ഒരു കല്ല് പള്ളിയുടെ ചുമരില്‍ കൊണ്ടു എന്നത് സത്യമാണ്. സി സി ടി വി ദൃശ്യം നോക്കിയാണ് പോലീസ് കേസെടുത്തത് എന്നും പറയുന്നു. ആ കല്ലെറിഞ്ഞത് ഡി വൈ എഫ് ഐ യുടെ ഒരു പ്രവര്‍ത്തകനാണ് എന്നതും നമ്മോടു പറഞ്ഞത് പൊലീസാണ്. പോലീസ് പറയുന്നതൊക്കെ ശരിയാണ് എന്ന അഭിപ്രായം നമുക്കില്ല. എങ്കിലും പലപ്പോഴും ഇത്തരം വിഷയങ്ങളെ വിലയിരുത്താന്‍ നമുക്ക് സാധ്യമായത് പോലീസ് റിപ്പോര്‍ട്ട് തന്നെ.
കേരളത്തില്‍ ഇപ്പോള്‍ നടക്കുന്ന അക്രമ സംഭവങ്ങളില്‍ ഇസ്‌ലാമിന് മുസ്ലിംകള്‍ക്കും ഒരു പങ്കുമില്ല എന്നുറപ്പാണ്. അടിസ്ഥാന കാരണം ശബരിമല ആയതു കൊണ്ട് തന്നെ അതില്‍ ഇടപെടേണ്ട ഒരാവശ്യവും അവര്‍ക്കില്ല. ശബരിമലയുടെ മറവില്‍ പലരും ആഗ്രഹിക്കുന്നത് ഒരു കലാപമാണ്. കലാപം നടത്താന്‍ അപ്പുറത്തു ഇരകള്‍ കൂടി വേണം. അതാണ് നാം കണ്ടും കേട്ടും മനസ്സിലാക്കിയ ഉത്തരേന്ത്യന്‍ രീതി. കാരണമുണ്ടാക്കി അവിടെയുള്ള മുസ്‌ലിംകളെ കലാപത്തിലേക്ക് വലിച്ചു കൊണ്ട് വരിക എന്ന അതെ രീതി തന്നെയാണ് ആക്രമികള്‍ കേരളത്തിലും പയറ്റുന്നത്. സംഘ പരിവാര്‍ ശബരിമല ഏറ്റെടുത്തത് വിശ്വാസവും ആചാരവും സംരക്ഷിക്കാനല്ല എന്നത് ഒരു പരസ്യമായ രഹസ്യമാണ്.
കേരളത്തിലെ മതേതര പാര്‍ട്ടികള്‍ കൂടി ഈ വഴിയിലേക്ക് മാറി പോകുന്നതാണ് പേരാമ്പ്രയില്‍ നാം കണ്ടത്. പള്ളിയുടെ നേര്‍ക്ക് ഒരു കല്ല് വന്നു പതിച്ചു. അത് ചെയ്ത വ്യക്തിയെ പോലീസ് അറസ്റ്റു ചെയ്യുകയും പിന്നീട് പ്രതിയെ ജാമ്യത്തില്‍ വിട്ടപ്പോള്‍ സ്വീകരണം നല്‍കി മാലയിട്ട് ആനയിചച്ചതും നാം കണ്ടു. കലാപം ഉദ്ദേശിച്ചാണ് ഈ കല്ലെറിയല്‍ നടന്നത് എന്നും പോലീസ് പറയുന്നു. വടക്കന്‍ കേരളത്തില്‍ പലപ്പോഴും രാഷ്ട്രീയ സംഘട്ടനങ്ങളില്‍ ആരാധനാലയങ്ങള്‍ ആക്രമിക്കപ്പെടുക എന്നത് പുതിയ കാര്യമല്ല. കേരളമായതു കൊണ്ട് അത് കൂടുതല്‍ കുഴപ്പങ്ങളില്ലാതെ കടന്നു പോകുന്നു എന്ന് മാത്രം. മതം രാഷ്ട്രീയത്തില്‍ നിന്നും മാറി നല്‍കണം എന്നതാണ് സി പി എം എപ്പോഴും പറയുന്ന ലൈന്‍. മതം പൊതു രംഗത്ത്് വന്നാല്‍ അത് കുഴപ്പമാണ് എന്നതാണ് അവരും മറ്റുള്ളവരും പറഞ്ഞു വരുന്നത്. അതെ സമയം മതത്തെ കരുതിക്കൂട്ടി കലാപത്തിലേക്ക് നയിക്കുന്ന സമീപനം ആരുടെ പക്ഷത്തു നിന്നായാലും മോശമാണ്. ഈ വിഷയത്തില്‍ പേരാമ്പ്ര പള്ളിയുടെ നേര്‍ക്ക് കല്ലെറിഞ്ഞവര്‍ പറഞ്ഞു വരുന്ന ന്യായീകരണം ശരിയായി തോന്നുന്നില്ല. മുസ്ലിം ലീഗും ഇസ്‌ലാമും രണ്ടാണ് എന്ന് മനസ്സിലാകാതെയല്ല ഇതെന്നും ചേര്‍ത്ത് വായിക്കണം.
പണ്ട് ടി പി ചന്ദ്രശേഖരന്റെ കൊലയാളികള്‍ ഉപയോഗിച്ച കാറില്‍ കണ്ട ‘മാഷാ അള്ള’ സ്റ്റിക്കറും വിഷയത്തെ വഴി തിരിച്ചു വിടാനുള്ള ശ്രമമായിരുന്നു. അത് പോലെ പുതിയ സംഭവ വികാസങ്ങളെ വഴി തിരിച്ചു വിടാനുള്ള ഇത്തരം ശ്രമങ്ങളെ മുളയിലേ നുള്ളിക്കളയണം. മിഠായി തെരുവില്‍ അഴിഞ്ഞാടിയ ആക്രമികള്‍ ആക്രോശിച്ചതും മുസ്ലികളെയും പള്ളിയുയെയും കുറിച്ചാണ്. സംഘ പരിവാറിന്റെ ബുദ്ധി കൊണ്ടല്ല മുസ്ലിംകള്‍ ചിന്തിക്കുന്നത് എന്നത് കൊണ്ട് തന്നെ കൂടുതല്‍ കുഴപ്പങ്ങള്‍ ഒഴിഞ്ഞു പോയി എന്ന് മാത്രം.
ഒരു വിഭാഗത്തോടുള്ള അടങ്ങാത്ത വിദ്വേശമാണ് സംഘ്പരിവാര്‍ അടിത്തറ. അതിനെ ഒന്നിച്ചു നേരിടുക എന്നതാണ് നല്ല മനുഷ്യര്‍ക്ക് ചെയ്യാന്‍ കഴിയുന്ന കാര്യം. അതെ സമയം സംഘ് പരിവാറിന് ആശയപരമായും സംഘ പരമായും പിന്തുണ നല്‍കുന്ന സമീപനമാണ് പലപ്പോഴും മതേതര കക്ഷികളുടെ ഭാഗത്തു നിന്നും ഉയര്‍ന്നു വരുന്നതും. അത് കൊണ്ട് തന്നെ പുകഞ്ഞു കൊണ്ടിരിക്കുന്ന സാഹൂമിക അവസ്ഥയെ ആളിക്കത്തിക്കാന്‍ ഉതകുന്ന രീതികളില്‍ നിന്നും എല്ലാവരും മാറി നില്‍ക്കണം. ഭരണ കക്ഷി എന്ന നിലയില്‍ സി പി എം പ്രത്യേകിച്ചും. ആ കല്ല് വഴി തെറ്റി വന്ന കല്ലായി തീരട്ടെ എന്നതാണ് നമ്മുടെ പ്രാര്‍ത്ഥനയും.