Columns

വോട്ടര്‍മാരെ കുപ്പിയിലാക്കാനുള്ള സര്‍വേകള്‍

ആടിനെ പട്ടിയാക്കുക എന്നത് പഴയ ചൊല്ലാണ്. പുതിയ ചൊല്ലിനെ സര്‍വേ എന്ന് വിളിക്കാം എന്നാണ് തോന്നുന്നത്. തങ്ങള്‍ക്ക് അനുകൂലമായ മനസ്സ് വോട്ടര്‍മാരില്‍ സൃഷ്ടിക്കുക എന്നത് കൂടി സര്‍വേയുടെ പൊതു സ്വഭാവമാണ്. കേരളത്തില്‍ നടക്കുന്ന സര്‍വേകള്‍ പോലും അങ്ങിനെ വേണം വായിക്കാന്‍ എന്ന് തോന്നുന്നു. കേരള മണ്ണ് സംഘ പരിവാറിന് പാകമായി എന്ന രീതിയിലാണ് പല സര്‍വേകളും പറയുന്നത്. വാസ്തവത്തില്‍ കേരളം അത്തരം ഒരു അവസ്ഥയിലേക്ക് എത്തിയിട്ടുണ്ടോ? മൊത്തം സാഹചര്യം വെച്ച് നോക്കിയാല്‍ ഇല്ലെന്നു വേണം പറയാന്‍. അതെ സമയം കേരളത്തില്‍ അവര്‍ സീറ്റ് നേടുമെന്നും പല സ്ഥലത്തും രണ്ടാം സ്ഥാനത്തു വരുമെന്നും പറഞ്ഞു വരുന്നത് എത്ര മാത്രം വിശ്വാസ യോഗ്യമാണ് എന്നത് കാത്തിരുന്നു തന്നെ കാണണം.

അപ്പോഴൊക്കെ ഡല്‍ഹിയില്‍ ബി ജെ പി തന്നെ എന്നാണ് സര്‍വേ പറയുന്നത്. ഉത്തരേന്ത്യന്‍ ട്രെന്‍ഡ് പൂര്‍ണമായും മോദിക്ക് അനുകൂലമാണ് എന്നാണ് എല്ലാ സര്‍വേകളും പറഞ്ഞു വരുന്നത്. തിരഞ്ഞെടുപ്പിന് മുമ്പ് വോട്ടര്‍മാരുടെ മനസ്സില്‍ സ്ഥാനം നേടാനുള്ള കാര്യം എന്ന് വേണം അതിനെ കുറിച്ച് മനസ്സിലാക്കാന്‍. അടുത്തിടെ നടന്ന തിരഞ്ഞെടുപ്പുകളില്‍ ബി ജെ പിയുടെ അവസ്ഥ മോശമായിരുന്നു. അതിനു ശേഷം കാര്യങ്ങള്‍ നന്നാക്കാന്‍ ഉതകുന്ന ഒന്നും അവരുടെ പക്ഷത്തു നിന്നും ഉണ്ടായിട്ടില്ല. ഫാസിസം അതിന്റെ ഉച്ചിയിലാണ്. വിലക്കയറ്റം,എണ്ണവില,നോട്ടു നിരോധനം എന്നിവയില്‍ രാജ്യം നേരിട്ട ദുരിതങ്ങള്‍ നേര്‍ക്ക് മനസ്സിലാക്കിയിട്ടും ജനം വീണ്ടും തിരഞ്ഞെടുക്കും എന്ന് കരുതുന്നത് ജനതയുടെ സഹന ശക്തി പരീക്ഷിക്കലാണ്.

തലസ്ഥാന നഗരിയിലെ അധികം പത്രങ്ങളും കാവി വത്കരണത്തിന്റെ ഭാഗമായവരാണ് എന്നാണ് കിട്ടുന്ന വിവരം. സംഘ് പരിവാറിനെ പരമാവധി വേദനിപ്പിക്കാതെ കാര്യങ്ങള്‍ ചോദിക്കുക എന്ന നിലപാടിലാണ് അവരുള്ളത്. മോഡി ഭരണത്തോടു രാജിയാകാത്ത കുറച്ചു പേരെ മാത്രമേ കണ്ടെത്താന്‍ കഴിയൂ. ദേശീയ ചാനലുകളിലും അത് തന്നെയാണ് അവസ്ഥ. സര്‍വേകള്‍ തെറ്റിപ്പോയാലും അത് കൊണ്ട് ഒന്നും സംഭവിക്കില്ല. ജനം അത് പെട്ടെന്ന് മറന്നു കൊള്ളും. അതെ സമയം അത് കൊണ്ട് ഉണ്ടാകുന്ന ഗുണത്തിന് അവര്‍ക്ക് ഗുണം കാണും എന്നുറപ്പാണ്. മുമ്പും ഒരുപാട് സര്‍വേകള്‍ തെറ്റിപ്പോയിട്ടുണ്ട്. വാജ്പേയി സര്‍ക്കാരിന് ശേഷം കോണ്‍ഗ്രസ് സര്‍ക്കാര്‍ വരുമെന്ന് ആരും പ്രവചിച്ചില്ല എന്നത് നമ്മുടെ മുന്നിലുള്ള ചരിത്രമാണ്. ഉത്തരേന്ത്യയില്‍ സര്‍വേകള്‍ പറയുന്ന അത്ര എളുപ്പമല്ല കാര്യങ്ങള്‍ എന്നുറപ്പാണ്. മോഡി കാലത്തെ ദുരിതങ്ങള്‍ നേരില്‍ അനുഭവിച്ച ജനം അതെല്ലാം പൊറുത്തു കൊടുക്കും എന്ന് കരുതുന്നത് തികഞ്ഞ മൗഢ്യമാണ് എന്ന് വേണം പറയാന്‍.

തിരഞ്ഞെടുപ്പില്‍ ചര്‍ച്ചയാകേണ്ട പലതും ഈ സര്‍വേകളില്‍ തട്ടി ഗതി മാറി ഒഴുകുന്നു. കേരളത്തില്‍ പോലും സംഗതി അങ്ങിനെയാണ്. ആര് ജയിക്കും എന്നതല്ല തിരഞ്ഞെടുപ്പിലെ ചര്‍ച്ചകള്‍ പകരം ആര് തോല്‍ക്കണം എന്നത് കൂടിയാണ്. കഴിഞ്ഞകാല പ്രവര്‍ത്തനങ്ങളെ വിലയിരുത്തി തീരുമാനിക്കേണ്ട ഒന്നാണ് തിരഞ്ഞെടുപ്പ്. വോട്ടര്‍മാരെ ആ രീതിയിലേക്ക് കൊണ്ട് പോകാതെ മായാ ലോകത്തു വിഹരിക്കാന്‍ ഇത്തരം സര്‍വേകള്‍ കൊണ്ട് സാധിക്കൂ എന്നുറപ്പാണ്. ആടിനെ പട്ടിയാക്കല്‍ എന്ന പഴയ രീതി പുതിയ കുപ്പിയില്‍ എന്ന് വേണം പറയാന്‍.

Facebook Comments
Show More

Related Articles

Close
Close