Current Date

Search
Close this search box.
Search
Close this search box.

കൊറോണയും കിറ്റും പോലെയല്ല നയം മാറ്റം

എന്ത് കൊണ്ട് ഇടതു പക്ഷം വിജയിക്കണം എന്നത് സംബന്ധിച്ച് കേരളത്തിലെ എഴുത്തുകാരുടെയും കലാ സാംസ്കാരിക പ്രവർത്തകരുടെയും അഭിപ്രായങ്ങൾ പുതിയ ദേശാഭിമാനി വാരികയിൽ വായിക്കാനിടയായി. കവി സച്ചിദാനന്ദൻ തന്റെ അഭിപ്രായം രേഖപ്പെടുത്തുന്നത് കുറച്ചു കൂടി ആദർശ പരമായിട്ടാണ്. ആധുനിക ഇന്ത്യയിൽ എന്ത് കൊണ്ട് ഇടത് പക്ഷം ഉണ്ടാവണം എന്നതാണ് അദ്ദേഹം ഊന്നി പറയുന്നത്. പക്ഷെ അദ്ദേഹം ഇടതു പക്ഷം എന്നത് കൊണ്ട് വിവക്ഷിക്കുന്നത് നാട്ടിലെ സി പി എമ്മിനെ ആകില്ലെന്ന് ഉറപ്പാണ്‌.

സച്ചിദാനന്ദൻ തന്റെ കുറിപ്പ് ആരംഭിക്കുന്നത് ഇങ്ങിനെ “ ഇന്ത്യൻ സന്ദർഭത്തിൽ ഇടതു പക്ഷം എന്നത് കൊണ്ട് ഞാൻ ഉദ്ദേശിക്കുന്നത് സാമ്രാജ്യത്വം, നിയോ ലിബറലിസം, ഹിന്ദുത്വ രാഷ്ട്രീയം – ഇവയെ വിട്ടുവീഴ്ചയില്ലാതെ എതിർക്കുന്ന, യതാർത്ഥ ജനാധിപത്യം, സ്ഥിതി സമത്വം, ഭരണത്തിൽ മതേതരത്വം, പൌര സമൂഹത്തിൽ സർവ്വമത സാഹോദര്യം, പരിസ്ഥിതി സൗഹൃദപരമായ വികസനം എന്നീ മൂല്യങ്ങളിൽ വിശ്വസിച്ചു, ഈ ഉണ്മുഖത്വങ്ങളോടെ പ്രവർത്തിക്കുന്ന രാഷ്ട്രീയ പ്രത്യയശാസ്ത്രത്തെ പിൻചെല്ലുന്ന വിഭാഗങ്ങളെയാണ്‌.

സച്ചിദാനന്ദൻ അത് പറയുമ്പോൾ നമ്മുടെ നാട്ടിലെ വാർപ്പ് ഇടതു പക്ഷത്തെ മനസ്സിൽ കരുതിയിരിക്കാൻ സാധ്യതയില്ല. ഇന്ത്യയിൽ ഇടതു പക്ഷത്തിനു ശക്തിയുള്ള ഏക സംസ്ഥാനം കേരളമാണ്. മറ്റു ഇന്ത്യൻ സംസ്ഥാനങ്ങളിൽ പറയപ്പെടുന്ന ഇടതു പക്ഷം തീരെ ദുർബലവും. കേരളത്തിൽ നമുക്ക് പരിചിതമായ ഇടതു പക്ഷവും സച്ചിദാനന്ദൻ പറയുന്ന ഇടതു പക്ഷവും തമ്മിൽ ആനയും പേനും തമ്മിലുള്ള അന്തരമുണ്ട്. ഇടതു വലതു എന്നത് കൊടികളുടെ നിറത്തിലുള്ള വ്യത്യാസം മാത്രമായാണ് നമുക്ക് അനുഭവപ്പെടുന്നത്.

മുതലാളിത്വം സാമ്രാജ്യത്വം നവ ലിബറലിസം എന്നീ വിഷയങ്ങളിൽ ഇടതും വലതും തമ്മിലുള്ള അന്തരം ഭൂതക്കണ്ണാടി വെച്ച് പരിശോധിക്കേണ്ട സമയം അതിക്രമിച്ചു എന്ന് വേണം മനസ്സിലാക്കാൻ. കേരളത്തിലെ പിണറായി സർക്കാർ സച്ചിദാനന്ദൻ ഇടതു പക്ഷത്തിനു ഉണ്ടാകണമെന്ന് പറഞ്ഞ യാതൊരു മൂല്യവും കാത്തു സൂക്ഷിക്കുന്നില്ല. സാമ്പത്തിക രംഗത്ത്‌ അദ്ദേഹം ഉപദേശിയായി സ്വീകരിച്ചത് ആരെയെന്നു നമുക്കറിയാം, മുതലാളിത്തത്തിൻറെ ദൂഷ്യങ്ങൾ എന്ന പേരിൽ കമ്യുണിസ്റ്റ് പ്രത്യയശാസ്ത്രം എണ്ണുന്ന എല്ലാ തിന്മകളും ഇടതു പക്ഷ സർക്കാരിന്റെ കൂടി ഭാഗമാണ്. വ്യകതികൾക്ക് ഒരു നിബന്ധനയും പാടില്ല എന്നതാണ് നവ ലിബറലിസം ആവശ്യപ്പെടുന്നത്. ആ വ്യക്തികൾ പൊതു ജനമല്ല. അത് നാട്ടിലെ വൻകിട മുതലാളിമാർ എന്നതാണ് വ്യത്യാസം.

മൂലധന ശക്തികൾക്ക് മുന്നിൽ സർക്കാരുകൾ മുട്ടുമടക്കുന്നത് ആധുനിക ലോകത്ത് ഒരു പുതിയ കാര്യമല്ല. അദാനിയും അംബാനിയും നമ്മുടെ ഭരണ കൂടങ്ങളുടെ മേൽ ആധിപത്യം സ്ഥാപിച്ചിട്ട് കാലമേറെയായി. കുത്തകകൾ നമ്മുടെ സംസ്ഥാനത്തും വിലസുകയാണ്. അവസാനം കടൽ പോലും നാം അവർക്ക് മുന്നിൽ അടിയറവ് പറയുന്ന സത്യം കേരളം അറിയുന്നു. അഴിമതിയും സ്വജനപക്ഷപാതവും മറ്റൊരു സർക്കാരിനെ പോലെ ഇടതു പക്ഷത്തെയും ബാധിച്ചു. വികസനത്തിൽ ഇടതു പക്ഷ രീതി പരിസ്ഥിതി സൗഹൃദമെന്നാണ് പറയപ്പെടുന്നത്‌. അതെ സമയം ഒരു പാരിസ്ഥിതിക പഠനം പോലും നടത്താതെയാണ് പല വികസനങ്ങളും ഇടതു പക്ഷ സർക്കാർ പ്രായോഗികമാക്കാൻ ശ്രമിക്കുന്നത്.

എല്ലാ മതങ്ങളോടും തുല്യ അകലം എന്നതാണ് മതേതരത്വം. ചില മതങ്ങളെ ചിലരുടെ മേൽ ഉപയോഗിക്കുക എന്നത് സാമ്രാജ്യത്വത്തിന്റെ നിലപാടാണ്. പക്ഷെ കേരള ഇടതു പക്ഷമായ സി പി എം ബോധപൂർവം രാഷ്ട്രീയ നേട്ടത്തിനായി ഇസ്ലാമോഫോബിയ കൊണ്ട് വന്ന കാര്യവും നാം കണ്ടതാണ്. ലീഗ് ഒരു രാഷ്ട്രീയ പാർട്ടിയാണ്. അതിന്റെ പേരിൽ തൂങ്ങി മതവിദ്വേഷം വളർത്താനുള്ള ശ്രമവും അവർ നടത്തി വരുന്നു. കഴിഞ്ഞ ദിവസം കേരള കോണ്ഗ്രസ് നേതാവ് ജോസ് പറഞ്ഞത് പോലെ ഒരിക്കലും ലീഗ് മറ്റു സമുദായങ്ങളെ കുറിച്ച് പറഞ്ഞിട്ടില്ല. എന്നിട്ടും മുസ്ലിംകൾ കൂടുതലുള്ള കാരണത്താൽ മുസ്ലിം ലീഗ് വർഗീയവും അതെ സമയം കൃസ്ത്യൻ പ്രാതിനിധ്യമുള്ള കേരള കോണ്ഗ്രസ് ശുദ്ധ മതേതരത്വവുമാകുന്നത്. സച്ചിദാനന്ദൻ പറഞ്ഞ മതേതരത്വ മൂല്യങ്ങൾ കേരള ഇടതു പക്ഷം അംഗീകരിക്കുന്നില്ല എന്നതാണ് നമുക്ക് മനസ്സിലാക്കാൻ കഴിയുക. ലീഗ് ഭരണത്തിൽ അപ്രമാദിത്വം നേടും എന്ന് സംഘ പരിവാർ പറഞ്ഞാൽ നമുക്കത് മനസ്സിലാക്കാം. പക്ഷെ ഇടത് പക്ഷം അങ്ങിനെ പറഞ്ഞാൽ നാം എന്താണ് മനസ്സിലാക്കേണ്ടത്?

കേരളത്തിൽ ഇടതു പക്ഷം മതസൌഹാർദ്ദത്തിനു ശ്രമിക്കുന്നു എന്നതിനേക്കാൾ മത വിദ്വേഷത്തിനു ശ്രമിക്കുന്നു എന്നാണു നമുക്ക് മനസ്സിലാക്കാൻ കഴിയുക. സച്ചിദാനന്ദൻ തുടരുന്നു “ ഈ ധർമ്മം നിർവഹിക്കാൻ ഇടതു പക്ഷത്തിന്റെ പ്രഥമ ശത്രുവായ ആഗോള സാമ്രാജത്വം നയിക്കുന്ന മുതലാളിത്ത ആഗോള വൽക്കരണം, ദേശത്തിന്റെ സമ്പത്ത് ഏതാനും ധനികരുടെ കയ്യിൽ ഒതുക്കുന്ന, ദരിദ്രരെ കൂടുതൽ ദരിദ്രരും ആശ്രിതരും ആക്കുന്ന , പരിസ്ഥിതി നിയമത്തിലും വനനിയമത്തിലും തങ്ങളെ നിലനിർത്തുന്ന വൻ വ്യവസായികൽക്കായി വെള്ളം ചേർക്കുന്ന …..അഭിപ്രായ പ്രകടന നിയന്ത്രണം ഏർപ്പെടുത്തുകയും…….” എന്നീ വരികൾ കേരള ഇടതു പക്ഷത്തിന്റെ നെഞ്ചിൽ തന്നെയാണ് തറക്കുന്നത്.

കേരള ഇടതു പക്ഷം പൂർണമായും അവരുടെ നയങ്ങളിൽ നിന്നും വ്യതിചലിച്ച മറ്റൊരു കാലവും നാം കണ്ടിട്ടില്ല. കൊറോണയും നിപയും കിറ്റും പെൻഷനും പോലെയല്ല നയം മാറ്റം എന്ന് നാം മറക്കാതിരിക്കുക. ടെശാഭിമാനീ വാരിക വായിച്ചപ്പോൾ വീണ്ടും ആ ചോദ്യം ഉയർന്നു വന്നു. “ നാമെന്തിനു ഇടതു പക്ഷത്തിനു വോട്ടു നൽകണം”

Related Articles