Current Date

Search
Close this search box.
Search
Close this search box.

ലൗ ജിഹാദിന്റെ രാഷ്ട്രീയം

സംഘപരിവാര്‍ ഇന്ത്യയില്‍ പശുവിന്റെ പേരില്‍ കുറെ ആളുകളെ തല്ലിക്കൊന്നു. പക്ഷെ അതൊരു ഒറ്റപ്പെട്ട സംഭവം എന്നതായിരുന്നു ഭരണകൂടത്തിന്റെ നിലപാട്. അതൊരു ഒറ്റപ്പെട്ട സംഭവമല്ല എന്ന് സംഭവത്തെ കുറിച്ച് പഠിച്ചാല്‍ മനസ്സിലാവും. അതെ സമയം ദല്‍ഹിയിലും കേരളത്തിലും രണ്ടു ക്രിസ്ത്യന്‍ പെണ്‍കുട്ടികളെ നിര്‍ബന്ധിച്ചു മതപരിവര്‍ത്തനം നടത്തി എന്നതാണ് പുതിയ വിവാദം. കേരളത്തില്‍ അത് സാധിച്ചത് ആദ്യം മദ്യം നല്‍കി മാനഭംഗപ്പെടുത്തിയാണത്രേ!. രണ്ടും ഇസ്ലാമിന് അന്യമാണ്. ഒന്ന് മദ്യവും മറ്റൊന്ന് ബലാല്‍സംഗവും. സംഗതി ശരിയാണെങ്കില്‍ പ്രതി മാതൃകാപരമായ രീതിയില്‍ ശിക്ഷിക്കപ്പെടണം. ദല്‍ഹി സംഭവവും അങ്ങിനെ തന്നെയാണ്. അവിടെയും പ്രതികള്‍ ശിക്ഷിക്കപ്പെടണം എന്ന കാര്യത്തില്‍ മുസ്ലിം സമുദായത്തിന് അഭിപ്രായ വ്യത്യാസമില്ല. അത് വെച്ച് കൊണ്ട് മുസ്ലിം സമുദായത്തില്‍ ലവ് ജിഹാദ് ജ്വരം കൂടി വരുന്നു എന്ന രീതിയില്‍ കാര്യങ്ങളെ വിശേഷിപ്പിക്കുന്നത് തെറ്റായ സന്ദേശമാണ് നല്‍കുന്നത്.

2009ലാണ് ഇത്തരം ഒരാരോപണം ആദ്യമായി രംഗത്ത് വരുന്നത്. കേരളത്തില്‍ നാലായിരത്തോളം ക്രിസ്ത്യന്‍ പെണ്‍കുട്ടികളെ ലവ് ജിഹാദ് വഴി ഇസ്ലാമിലേക്ക് മതം മാറ്റിപ്പിച്ചു എന്ന ആരോപണം ഉന്നയിച്ചത് Kerala Catholic Bishops Council ആയിരുന്നു. ഇതേ ആരോപണം എസ് എന്‍ ഡി പി നേതാവ് വെള്ളാപ്പള്ളി നടേശനും ഉന്നയിച്ചിരുന്നു. സമാനമായ ആരോപണം കര്‍ണാടകത്തില്‍ നിന്നും ഉയര്‍ന്നു വന്നിരുന്നു. അവിടെ ഏകദേശം മുപ്പതിനായിരം മറ്റു മതക്കാരെ നിര്‍ബന്ധ പൂര്‍വ്വം ഇസ്ലാമിലേക്ക് മതം മാറ്റിച്ചു എന്നായിരുന്നു കേസ്. യു പി യില്‍ നിന്നും ചില സമാനമായ ആരോപണങ്ങള്‍ ഉയര്‍ന്നു വന്നിരുന്നു. ശേഷം ദേശീയ അടിസ്ഥാനത്തില്‍ തന്നെ സംഘപരിവാര്‍ കാര്യങ്ങള്‍ ഏറ്റെടുത്തു.

2014 ജൂണ്‍ 25നു അന്നത്തെ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി കേരള നിയമസഭയില്‍ അവതരിപ്പിച്ച കണക്കു പ്രകാരം 2006 മുതല്‍ കേരളത്തില്‍ വ്യത്യസ്ത മതങ്ങളില്‍ നിന്നും 2667 യുവതികള്‍ ഇസ്ലാമിലേക്ക് മാറിയിട്ടുണ്ട് എന്ന് വ്യക്തമാക്കിയിരുന്നു. അതിനു പിന്നില്‍ ഒരു നിര്‍ബന്ധാവസ്ഥയും ശ്രദ്ധയില്‍ പെട്ടിട്ടില്ലെന്നും അദ്ദേഹം പറയുകയുണ്ടായി. കേസുമായി ബന്ധപ്പെട്ട് അന്നത്തെ ഡി ജി പി കോടതിയില്‍ ലവ് ജിഹാദ് എന്നൊന്നില്ല എന്ന രീതിയിലാണ് സത്യവാങ്മൂലം നല്‍കിയത്. അവസാനം ജസ്റ്റിസ് ശശിധരന്‍ നമ്പ്യാര്‍ ലവ് ജിഹാദിനെ പൂര്‍ണമായി തള്ളിയാണ് വിധി പറഞ്ഞതും. മറ്റു മതങ്ങളിലെ പെണ്‍കുട്ടികളെ പ്രേമം നടിച്ചു ഇസ്ലാമിലേക്ക് കൊണ്ട് വരിക എന്ന രീതിയില്‍ ഒരു സംഘടിത ശ്രമവും നടക്കുന്നില്ല എന്ന രീതിയില്‍ തന്നെ അന്ന് കേസ് അടച്ചതാണ്.

അതെ സമയം കേരളത്തില്‍ ഇസ്ലാം മതത്തിലെ പെണ്‍കുട്ടികളെ മറ്റു മതക്കാര്‍ പ്രേമം നടിച്ചു മതംമാറ്റുന്നത് നിത്യ സംഭവമാണ്. അവിടെ അതിനെ വിശേഷിപ്പിക്കുക പുരോഗമനം,വ്യക്തിസ്വാതന്ത്ര്യം എന്നീ രീതികളിലാണ്. മറിച്ചായാല്‍ അതിനെ ലവ് ജിഹാദിന്റെ പട്ടികയിലും. മതം മാറ്റുക എന്നത് തന്നെ ഇസ്ലാമിന് അന്യമാണ്. യാതൊരു ബാഹ്യ പ്രേരണയുമില്ലാതെ ഒരാള്‍ സ്വന്തം ഇഷ്ടപ്രകാരം സ്വീകരിക്കുമ്പോള്‍ മാത്രമാണ് അയാള്‍ ഇസ്ലാം സ്വീകരിച്ചു എന്ന് പറയാന്‍ കഴിയുക. ഒരാള്‍ ദൈവത്തെ അറിഞ്ഞു കൊണ്ട് സ്വന്തത്തെ സ്വയം സമര്‍പ്പിക്കുന്നതിനെയാണ് ഇസ്ലാം എന്ന് വിളിക്കപ്പെടുന്നത്. നിര്‍ബന്ധിച്ചു ചേര്‍ക്കേണ്ട ഒന്നല്ല മതം. മദ്യം നല്‍കിയും ബലാല്‍സംഗം ചെയ്തും മതത്തില്‍ കൂട്ടുക എന്നത് വിശ്വസിക്കാന്‍ ആളെ കിട്ടുന്നു എന്നതാണ് ഏറ്റവും വലിയ അത്ഭുതം.

അവസാനം ഹാദിയ സംഭവം പോലും ദേശീയ അന്വേഷണ ഏജന്‍സി ഉള്‍പ്പെടുത്തിയത് ലവ് ജിഹാദിന്റെ കോളത്തിലാണ്. പത്രത്തിലൂടെ പരസ്യം കൊടുത്തു നടത്തിയ വിവാഹവും ആ കോളത്തില്‍ ഉള്‍പ്പെടുത്താന്‍ നമ്മുടെ മാധ്യമങ്ങളും സംഘ പരിവാറും നടത്തിയ കഥകള്‍ നാം കണ്ടതാണ്. പൊതുസമൂഹത്തില്‍ കൂടുതല്‍ വിമര്‍ശനം ഏറ്റുവാങ്ങേണ്ടി വരുന്നത് ഇസ്ലാമായിട്ടും എന്ത് കൊണ്ട് യുവത ഇസ്ലാമിലേക്ക് വരുന്നു എന്നത് ഒരു പഠന വിഷയമാണ്. ലവ് ജിഹാദ് കാരണമല്ല അത്തരം മാറ്റം നടന്നത് എന്ന് സര്‍ക്കാരും കോടതിയും സമ്മതിച്ച സ്ഥിതിക്ക് എന്ത് കൊണ്ട് മാറ്റങ്ങള്‍ എന്ന് പൊതു സമൂഹം മാന്യമായി അന്വേഷിക്കണം. രണ്ടു സംഭവങ്ങള്‍ ഒറ്റപ്പെട്ടത് എന്ന് വേണം പറയാന്‍. അതെ സമയം അതിലൂടെ ഒരു സമുദായത്തെ മൊത്തം സംശയത്തിന്റെ മുനയില്‍ നിര്‍ത്താനുള്ള ശ്രമമാണ് നടക്കുന്നതും.

ഇന്ത്യ-പാകിസ്താന്‍- ബംഗ്ലാദേശ് വിഭജന കാലത്താണത്രെ ചരിത്രത്തിലെ ഏറ്റവും വലിയ നിര്‍ബന്ധിത മതപരിവര്‍ത്തനം നടന്നത് എന്ന് പറയപ്പെടുന്നു. അന്ന് ഇരു ഭാഗത്ത് നിന്നും പലരും പല കാരണത്താല്‍ മതം മാറ്റപ്പെട്ടിട്ടുണ്ടത്രേ. അതൊരു അരാജകത്വത്തിന്റെ കാലമായിരുന്നു. അത്തരം അവസ്ഥ കേരളത്തില്‍ നിലനില്‍ക്കുന്നു എന്നത് കൂടി സംഘപരിവാര്‍ ഇത്തരം ഒരു ആരോപണം ഉന്നയിക്കുക വഴി ലക്ഷ്യമിടുന്നു. കേരളത്തിലെ മത സമൂഹങ്ങള്‍ പരസ്പരം നല്ല നിലയില്‍ വര്‍ത്തിക്കുന്നു എന്നതാണു സംഘ പരിവാറിനെ ചൊടിപ്പിക്കുന്നത്. അതിലേക്കു ക്രിസ്ത്യന്‍ സമൂഹത്തെ കൂടി കൊണ്ട് വരാന്‍ അവര്‍ ആഗ്രഹിക്കുന്നു. ഏതോ ഒരു സാമൂഹിക ദ്രോഹി നടത്തിയ സാമൂഹിക വിരുദ്ധതയെ മതത്തിന്റെ പേരില്‍ ചാര്‍ത്തുന്നതിലൂടെ ഇസ്ലാമിന്റെ ധാര്‍മികത കൂടി അവര്‍ ചോദ്യം ചെയ്യുന്നു. ഇസ്ലാം എതിര്‍ക്കുന്ന കാര്യങ്ങള്‍ ഇസ്ലാമിന്റെ ചിലവില്‍ വിതരണം ചെയ്യുക എന്നതു കൂടി ആവരുടെ ഉദ്ദേശമാണ്. ഇത്തരം ഉണ്ടയില്ലാ വെടി പൊട്ടിക്കുന്നവരെ നിലക്ക് നിര്‍ത്താന്‍ നമ്മുടെ നാട്ടില്‍ നിയമമില്ല എന്നതാണ് അതിലും വലിയ ദുരന്തം. സ്‌നേഹത്തിലൂടെ തന്നെയാണ് ഒരാള്‍ ഇസ്ലാമിലേക്ക് വരേണ്ടത്. പക്ഷെ അതില്‍ ഒന്നാമത്തെ സ്‌നേഹം ഏകനായ ദൈവത്തോടായിരിക്കണം. പിന്നെ അയാള്‍ പ്രവാചകനെ സ്‌നേഹിക്കണം. ശേഷം ലോകത്തെ മുഴുവന്‍ സ്‌നേഹിക്കണം. ശത്രുവിനോട് പോലും വെറുപ്പ് പാടില്ല. എല്ലാ വാതിലുകളും അടച്ചിട്ടും എങ്ങിനെ വീണ്ടും യുവത ഇസ്ലാമിനെ തേടി വരുന്നു എന്നത് പൊതു സമൂഹം എന്തായാലും പഠിക്കണം എന്നേ നമുക്ക് പറയാനുള്ളൂ.

Related Articles