Current Date

Search
Close this search box.
Search
Close this search box.

താക്കോല്‍ സ്ഥാനത്തിന്റെ രാഷ്ട്രീയം

വീട് പൂട്ടി പോകുമ്പോള്‍ അടുത്ത വീട്ടില്‍ താക്കോല്‍ ഏല്പിക്കുക എന്നത് ഏല്പിക്കപ്പെടുന്നവര്‍ക്കു ലഭിക്കുന്ന അംഗീകാരം കൂടിയാണ്. അത് കൊണ്ട് തന്നെ താക്കോല്‍ എന്നത് കേവലം വീട് തുറക്കാനും അടക്കാനുമുള്ള ഒന്നായി മാത്രം കാണരുത്. താക്കോല്‍ സ്ഥാനം എന്നത് കൊണ്ട് ഉദ്ദേശവും അത് തന്നെ. ഹിന്ദു സമുദായത്തിലേക്കുള്ള പ്രവേശനം തങ്ങളിലൂടെയാകണം എന്നതാണ് താക്കോല്‍ സ്ഥാനം എന്നത് കൊണ്ട് അവര്‍ ഉദ്ദേശിക്കുന്നതും. അടക്കാനും തുറക്കാനുമുള്ള അവകാശം തങ്ങള്‍ക്കു മാത്രമായി നിലനിന്നിരുന്ന ഒരു കാലമുണ്ടായിരുന്നു. ജാതി ചിന്ത അതിന്റെ പാരമ്യത്തില്‍ എത്തി നിന്ന കാലത്തു ആ ചിന്തക്ക് അര്‍ത്ഥമുണ്ടായിരുന്നു. കേരള നവോത്ഥാനം ശക്തമായ പ്രഹരമേല്പിച്ചതു് ആ ജാതി ചിന്തയുടെ കടക്കലാണ്. അത് കൊണ്ട് തന്നെ നഷ്ടപ്പെട്ടു പോയ സ്ഥാനം തിരിച്ചു പിടിക്കുക എന്നതാണ് താക്കോല്‍ സ്ഥാനം തിരിച്ചു വേണം എന്ന ജല്പനത്തിന്റെ ആകെ അര്‍ത്ഥം.

കേരളത്തില്‍ ആ വാദം ഉന്നയിച്ചത് എന്‍ എസ് എസായിരുന്നു. ഒരു കാലത്തു അവരുടെ വിറക്‌വെട്ടുകാരും വെള്ളം കോരികളുമായിരുന്നവര്‍ അവരുടെ ഭരണാധികാരികളാവുന്നതു അവര്‍ക്കു സഹിക്കാന്‍ കഴിയുന്നതില്‍ അപ്പുറമാണ്. യു ഡി എഫ്,ഉമ്മന്‍ചാണ്ടി, കുഞ്ഞാലിക്കുട്ടി, മാണി ത്രിയാത്രങ്ങളിലാണ് എന്നത് കൊണ്ട് തന്നെ താക്കോല്‍ സ്ഥാനം അലങ്കരിക്കാന്‍ ഒരു സവര്‍ണ്ണന്‍ കൂടി വേണം എന്നത് അവര്‍ പരസ്യമായി പറഞ്ഞു എന്ന് മാത്രം. അതിന്റെ ഫലവും പിന്നീട് കണ്ടു. രമേഷ് ചെന്നിത്തല അന്ന് തന്നെ താക്കോല്‍ സ്ഥാനത്തിന് അടുത്തെത്തി. ഇപ്പോള്‍ കുറച്ചു കൂടി അടുത്ത് വരികയും ചെയ്തു. പക്ഷെ എല്‍ ഡി എഫ്, യു ഡി എഫ് മുന്നണികളില്‍ താക്കോല്‍ സ്ഥാനക്കാര്‍ക്ക് വിശ്വാസം കുറവാണ്. കാരണം അവിടെ താക്കോല്‍ സ്ഥാനം കയ്യാളാന്‍ ആളുകള്‍ ധാരാളം. അതെ സമയം ഇപ്പോള്‍ എന്‍ എസ് എസ് അടുത്ത് നില്‍ക്കുന്നത് ബി ജെ പി മുന്നണിയോടാണ്. തങ്ങളുടെ സ്ഥാനാര്‍ത്ഥികളെ എന്‍ എസ് എസ് നിശ്ചയിക്കും എന്ന രീതിയിലുള്ള വാര്‍ത്തകള്‍ പോലും ഇടയ്ക്കു കണ്ടിരുന്നു. ശബരിമല വിഷയം അവര്‍ക്കു ഫാസിസ്റ്റു പക്ഷത്തേക്ക് പോകാനുള്ള കാരണമായി എന്ന് പറയണം. തങ്ങള്‍ക്കു രാഷ്ട്രീയമില്ല എന്നാണ് എന്‍ എസ് എസ് പറയാറ്. അതില്‍ നിന്നുമുള്ള മാറ്റമായി പുതിയ രീതികളെ വിലയിരുത്താം.

എന്‍ ഡി എ യിലൂടെ തങ്ങളുടെ താക്കോല്‍ സ്ഥാന വാദം ഉറപ്പിക്കാം എന്നതാണ് എന്‍ എസ് എസ് ആഗ്രഹിക്കുന്നത്. കേന്ദ്ര സര്‍ക്കാരിന്റെ പുതിയ സംവരണ തീരുമാനവും ഒരു കാരണമാകാം. ആ തീരുമാനം നടപ്പാകാന്‍ ഇനിയും കാലം വേണം. അതെ സമയം സവര്‍ണ അജണ്ടകള്‍ നടപ്പാക്കാനുള്ള വഴികളായാണ് പുതിയ ബന്ധത്തെ അവര്‍ കാണുന്നതും. എന്‍ എസ് എസിന്റെ പിന്തുണ കൊണ്ട് ജയിക്കാനുള്ള അവസരമൊന്നും ബി ജെ പിക്ക് ഉണ്ടാവില്ല എന്നുറപ്പാണ്. പകരമായി ഇടതു പക്ഷത്തിനു മറ്റുള്ളവരുടെ വോട്ടു വര്‍ധിക്കും എന്നതാണ് സംഭവിക്കാന്‍ പോകുന്നതും. മറ്റൊരു കാര്യം ഇന്ത്യയില്‍ ഹിന്ദുത്വ ഭീകര ശക്തികള്‍ നടത്തി കൊണ്ടിരിക്കുന്ന ഒരു അക്രമത്തെയും നാളിതുവരെ എന്‍ എസ് എസ് അപലപിക്കുകയോ വിമര്‍ശിക്കുകയോ ചെയ്തിട്ടില്ല. അവര്‍ എന്ന് മാത്രമല്ല ഏതാണ്ടെല്ലാ ഹിന്ദു സംഘടനകളും അങ്ങിനെ തന്നെയാണ്. സമദൂരം എന്നാണ് അവര്‍ ഉന്നയിക്കുന്ന രാഷ്ട്രീയ മുദ്രാവാക്യം. പുറത്തു ദൂരം സമമാണെങ്കിലും അകത്തു അടുപ്പം പലതിനോടും കുറവാണ്. കേരളത്തില്‍ പലതിന്റെയും താക്കോല്‍ ഇന്നും എന്‍ എസ് എസ് ആഗ്രഹിക്കുന്നവരുടെ കൈകളിലാണ്. ഇനിയും താക്കോല്‍ വേണം എന്നത് ഞങ്ങളല്ലാത്ത നാട്ടില്‍ മറ്റാരും വേണ്ട എന്നതിന്റെ മറ്റൊരു പ്രഖ്യാപനം കൂടിയാണ്.

Related Articles