Sunday, November 16, 2025

Current Date

ഇപ്പോഴാണവർ യുദ്ധത്തിലായത്

Israel after Iran-Israel war change in world power dynamics

അധിനിവേശ ഭൂമികയിലെ മനുഷ്യരെ ആട്ടിയോടിക്കുക, അവരുടെ വീടുകളും സ്വത്തു വകകളും കൈവശപ്പെടുത്തി പുറം രാജ്യങ്ങളിലെ ജൂത വംശീയരെ വിളിച്ചു വരുത്തി അവർക്ക് നൽകുക, പ്രതിഷേധിക്കുന്ന തദ്ദേശീയരെ പിടികൂടി ആജീവനാന്തം തുറങ്കിലടക്കുക, അവർക്കു നേരെ വെടിയുതിർക്കുക, ബോംബ് വർഷിച്ച് കുഞ്ഞുങ്ങളേയും സ്ത്രീകളേയും വരെ യാതൊരു വിവേചനവും കൂടാതെ കൊന്നൊടുക്കുക! അക്രമോത്സുകമായ അധിനിവേശത്തെ ആഘോഷമാക്കി ആസ്വദിച്ചു വരികയായിരുന്നു യുദ്ധത്തെ സ്വയം അനുഭവിക്കാത്ത ഇസ്രായേലും അതിൻ്റെ അധിനിവേശ സമൂഹവും. അതും കോളണിവൽക്കരണവും വൈസ്രോയി ഭരണങ്ങളുമെല്ലാം അവസാനിച്ചും അവസാനിപ്പിച്ചും ലോകം നയതന്ത്ര സാമ്രാജ്യത്വമൊക്കെ വിജയകരമായി പയറ്റിക്കൊണ്ടിരിക്കുന്ന ഇക്കാലത്തും!

അപരർക്ക് മേൽ തങ്ങളുടെ അവകാശമായി അധിനിവേശത്തേയും യുദ്ധത്തേയും മഹത്വവൽക്കരിച്ച ആധുനിക ലോകത്തെ ഏറ്റവും മാരകമായ പൈശാചികത സുദീർഘമായൊരു കാലശേഷം ഇപ്പോഴാണ് യുദ്ധത്തെ സ്വയം എടുത്തണിയുന്നത്. 1967ലെ അറബ് ഇസ്രായേൽ യുദ്ധത്തിൽ ഇസ്രയേൽ പിടിച്ചെടുത്ത തങ്ങളുടെ ഭൂപ്രദേശങ്ങൾ തിരിച്ചുപിടിക്കാനായി 1973 ഒക്ടോബർ 6ന് തുടങ്ങി 243 ദിവസം നീണ്ടു നിന്ന സിറിയയും ഈജിപ്തും സംയുക്തമായി നടത്തിയ യുദ്ധത്തിന് ശേഷം ഇസ്രായേൽ ജനതക്ക് ആഭ്യന്തരമായ യുദ്ധാനുഭവങ്ങൾ പറയത്തക്കതായി ഉണ്ടായിട്ടില്ല. പിന്നീടങ്ങോട്ട് ഫലസ്തീനുമായി അവർ യുദ്ധത്തിലായിരുന്നില്ല, ഏകപക്ഷീയമായ മൃഗീയ വിനോദത്തിലായിരുന്നു! ജോലാൻ കുന്നുകളിൽ കസേരയിട്ട്, ബീഡിയും കാപ്പിയും നുണഞ്ഞ് ആസ്വദിക്കേണ്ട കാർണിവലായിരുന്നു അവർക്ക് യുദ്ധം!

ഇസ്രയേൽ ഒരു സ്വതന്ത്ര പരമാധികാര രാഷ്ട്രമാണെന്നതും അവർക്ക് നിലനിൽക്കാനും നിലനിൽപ്പിന് വേണ്ടി അയൽ പ്രദേശങ്ങളെ ആക്രമിക്കാനുമെല്ലാം അവകാശമുണ്ട് എന്നതും നൂറ്റാണ്ടിലെ ഏറ്റവും വലിയ നുണയാണ്. ഏഴര പതിറ്റാണ്ട് പിന്നിട്ടു കഴിഞ്ഞു ഈ പച്ചക്കള്ളം! ഒരു കള്ളം ആധുനിക ലോകത്ത് ഇത്രയും സുദീർഘമായൊരു കാലത്തെ അതിജീവിച്ചിരിക്കുന്നു എന്നത് ആഗോള ധാർമ്മികതയുടെ മാത്രമല്ല, പ്രാഥമികവും സാമാന്യമായ മൂല്യ സങ്കൽപങ്ങളുടേയും അപചയത്തിന് അടിവരയിടുന്നു! വാസ്തവത്തിൽ, എന്താണ് ഇസ്രായേൽ? ഒറ്റ വാചകത്തിൽ പറഞ്ഞാൽ അതൊരു അപനിർമ്മിതിയാണ്! ന്യായങ്ങളുടെ, മൂല്യങ്ങളുടെ, സത്യത്തിൻ്റെ പോലും അപനിർമ്മിതി! ഒരു മാനവ ഭൂതലത്തെ അതിൻ്റെ നാഗരികമായ എല്ലാ സുഭഗതകളോടുമൊപ്പം തകർക്കാൻ വേണ്ടി സ്ഥാപിച്ച് തൊടുത്തുവെക്കപ്പെട്ട മാരക നിർമ്മിതി! തകർക്കേണ്ടതോ, ആ ഭൗമ മേഖലയുടെ സ്വച്ഛതയും സമാധാനവും സുസ്ഥിരതയും! ഇതിനകം അതവർ നിർവഹിച്ചു കഴിഞ്ഞു.

അമേരിക്കയും യൂറോപ്പും നേതൃത്വം നൽകുന്ന ആധുനിക സാമ്രാജ്യത്വത്തിൻ്റെ വിവിധോദ്യേശ്യ ഉത്തോലകമാണ് ഇസ്രായേൽ. സയണിസത്തിൻ്റെ താൽപര്യങ്ങളും നവ സാമ്രാജ്യത്വത്തിൻ്റെ താൽപര്യങ്ങളും സമന്വയിച്ചതിൽ നിന്നുള്ള വിനാശകരമായ ഉപോൽപന്നമാണത്! നവ സാമ്രാജ്യത്വം മദ്ധ്യേഷ്യയിൽ ചവിട്ടി നിൽക്കുന്നത് ഇസ്രയേൽ എന്ന പ്ലാറ്റ്ഫോമിലാണ്. അധിനിവേശ താൽപര്യങ്ങളും അതിനു വേണ്ട ആവനാഴിയും എന്നത് മാത്രമല്ല, മേഖലയിൽ ഇസ്ലാമിൻ്റെ ശാക്തികമായ സന്തുലനങ്ങളെ തകർത്ത് സായുധ പ്രതിരോധങ്ങളുടേതായ എല്ലാ സാധ്യതകളേയും നിർവീര്യമാക്കുക എന്നതും സാമ്രാജ്യത്വത്തിൻ്റെ രാഷ്ട്രീയവും വംശീയവുമായ ലക്ഷ്യങ്ങളായുണ്ട്. അതിലേക്ക് കൂടി ഉന്നം വെച്ചുള്ളതായിരുന്നു, ഒരൊറ്റ യു.എൻ പ്രമേയം കൊണ്ട് അറബ് ലോകത്തിൻ്റെ ഹൃദയം പിളർത്തി കുത്തിത്തിരുകി ഉണ്ടാക്കിയ ഇസ്രയേൽ എന്ന ജാര നിർമ്മിതി!

മേഖലയിലെ വിവിധ രാജ വംശ താൽപര്യങ്ങൾ കൂടി ഒളിഞ്ഞും തെളിഞ്ഞും തങ്ങളുടെ വിധേയത്വം കൊണ്ട് ഐക്യപ്പെട്ട ഈ അവിശുദ്ധ രാസഘടനയെ തകർക്കുന്നതിലേക്കുള്ള ഒന്നാമത്തെ ചുവട് വെപ്പ് ഇസ്രയേലിനെ ശാക്തികമായും സായുധപരമായും തകർക്കുക തന്നെയാണ്. അക്കാര്യത്തിൽ ബോധ്യവും ബോധോദയവും ഉണ്ടായ സംഘങ്ങളെയും സംഘാതങ്ങളേയും മാത്രമല്ല, രാഷ്ട്രങ്ങളെയും മേഖലയിൽ നിന്ന് തുടച്ചു നീക്കുക എന്നത് സാമ്രാജ്യത്വ സയണിസ്റ്റ് പദ്ധതിയുടെ ആധാരശിലയിൽ കൊത്തിവെച്ച അത്യാവശ്യമാണ്. അതിലേക്ക് മേഖലയിൽ നിന്ന് തന്നെയുള്ള പങ്കാളിത്തം തങ്ങളാലാവും വിധം അറബ് താൽപര്യങ്ങളുടെ കുടിപ്പകയിലൂടെ ഇസ്ലാമിൻ്റെ ശത്രു സഖ്യത്തിന് കിട്ടിക്കൊണ്ടിരിക്കുന്നു എന്നതാണ് ഇതിലെ ദുരന്ത വശം!

കഴിഞ്ഞ ആറ് നൂറ്റാണ്ടുകളായി ലോകം ഒരേ സാമ്രാജ്യത്വ മോഹങ്ങളുടെ അങ്കത്തട്ടായിട്ട്. ആ സാമ്രാജ്യത്വ മോഹങ്ങളെ സായുധമായി ചെറുത്തതും പലപ്പോഴും പരാജയപ്പെടുത്തിയതും ഇസ്ലാമിൻ്റെ ആദർശ ബലത്തിൽ അടിയുറച്ച് കൊണ്ട് മുഖ്യമായും മുസ്ലിം സെെനിക ശക്തികളും സായുധ ഗ്രൂപ്പുകളുമാണ്. ഉമർ മുക്താർ മുതൽ വാരിയൻ കുന്നൻ വരെയുള്ളവർ ഈ ദൗത്യ സംഘത്തെ ഇരുപതാം നൂറ്റാണ്ടിലും രണാങ്കണത്തിൽ അടിയുറപ്പിച്ച് നിർത്തിയ നായക വിസ്മയങ്ങളാണ്. അമേരിക്കയുടേയും യൂറോപ്പിൻ്റെയും സാമ്രാജ്യത്വ പടനീക്കത്തെ ചെറുത്തു നിർത്തുന്ന ഇസ്ലാം ഘടകം (Islam content) എക്കാലത്തും സയണിസ്റ്റ് സാമ്രാജ്യത്വ ശക്തികളുടെ ഉറക്കം കെടുത്തിയിട്ടുണ്ട്. ഇസ്ലാമിൻ്റെ ചരിത്രഭൂമികയിൽ അതിനെ നിരായുധീകരിക്കുക എന്നത് അത് കൊണ്ട് തന്നെ അവരുടെ ദീർഘകാല പദ്ധതിയാണ്. അതിലേക്കുള്ള സ്ഥായിയായ ഒരു നീക്കിയിരിപ്പാണ് ഇസ്രായേലിനെ വെച്ചുള്ള ഫലസ്തീൻ പ്രശ്നം. അതിലൂടെ മേഖലയിലെ മറ്റ് സ്വതന്ത്ര പരമാധികാര സമൂഹങ്ങളുടെ നേർക്ക് കുതിരകയറാനുള്ള അവസരങ്ങൾ ബോധപൂർവം സൃഷ്ടിച്ചെടുക്കുന്നു. അങ്ങനെ ഒരവസരമാണ് ഇപ്പോൾ ഇറാനെ ചൊറിഞ്ഞ് ഇസ്രയേൽ ഉണ്ടാക്കിയത്.

ഇസ്രായേലിനെ അതിൻ്റെ സയണിസ്റ്റ് വംശീയ ലക്ഷ്യങ്ങളോടെ മിഡിലീസ്റ്റിൽ അവശേഷിപ്പിച്ച് കൊണ്ട് അറബ് ലോകത്തിന് സമാധാനത്തിൽ കഴിയാം എന്നത് കേവല വ്യാമോഹം മാത്രമാണ്. യൂറോപ്പിൻ്റ കുരിശുയുദ്ധാനന്തര ആയുധമാണ് ഇസ്രായേൽ. സയണിസം എന്ന മാരക വിഷത്തിൽ മുക്കിയ കൂർമുന! അറബ് ഭൂപ്രദേശങ്ങൾ എന്നതിനേക്കാൾ അറേബ്യയുടെ സാംസ്കാരിക നാഗരിക അടിത്തറയെ ഭദ്രമാക്കിയ ദാർശനിക സത്യത്തിന് നേർക്കാണ് ഇസ്രായേലിൻ്റെ, അത് വഴി യൂറോപ്പിൻ്റേയും അമേരിക്കയുടേയും സായുധ സന്നാഹങ്ങൾ വിന്യസിക്കപ്പെടുന്നതും ഒന്ന് കഴിഞ്ഞാൽ മറ്റൊന്നിലേക്കെന്ന പോലെ ഇടതടവില്ലാതെ വിനിയോഗിക്കപ്പെടുന്നതും. ഇസ്രായേൽ കൊണ്ട് എന്താണോ ഉദ്ദേശിക്കപ്പെട്ടത്, അത് പൂർത്തീകരിക്കപ്പെടാതെ സ്ഥാപിത ലക്ഷ്യങ്ങൾക്ക് പരിസമാപ്തിയില്ല. ഇന്ന് ഇസ്രായേലിനെ ഇറാനെതിരെ തങ്ങളുടെ പങ്കാളിയായി മേഖലയിൽ ആരെങ്കിലും വരിച്ചിട്ടുണ്ടെങ്കിൽ അവരെടുത്ത് കഴുത്തിൽ ചുറ്റിയിട്ടുള്ളത് തങ്ങളുടെ വിനാശകാരണത്തെയാണ്.

ഇസ്രായേൽ എന്ന ജാര നിർമ്മിതിക്ക് ശേഷം കഴിഞ്ഞ ഏഴരപ്പതിറ്റാണ്ടായി അറബ് മേഖലയിൽ ഏറിയോ കുറഞ്ഞോ യുദ്ധമില്ലാതിരുന്ന സന്ദർഭങ്ങൾ വളരെ വളരെ വിരളമാണ്. തങ്ങളുടെ ഉടലിനെ ആവുന്നത്ര ഒഴിച്ചു നിർത്തിക്കൊണ്ടാണ് സയണിസവും സാമ്രാജ്യത്വവും മേഖലയെ യുദ്ധങ്ങളിൽ തളച്ചത്. ഫലസ്തീനെതിരായ ഇസ്രയേൽ ആക്രമണങ്ങൾക്ക് ഈ ഘട്ടങ്ങളിൽ വിരാമം ഉണ്ടായിട്ടേയില്ല. അറബ് ലോകത്തിൻ്റെ വിനാശം ഉറപ്പുവരുത്തുവാൻ യൂറോപ്പിൻ്റെ വംശീയ പദ്ധതിയെ അമേരിക്ക പ്രത്യക്ഷത്തിൽ ശാക്തികമായി ഏറ്റെടുക്കുന്നത് ഇറാഖിനെ ആക്രമിച്ചു കൊണ്ടാണ്. സദ്ദാം ഹുസൈനെ തിരികയറ്റി കുവൈത്തിനെ ആക്രമിപ്പിക്കുന്നതിൽ വിജയിച്ചു കൊണ്ടാണ് മിഡിൽ ഈസ്റ്റിൽ അമേരിക്ക സയണിസത്തിന് വേണ്ടിയുള്ള ഈ സാമ്രാജ്യത്വ പരിപാടിയുടെ ചുക്കാൻ നേരിട്ട് ഏൽക്കുന്നത്. 

അതിന് മുമ്പ് എട്ട് വർഷം നീണ്ട ഇറാൻ-ഇറാഖ് യുദ്ധത്തിൽ സദ്ദാം ഹുസൈന് സായുധ പിന്തുണ നൽകിക്കൊണ്ട് മേഖലയിലെ രണ്ട് വൻ ശക്തികളെ തമ്മിൽ പോരടിപ്പിച്ച് ഇസ്രായേലിൻ്റെ നേർക്ക് തിരിയുന്നതിൽ നിന്ന് വിജയകരമായി തന്നെ അമേരിക്ക തടുത്ത് നിർത്തി. 1967ൽ അറബ് സംയുക്താക്രമണത്തെ യൂറോപ്പും അമേരിക്കയും ചേർന്ന് ഇസ്രായേലിന് അനുകൂലമായി പരാജയപ്പെടുത്തിയ ശേഷം ഇസ്രായേൽ ഏറ്റവും മാരകമായ സായുധ സംഭരണം നടത്തിയത് ഇറാൻ ഇറാഖ് യുദ്ധം നടന്ന ഈ എട്ട് വർഷങ്ങളിലാണ്! 1955ൽ ഡേവിഡ് ബെൻഗ്യൂരിയോൺ പ്രധാനമന്ത്രിയും പ്രതിരോധ മന്ത്രിയുമായിരിക്കെ അന്ന് ചെറുപ്പക്കാരനായ ഷിമോൺ പെരസിനെ ഏൽപ്പിച്ച് തുടക്കം കുറിച്ച ആണവ പദ്ധതിയിലൂടെ ഇസ്രായേലിനെ കെട്ടിയൊരുക്കുന്നതിൽ 1988 വരെയുള്ള 33വർഷം നിർണായകമായിരുന്നു. അതിൻ്റെ അവസാനത്തെയും ഏറ്റവും നിർണായകവുമായ കലയളവ് ഇറാൻ-ഇറാഖ് യുദ്ധം നടന്ന 1980 മുതൽ 88 വരെയുള്ള വർഷങ്ങളും! യുദ്ധം അവസാനിക്കുന്നതോടെ ലോകം കാണുന്നത് സർവായുധ വിഭൂഷിതയായ ആണവ ഇസ്രായേലിനെയാണ്!

ഡ്വൈറ്റ് ഡി ഹൈസൻഹോവറുടെ നേതൃത്വത്തിലായിരുന്ന യു.എസ് ഭരണം സംശയത്തോടെയും അൽപം ആശങ്കയാടെയും കണ്ട ആണവ പദ്ധതിയെ ഇസ്രായേൽ ഒരു അനിവാര്യതയായി സ്ഥാപിച്ചത് അയൽക്കാരായ അറബ് ശത്രുക്കൾക്കെതിരെ സ്വയം പ്രതിരോധം എന്ന സിദ്ധാന്തത്തിൽ പിടിച്ചാണ്. പിന്നീടങ്ങോട്ട് അമേരിക്ക പിടിച്ചു കൊടുത്ത മറക്കകത്താണ് ഇസ്രായേലിൻ്റെ അണവ സ്വപ്നങ്ങൾ പൂത്ത് പുഷ്ക്കലമാവുന്നത്. ആണവ നിർവ്യാപന കരാറുകളെല്ലാം ഇസ്രായേലിൻ്റെ ഈ സ്വപ്ന പദ്ധതിക്കായി കവാത്ത് മറന്നു!

ലോകത്തെ വഞ്ചിച്ച്, നുണകൾ പടർത്തി, സമാധാനത്തിന് വേണ്ടിയുള്ള എല്ലാ ആഗോള സന്ധികളേയും കാറ്റിൽ പറത്തി ആണവ ഭീകര ശക്തി നേടിയ ശേഷം ഇറാൻ്റെ ലോകമറിഞ്ഞുള്ള നിയന്ത്രിത ആണവ സംരംഭങ്ങൾക്കുനേരെ അക്രമണം അഴിച്ചു വിട്ടു കൊണ്ട് ഇസ്രായേൽ നടത്തിയ തെമ്മാടിത്തത്തെ അവിടെ വീണ്ടും ബങ്കർ ബസ്റ്റർ ബോംബുകളിട്ട് അമേരിക്ക പിന്തുണച്ചു കഴിഞ്ഞു! അഥവാ, ആ അന്യായത്തിലും തങ്ങൾ ഇസ്രയേലിനൊപ്പമെന്ന് അമേരിക്ക അസന്ദിഗ്ദമയി സ്ഥാപിച്ചിരിക്കുന്നു!

ഇറാൻ ഈ ഏറ്റുമുട്ടലിനിറങ്ങിയിട്ടുള്ളത് അവരുടെ രണ്ട് ശക്തിയിലും ഉള്ള ഉറച്ച ബോധ്യത്തോടെയാണ്. ഒന്ന് സായുധ പരമെങ്കിൽ മറ്റേത് ആ സായുധ ബലത്തിന് കൂടുതൽ കരുത്തേകുന്ന ആത്മീയ ശക്തിയിലുള്ള ബോധ്യമാണ്. ആയത്തുല്ല ഖാംനഈയുടെ വാക്കുകൾ മാത്രമല്ല, മുഖത്തെ പ്രസന്നമായ ഭാവങ്ങളും ആ ബോധ്യത്തിൻ്റെ തെളിഞ്ഞ നിദർശനങ്ങളാണ്. വാസ്തവത്തിൽ, ഖാംനഈയെന്ന ഇറാൻ്റെ മാത്രമല്ല, ലോകയുവത്വത്തിൻ്റെ തന്നെ അവേശമായി മാറിയേക്കാം. അമേരിക്കക്കും ഇസ്രായേലിനും നേരെ വളർന്നു കൊണ്ടിരിക്കുന്ന ആഗോള യുവതയുടെ പ്രക്ഷുബ്ദതക്ക് മറ്റൊരു ഐക്കണായി ആ വൃദ്ധ സാത്വികൻ്റെ മുഖവും മാറിയെങ്കിൽ അത്ഭുതപ്പെടാനില്ല. യുദ്ധത്തിൻ്റെ തീയെ അതനുഭവിച്ചറിയാത്ത നാഡിവ്യൂഹങ്ങളിലേക്കും അയാൾ പടർത്തിയിരിക്കുന്നു. ഈ തീമഴ എല്ലാവർക്കും നനയാനുളളതാണെന്ന തിക്തപാഠം തൊടുവിടപ്പെട്ടു കഴിഞ്ഞു!

യുദ്ധത്തിൽ ആര് ജയിച്ചു ആര് തോറ്റു എന്നതല്ല മുഖ്യമായ കാര്യം. ഈ യുദ്ധങ്ങൾക്ക് ശേഷം ആര് നിലനിൽക്കും എന്ത് അവശേഷിക്കും എന്നതാണ്. ലോകം മുഴുവൻ വിനാശം പടർത്തി തങ്ങളുടെ വരുതിയിലാക്കാൻ എക്കാലവും ശ്രമിച്ചു കൊണ്ടിരിക്കുന്ന സാമ്രാജ്യത്വ സയണിസ്റ്റ് താൽപര്യങ്ങൾ ഒരു പക്ഷെ സായുധ പരമായ വിജയം വരിച്ചേക്കാം. എന്നാൽ, അപ്പോഴും മാനവികമായി ലോകം പരാജയപ്പെടും! അമേരിക്കക്ക് അവരുടെ വരുതിയിൽ വരുന്ന ലോകത്തെ ഭരിക്കാനുള്ളതാണ് ന്യൂ വേൾഡ് ഓർഡർ. ഗൾഫ് രാജ്യങ്ങൾ, ഇന്ത്യ പാക്കിസ്ഥാൻ, ഈജിപ്ത് ഉൾപ്പടെയുള്ള ആഫ്രിക്കൻ രാജ്യങ്ങൾ തുടങ്ങിയവയാണ് ഈ ന്യൂ വേൾഡ് ഓർഡറിലെ ഓഡേർലികൾ. ഇറാൻ അതല്ല. ഇറാനെ സംബന്ധിച്ചേടത്തോളം മിഡിലീസ്റ്റിലെ സകല യു.എസ് സായുധ താവളങ്ങളും തങ്ങൾക്കെതിരെയുള്ള അമേരിക്കയുടെ ആവനാഴികളാണ്. അത് വലിയൊരു പരിധി വരെ തർക്കമില്ലാത്ത വാസ്തവവുമാണ്. അവയിലേക്ക് തൊടുക്കുവാനുള്ള തീർത്തും ന്യായമായ സാഹചര്യം അമേരിക്ക തന്നെ ഇസ്രായേൽ പക്ഷം ചേർന്ന് ഇറാന് നൽകിയിരിക്കുന്നു. 

ഇറാൻ ചെറിയ തോതിൽ അത് പ്രയോഗിച്ചപ്പോൾ അമേരിക്കക്ക് സായുധ താവളം ഒരുക്കിക്കൊടുത്തവർ വിറച്ചു കഴിഞ്ഞു. ഈ വിറ, അവരെല്ലാവരും ചേർന്ന് നിങ്ങളിത് ഇവിടെ നിന്നൊന്ന് പറിച്ചു കൊണ്ടു പോവുമോ എന്ന് പരിഭവിക്കുന്ന അവസ്ഥയിലേക്ക് സ്ഥിതിഗതികളെ വളർത്തുമോ എന്നാണിനി അറിയേണ്ടത്. അങ്ങനെ സംഭവിച്ചാൽ ആ നിമിഷം അവസാനിക്കും അമേരിക്ക അമേരിക്കക്ക് വേണ്ടി ഉണ്ടാക്കിയ അമേരിക്കയുടെ ലോകക്രമവും അതിൽ പിടിച്ചുള്ള ഇസ്രയേലിൻ്റെ വിശാല ജൂത രാഷ്ട്ര സ്വപ്നങ്ങളും!

Related Articles