Current Date

Search
Close this search box.
Search
Close this search box.

“കശാപ്പുകാരൻ ആടുകളുടെ കൂട്ടത്തേയും ഭയപ്പെടുന്നില്ല “

പുരാതന മാസിഡോണിയയിലെ രാജാവായിരുന്നു അലക്സാണ്ടർ മൂന്നാമൻ(21 ജുലൈ 356-11 ജൂൺ 323 ബീ.സി), മാസിഡോണിയക്കാരനായ അലക്സാണ്ടർ ,അലക്സാണ്ടർ ദ ഗ്രേറ്റ് എന്നീ പേരുകളിലും അറിയപ്പെടുന്നതും അദ്ദേഹമാണ്. ലോകചരിത്രത്തിലെ ഏറ്റവും പ്രഗൽഭരായ സൈന്യാധിപരിൽ ഒരാളായി ഇന്നും വാഴ്ത്തപ്പെടുന്നു. യുദ്ധത്തിൽ ഒരിക്കലും പരാജയപ്പെട്ടിട്ടില്ലാത്ത യോദ്ധാവ് കൂടിയാണയാൾ. മരണമടയുമ്പോഴേക്കും പുരാതന ഗ്രീക്കുകാർക്ക് പരിചിതമായ പ്രദേശങ്ങൾ ഒട്ടുമിക്കവയും കീഴടക്കിയിരുന്നു. ഇദ്ദേഹം തന്നെയാണ് സൂറ: കഹ്ഫിൽ പറയുന്ന ദുൽ ഖർനൈനി എന്ന് ചില മുഫസ്സിറുകൾ രേഖപ്പെടുത്തിയിട്ടുണ്ട്. എന്നാൽ ചരിത്രത്തിൽ പറയുന്ന അലക്സാണ്ടർ വിഗ്രഹപൂജകനാണ്. ഖുർആൻ പരിചയപ്പെടുത്തുന്ന ദുൽഖർനൈൻ പക്ഷേ ഏക ദൈവ വിശ്വാസിയാണ്.

അരിസ്റ്റോട്ടിലിനെപ്പോലുള്ള അദ്ധ്യാപകരായിരുന്നു അലക്സാണ്ടറിന് ചെറുപ്പത്തിൽ ഉണ്ടായിരുന്നത്. ചെറുപ്രായത്തിൽ തന്നെ അദ്ദേഹം ഗ്രീക്ക് സിവിൽ രാജ്യങ്ങൾക്കൊപ്പം ഈജിപ്തും പേർഷ്യയുമെല്ലാം കീഴടക്കിയിരുന്നു. മറ്റു പല സാമ്രാജ്യങ്ങളെയും അദ്ദേഹം കീഴടക്കി, അതിനുശേഷം അലക്സാണ്ട്രിയൻ ഭരണം ഗ്രീസിൽ നിന്ന് ഇന്ത്യയുടെ അതിർത്തികളിലേക്കും വ്യാപിച്ചു എന്നു പറയപ്പെടുന്നു. ഇരുപത്തിരണ്ടാം വയസ്സിൽ ലോകത്തെ കീഴടക്കാൻ പുറപ്പെട്ടപ്പോഴാണത്. അത് അദ്ദേഹത്തിന്റെ പിതാവിന്റെ സ്വപ്നമായിരുന്നു, അതിനുള്ള ഒരുക്കങ്ങൾ അദ്ദേഹം പൂർത്തിയാക്കിയിരുന്നുവെങ്കിലും ശത്രുക്കൾ ചതിയിൽ അദ്ദേഹത്തെ കൊന്നു. പിതാവിന്റെ ദൗത്യം നിറവേറ്റാനുള്ള മകൻ അലക്സാണ്ടറിന്റെ അവസരമായിരുന്നു പിന്നീട് . ഏതായാലും മകൻ അലക്സാണ്ടർ തന്റെ സൈന്യത്തെ പഴയ പേർഷ്യൻ രാജാവായ ദാരായുഷ് എന്ന ദാരയുടെ സൈന്യത്തിന്റെ ഭാഗത്തേക്ക് നയിച്ച് കൊണ്ടുപോവുകയായിരുന്നു. രണ്ട് സൈന്യങ്ങളും കണ്ടുമുട്ടിയപ്പോൾ , അലക്സാണ്ടർ അവിടെയുണ്ടായിരുന്ന ദാരയുടെ സൈന്യത്തോട് പറഞ്ഞ വാചകമാണ് “കശാപ്പുകാരൻ ആടുകളുടെ കൂട്ടത്തേയും ഭയപ്പെടുന്നില്ല ” എന്ന നമ്മുടെ തലവാചകം.

രക്തം കണ്ടാൽ അറപ്പില്ലാത്ത കശാപ്പുകാരനാണ് താൻ എന്നു പറയാതെ പറയുകയായിരുന്നു അലക്സാണ്ടറിന്റെ ഈ വാചകം .തന്റെ ചുറ്റുമുള്ള മുപ്പത്തിയഞ്ച് രാജാക്കന്മാരെയും അവരുടെ പ്രജകളെയും ഗളഛേദം നടത്താൻ അറപ്പില്ലാതിരുന്ന ഒരു കശാപ്പുകാരനാണെന്ന സൂചന നൽകുന്നതായിരുന്നു ആ വാചകം.

ചോരയറപ്പ് മാറിയ ഇറച്ചിക്കാരൻ മൃഗത്തെ അറുത്ത് അതിന്റെ ശരീരഭാഗങ്ങൾ വേർതിരിക്കുകയും കഷണങ്ങളാക്കുകയും ചെയ്യുന്നത് കരുണയോടെയാവില്ല. സൈന്യത്തെ “ആടുകളായി” കാണുന്ന സൈന്യാധിപന് ശത്രു രാജ്യത്തെ നിവാസികൾക്ക് ആട്ടിൻ കാഷ്ഠത്തിന്റെ വില പോലുമുണ്ടാവില്ല.

ഇന്ന് ലോകത്ത് മുഴുവൻ ഇത്തരം കശാപ്പുകാരാണ്. രാഷ്ട്രീയ കശാപ്പുകാർ, സാമ്പത്തിക കശാപ്പുകാർ, ആസ്തികരായ കശാപ്പുകാർ, നാസ്തികരായ കശാപ്പുകാർ, സോഷ്യലിസ്റ്റ് കശാപ്പുകാർ, മുതലാളിത്ത കശാപ്പുകാർ, എന്തിന്റെ പേരിലായാലും ശരി അവർ ചെയ്തു കൊണ്ടിരിക്കുന്നത് അറുകൊല തന്നെ.ഉപരിസൂചിത കശാപ്പുകാർ പക്ഷേ പണ്ടത്തെ അലക്സാണ്ടറിനെപ്പോലെ രഹസ്യമായിപ്പോലും ഞങ്ങൾ കശാപ്പുകാരാണെന്ന് പറയില്ല. പ്രത്യുത ഞങ്ങൾ അവകാശങ്ങളുടെ സംരക്ഷകരാണെന്നും ആരാധനാലയങ്ങളുടെ സേവകരാണെന്നും
സ്വതന്ത്ര ചിന്തയുടെ പ്രായോജകരാണെന്നുമൊക്കെയാവും അവരുടെ വാദം. “ആടുകളിൽ” നിന്ന് മരണവേദനയാലുള്ള ശബ്ദം വരെ നാം കേൾക്കുന്നില്ല, കശാപ്പുകാരന്റെ ക്രൂരതക്ക് ആടുകൾ നിത്യ സാക്ഷികൾ ആയി മാറിയിരിക്കുന്നു.

FB സുഹൃത്ത് Yahya Abdul Bari പറഞ്ഞതുപോലെ തേങ്ങാക്കൊല എന്ന് പറയുന്ന ലാഘവത്തിൽ മനുഷ്യക്കൊല എത്തിയ ദുരന്തമാണ് രാജ്യം കാണുന്നത്.

മരവിപ്പ് തോന്നാത്ത
പുതുമയില്ലാത്ത
കൈവിറക്കാത്ത
നെഞ്ച് പിടക്കാത്ത
വെറും വാർത്ത മാത്രമാണ് ഇപ്പോൾ കൊലയും കൊലപാതകവും.

വേടൻ രണ്ടു ക്രൌഞ്ചപ്പക്ഷികളിലൊന്നിനെ കൊല്ലുന്നതു കണ്ട ശോകത്തിൽ നിന്ന് വാൽമീകി രചിച്ച മാ നിഷാദ എന്ന ശ്ലോകവും കൊലപാതകം ചെയ്യരുത്(പുറപ്പാട്.20:13) എന്ന പത്തു കല്പനകളിലെ വളരെ സുപ്രധാന നിർദ്ദേശവും അവസാന വേദമായ ഖുർആനിലും അതിന്റെ വിശദീകരണമായ പ്രവാചക വചനങ്ങളിലും എന്തിന്റെ പേരിലുള്ള കൊലയേയും ശക്തമായി എതിർക്കുന്നു :

നബി (സ) പറഞ്ഞത് ഇക്കാലത്ത് നടക്കുന്ന കൊലപാതക രാഷ്ട്രീയത്തെ കുറിച്ചാവും “ കൊല്ലുന്നവൻ എന്തിനു കൊല്ലുന്നുവെന്നോ കൊല്ലപ്പെട്ടവൻ താൻ എന്തിനു കൊല്ലപ്പെട്ടെന്നോ അറിയാത്ത കാലം”.

ആദിമപിതാവ് ആദം നബിയുടെ മകൻ ഖാബീലാണ് ഭൂമിയിലെ ആദ്യ ഘാതകൻ. സഹോദരൻ ഹാബീലിനോടുള്ള വൈരാഗ്യമായിരുന്നു കാരണം. അതുകൊണ്ടുതന്നെ ലോകത്ത് നടക്കുന്ന ഏത് കൊലപാതകക്കുറ്റത്തിന്റെയും ഒരംശം ഖാബീലിനുമുണ്ടായിരിക്കും. അന്ത്യനാളിൽ അല്ലാഹു ഒരു മനുഷ്യന്റെ എല്ലാപാപങ്ങളും പൊറുത്തുകൊടുത്തേക്കാം. എന്നാൽ കൊലപാതകിയോടു നാഥന് ഒരു നിലയ്ക്കും ദയകാണിക്കില്ലെന്നാണ് തിരുവചനം.

ഖുർആൻ പറയുന്നത് ശ്രദ്ധേയമാണ്: ഈ വധമുണ്ടായ കാരണത്താൽ ഇസ്രയേലുകാർക്ക് ഇപ്രകാരം നാം വിധി നല്കി: പ്രതിക്രിയയായോ നാട്ടിൽ കുഴപ്പമുണ്ടാക്കിയതിനോ അല്ലാതെ ഒരാഗ്ര മറ്റൊരാളെ വധിച്ചാൽ മനുഷ്യകുലത്തെ ഒന്നടങ്കം അവന് കൊന്നതുപോലെയാണ്; ഒരാളെ കൊലയിൽനിന്ന് വിമുക്തനാക്കിയാൽ മനുഷ്യരെ മുഴുവനും അതില്നിന്ന് രക്ഷിച്ചതുപോലെയും. നമ്മുടെ ദൂതന്മാർ സ്പഷ്ടദൃഷ്ടാന്തങ്ങളും കൊണ്ടുചെന്നിട്ടും അവരിലധികപേരും പിന്നെയും ഭൂമിയിൽ അതിക്രമം കാട്ടുകയായിരുന്നു’.( 5:32)

Related Articles