Current Date

Search
Close this search box.
Search
Close this search box.

എന്തു കൊണ്ടവര്‍ ഇസ്ലാമിനെ എതിര്‍ക്കുന്നു

ഒരു കാലത്ത് നമ്മുടെ നാട്ടില്‍ ഇസ്ലാമിന് ചില വാര്‍പ്പ് മാതൃകകളുണ്ടായിരുന്നു. അരയില്‍ പച്ച ബെല്‍റ്റും തലയില്‍ ഒരു തൊപ്പിയും കാച്ചിത്തുണിയും പെങ്കുപ്പായവും അവരുടെ അടയാളമായി രേഖപ്പെടുത്തപ്പെട്ടു. അന്ന് ഇസ്ലാമിനെയും മുസ്‌ലിംകളെയും നല്ല മനുഷ്യരായി എല്ലാവരും അംഗീകരിച്ചു പോന്നു. അന്നൊക്കെ ഇസ്ലാം പുരോഹിതരുടെ കയ്യിലായിരുന്നു. സാധാരണ ജനത്തിന് ഇസ്ലാം ഒരു കിട്ടാക്കനിയായിരുന്നു. വിവരവും വിദ്യാഭ്യാസവും അവര്‍ക്ക് അന്യമായിരുന്നു. അതെ സമയം മറ്റു സമുദായങ്ങള്‍ ഈ മേഖലകളില്‍ വലിയ മുന്നേറ്റം നടത്തിയിരുന്നു. പൊതു സമൂഹത്തില്‍ അവരോട് മത്സരിക്കാന്‍ മുസ്ലിം സമുദായം വളരെ ആശക്തമായിരുന്നു.

കേരള നവോഥാനം മുസ്ലിം സമുദായത്തിലും കാര്യമായ ചലനം സൃഷ്ടിച്ചു. കേരളത്തിലെ നവോഥാന പ്രസ്ഥാനങ്ങള്‍ മുസ്ലിം സമുദായത്തില്‍ ഉണ്ടാക്കിയ മാറ്റം വലുതാണ്. ചില ചരിത്ര പരമായ കാരണങ്ങളാല്‍ മുസ്ലിംകള്‍ വിദ്യാഭ്യാസ രംഗത്ത് പുറകോട്ടു പോയിരുന്നു. അവരിലെ സ്ത്രീകള്‍ പ്രത്യേകിച്ചും. കഴിഞ്ഞ അര നൂറ്റാണ്ടു കൊണ്ട് വിദ്യാഭ്യാസ രംഗത്ത്‌ മുസ്ലിംകള്‍ കൈവരിച്ച നേട്ടം അസൂയാവഹമാണ്. അതിന്റെ ഫലമെന്നോണം സമൂഹത്തിലെ മൊത്തം രംഗങ്ങളില്‍ അവര്‍ മുന്നോട്ട് പോയി. മറ്റാരെയും വെല്ലാന്‍ കഴിയുന്ന രീതിയില്‍ അവരുടെ കയ്യില്‍ വിദ്യാഭ്യാസ വ്യവസായ സ്ഥാപനങ്ങള്‍ കൈവന്നു. സാമ്പത്തിക രംഗത്തും മറ്റാരുമായും കിടപിടിക്കാന്‍ മുസ്ലിം സമുദായം വളര്‍ന്നു വന്നു.

ആദം സന്തതികളെ ബഹുമാനിച്ചു എന്ന ദൈവത്തിന്റെ വാക്കുകളാണ് വാസ്തവത്തില്‍ പിശാചിനെ ചൊടിപ്പിച്ചത്. അതായത് അസൂയ. ഇന്ത്യന്‍ രാഷ്ട്രീയത്തിലെ ഭരണ പക്ഷമായ സംഘ പരിവാറിന്റെ അടിത്തറ തന്നെ വിദ്വേഷവും വൈരാഗ്യവുമാണ്. വെറുപ്പിന്റെ രാഷ്ട്രീയമാണ് അവര്‍ ഇന്ത്യന്‍ മണ്ണില്‍ വിതക്കാന്‍ ശ്രമിക്കുന്നത്. അതില്‍ ഒരു പരിധിവരെ അവര്‍ വിജയിച്ചിരിക്കുന്നു. ആ വെറുപ്പിലേക്ക് അവര്‍ തന്നെ നോട്ടമിട്ട കൃസ്ത്യന്‍ സമൂഹത്തില്‍ നിന്നും ഒരു വിഭാഗത്തെ കൊണ്ട് വരാന്‍ കഴിഞ്ഞു എന്നത് അതിന്റെ മികച്ച ഉദാഹരണം മാത്രം. മുസ്ലിം സമുദായം എന്ത് കുറ്റം ചെയ്തിട്ടാണ് പലരും ഇങ്ങിനെ പെരുമാറുന്നത് എന്ന് ചിന്തിച്ചാല്‍ ഒരു ഉത്തരം ലഭിക്കും. അത് മറ്റൊന്നുമല്ല. ഇസ്ലാം ശക്തിപ്പെടുന്നത് പലരുടെയും താല്‍പര്യങ്ങളെ ബാധിക്കും.

മുസ്ലിംകള്‍ ആര്‍ക്കു വേണ്ടി എന്ന ചോദ്യത്തിന് ദൈവം നല്‍കിയ മറുപടി മനുഷ്യര്‍ക്ക് വേണ്ടി എന്നായിരുന്നു. എന്തിനു എന്ന ചോദ്യത്തിന് നല്‍കിയ ഉത്തരം നന്മ നിലനിര്‍ത്തുവാനും തിന്മ നിരോധിക്കാനും എന്നായിരുന്നു. ഇസ്ലാമിനെ കേവലം ഒരാചാര മതം എന്നതില്‍ നിന്നും ഒരു നിലപാട് എന്നതിലേക്ക് മാറ്റി കൊണ്ടുവരുന്നതില്‍ നവോഥാന പ്രസ്ഥാനങ്ങള്‍ക്ക്‌ പങ്കുണ്ട്. അപ്പോള്‍ മതം പള്ളിയില്‍ നിന്നും പുറത്തു കടക്കും. ഇസ്ലാമിനെ ഒരു നിലപാടായി ആരൊക്കെ മനസ്സിലാക്കിയോ അവരെ ഭീകര വാദികള്‍ തീവ്രവാദികള്‍ എന്ന പേരുകളില്‍ വിളിക്കാന്‍ പലരും ആഗ്രഹിച്ചു. അത് കൊണ്ടൊന്നും ഇസ്ലാമിന്റെ വളര്‍ച്ചയെ തടയാന്‍ കഴിയില്ല എന്ന് വന്നപ്പോള്‍ പിന്നീട് ആ സമുദായത്തെ മൊത്തം ഒറ്റപ്പെടുത്തുക എന്ന നിലപാടിലേക്ക് ശത്രു പക്ഷം മാറിപ്പോയി. പിസി ജോര്‍ജ് അത് കൊണ്ട് തന്നെ ഒരു ഒറ്റപ്പെട്ട ശബ്ദമായി നാം തെറ്റിദ്ധരിക്കാന്‍ പാടില്ല.

യൂസഫ്‌അലി ഇന്ത്യന്‍ മുസ്ലിംകളുടെ പ്രതീകമല്ല. അദ്ദേഹം ഇന്ത്യയിലെ ഒരു അറിയപ്പെടുന്ന വ്യവസായ പ്രമുഖനാണ്. അദ്ദേഹത്തിന്റെ പരിധി ഒരിക്കലും മുസ്ലിംകളില്‍ മാത്രം ഒതുക്കിയില്ല. മറ്റു മതങ്ങള്‍ക്ക് കൂടി അദ്ദേഹം സഹായം നല്‍കുന്നു. ഈ സഹായങ്ങള്‍ പലപ്പോഴും ഇസ്ലാമിലെ തൗഹീദ് നിലപാടിന് വിരുദ്ധമായിട്ടും അത് തുടരുന്നതില്‍ അദ്ദേഹം പിശുക്ക് കാണിച്ചില്ല. അദ്ദേഹത്തിന്റെ കച്ചവടം പൂട്ടിക്കണമെന്നു ഒരു വര്‍ഗീയവാദി പറഞ്ഞപ്പോള്‍ പാടില്ല എന്ന് പറയാന്‍ അവിടെ ആരുമുണ്ടായില്ല എന്നതിനേക്കാള്‍ അതിനെ കയ്യടിച്ചു പ്രോത്സാഹനം നല്‍കാന്‍ ഒരുപാട് പേരുണ്ടായി എന്നതാണ് സത്യം. ജോര്‍ജിന്റെ വാക്കുകള്‍ നേര്‍ക്കുനേര്‍ മതേതരത്വത്തിനും ജനാധിപത്യത്തിനും എതിരായിരുന്നു. അതിലപ്പുറം കൃസ്ത്യന്‍ സമൂഹം മാതൃകയായി കാണുന്ന യേശുവിന്റെ കല്‍പ്പനകള്‍ക്കും എതിരായിരുന്നു. എന്നിട്ടും അദ്ദേഹത്തിന് സ്വീകരണം നല്‍കാന്‍ മാത്രം യേശുവിന്റെ സമൂഹത്തിലെ ചിലര്‍ അധപ്പതിച്ചു എന്ന് പറഞ്ഞാല്‍ ആ മനസ്സുകളില്‍ അടിഞ്ഞു കൂടിയ ഇസ്ലാം അസൂയ എത്ര ശക്തമാണ് എന്ന് മനസ്സിലാക്കാം.

മതങ്ങള്‍ എന്നും ഒരു വിപണന വസ്തുവാണ്. ചരിത്രത്തില്‍ പ്രവാചകരുടെ കാലത്ത് പുരോഹിതര്‍ അതെല്ലാം സമര്‍ത്ഥമായ രീതിയില്‍ ഉപയോഗപ്പെടുത്തിയിരുന്നു. അത് കൊണ്ട് പ്രവാചകര്‍ എന്നും കലഹിച്ചത് പൌരോഹിത്യത്തിനോടാണ് . ജനങ്ങളുടെ സമ്പത്ത് മോശം വശത്തിലൂടെ കൈക്കലാക്കുക എന്ന പണിയാണ് പുരോഹിതര്‍ എന്നും ചെയ്തു കൊണ്ടിരുന്നത്. പുരോഹിതരെ പൂര്‍ണമായി വിശ്വസിച്ച വിഡ്ഢികള്‍ എന്നത്തേയും അനുഭവമാണ്. അവരുടെ മതം പുരോഹിതന്റെ വാക്കുകളും അവരുടെ പ്രവാചകന്‍ പുരോഹിതനുമാണ്. അവര്‍ എന്നും ഭൗതികതയോട് രാജിയാകും. എല്ലാ മതങ്ങളിലും അത് സമാനമാണ്. സംഘ പരിവാറും മറ്റു മതങ്ങളിലെ പുരോഹിതരും തമ്മില്‍ ഒരു അവിഹിത ബന്ധം ഇന്ന് ശക്തമാണ്. അത് തന്നെയാണ് ഇന്ന് മത സമൂഹങ്ങള്‍ നേരിടുന്ന വലിയ പ്രതിസന്ധിയും.

മതങ്ങള്‍ സാധാരണയായി മോക്ഷത്തിന്റെ മാര്‍ഗമായാണ് മനസ്സിലാക്കപ്പെടുന്നത്‌. മരണ ശേഷമുള്ള മോക്ഷമാണ് മതങ്ങള്‍ മുന്നോട്ടു വെക്കുന്നത്. കര്‍മ്മങ്ങളുടെ രക്ഷാശിക്ഷകള്‍ ആത്യന്തികമായി തീരുമാനിക്കപ്പെടുന്നത് ഈ ലോകത്തല്ല എന്ന് മതങ്ങള്‍ സമ്മതിക്കുന്നു. തന്‍റെ കണക്കു പുസ്തകം നല്ല രീതിയില്‍ ലഭിക്കണമെന്നും തന്‍റെ സല്‍ക്കര്‍മ്മത്തിന് മുന്‍തൂക്കം ലഭിക്കണമെന്നും വിശ്വാസികള്‍ ആഗ്രഹിക്കുന്നു. ഇത് ബോധപൂര്‍വ്വം നടക്കേണ്ട ഒന്നാണെന്ന് ഇസ്ലാം പറയുന്നു. അതിനുള്ള മാര്‍ഗം കൂടുതല്‍ പുണ്യം നേടുക എന്നതാണ്. പുണ്യം കര്‍മ്മത്തിന്റെ മാത്രം പേരല്ല അത് മനസ്സിന്റെ കൂടി വിഷയമാണ്. വിശാലത ദൈവികവും കുടുസ്സ് പൈശാചികവുമാകുന്നത് അതുകൊണ്ട് കൂടിയാണ്.

മുഹമ്മദ്‌ ഏകനായ ദൈവത്തെ കുറിച്ച് പറഞ്ഞു എന്നതല്ല മക്കക്കാരുടെ വിഷയം. ആ പ്രഖ്യാപനം ഒരു ജനതയുടെ സാംസ്കാരിക സാമൂഹിക അസ്ഥിത്വം മാറ്റുന്നു എന്നതായിരുന്നു അവരെ കൂടുതല്‍ ചൊടിപ്പിച്ചത്.

Related Articles