Columns

അപരാധി ശിക്ഷിക്കപ്പെടാതെ പോകരുത്

കുരക്കും നായ കടിക്കില്ല എന്നതായാണ് ഉണ്ണി മനസ്സിലാക്കിയ ആപ്തവാക്യം. അതനുസരിച്ചാണ് അവന്‍ കൂട്ടുകാരനെ കാണാന്‍ പോയത്. പട്ടിയുടെ കുരയൊന്നും അവന്‍ കാര്യമാക്കിയില്ല. പക്ഷെ ആപ്തവാക്യത്തിന് എതിരായി അന്ന് ഉണ്ണിയെ പട്ടി കടിച്ചു. ആയിരം അപരാധികള്‍ രക്ഷപ്പെട്ടാലും ഒരു നിരപരാധി പോലും ശിക്ഷിക്കപ്പെടരുത് എന്നതാണ് ഇന്ത്യന്‍ ജുഡീഷ്യറിയുടെ ആപ്തവാക്യം. അത് കൊണ്ട് അപരാധികള്‍ രക്ഷപ്പെടണം എന്ന് അതിനു അര്‍ത്ഥം കല്‍പ്പിക്കാന്‍ പാടില്ല. കൃത്യമായ നീതിന്യായ വ്യവസ്ഥ അംഗീകരിക്കും എന്നത് മാത്രമാണ് ആ ആപ്തവാക്യത്തിന്റെ ഉദ്ദേശം. ഒരാളെ കുറ്റവാളി എന്ന് മുദ്രകുത്തുന്നതിനു മുമ്പ് അയാളുടെ പേരിലുള്ള കുറ്റം പൂര്‍ണമായി തെളിയിക്കും എന്നെ അത്‌കൊണ്ട് മനസ്സിലാക്കപ്പെടൂ.

അതെസമയം അടുത്തിടെ നാം കേള്‍ക്കുന്ന പല വിധികളും ഈ ആപ്തവാക്യത്തിന്റെ മറ പിടിച്ചു കൊണ്ടാണെന്നു സംശയിക്കേണ്ടി വരുന്നു. പല കേസുകളിലും കുറ്റവാളികള്‍ ഇല്ലാത്ത അവസ്ഥയാണ്. അവസാനം പെഹ്‌ലുഖാന്‍ കേസിലും അത് തന്നെ സംഭവിച്ചു. പശുക്കടത്തിന്റെ പേരില്‍ ഒരു പച്ച മനുഷ്യനെ പശു സംരക്ഷണം എന്നതിന്റെ മറവില്‍ സംഘ പരിവാര്‍ പ്രവര്‍ത്തകര്‍ തല്ലിക്കൊന്നു എന്നതാണ് കേസ്. അതിന്റെ വ്യക്തമായ വീഡിയോ ദൃശ്യങ്ങളും ലഭ്യമാണ്. കൊലപാതകം പോയിട്ട് മര്‍ദ്ദനം എന്ന പേരില്‍ ഒരു പെറ്റി കേസ് പോലും പ്രതികളുടെ പേരില്‍ ചാര്‍ജ് ചെയ്യപ്പെട്ടില്ല. അപരാധികള്‍ എന്ന് ലോകം നേരിട്ട് കണ്ടവരെ നിരപരാധി എന്ന നിലയില്‍ മനസ്സിലാക്കന്‍ കഴിയുന്നതിനു കാരണം ആ ആപ്തവാക്യം തന്നെയാണ്.

ഇത് ആദ്യത്തെ സംഭവമായി നമുക്ക് തോന്നുന്നില്ല. അവസാനത്തേതുമാകാന്‍ ഇടയില്ല. കേസുകളില്‍ ശിക്ഷിക്കപ്പെടാന്‍ തെളിവുകള്‍ ആവശ്യമാണ്. കോടതി തെളിവുകള്‍ പരിശോധിച്ചാണ് വിധി പറയുക. എന്തൊക്കെയാണ് തെളിവുകള്‍ എന്നത് കോടതിയാണ് തീരുമാനിക്കുക. പെഹ്‌ലുഖാന്‍ അടി കൊണ്ട് താഴെ വീഴുന്നതും ജീവന് വേണ്ടി യാചിക്കുന്നതും തെളിവായി കോടതി കാണുന്നില്ല. പിന്നെ എങ്ങിനെയാണ് അദ്ദേഹം മരണപ്പെട്ടത്?. നിയമം കയ്യിലെടുത്തു കൊണ്ട് ഒരാളെ പേപ്പട്ടിയെ പോലെ ആക്രമിക്കാന്‍ ആരാണ് ഇവര്‍ക്ക് അനുമതി നല്‍കുന്നത് എന്നെങ്കിലും കോടതി ചോദിക്കണമായിരുന്നു. പക്ഷെ സംശയത്തിന്റെ പേരില്‍ എല്ലാവരും ശുദ്ധരായി തീരുന്ന അവസ്ഥ നമ്മെ ഭയപ്പെടുത്തണം.

തെളിവുകള്‍ സൂക്ഷിക്കുക, നല്‍കുക എന്നത് പോലീസിന്റെ ജോലിയാണ്. പ്രബുദ്ധ കേരളത്തില്‍ പോലും എത്ര സമര്‍ത്ഥമായാണ് ഒരു ഐ.എ.എസുകാരനെ രക്ഷിക്കാന്‍ പോലീസ് സഹായിച്ചത് എന്ന് നാം കണ്ടതാണ്. അങ്ങിനെയെങ്കില്‍ കേരളത്തിന് പുറത്ത് കേസുകളില്‍ എന്ത് മാത്രം മാറ്റം വരുത്താന്‍ സാധ്യമാണ് എന്നത് ഊഹിക്കാവുന്ന കാര്യം മാത്രം. വാദി പ്രതിയാവുന്ന കാലമാണിപ്പോള്‍. നിലവിലുള്ള സമാന കേസുകളില്‍ എന്ത് രീതിയിലുള്ള വിധികളും പ്രതീക്ഷിക്കാം എന്നതിന്റെ കൂടെ ചവിട്ടു പടിയായി ഇത്തരം വിധികളെ മനസ്സിലാക്കാം. പശുവിറച്ചി ഫ്രിഡ്ജില്‍ സൂക്ഷിച്ചു എന്നതിന്റെ പേരില്‍ ഒരാളെ തല്ലിക്കൊന്നപ്പോള്‍ പൊലീസിന് താല്പര്യം കൊല്ലപ്പെട്ട വ്യക്തിയുടെ വിഷയത്തിലായിരുന്നില്ല പകരം ഇറച്ചിയുടെ ഇനം മനസ്സിലാക്കാനായിരുന്നു എന്നത് നാം നേരില്‍ കണ്ടതാണ്.

രണ്ടാം മോദി സര്‍ക്കാരിന്റെ കാലത്ത് ആള്‍ക്കൂട്ട കൊലകള്‍ വര്‍ധിച്ചു വരുന്നു. കുറ്റവാളികള്‍ക്ക് പിന്നെ എന്ത് സംഭവിക്കുന്നു എന്നത് ആരും അന്വേഷിക്കാറില്ല. പലപ്പോഴും അവരുടെ ക്രൂര കൃത്യങ്ങളെ മഹത്വവല്‍ക്കരിക്കുന്ന നിലപാടുകള്‍ നാം കണ്ടുവരുന്നു. ജാമ്യത്തില്‍ പുറത്തു വരുന്ന പ്രതികളെ പൂമാലയിട്ടു സ്വീകരിക്കുന്ന രീതിയാണ് നാം കണ്ടുവരുന്നത്. കുറ്റവാളികള്‍ ശിക്ഷിക്കപ്പെടാതെ പോകുന്നു എന്നതാണ് ഇന്ത്യ നേരിടുന്ന വലിയ ദുരന്തം. ഒരേ തെറ്റ് തന്നെ ആവര്‍ത്തിക്കാതിരിക്കാന്‍ ആവശ്യമായ നടപടി സ്വീകരിക്കലാണ് ഒരര്‍ത്ഥത്തില്‍ ശിക്ഷ കൊണ്ട് വിവക്ഷിക്കുന്നത്. അതെ സമയം സംശയത്തിന്റെ പേരില്‍ ചില വിഭാഗത്തെ ജാമ്യം പോലും നിഷേധിച്ചു ഭരണകൂടവും നീതിയും ജയിലിനുള്ളില്‍ വര്‍ഷങ്ങളോളം തളച്ചിടുന്നു. അവസാനം അവര്‍ നിരപരാധികള്‍ എന്ന വിധി വരുമ്പോള്‍ അവരുടെ നല്ല കാലം എന്നെന്നേക്കുമായി അവസാനിച്ചിരിക്കും.

ഒരു നാട്ടിലെ നീതിന്യായ വ്യവസ്ഥയുടെ അപചയം ആ നാട്ടില്‍ അരാകത്വം കടന്നുവരാന്‍ ഇടവരുത്തും. തങ്ങളുടെ ഔദ്യോഗിക ജീവിതത്തിന് ശേഷം കിട്ടാന്‍ ഇടയുള്ള സൗകര്യങ്ങള്‍ പലരെയും സ്വാധീനിക്കുന്നു എന്ന തോന്നല്‍ ജനത്തിനുണ്ടായാല്‍ അവരെ കുറ്റം പറയാന്‍ കഴിയില്ല. നമ്മുടെ മുന്നിലുള്ള ഉദാഹരണങ്ങള്‍ അങ്ങിനെയാണ്. നിരപരാധി ശിക്ഷിക്കപ്പെടാന്‍ പാടില്ല എന്നത് പോലെ തന്നെ നിര്‍ബന്ധമാണ് അപരാധി ശിക്ഷിക്കപ്പെടാതെ പോകുന്നതും എന്ന് നാം ചേര്‍ത്ത് വായിക്കണം.

Author
as
Facebook Comments
Related Articles
Show More
Close
Close