Current Date

Search
Close this search box.
Search
Close this search box.

തെരഞ്ഞെടുപ്പ് അടുക്കുമ്പോള്‍ സംഘ്പരിവാറിന് എന്തുകൊണ്ട് അയോധ്യ ഓര്‍മ വരുന്നു ?

നേരം വെളുത്താല്‍ ഭാര്‍ഗ്ഗവിയമ്മയുടെ മുഖ്യ തൊഴില്‍ മരുമകള്‍ ദേവികയെ ചീത്ത പറയാനുള്ള കാരണം അന്വേഷിക്കലാണ്. പുട്ടിന്റെ വലിപ്പം കുറഞ്ഞു. മൈസൂര്‍ പഴം വലിപ്പം കൂടി തുടങ്ങിയ കാരണങ്ങള്‍ എന്നും പതിവാണ്. അന്ന് ഒരു കാരണവും അവര്‍ക്കു കണ്ടെത്താന്‍ കഴിഞ്ഞില്ല. അവസാനം പഴയ പണി തന്നെ അവര്‍ കണ്ടെത്തി. വീട്ടിലെ സ്റ്റീല്‍ പാത്രങ്ങള്‍ ചട്ടിയിലിട്ടു വറുക്കാന്‍ തുടങ്ങി. കുറെ സമയം മിണ്ടാതിരുന്ന ദേവകി ക്ഷമ കെട്ടപ്പോള്‍ ചോദിച്ചു ‘എന്താ അമ്മെ പാത്രങ്ങള്‍ കേടുവരില്ലേ?’. നീ ആരാടീ എന്നെ പഠിപ്പിക്കാന്‍….. ഭാര്‍ഗ്ഗവിയമ്മ ഉഷാറായി.

സംഘ പരിവാറിന്റെ കയ്യിലെ അത്തരം ഒന്നാണ് ബാബരി മസ്ജിദും രാമക്ഷേത്രവും. ഒന്നും കിട്ടിയില്ലെങ്കില്‍ ആ വിഷയം അവിടെ നില്‍പ്പുണ്ട്. തെരഞ്ഞെടുപ്പ് അടുത്താലാണ് സംഘ് പരിവാറിന് അയോധ്യ ഓര്‍മ വരിക. രാമനെയും. മുത്വലാഖിനു ഓര്‍ഡിനന്‍സ് കൊണ്ടുവന്നത് പോലെ രാമക്ഷേത്രം ഉണ്ടാക്കാന്‍ ഓര്‍ഡിനന്‍സ് കൊണ്ടുവരണം എന്നതാണ് സംഘ് പരിവാറിന്റെ ആവശ്യം. ഭരിക്കുന്നവരും സമരം ചെയ്യുന്നവരും ഒന്നാണ് എന്ന തമാശയാണ് നമുക്ക് മനസ്സിലാവാത്തതും. നമുക്ക് പ്രതീക്ഷ നല്‍കുന്ന ഘടകം രണ്ടു ലക്ഷം പേരെ അണിനിരത്തും എന്ന് പറഞ്ഞ സമരത്തില്‍ അമ്പതിനായിരത്തില്‍ താഴെ ആളുകള്‍ മാത്രമാണ് പങ്കെടുത്തത് എന്നതാണ്.

രണ്ടു കാര്യങ്ങളാണ് സംഘ് പരിവാര്‍ ഇത്‌കൊണ്ട് ആഗ്രഹിക്കുന്നത്. ഒന്ന്, ന്യൂനപക്ഷങ്ങളില്‍ അരക്ഷിതാവസ്ഥ ഉണ്ടാക്കുക. കോടതികള്‍ക്കും സര്‍ക്കാരിനും മേലെയാണ് സംഘ് ശക്തി എന്ന ബോധം മുസ്ലിംകളില്‍ ഉണ്ടാക്കാന്‍ ശ്രമിക്കുക. അതിലൂടെ ഹിന്ദു വികാരം വളര്‍ത്തിയെടുക്കുക. മറ്റൊന്ന് തിരഞ്ഞെടുപ്പിനെ നേരിടാന്‍ മാന്യമായ കാരണങ്ങള്‍ ഇല്ലെന്നിരിക്കെ അയോധ്യ ഒരു മുഖ്യ വിഷയമാക്കുക. കോടതിയുടെ പരിഗണനയിലിരിക്കുന്ന ഒരു സംഗതിയെ കുറിച്ച് നാട്ടില്‍ കുഴപ്പമുണ്ടാക്കുക എന്നത് നേര്‍ക്ക് നേര്‍ കോടതി അലക്ഷ്യമാണ്. അവരെ നിയമപരമായി നേരിടുക എന്നതാണ് ഭരണകൂടം ചെയ്യേണ്ടത്. നാട്ടില്‍ പല ദുരന്തങ്ങളും സംഭവിച്ചു മൗന വ്രതം ശീലമാക്കിയ പ്രധാനമന്ത്രി എത്ര പെട്ടെന്നാണ് ഇന്നെലത്തെ വിഷയത്തില്‍ പ്രതികരിച്ചത്. കോണ്‍ഗ്രസ് കാരണമാണ് രാമ ക്ഷേത്ര നിര്‍മാണം വൈകിയത് എന്നത് കോണ്‍ഗ്രസിനെതിരെ ഹിന്ദു വോട്ടുകള്‍ തിരിക്കുക എന്നതിന്റെ കൂടി ഭാഗമാണ്.

ആരാധിക്കാന്‍ പള്ളിയും അമ്പലും ഇല്ല എന്നതല്ല ഇന്ത്യന്‍ ജനത നേരിടുന്ന മുഖ്യ വിഷയം. രാജ്യത്തു കോടിക്കണക്കിനു ജനതയുടെ ജീവിതമാണ് മുഖ്യ വിഷയം. സാധാരണക്കാരന്റെ ജീവിതത്തിന്റെ നടുവൊടിച്ച നോട്ടു നിരോധനം, എണ്ണയുടെ വില എന്നിവ ചര്‍ച്ചയായാല്‍ അത് സംഘ്പരിവാറിനെ ബാധിക്കും. അതിനാല്‍ അയോധ്യ പോലുള്ള വികാര വിഷയങ്ങളിലേക്ക് ജനശ്രദ്ധ തിരിച്ചു വിട്ടാല്‍ അതാണ് നല്ലത് എന്ന് സംഘ പരിവാര്‍ മനസ്സിലാക്കുന്നു എന്ന് കൂടി പറയണം. ഇന്ത്യക്കു സ്വാതന്ത്ര്യം ലഭിക്കുമ്പോള്‍ ബാബരി മസ്ജിദ് ഒരു സത്യമായിരുന്നു. അമ്പലം പൊളിച്ചാണ് ബാബര്‍ പള്ളി നിര്‍മ്മിച്ചത് എന്ന് പറയാന്‍ കഴിയുന്ന ഒരു കൃത്യമായ തെളിവും ആരുടെ പക്കലുമില്ല. കോടതിയും സര്‍ക്കാരും നോക്കി നില്‍ക്കെ അവര്‍ ആ പള്ളി പൊളിച്ചു അവിടെ ആരാധനയും ആരംഭിച്ചു. ഇന്ത്യന്‍ ജനാധിപത്യവും മതേതരത്വവും തകര്‍ന്നു പോയ നാളുകളായിരുന്നു അന്നൊക്കെ. കോടതിയുടെ തീരുമാനം അംഗീകരിക്കുക എന്നതാണ് അവസാന പോംവഴി. മുസ്ലിംകള്‍ അവരുടെ നിലപാട് മുമ്പേ പറഞ്ഞതും.

അതെ സമയം ഈ വിഷയം അവസാനിക്കരുത് എന്ന് ആഗ്രഹിക്കുന്നവര്‍ സംഘ് പരിവാര്‍ മാത്രമാണ്. വരുന്ന ഒരുപാട് തിരഞ്ഞെടുപ്പുകള്‍ക്ക് അവര്‍ക്കു ബാബരി മസ്ജിദും അയോധയും വേണം. രാമനില്‍ വിശ്വാസമുള്ളതു കൊണ്ടാകില്ല, രാമന്‍ ഒരു നല്ല വോട്ടു ബാങ്കാണ് എന്നത് കൊണ്ട് മാത്രം. ഭാര്‍ഗ്ഗവിയമ്മ അതിനു വേണ്ടി തന്നെ പല പാത്രങ്ങളും വീട്ടില്‍ സൂക്ഷിച്ചിട്ടുണ്ട്. രണ്ടു ലക്ഷം പേരെ സംഘപരിവാര്‍ കൊണ്ടുവന്നാല്‍ മുസ്ലിംകളും അത്രയും ആളുകളെ കൊണ്ട് വരും എന്നവര്‍ കരുതുന്നു, ഒരു സംഘട്ടനമാണ് അവര്‍ ആഗ്രഹിക്കുന്നത്. തെളിഞ്ഞ വെള്ളത്തില്‍ മീന്‍ പിടിക്കാന്‍ ബുദ്ധിമുട്ടാണ്. കലക്ക് വെള്ളത്തില്‍ പെട്ടെന്നു പിടിക്കാം കാരണം മീനുകള്‍ അധികവും മയങ്ങിയിരിക്കും എന്നത് തന്നെ.

Related Articles