Current Date

Search
Close this search box.
Search
Close this search box.

രാഷ്ട്രീയ തട്ടിപ്പാകുന്ന പൗരത്വ നിയമം

പൗരത്വ നിയമം നടപ്പാക്കും എന്ന് അമിത്ഷാ പറഞ്ഞു കൊണ്ടേയിരിക്കുന്നു. അതും ബംഗാളിലെ തിരഞ്ഞെടുപ്പ് റാലികളിൽ. അതിനു പിന്നിൽ വലിയ അർത്ഥമുണ്ട്. ബംഗ്ലാദേശിൽ നിന്നും കൂടുതൽ ആളുകൾ കുടിയേറി പാർത്തത്‌ ബംഗാളിലാണെന്ന് പറയപ്പെടുന്നു. അത് കൊണ്ട് തന്നെയാണ് ബംഗാളിൽ ആ കാര്യം ബി ജെ പി കൂടുതൽ ഊന്നി പറയുന്നതും. ബംഗാൾ തിരഞ്ഞെടുപ്പ് ഒരു ടെസ്റ്റ്‌ ഡോസായി സംഘ പരിവർ മനസ്സിലാക്കുന്നു. അവിടെ ജയം ഉറപ്പായാൽ അത് ഇന്ത്യൻ ജനാധിപത്യ ചരിത്രത്തിലെ ഒരു വലിയ ദുരന്തമായി തീരും. ഇന്ത്യൻ മുസ്ലിംകളുടെ തലയുടെ മുകളിൽ നിൽക്കുന്ന വലിയ ഡമോക്ലസിൻറെ വാൾ തന്നെയാണ് പൗരത്വ നിയമം. പാർലിമെന്റ് നിയമം പാസ്സാക്കി എന്നത് സംഘ പരിവാറിനെ സംബന്ധിച്ചിടത്തോളം ഒരു വലിയ കടമ്പ കടന്നതിനു തുല്യമാണ്. ഇനി നാം പ്രതീക്ഷയോടെ നോക്കുന്നത് സുപ്രീം കോടതിയിലേക്കാണ്. നമ്മുടെ അനുഭവം വെച്ച് നോക്കിയാൽ ആ പ്രതീക്ഷക്കു വലിയ സ്ഥാനം കാണുന്നില്ല.

എന്ത് വിലകൊടുത്തും നിയമം നടപ്പാക്കാനുള്ള ശ്രമം പല സംസ്ഥാനത്തും ആരംഭിച്ചിരിക്കുന്നു. ദൈവത്തിന്റെ ഇടപെടലായ കൊറോണ ഒന്ന് കൊണ്ട് മാത്രമാണ് ഇന്ത്യയിൽ അതിനൊരു തടസ്സം നേരിട്ടത്. മുസ്ലിംകൾ അല്ലാത്ത മറ്റെല്ലാവരെയും നിയമത്തിന്റെ പരിധിയിൽ നിന്നും ഒഴിവാക്കി മോഡി സർക്കാർ അവരുടെ നയം വ്യക്തമാക്കി. തങ്ങളുടെ ഒന്നാം ശത്രുവിനെ പല സംസ്ഥാനങ്ങളിലും അവർ ഭരണ രംഗത്ത് നിന്നും ഒതുക്കി. ജോലിയിലും അവർക്ക് മതിയായ പ്രാതിനിധ്യം നൽകാൻ അവർ തയ്യാറായില്ല. ഇപ്പോഴിതാ ശാരീരികമായി തന്നെ അവരെ ഇല്ലാതാക്കുന്ന ശ്രമവും ആരംഭിച്ചിരിക്കുന്നു.

ഇന്ത്യൻ സ്വാതന്ത്ര്യ സമരത്തിന്‌ ശേഷം ഇന്ത്യ കണ്ട ശക്തമായ പ്രതിഷേധത്തിനാണ് പിന്നീട് ഇന്ത്യ സാക്ഷിയായത്. മോഡി സർക്കാരിന് എതിരെ ലോകം മുഴുവൻ ശക്തമായ പ്രതിഷേധം അലയടിച്ചു. സ്ത്രീകളും കുട്ടികളും അതിന്റെ ഭാഗമായി. ഇന്ത്യൻ സാമ്പതിക രംഗത്തെ താറുമാറാക്കിയ നോട്ടു നിരോധം പോലും നാട്ടിൽ ഒരു പ്രതിഷേധത്തിനും കാരണമായില്ല. മോഡി സർക്കാർ കഴിഞ്ഞ കൊല്ലങ്ങളിൽ കൊണ്ട് വന്ന ജനദ്രോഹ നടപടികൾ ആരും ചോദ്യം ചെയ്യാതെ കടന്നു പോയി. പൗരത്വ നിയമവും കാർഷിക നിയമവും മാത്രമാണ് അതിനു അപവാദമായി തീർന്നത്. ഈ രണ്ടു സമരങ്ങളും സജീവമാക്കിയത് ഇന്ത്യയിലെ പ്രതിപക്ഷ കക്ഷികളല്ല. ഈ നിയമം മൂലം ദുരന്തം അനുഭവിക്കാൻ പോകുന്ന ഇരകൾ തന്നെയാണ് ഈ സമരം നയിച്ചതും. ഇന്ത്യൻ രാഷ്ട്രീയത്തിൽ പ്രതിപക്ഷമില്ല എന്നത് തന്നെയാണ് സംഘ പരിവാരിനു കൂടുതൽ കരുത്ത് നൽകുന്നതും.

ഈ നിയമം നടപ്പാക്കാൻ കൊറോണക്ക് ശേഷം നല്ല കാലം വരാൻ കാത്തിരിക്കയാണ്‌ സംഘ പരിവാർ. വാസ്തവത്തിൽ ഇന്ത്യൻ ജനാധിപത്യത്തെയും ഭരണ ഘടനയെയുമാണ് സംഘ പരിവാർ വെല്ലുവിളിക്കുന്നത്. ഇന്ത്യൻ ഭരണഘടനയെ സംരക്ഷിക്കുക എന്നത് എല്ലാവരുടെയും ഉത്തരവാദിത്തമാണ്. ഇന്ത്യൻ ഭരണ ഘടനയെ സംരക്ഷിക്കും എന്ന പ്രതിജ്ഞ ചൊല്ലിയാണ് എല്ലാ രാഷ്ട്രീയ പാർട്ടികളും സത്യപ്രതിജ്ഞ ചെയ്യുന്നത്. ഇന്ത്യൻ ഭരണ ഘടനക്ക് സംഭവിക്കുന്ന എന്തു കോട്ടവും ഇന്ത്യയുടെ മതേതരത്വത്തെയും ജനാധിപത്യത്തെയുമാണ് നേരിട്ടു ബാധിക്കുന്നത് .

പക്ഷെ പൗരത്വ നിയമത്തെ എതിർക്കുന്നു എന്നത് മുസ്ലിംകളോട് ചെയ്യുന്ന ഔദാര്യം എന്ന നിലയിലാണ് പല രാഷ്ട്രീയ പാർട്ടികളും കണക്കാക്കുന്നത്. മുസ്ലിംകൾ ഇന്ത്യൻ പൌരന്മാരാണ്. ഒരു പൗരൻ എന്ന നിലയിൽ അവർക്കും അവരുടെ അവകാശങ്ങൾ വകവെച്ചു കിട്ടണം. അതൊരു അവകാശമാണ്. ഔദാര്യമല്ല. കേരളത്തിൽ മാത്രമായി അങ്ങിനെ ഒരു നിയമം നടപ്പാക്കാനും നടപ്പാക്കാതിരിക്കാനും കഴിയില്ല. ഒരു ഫെഡറൽ സംവിധാനം എന്ന നിലയിൽ കേന്ദ്രവും സംസ്ഥാനവും തമ്മിൽ ചില ബന്ധങ്ങളുടെ അടിസ്ഥാനത്തിൽ നിലനിൽക്കുന്ന രീതിയാണ്‌ നമ്മുടേത്‌. കേന്ദ്ര നിയമങ്ങൾ നടപ്പാക്കാതിരിക്കാൻ സംസ്ഥാനങ്ങൾക്ക് എത്ര മാത്രം സാധ്യമാകും എന്നതിന്റെ ഭരണഘടനാ സാധുത പരിശോധിക്കപ്പെടണം.

കേരളത്തിൽ എൽ ഡി എഫ് പൗരത്വ നിയമത്തെ മുസ്ലികളോട് ചെയ്യുന്ന ഔദാര്യമായി ചിത്രീകരിക്കുന്നു. കേരളത്തിൽ അത് നടപ്പാക്കില്ല എന്നത് ഒരു താൽക്കാലിക തിരഞ്ഞെടുപ്പ് പ്രഖ്യാപനമായി നമുക്ക് അനുഭവപ്പെടുന്നു. ഇതിനു മുമ്പ് കേരളത്തിൽ പാർട്ടി അംഗങ്ങൾ യു എ പി എ യുടെ പേരിൽ അറസ്റ്റു ചെയ്യപ്പെട്ടപ്പോൾ കേന്ദ്ര നിയമം എന്ന പേരിൽ കൈ മലർത്തിയ ചരിത്രം നമ്മുടെ മുന്നിലുണ്ട്. പിണറായി സർക്കാർ യു എ പി എ ക്ക് എതിരാണ് എന്നിരിക്കലും അറുപതോളം യു എ പി എ കേസുകൾ രജിസ്റർ ചെയ്ത വാർത്തയും കഴിഞ്ഞ ദിവസം പുറത്തു വന്നിരുന്നു. പൗരത്വ നിയമം നടപ്പാക്കില്ല എന്ന ഉറപ്പിലാണ് എൽ ഡി എഫ് വോട്ടു തേടുന്നത്. പൗരത്വ നിയമം ഒരേ സമയം നിയമത്തിന്റെ കൂടി വിഷയമാണ്‌. അതിനെ നിയമ നിർമ്മാണ സഭകളിൽ വെച്ച് തന്നെ ഇല്ലാതാക്കുക എന്നതാണ് കരണീയമായ മാർഗം. പിന്നീട് സാധ്യമാകുക ജനകീയ സമരമാണ്.

കേരളത്തിൽ പൗരത്വ നിയമത്തിനെതിരെ ശക്തമായ സമരം നടന്നിരുന്നു. മുസ്ലിം സംഘടനകൾ എല്ലാ അഭിപ്രായ വ്യത്യാസങ്ങളും മറന്നു ഒന്നിച്ചു പോരാടിയ ചരിത്രം നാം കണ്ടതാണ്. മുസ്ലിംകൾക്കിടയിൽ ഭിന്നതയുണ്ടാക്കുക എന്ന രീതിയാണ്‌ ഇടതു പക്ഷം സ്വീകരിച്ചത്. നിയമം നടപ്പായാൽ സംഘടന നോക്കിയല്ല കാര്യങ്ങൾ തീരുമാനിക്കപ്പെടുക എന്നിരിക്കെ അതാണ് മുഖ്യ വിഷയം എന്ന് മുസ്ലിം നേതൃത്വങ്ങളെ പറഞ്ഞു പഠിപ്പിക്കാനുള്ള ശ്രമത്തിലായിരുന്നു കേരളത്തിലെ എൽ ഡി എഫ്. പക്ഷെ ആ കുത്തിത്തിരിപ്പുകളെ മുസ്ലിം സംഘടനകൾ സമർത്ഥമായി മറികടന്നു എന്നത് മറ്റൊരു ചരിത്രം. ബംഗാളിൽ യഥാർത്ഥ മത്സരം ബി ജെ പിയും മമതയും തമ്മിലാണ്. കഴിഞ്ഞ പാർലമെന്റ് തിരഞ്ഞെടുപ്പിന്റെ കണക്കു വെച്ച് നോക്കിയാൽ വലിയ ഭൂരിപക്ഷം ബി ജെ പി ക്ക് ലഭിക്കണം. പൗരത്വ നിയമം നടപ്പാക്കാനുള്ള അനുമതിയായി ബംഗാൾ വിജയം ബി ജെ പി കണക്കാക്കും എന്നുറപ്പാണ്. അങ്ങിനെ വന്നാൽ ബംഗാളിലെ കോണ്ഗ്രസ് ഇടതു സഖ്യം ചെയ്യുന്നത് ബി ജെ പിക്ക് വഴി എളുപ്പമാക്കലാണ് . അപ്പോൾ കേരളത്തിൽ കാണിക്കുന്ന ആർജവം അവർ കാണിക്കേണ്ടത് അങ്ങ് ദൂരെ ബംഗാളിലാണ്‌. ഒരു രാഷ്ട്രീയ തട്ടിപ്പായി കാര്യങ്ങളെ കണ്ടാൽ അതിനു കുറഞ്ഞ ആയുസ്സേ കാണൂ എന്നതാണ് എന്നത്തേയും ചരിത്രം.

Related Articles