Columns

നെഗറ്റീവില്‍ നിഴലിടുന്ന പോസ്റ്റീവ്‌

ജീവിതത്തില്‍ പോസ്റ്റീവ് മാത്രം പ്രതീക്ഷിക്കുന്നവര്‍‌ക്ക്‌‌‌,നെഗറ്റീവില്‍ പോലും ഒരു പോസിറ്റീവ്‌ ഉണ്ടെന്നാണ്‌ കോവിഡ്‌ കാലം പഠിപ്പിക്കുന്നത്.കാലം എന്നു പറഞ്ഞാല്‍,കാലം സാക്ഷിയാക്കി ആണയിടുന്ന ലോക രക്ഷിതാവായ നാഥന്‍ തന്നെ.

ജീവിതത്തിലെ ഏത് അവസ്ഥയിലും പൂര്‍‌ണ്ണമനസ്സോടെ സര്‍‌വ്വലോക സ്രഷ്‌‌ടാവിന്‌ നന്ദി പ്രകാശിപ്പിക്കുന്ന ശീലമായിരിക്കണം വിശ്വാസിയുടേത്. ഇതു കേവല വര്‍‌ത്തമാനത്തിനുള്ളതല്ല.ഇവ്വിധം ജിവിതത്തില്‍ പാലിക്കുന്നവരെ കുറിച്ച്‌ തിരുമേനി വാചാലമായ സന്ദര്‍‌ഭങ്ങളുണ്ട്‌.വിശ്വാസിയുടെ ഉള്ളിന്റെ ഉള്ളില്‍ നാമ്പിടുന്ന അനുഗ്രഹീതമായ ഭാവത്തെയും അവിടെ പൂവിടുന്ന സുഗന്ധ പൂരിതമായ വസന്തത്തെയും ആകാശത്തോളം പടര്‍‌ന്നു പന്തലിക്കുന്ന പൂമരത്തെയും ഖുര്‍‌ആന്‍ പരിചയപ്പെടുത്തുന്നതും സുവിദിതമാണ്.‌ എത്ര അനന്തമാണെന്നു പറഞ്ഞാലും ആകാശത്തിനു പോലും അതിരുകളുണ്ട്‌.

ഈ നിര്‍‌ണ്ണിത വാന ഭുവനങ്ങളില്‍ കഴിയുന്ന മനുഷ്യന്റെ ഭാവനകള്‍‌ക്കും മനനങ്ങള്‍‌ക്കും അതിരുകളില്ല.ഇത്തരത്തില്‍ അതിരുകളില്ലാത്ത ലോകത്ത്‌‌ സുഖമമായി പറന്നുയരാന്‍ സാധ്യമായ ചിറകുകള്‍ തുന്നി കൊടുത്ത്‌ നൂലില്‍ ബന്ധിക്കുന്ന സര്‍‌ഗാത്മകതയാണ്‌ ഖുര്‍‌ആനും തിരുദൂതരുടെ പാഠങ്ങളും.അരുതായ്‌മകളുടെ കാര്യത്തില്‍ പരിധികള്‍ നിര്‍‌ണ്ണയിക്കുകയും, ആസ്വാദനങ്ങളുടെ കാര്യത്തില്‍ അതിരുകള്‍ വര്‍‌ണ്ണിച്ചു നല്‍‌കുകയും എന്നതാണ്‌ വേദ പാഠങ്ങളുടെ നിലപാട്‌.ആകാശത്ത്‌ പറന്നുയരുന്ന പട്ടങ്ങള്‍ ഒരു നിയന്ത്രണച്ചരടില്‍ ബന്ധിച്ചതു കൊണ്ടാണ്‌ മനോഹരമായി പറക്കുന്നത്.ചരടൊന്നു പൊട്ടിയാല്‍ മൂക്കുകുത്തി വീഴുകയെന്നതാണ്‌ അതിന്റെ സ്വാഭാവിക പരിണിതി.ഇവ്വിധമുള്ള പ്രകൃതി നയങ്ങളും നിയമങ്ങളും അം‌ഗീകരിക്കലാണ്‌ യുക്തി എന്ന്‌ ബോധ്യപ്പെടുന്നവര്‍ സം‌തൃപ്‌തരായിരിയ്‌ക്കും.അല്ലാത്തവര്‍ പൊയ്‌വെടികള്‍ കത്തിച്ച്‌‌ ആത്മ രതി കൊണ്ട്‌ കാലം തീര്‍‌ക്കും.

Also read: ദൈവത്തിന്റെ തിരുത്ത്!

സന്തോഷം വരുമ്പോള്‍ സ്‌തുതിക്കുകയും സങ്കടം വരുമ്പോള്‍ ക്ഷമിക്കുകയും എന്നതായിരിയ്‌ക്കും യഥാര്‍‌ഥ വിശ്വാസികളുടെ ശൈലി.അവരാകട്ടെ ആത്യന്തികമായി പരാജയപ്പെടുകയും ഇല്ല.സകല സുഖ ദുഃഖങ്ങളും അവര്‍ അവന്റെ നാഥനോട്‌ പങ്കുവെയ്‌ക്കും.സഹിക്കാത്ത പ്രയാസങ്ങള്‍ എന്നു പറയുന്നതും ആ തമ്പുരാന്റെ മുന്നില്‍ ഇറക്കി വെയ്‌ക്കും.പിന്നെ എന്തിനു ആശങ്കപ്പെടണം.

ലോകം എന്തേ ഇങ്ങനെ എന്നു പരിതപിക്കുന്നതില്‍ വലിയ കാര്യമൊന്നും ഇല്ല.ഒരു വേള സഹതപിയ്‌ക്കാം.ശുദ്ധമായ പ്രകൃതവും പ്രാര്‍‌ഥനയും വിശ്വാസിക്ക്‌ ഊര്‍‌ജ്ജവും ഉണര്‍‌വും നല്‍‌കും.വീണു പോയ കരിയിലകള്‍ കാറ്റില്‍ പാറിപ്പോകുമ്പോഴും പുതിയ നാമ്പുകള്‍ മുളപ്പിക്കാനുള്ള പരിശ്രമത്തിലാണ്‌ ചെടികളും മരങ്ങളും…

കേവല വാര്‍‌ത്താ മാനങ്ങളില്‍ കുടുങ്ങാതെ കാമ്പുള്ള വര്‍‌ത്തമാനങ്ങളില്‍ ഒതുങ്ങണം. ആവശ്യമില്ലാത്ത സം‌സാരവും ചിന്തയും ഉപകാരം ചെയ്യുകയില്ല. പൊയ്‌പോയതില്‍ മനസ്സുടക്കാതെ പുതുതായി പൂവിടുന്നതില്‍ ബദ്ധ ശ്രദ്ദരാകണം.

മനസ്സില്‍ ഒരു കരുത്ത് കുത്തിയിടണം,അത്‌‌ കുരുത്ത്‌ വളരാനുള്ളതാണ്‌. വെറുതെ പാകാനുള്ളതല്ല.അനുഷ്‌ഠാന കര്‍‌മ്മങ്ങള്‍‌ക്ക്‌ വരി നില്‍‌ക്കുമ്പോള്‍ മാത്രം ഉള്ള ഒന്നല്ല കരുത്ത്.ജിവിതത്തിലെ എല്ലാ ഇടനാഴികയിലും കരുത്ത് അനിവാര്യമാണ്‌.

അവര്‍ ഇവര്‍ പ്രയോഗത്തില്‍ നിന്നും നമ്മള്‍ എന്ന ഭാവത്തിലാണ്‌ നന്മ പൂക്കുന്നത്.ഒരു പ്രയോഗം പോലും തന്റെ പോരായ്‌കയൊ പോരായ്‌മയൊ മറച്ചു പിടിക്കാനുള്ള സമര്‍ഥമായ തന്ത്രവും മന്ത്രവും ആകരുത്,എന്നത്രെ പ്രമാണം.അപരന്റെ പോരായ്‌മകള്‍ കണ്ടെത്താനുള്ള ജാഗ്രതയല്ല നമുക്ക്‌ ആവശ്യം സ്വന്തം കുറവുകളെ നികത്തിയെടുക്കാനുള്ള തീവ്ര ശ്രമങ്ങളായിരിക്കണം.

തനിക്ക്‌ ചുറ്റുമുള്ള ലോകര്‍ക്ക്‌ പൊറുത്ത്‌ കൊടുക്കാന്‍, അനുഗ്രഹിക്കാന്‍, അവരുടെ ആത്മാഭിമാനത്തെ ചവിട്ടി മെതിക്കാതിരിക്കാന്‍,ഭൗതിക സാഹചരങ്ങളില്‍ സഹകരിക്കാന്‍,ദിശകാണിക്കാന്‍,പരിഗണിക്കാന്‍ ഒക്കെ വിശ്വാസിക്ക്‌ കഴിയണം.അല്ലാതെ പ്രസ്‌തുത സപ്‌ത സൗഭാഗ്യങ്ങള്‍‌ക്കായി രാവും പകലും എന്നല്ല പുലരുവോളം പ്രാര്‍‌ഥിച്ചിട്ടും ഫലമുണ്ടാകുകയില്ല.

Also read: പരിസ്ഥിതി സംരക്ഷണം ഇസ്‌ലാമിൽ

ഇത്തരം ഗുണ പാഠങ്ങള്‍ ജീവിത സങ്കല്‍‌പത്തെ പുതു പുത്തന്‍ ആകാശ ഗം‌ഗയിലേയ്‌ക്ക്‌ നയിയ്‌ക്കും.

ഇതാ ഇതു പോലെ ഒന്നു കരുതി നോക്കൂ.ആരോഗ്യത്തെ കുറിച്ച്‌, സം‌തൃപ്‌തിയെ കുറിച്ച്,‌ സന്തോഷത്തെ കുറിച്ച്,‌ ഇണക്കമുള്ള കൂട്ടു കുടും‌ബ ബന്ധങ്ങളെ കുറിച്ച്‌, ഇണ തുണകളെ കുറിച്ച്, കൂട്ടിയിണക്കപ്പെട്ട ബന്ധു മിത്രാധികളെ കുറിച്ച്,പുതിയ പുലരിയെ കുറിച്ച്‌,സൗഹൃദം പൂത്തുലയുന്ന പാതയോരങ്ങളെ കുറിച്ച്‌‌‌…!

നിസ്വാര്‍‌ഥമായി നിശ്ചയ ദാര്‍‌ഡ്യത്തോടെ സ്വന്തത്തോട്‌ തന്നെ പ്രഖ്യാപിച്ചത് തന്നെയാണ്‌ യാഥാര്‍ഥ്യമാകാന്‍ പോകുന്നത്.തീര്‍‌ച്ചയായും അങ്ങിനെ തന്നെയാണ്‌ അതു സം‌ഭവിക്കുക.നാഥന്‍ അനുഗ്രഹിക്കുമാറാകട്ടെ.

Facebook Comments

അസീസ് മഞ്ഞിയില്‍

തൃശൂര്‍ ജില്ലയിലെ മുല്ലശ്ശേരി, രായം മരയ്ക്കാര്‍ വീട്ടില്‍ മഞ്ഞിയില്‍ ഖാദര്‍ - ഐഷ ദമ്പതികളുടെ പത്ത് മക്കളില്‍ ആറാമത്തവനായി 1959 ലാണ് ജനനം. ബ്ലോഗുകളില്‍ സജീവം.മാണിക്യച്ചെപ്പ് എന്ന കവിതാ സമാഹാരം 1992-ല്‍ പ്രതീക്ഷ തൃശ്ശൂര്‍ പ്രസിദ്ധീകരിച്ചു.പ്രവാസി നാടകക്കാരന്‍ അഡ്വ:ഖാലിദ് അറയ്ക്കല്‍ എഴുതി അവതരിപ്പിച്ച നാടകങ്ങള്‍ക്ക് വേണ്ടി ഗാനരചന നിര്‍വഹിച്ചിട്ടുണ്ട്‌‌.എ.വി എം ഉണ്ണിയുടെ ഉമറുബ്‌നു അബ്ദുള്‍ അസീസ് എന്ന ചരിത്രാഖ്യായികയ്ക്ക് വേണ്ടിയും ഗാനങ്ങളെഴുതി.ഹൈസ്‌ക്കൂള്‍ വിദ്യാഭ്യാസ കാലത്ത് എഴുതിയ ഗാനങ്ങള്‍ ആകാശവാണിയിലൂടെ;മര്‍‌ഹൂം കെ.ജി സത്താര്‍ ശബ്‌‌ദം നല്‍‌കിയിട്ടുണ്ട്‌.എണ്‍പതുകളില്‍ ബോംബെയില്‍ നിന്നിറങ്ങിയിരുന്ന ഗള്‍ഫ് മലയാളിയില്‍ നിന്നു തുടങ്ങി നിരവധി ഓണ്‍ലൈന്‍ മാഗസിനുകളിലും ആനുകാലികങ്ങളിലും എഴുതുന്നു.തനിമ കലാസാഹിത്യവേദി ഖത്തര്‍ ഘടകം മുന്‍ ഡയറക്ടര്‍.സി.ഐ.സി ദോഹ സോണ്‍ ദഅ‌വ സെക്രട്ടറി.റേഡിയോ പ്രഭാഷകന്‍. സുബൈറയാണ് ഭാര്യ. അകാലത്തില്‍ പൊലിഞ്ഞു പോയ അബ്‌സ്വാര്‍(മണിദീപം),അന്‍സാര്‍, ഹിബ, ഹമദ്, അമീന എന്നിവരാണ് മക്കള്‍. മരുമക്കള്‍:-ഷമീര്‍ മന്‍‌സൂര്‍ നമ്പൂരി മഠം,ഇര്‍‌ഫാന ഇസ്‌ഹാക്‌ കല്ലയില്‍.

Related Articles

Back to top button

Adblock Detected

Please consider supporting us by disabling your ad blocker