Current Date

Search
Close this search box.
Search
Close this search box.

നോർമലൈസേഷനോട് രാജിയാകാത്ത ജനപഥങ്ങൾ

ഇരുപതാം നൂറ്റാണ്ടിന്റെ ആദ്യപാദത്തിലെ ക്രിസ്ത്യൻ മിഷനറി താര പ്രചാരകരിൽ ഒരാളായിരുന്നു സാമുവൽ സൊമീർ (മരണം 1953). ഈജിപ്തും മറ്റു അയൽ അറബ് നാടുകളുമായിരുന്നു അദ്ദേഹത്തിന്റെ പ്രവർത്തന മേഖല. ഒരിക്കൽ മിഷനറി സംഘത്തിന്റെ ആഭിമുഖ്യത്തിൽ വലിയൊരു സമ്മേളനം അദ്ദേഹം വിളിച്ചു ചേർത്തു. ഒരു പാട് നേരം അദ്ദേഹം സദസ്സിനോട് സംസാരിച്ചു. പിന്നെ കുറച്ചുനേരം മിണ്ടാതെ നിന്നു. സദസ്സ് നിശ്ശബ്ദം. അപ്പോൾ സദസ്സിൽ ഒരാൾ ഉച്ചത്തിൽ വിളിച്ച് പറഞ്ഞു: അവൻ ( ദൈവം ) ഏകനാണെന്ന് പറയൂ. സദസ്സ് ഉടനടി പ്രതികരിച്ചു : ലാ ഇലാഹ ഇല്ലല്ലാഹ്…. താൻ ഇത്രയും കാലം ഈ ജനക്കൂട്ടത്തെ പറഞ്ഞ് പഠിപ്പിക്കാൻ ശ്രമിച്ച ആശയം കാറ്റിൽ പറന്നു പോകുന്നത് കണ്ട വ്യഥയാൽ സാമുവൽ സൊമീർ കൈകൾ കൂട്ടിത്തിരുമ്മി.

ഇസ്ലാമിക പ്രബോധകനായിരുന്ന ശൈഖ് അബ്ദുൽ ഹമീദ് കശ്ക്ക് പറഞ്ഞു കേട്ട കഥയാണ്. ഇങ്ങനെയൊരു സംഭവം നടന്നിട്ടുണ്ടോ എന്ന് എനിക്ക് ഉറപ്പിച്ചു പറയാൻ നിവൃത്തിയില്ല. പാസ്റ്റർ ഇത്രയേറെ കഠിനാധ്വാനം ചെയ്തിട്ടും ഫലം അത്യധികം നിരാശപ്പെടുത്തുന്നതായിരുന്നു എന്നിടത്താണ് എന്റെ ഊന്നൽ. ഞാനിതിനെ താരതമ്യപ്പെടുത്തുന്നത് ബില്യൻ കണക്കിന് ഡോളർ ചെലവഴിച്ച് ഇസ്രയേലുമായി ബന്ധം നോർമലൈസ് ചെയ്യാൻ /സാധാരണനിലയിലാക്കാൻ ചില രാഷ്ട്രങ്ങൾ നടത്തിയ ശ്രമങ്ങളോടാണ്. അതിന്റെ വക്താക്കളെ അത്യധികം നിരാശപ്പെടുത്തുന്നതാണ് ആ ശ്രമങ്ങളുടെ റിസൽട്ട് എന്നർഥം.

‘ഏകനാണെന്ന് പറയൂ’ പോലുള്ള ശബ്ദങ്ങൾ ഇപ്പോഴും മുഴങ്ങിക്കൊണ്ടിരിക്കുന്നു. ‘ഫലസ്തീൻ’, ‘ഗസ്സ’, ‘ഖുദ്സ്’ പോലുള്ള ശബ്ദങ്ങളാണ് മുഴക്കപ്പെടുന്നത്. മൂസയുടെ വടിയെക്കുറിച്ച് പറഞ്ഞത് പോലെ ‘അവർ പടച്ചുവിടുന്നതിനെയൊക്കെ അത് വിഴുങ്ങിക്കളയുന്നു.’ അത്തരത്തിലുള്ള ഏറ്റവും പുതിയ സംഭവ വികാസങ്ങൾ അരങ്ങേറി കൊണ്ടിരിക്കുന്നത് ഫുട്ബാൾ ലോക കപ്പ് മത്സരങ്ങൾ നടക്കുന്ന ഖത്തറിലാണ്. അവിടെ ഫലസ്തീൻ ഇല്ല, എന്നാൽ ഉണ്ട്. മത്സരത്തിൽ മാറ്റുരക്കാനായി അവിടെ ഫലസ്തീന്റെ ദേശീയ സോക്കർ ടീം ഇല്ല. പക്ഷെ ഉദ്ഘാടന ചടങ്ങിൽ എല്ലാ കൊടികൾക്കൊപ്പവും ഫലസ്തീൻ കൊടി പാറുന്നുണ്ടായിരുന്നു. മത്സരം ആര് തമ്മിലാകട്ടെ, ആ രണ്ട് രാഷ്ട്രങ്ങളുടെ കൊടികൾക്ക് പുറമെ ഗാലറിയിൽ ഒരു ഫലസ്തീനി കൊടിയെങ്കിലും വീശുന്നത് കാണാതിരിക്കില്ല.

കാര്യം എപ്പോഴും ഫലസ്തീൻ കൊടി പറപ്പിക്കുന്നതിൽ ഒതുങ്ങണമെന്നില്ല. ലോകകപ്പ് മത്സരങ്ങൾ കവർ ചെയ്യാനെത്തിയ ഇസ്രായേൽ മീഡിയാ ക്രൂവുമായി നേരിട്ടുള്ള ഏറ്റുമുട്ടലായും അത് കലാശിക്കാം. ഇസ്രായേലി മാധ്യമ പ്രവർത്തകർ അറബ് നാടുകളിൽ നിന്നുള്ള കാണികളെ ഇന്റർവ്യൂ ചെയ്യാൻ ശ്രമിക്കാറുണ്ടെങ്കിലും അവരാരും അതിന് നിന്നു കൊടുക്കാറില്ല. നിങ്ങളാദ്യം ഫലസ്തീനികളുടെ മനുഷ്യാവകാശങ്ങളെ മാനിക്കാൻ പഠിക്കൂ എന്നവർ തിരിച്ചടിക്കുകയും ചെയ്യും. ഇസ്രയേലുമായി ചില അറബ് രാഷ്ട്രങ്ങൾ ബന്ധം സാധാരണ നിലയിലാക്കിയതോടെ തങ്ങൾ നടത്തിയ അതിക്രമത്തിന്റെ കഥകളൊക്കെ അറബികൾ മറന്നു കാണും എന്നാണ് ഈ മാധ്യമ പ്രവർത്തകർ കരുതിയത്. അവരുടെ പ്രതീക്ഷകളെ തകർക്കുന്ന വിധത്തിലാണ് അറബ് കാണികൾ പ്രതികരിച്ചത്. ഫലസ്തീനുമായുള്ള അവരുടെ ഹൃദയബന്ധത്തിന് ഒരു കുറവും വന്നിട്ടില്ലെന്നും ഇസ്രയേലി മീഡിയക്ക് ബോധ്യമായി. ഇസ്രായേലി മാധ്യമ പ്രവർത്തകനായ റാസ്ശിനിക്ക് ‘ദി അത്റ്റാലാന്റിക് സൈറ്റി’ന് നൽകിയ അഭിമുഖത്തിൽ പറഞ്ഞത്, അറബ് സമൂഹങ്ങളുമായി ബന്ധം നന്നാക്കാം എന്ന തന്റെ പ്രതീക്ഷ മുഴുവനായി തകർക്കുന്നതാണ് ഖത്തറിലെ അനുഭവം എന്നാണ്.

ഇസ്രയേലി പത്രമായ ‘ജറൂസലം പോസ്റ്റി’നെ ഉദ്ധരിച്ചു കൊണ്ട് ‘യൂറോ ന്യൂസ്’ റിപ്പോർട്ട് ചെയ്യുന്നത് ഇങ്ങനെ: അറബ് കാണികൾ ഇസ്രായേലി മാധ്യമ പ്രവർത്തകരുമായി വഴക്കിടാൻ വരെ വരുന്നു. അറബ് ഗൾഫ് നാടുകളിലെ കാണികളിലാണ് ഇസ്രായേലി മാധ്യമ പ്രവർത്തകർക്ക് പ്രതീക്ഷയുണ്ടായിരുന്നത്. അവർ ഇസ്രയേലുമായി ബന്ധം നോർമലൈസ് ചെയ്തതിന്റെ മധു ആസ്വദിക്കുകയായിരിക്കുമെന്ന് കരുതി. അവരും നിരാശപ്പെടുത്തിക്കളഞ്ഞു. അവർ മറ്റു അറബ് നാടുകളിലെ പൗരൻമാരെപ്പോലെ ഫലസ്തീനികളുമായി ചേർന്നു നിൽക്കുകയും ഇസ്രയേലുമായി ബന്ധങ്ങൾ സാധാരണ നിലയിലാക്കുന്നതിനെ എതിർക്കുകയും ചെയ്യുന്നു. 26 വർഷം മുമ്പ് ഒപ്പ് വെച്ച ഓസ് ലോ കരാറോ ഇപ്പോഴത്തെ അബ്രഹാം അക്കോഡോ അവർ വക വെക്കുന്നേയില്ല. പത്രം മറ്റൊരു കാര്യം കൂടി എടുത്ത് പറഞ്ഞു. മൊത്തത്തിൽ അറബ് പൊതുബോധം ഇസ്രയേലിനെ വെറുക്കുന്നു. ഈ മനോഭാവം മാറ്റാൻ ചില അറബ് ഭരണാധികാരികൾ നടത്തിയ ശ്രമങ്ങളൊക്കെ പാഴായിരിക്കുന്നു. ഈ കരാറുകളൊക്കെ ഉണ്ടാക്കിയിരിക്കുന്നത് ഭരണകൂടങ്ങൾ തമ്മിലാണ്; ജനസമൂഹങ്ങൾ തമ്മിലല്ല. അറബ് നാടുകളിലാകട്ടെ ഏകാധിപത്യ ഭരണകൂടങ്ങളാണ്. ഇസ്രായേലുമായി രാജിയാകാനുള്ള ആ ഭരണകൂടങ്ങളുടെ ശ്രമം ജനേഛയെ പ്രതിഫലിപ്പിക്കുന്നില്ല തന്നെ.

‘വാഷിങ്ടൺ നിയർ ഈസ്റ്റ് ഇൻസ്റ്റിറ്റ്യൂട്ട്’ കഴിഞ്ഞ ജൂലൈയിൽ നടത്തിയ അഭിപ്രായ സർവെയുടെ ഫലം ഇസ്രായേലി പത്രം എടുത്ത് ചേർക്കുന്നുണ്ട്. അബ്രഹാം അക്കോഡിനും മറ്റും ജനപിന്തുണ ഗണ്യമായി കുറയുന്നു എന്നു ചൂണ്ടിക്കാണിക്കുന്നതാണ് സർവെ. യു എ ഇ യിൽ 25% വും ബഹ്റൈനിൽ 20% വും സഊദിയിൽ 19% വും ഈജിപ്തിൽ 13% വും ജോർഡാനിൽ 12% വും കുവൈത്തിൽ 14% വും ജനപിന്തുണയാണ് അബ്രഹാം കരാറിന് ലഭിച്ചിരിക്കുന്നത്.

‘തത്വ് ബീഇ’ (നോർമലൈസേഷൻ )നെതിരെയുള്ള ഏറ്റവും പുതിയ ചെറുത്ത് നിൽപ്പ് വേദിയായി മാറിയിരിക്കുകയാണ് ഖത്തറിലെ ലോകകപ്പ്. ഇത് ആദ്യത്തേതല്ല; തീർച്ചയായും അവസാനത്തേതുമായിരിക്കില്ല. കഴിഞ്ഞയാഴ്ചയാണ് ഈജിപ്തിലെ എഴുത്തുകാരുടെ പൊതുവേദി ( ഇത്തിഹാദുൽ കുത്താബ് ) അതിന്റെ മൂന്ന് പ്രമുഖ അംഗങ്ങൾക്കെതിരെ അന്വേഷണം പ്രഖ്യാപിച്ചത്. സസ്പൻഡ് ചെയ്യുന്നതിനുള്ള മുന്നോടിയാണിത്. ഡോ. അലാഉൽ അസ് വാനി, ഡോ.യൂസുഫ് സൈദാൻ, ഡോ. മുന സൈദാൻ എന്നിവരാണ് അന്വേഷണം നേരിടുന്നത്. ഇസ്രയേൽ അനുകൂല നിലപാടെടുത്തു എന്നതാണ് കാരണം. ഡോ. അസ് വാനി തന്റെ നോവലിന്റെ പ്രചാരണാർഥം ഇസ്രയേലി റേഡിയോയോട് സംസാരിച്ചപ്പോൾ, ഡോ. യൂസുഫ് സൈദാൻ ഒരു ഇസ്രയേലി യൂനിവേഴ്സിറ്റിയുടെ പ്രഭാഷണം നടത്താനുള്ള ക്ഷണം സ്വീകരിച്ചു. കൈറോയിൽ ഇസ്രയേലി അംബാസിഡറുടെ കൂടെ നൃത്തം ചെയ്ത് നോർമലൈസേഷനെ അനുകൂലിച്ച് സംസാരിച്ചതാണ് ഡോ. മുനക്ക് വിനയായത്. വിവിധ ട്രേഡ് യൂനിയനുകളും വിദ്യാർഥി യൂനിയനുകളുമൊക്കെ ഈ നിലപാടിലാണ്. അവയുടെ തലപ്പത്തിരിക്കുന്നവർ വിചാരിച്ചാൽ പോലും ഇസ്രയേലുമായുള്ള നോർമലൈസേഷനെതിരെയുള്ള ഈ ഉറച്ച നിലപാടിൽ മാറ്റമൊന്നും ഉണ്ടാക്കാൻ കഴിയില്ല. ഈജിപ്ത് 1979 മുതൽക്കേ ഇത്തരം നോർമലൈസേഷൻ കരാറുകൾ ഉണ്ടാക്കിയിട്ടുണ്ടെങ്കിലും ഈജിപ്ഷ്യൻ ജനത അതിശക്തമായി ഇപ്പോഴും അതിനെ നിരാകരിക്കുകയാണ്. ഇസ്രായേലുമായി കരാറുണ്ടാക്കിയ അറബ് രാഷ്ട്രങ്ങളിലും വ്യാപാര കരാർ മാത്രമുണ്ടാക്കിയ രാഷ്ട്രങ്ങളിലും ഒരു കരാറുമുണ്ടാക്കാത്ത രാഷ്ട്രങ്ങളിലും ഈ വിഷയത്തിൽ ജനവികാരം ഒരു പോലെയാണ്. എന്തൊക്കെ സംഭവിച്ചാലും, ജറൂസലം ആസ്ഥാനമാക്കി ഫലസ്തീൻ രാഷ്ട്രം നിലവിൽ വരുന്നത് വരെ അത് അങ്ങനെത്തന്നെ ആയിരിക്കുകയും ചെയ്യും.

വിവ. അശ്റഫ് കീഴുപറമ്പ്

???? To Join Whatsapp Group ????: https://chat.whatsapp.com/BxliWKickAyDu0ikv75WY5

Related Articles