Current Date

Search
Close this search box.
Search
Close this search box.

ഠാകൂറിന്റെ സ്ഥാനാര്‍ത്ഥിത്വവും മുന്നറിയിപ്പാണ്

കുറ്റവാളികള്‍ തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്നത് ഇന്ത്യയില്‍ ഒരു സാധാരണ സംഭവമാണ്. ഇന്ത്യന്‍ പാര്‍ലമെന്റില്‍ വലിയൊരു ശതമാനം ക്രിമിനലുകളാണ് എന്നത് പുതിയ ഞെട്ടിക്കുക്കുന്ന വിവരമല്ല. ക്രിമിനലുകള്‍ ഇല്ലെങ്കില്‍ നാട്ടില്‍ രാഷ്ട്രീയമില്ല എന്നിടത്താണ് കാര്യങ്ങള്‍ വന്നു നില്‍ക്കുന്നത്. അങ്ങിനെ ഒന്നായി നമുക്ക് വേണമെങ്കില്‍ മലേഗാവ് സ്‌ഫോടന മുഖ്യപത്രിയായ സ്വാധി പ്രജ്ഞ്യാസിംഗ് ഠാക്കൂറിന്റെ സ്ഥാനാര്‍ഥിത്വവും കണ്ടാല്‍ മതിയായിരുന്നു. കേസില്‍ അവരെയും പ്രതി ചേര്‍ക്കപ്പെട്ട ആരെയും കുറ്റക്കാരായി കാണാന്‍ കഴിയുന്ന തെളിവുകള്‍ ലഭ്യമല്ല എന്നാണ് ദേശീയ അന്വേഷണ ഏജന്‍സി പറയുന്നത്. ദേശീയ അന്വേഷണ ഏജന്‍സി എന്നാല്‍ കുറ്റവാളികളെ മതവും ജാതിയും നോക്കി ശിക്ഷ വിധിക്കാനുള്ള ഒരു ഏര്‍പ്പാടാണ് എന്ന് പറഞ്ഞാല്‍ അത് തെറ്റാവില്ല. അത് കൊണ്ടാണ് സ്വന്തം ഇഷ്ടപ്രകാരം ഒരു പെണ്‍കുട്ടിയുടെ ആദര്‍ശ മാറ്റവും ശേഷം നടന്ന വിവാഹവും അവര്‍ക്ക് ഭീരകമായത്. അതെ സമയം തന്നെ നിരവധി മനുഷ്യര്‍ കൊല്ലപ്പെട്ട മാലേഗാവ് സ്‌ഫോടനത്തിന് പ്രതികള്‍ ഇല്ലാതെ പോയതും.

രാജ്യം ഉറ്റുനോക്കിയ ഒരു സ്‌ഫോടന കേസിലെ പ്രതിയെ സ്ഥാനാര്‍ത്ഥിയാക്കുന്നു എന്നത്‌കൊണ്ട് ബി ജെ പിയും സംഘപരിവാറും നല്‍കുന്ന സന്ദേശം വളരെ വലുതാണ്. ഭാവിയില്‍ ന്യൂനപക്ഷങ്ങളോട് അവരുടെ നിലപാട് എന്ത് എന്ന് കൂടി അവര്‍ പറഞ്ഞു വെക്കുന്നു. കൊല്ലപ്പെട്ടവരില്‍ അധികവും ഒരു സമുദായക്കാരായിരുന്നു. ഒരു മുസ്ലിം പള്ളിയുടെ അടുത്താണ് സ്‌ഫോടനം നടന്നതും. ആദ്യം കേസ് സിമിയിലേക്കു പോയി. പിന്നെയാണ് ഇപ്പോഴുള്ള പ്രതികള്‍ പിടിക്കപ്പെട്ടതും. ഒരു സമുദായത്തെ തകര്‍ക്കുക എന്ന ഉദ്ദേശം വെച്ച് സ്‌ഫോടനം നടത്തിയ പ്രതിയെയാണ് ഇപ്പോള്‍ സ്ഥാനാര്‍ഥി ആക്കിയിട്ടുള്ളത്. അത്തരം കുറ്റവാളികള്‍ക്ക് അവസരം നല്‍കുക വഴി സംഘ് പരിവാര്‍ നല്‍കുന്ന സന്ദേശം കൃത്യമാണ്. നിങ്ങള്‍ എത്രമാത്രം മുസ്ലിം സമുദായത്തോട് വിദ്വേഷം കാണിക്കുന്നു അത്രമാത്രം നിങ്ങള്‍ ഞങ്ങള്‍ക്ക് സ്വീകാര്യരാണ്. ഭീകര പ്രവര്‍ത്തനം നാട്ടിലെ വലിയ കുറ്റമാണ്. വ്യക്തിപരമായ കുറ്റങ്ങള്‍ പോലെയല്ല അതിനെ പരിഗണിക്കുക. എന്നിട്ടും യാതൊരു സങ്കോചവുമില്ലാതെ രാജ്യത്തെ എല്ലാവരും ശ്രദ്ധിക്കുന്ന മണ്ഡലത്തില്‍ തന്നെ പാര്‍ട്ടി സ്ഥാനാര്‍ത്ഥിയാക്കി എന്നതു നടുക്കത്തോടെ മാത്രമേ ശ്രവിക്കാന്‍ കഴിയൂ.

സംഘ പരിവാര്‍ കൂടുതല്‍ ജനാധിപത്യ വിരുദ്ധമാകുന്നു എന്നതാണ് ഈ തിരഞ്ഞെടുപ്പിന്റെ പ്രത്യേകത. ചെറുതും വലുതുമായ നേതാക്കള്‍ ഒരു പോയിന്റില്‍ മാത്രം ശ്രദ്ധ ചെലുത്തുന്നു. മറ്റൊന്നുമല്ല മതവിദ്വേഷം. മോഡി മുതല്‍ സാധാ പ്രാസംഗികര്‍ വരെ ആ വിഷയത്തില്‍ ചര്‍ച്ച കേന്ദ്രീകരിക്കുന്നു. അത് കൊണ്ട് തന്നെ ഭാവി ഇന്ത്യയെ കുറിച്ച് കൃത്യമായ ഒരു നിലപാടാണ് അവര്‍ നല്‍കുന്നത്. കഴിഞ്ഞ അഞ്ചു വര്‍ഷം നടന്ന ഫാസിസ്റ്റ് പ്രവര്‍ത്തനങ്ങള്‍ വര്‍ധിക്കും എന്നത് മാത്രമാണ് അവര്‍ക്ക് ജനത്തിന് നല്‍കാനുള്ള പ്രഖ്യാപനം. ഭീകര പ്രവര്‍ത്തനത്തില്‍ പ്രതി ചേര്‍ക്കപ്പെട്ട ഒരാളെ മറ്റേതെങ്കിലും പാര്‍ട്ടികള്‍ സ്ഥാനാര്‍ത്ഥിയാക്കിയാല്‍ എന്താകുമായിരുന്നു പുകില്‍. നമ്മുടെ ദേശീയ മാധ്യമങ്ങള്‍ വെറുതെ ഇരുക്കുമായിരുന്നോ?. പക്ഷെ പ്രതി സംഘപരിവാറാണ് എന്നതിനാല്‍ എല്ലാവരും മൗനികളാണ്.

കഴിഞ്ഞ അഞ്ചു വര്‍ഷം സംഘപരിവാര്‍ നടത്തിയത് ഒരു ‘ടെസ്റ്റ്’ മാത്രമാണ്. അടുത്ത അഞ്ചു വര്‍ഷം അവര്‍ ശരിക്കും നടപ്പാക്കാന്‍ ശ്രമിക്കും. തങ്ങളുടെ ചെയ്തികള്‍ക്ക് ജനപിന്തുണയുണ്ട് എന്ന കാര്യമാണ് അവര്‍ ഉയര്‍ത്തി പിടിക്കുക. മതേതര വോട്ടുകള്‍ ഭിന്നിച്ചു പോകുന്നു എന്നതാണ് അവരെ സംരക്ഷിക്കുന്നത്. താക്കൂറിന്റെ സ്ഥാനാര്‍ത്ഥിത്വം ഒരു മുന്നറിയിപ്പാണ്. അതും ഭോപ്പാലില്‍. അത് കൊണ്ട് തന്നെ ഇപ്പോള്‍ മതേതര മുന്നണികള്‍ ഒന്നിച്ചില്ലെങ്കില്‍ പിന്നെ എപ്പോള്‍ എന്നതാണ് ചോദ്യം. ഭീകര വാദികള്‍ പണ്ടും സംഘപരിവാറിന്റെ ഭാഗമായിട്ടുണ്ട്. ഓരോ തിരഞ്ഞെടുപ്പിലും പുതിയ പ്രതികളെ രംഗത്തു കൊണ്ട് വന്നു അവര്‍ നയം വ്യക്തമാക്കുന്നു. അത് സമ്മതിക്കില്ല എന്നതാകണം മതേതര മുന്നണികള്‍ പറയേണ്ടത്. അതിപ്പോള്‍ പറഞ്ഞില്ലെങ്കില്‍ പിന്നെ പറയാന്‍ രാജ്യം ഉണ്ടായെന്നു വരില്ല.

Related Articles