വഴിക്ക് ചിന്തിക്കാന്‍ പ്രേരിപ്പിച്ചു കാണണം. അതായത് പ്രവാചകനെ ആവശ്യത്തില്‍ കൂടുതല്‍ പുകഴ്ത്തുക. ആ രീതിയില്‍ വിശ്വാസികളില്‍ ആശയക്കുഴപ്പം ഉണ്ടാക്കാമെന്നു അവര്‍ കണക്കു കൂട്ടി. അതിന്റെ ഭാഗമായി മാത്രമേ ആധുനിക കാലത്തെ പ്രവാചക കീര്‍ത്തനങ്ങളെ ചേര്‍ത്ത് വായിക്കാന്‍ കഴിയൂ. ഒരു കാര്യം ഉറപ്പാണ്. മക്കക്കാരുടെ മനസ്സില്‍ ഒരു പ്രവാചകന്‍ ഉണ്ടായിരുന്നു. അത് കൊണ്ടാണ് അവര്‍ ഭക്ഷണം കഴിക്കുന്ന അങ്ങാടിയിലൂടെ നടക്കുന്ന പ്രവാചകന്‍ എന്ന അത്ഭുത ചോദ്യം ഉന്നയിച്ചത്. താനൊരു മനുഷ്യന്‍ മാത്രമാണ് എന്ന് പ്രവാചകന് ആവര്‍ത്തിച്ചു പറയേണ്ടി വന്നതും അത് കൊണ്ട് തന്നെയാകും.

പ്രവാചക മാതൃക എത്രമാത്രം ഉള്‍ക്കൊള്ളാന്‍ വിശ്വാസികള്‍ തയ്യാറാകുന്നു എന്നതാണ് പ്രസക്തമായ ചോദ്യം. അതായിരുന്നു സഹാബത്തിന്റെ മാതൃക. പ്രവാചകന്‍ ഉണ്ടാകണമെന്ന് ആവശ്യപ്പെട്ട കാര്യങ്ങള്‍ തങ്ങളുടെ നിത്യ ജീവിതത്തില്‍ ഉണ്ടെന്നു അവര്‍ ഉറപ്പു വരുത്തി. അവര്‍ക്ക് പൂര്‍ണമായി സ്വീകരിക്കാന്‍ കഴിയുന്ന ഒരവസ്ഥയായിരുന്നു അവരെ സംബന്ധിച്ച് പ്രവാചകന്‍. മക്കീ സൂറകളുടെ ഒരു പ്രതിപാദ്യ വിഷയം പ്രവാചകന്‍ താന്‍ മനുഷ്യനാണ് എന്ന് ഊന്നി പറയുന്നതാണ്. മനുഷ്യനായ പ്രവാചകന്‍ എന്ന നിലയില്‍ നിന്നും മാറിപ്പോയാല്‍ പിന്നെ പ്രവാചകരുടെ പ്രസക്തി തന്നെ ഒരു ചോദ്യ ചിഹ്നമായി മാറും. അന്ന് മക്കക്കാര്‍ ഉന്നയിച്ച കാര്യങ്ങള്‍ വിശ്വാസികളുടെ ഭാഗത്ത്‌ നിന്നും ഉണ്ടാകുന്നു എന്നത് നല്ല കാര്യമല്ല. അത്ഭുതങ്ങളല്ല ത്യാഗമാണ് വിശ്വാസത്തിന്റെ പൊരുളെന്നു കൂടി ജനത്തെ നാം ഓര്‍മ്മിപ്പിക്കേണ്ടി വരുന്നു എന്നതും ശ്രദ്ധേയമാണ്.

Related Articles