Current Date

Search
Close this search box.
Search
Close this search box.

ഇവയൊന്നും എന്ത് കൊണ്ട് നമ്മെ ആശങ്കപ്പെടുത്തുന്നില്ല

ഇന്നലെ തൃശൂരില്‍ ഒരു അമ്പലത്തിലെ ശുചീകരണ മുറികളില്‍ പതിച്ച പോസ്റ്ററുകള്‍ മുഖ പുസ്തകത്തില്‍ വലിയ ചര്‍ച്ചയായിരുന്നു. സാധാരണ രീതിയില്‍ അന്നത്തെ ദിവസം ട്രോളുകളും കമന്റുകളും കൊണ്ട് നിറയും. പിന്നെ പതുക്കെ അത് രംഗത്ത്‌ നിന്നും മാറിപ്പോകും. അമ്പലം എന്നത് ഒരു പൊതു സ്ഥലമല്ല. ഹിന്ദുക്കളെ സംബന്ധിച്ചിടത്തോളം അതൊരു പൊതു സ്ഥലമാണ്. എല്ലാ ഹിന്ദുക്കള്‍ക്കും ക്ഷേത്രത്തില്‍ പ്രവേശിക്കാനുള്ള അവകാശം നിയമം മൂലം നിലവില്‍ വന്നതാണ്‌. അയിത്തം ഇന്ത്യയില്‍ നിയമം മൂലം നിരോധിച്ചതാണ്. ജനിച്ച ജാതിയുടെ പേരില്‍ മനുഷ്യരെ തരം തിരിക്കുന്ന സമീപനം കുറ്റകരമായി കണക്കാക്കുന്നു. ഒരു കാലത്ത് കേരളം ജാതീയതുടെ എല്ലാ കൂത്തരങ്ങുകളും നേരില്‍ അനുഭവിച്ചിരുന്നു.

മങ്ങാട് ബലചന്ദ്രൻ രചിച്ച് ശിവഗിരി മഠം പ്രസിദ്ധീകരിച്ച ഗുരുദേവ കഥാസാഗരത്തിലെ ഒരു അധ്യായത്തില്‍ ഇങ്ങിനെ വായിക്കാം. ഒരു കാലത്തെ കുറിച്ച് കൃത്യമായ രൂപം ഈ വാക്കുകള്‍ നമുക്ക് നല്‍കും.
ആയിരത്തി എണ്ണൂറ്റി അമ്പതുകളിലെ ഒരു ദിവസം…
കനത്ത മഴയ്‌ക്കുള്ള ഒരുക്കം നടത്തിക്കൊണ്ട് മാനം കറുത്തിരുണ്ട് കിടക്കുകയായിരുന്നു. കോരന്റെ ഭാര്യ ചിരുത അന്നു പതിവിലും വൈകിയാണ് പാടത്തു നിന്നും പണി കഴിഞ്ഞ് കുടിലിലേക്കു വന്നത്. അവളുടെ കുഞ്ഞുങ്ങൾ രണ്ടുപേരും അപ്പോൾ വിശന്നു കഞ്ഞിക്കുവേണ്ടി കരഞ്ഞു.
”കരയാതെ മക്കളെ. അമ്മ ഇപ്പം കഞ്ഞിയുണ്ടാക്കിത്തരാം.”
ചിരുത അടുപ്പിൽ തീകൂട്ടി കൂടയിൽ ആകെ ഉണ്ടായിരുന്ന ഒരു കിഴങ്ങ് വേഗം ചുട്ടെടുത്തു. അതിന്റെ പുറംതൊലി കളഞ്ഞ് ആവി പറക്കുന്ന ആ കിഴങ്ങ് കൈകൊണ്ടുടച്ച് കുട്ടികൾക്ക് കൊടുത്തു. എന്നിട്ടവൾ മൺകുടത്തിൽ നിന്നും കഞ്ഞിക്കുള്ള വെള്ളം കലത്തിലേക്കു പകർന്നു. അതിനിടയിൽ എന്തോ ഒന്നു കൈയ്യിൽത്തട്ടിയതായി തോന്നി. നോക്കിയപ്പോൾ അതൊരു ചത്ത ചിലന്തിയായിരുന്നു. കുടിലിനകത്തും പുറത്തും ചിലന്തിയും പാറ്റയും പഴുതാരയുമെല്ലാം ധാരാളമുണ്ടായിരുന്നതിനാൽ ചിരുതയ്ക്ക് അതൊരു അസാധാരണമായ കാര്യമായിരുന്നില്ല.

Also read: കെട്ടടങ്ങാത്ത സമര വീര്യം

ചിലന്തി വീണ വെള്ളം മണ്ണിൽ ചരിച്ചുകളഞ്ഞിട്ട് ചിരുത കുടവുമെടുത്ത് കിണറ്റിൻകരയിലേക്കോടി. താഴ്‌ന്ന ജാതിക്കാർക്കു വെള്ളമെടുക്കാനുള്ള കിണർ കുറേ അകലത്തായിരുന്നു. മക്കളുടെ വിശപ്പിനെപ്പറ്റിയോർത്തപ്പോൾ അവിടംവരെ ഓടുവാൻ അവൾക്കു മനസു വന്നില്ല. ചിരുത ചുറ്റാകെ ഒന്നു കണ്ണോടിച്ചുനോക്കി. ഭാഗ്യം മേൽജാതിയിൽപ്പെട്ട ആരേയും കാണാനില്ല.
അവൾ വേഗം അടുത്തുള്ള ഒരു കിണറ്റിൻകരയിൽ എത്തി. അത് സവർണർ വെള്ളമെടുക്കുന്ന കിണറായിരുന്നു. അവളുടെ കൈകാലുകൾ വിറച്ചു. എങ്കിലും പാള ആഴമുള്ള ആ കിണറ്റിലേക്കിട്ട് വേഗം ഒരു പാള വെള്ളം കോരിയെടുത്തു കുടത്തിലൊഴിച്ചു.
ആ നേരം വെള്ളമെടുക്കാൻ വരികയായിരുന്ന ഒരു സവർണ സ്‌ത്രീ ഇതുകണ്ട് ബഹളം വച്ചു.
”ഹൊ! ഹൊ! ഇവളിതാ കിണർ തൊട്ടശുദ്ധമാക്കിയിരിക്കുന്നു.”
പറഞ്ഞു തീരേണ്ട താമസം. മേൽജാതിക്കാരിൽ ചിലർ ഓടിക്കൂടി. ഒരാൾ വെള്ളമിരുന്ന അവളുടെ കുടം കല്ലെറിഞ്ഞുടച്ചു. ഓടി രക്ഷപ്പെടുവാൻ തുനിഞ്ഞ ചിരുതയെ പട്ടിയെ തല്ലുംപോലെ അവർ വട്ടംകൂടി തല്ലിച്ചതച്ചു. ദേഹത്തേറ്റ ക്ഷതങ്ങളെക്കാളും മക്കൾക്കു കഞ്ഞിവെച്ചുകൊടുക്കാനുള്ള വെള്ളം കിട്ടാത്തതിലായിരുന്നു ചിരുതയുടെ ഹൃദയം അന്നേറെ നൊന്തത്.

”തൊട്ടുകൂടാത്തവർ തീണ്ടിക്കൂടാത്തവർ
ദൃഷ്‌ടിയിൽപ്പെട്ടാലും ദോഷമുള്ളോർ
കെട്ടില്ലാത്തോർ തമ്മിലുണ്ണാത്തോരിങ്ങനെ –
യൊട്ടല്ലഹോ ജാതിക്കോമരങ്ങൾ”
കേരളം മറന്നു കളയാന്‍ ആഗ്രഹിക്കുന്ന ചരിത്രമാണത്. മനുഷ്യന്‍ എന്ന ദൈവ സൃഷ്ടിയെ ജാതിയുടെ പേരില്‍ വേര്‍ തിരിക്കുന്ന ദുരന്തം കേരളത്തിലേക്ക് തിരിച്ചു കൊണ്ട് വരാനുള്ള ശ്രമം പല കോണുകളില്‍ നിന്നും നടക്കുന്നു എന്ന് വേണം മനസ്സിലാക്കാന്‍. ഹിന്ദുക്കള്‍ തന്നെയാണ് ഈ ദുരന്തത്തിന്റെ ഫലം അനുഭവിക്കേണ്ടി വരിക എന്നതിനാല്‍ അവരുടെ ഭാഗത്ത് നിന്ന് വേണം ഇത്തരം നീക്കങ്ങളെ പ്രതിരോധിക്കാന്‍. വടക്കന്‍ സംസ്ഥാനങ്ങളില്‍ ഇന്നും ജാതി ഒരു സത്യമാണ്. അതിന്റെ പേരില്‍ കൊലചെയ്യപ്പെടുന്ന താഴ്ന്ന ജാതിക്കാരുടെ വാര്‍ത്തകള്‍ നാം കേട്ടുകൊണ്ടിരിക്കുന്നു.

• തീണ്ടൽ
• പുല
• തൊടീൽ
• പന്തിഭോജനം
• ചായകടകളിൽ പ്രത്യേക കപ്പ്‌.
• ഹോട്ടലുകളിൽ പ്രത്യേക പാത്രം, ഇരിപ്പിടം.
• ക്ഷേത്രങ്ങളിൽ കയറി ആരാധന നടത്താൻ വിലക്ക്.
• ചെരിപ്പ്, കുട തുടങ്ങിയവ ഉപയോഗികാൻ വിലക്ക്.
• ഉയർന്ന ജാതികാരുടെ വീടുകളിൽ പ്രവേശിക്കുന്നതിന് വിലക്ക്.
• പൊതുനിരത്തുകളിൽ നടക്കാൻ വിലക്ക്.
• ശവസംസ്കാരം പ്രത്യേക സ്ഥങ്ങളിൽ.
• സ്കൂളുകളിൽ പ്രത്യേക ഇരിപ്പിടങ്ങൾ.
• വിവാഹം, മരണം തുടങ്ങിയ ചടങ്ങുകളിൽ വിലക്ക്.

ഇതൊക്കെയായിരുന്നു അയിത്തത്തിന്റെ വിവിധ രൂപങ്ങള്‍. അതെ സമയം സവർണരും അവർണരും മതപരമായി ഹിന്ദുക്കളാണെങ്കിലും അവർക്കിടയിൽ അയിത്തം നിലനിന്നിരുന്നു. സവർണ വിഭാഗത്തിൽത്തന്നെ ബ്രാഹ്മണനും നായർക്കും തമ്മിൽ അയിത്തമുണ്ട്. പുലയർക്കും പറയർക്കും മറ്റും ഈഴവന്റെ അടുത്തും ചെല്ലാൻ പാടില്ല. ഈഴവനും മറ്റു ഉയർന്ന ജാതിക്കാർ തമ്മിലും അയിത്തമുണ്ട്. ഈ അയിത്താചാരത്തിന്റെ ഫലമായി അവർണർക്കു സാധാരണ പൗരാവകാശങ്ങൾപോലും നിഷേധിക്കപ്പെട്ടു.
പൊതുനിരത്തുകളിലൂടെയും നടക്കാൻ അവരെ അനുവദിച്ചിരുന്നില്ല. ക്ഷേത്രങ്ങളിൽ കയറി ആരാധന നടത്താൻ സ്വാതന്ത്ര്യമുണ്ടായിരുന്നില്ല. വിദ്യാലയങ്ങൾ, പോസ്റ്റാഫീസുകൾ തുടങ്ങിയ പൊതുസ്ഥാപനങ്ങളിലും അവർക്കു പ്രവേശനമില്ലായിരുന്നു. ഈ സാമൂഹികാചാരങ്ങളെ നിലനിർത്തിപ്പോന്ന ഭരണകൂടങ്ങളാണ് നൂറ്റാണ്ടുകളായി കേരളത്തിൽ നിലനിന്നിരുന്നത്.

Also read: പുഞ്ചിരിച്ചാല്‍ ലഭിക്കുന്ന പത്ത് കാര്യങ്ങള്‍

അതെ സമയം പ്രബുദ്ധരായ ജനം എന്ന് നമ്മെക്കുറിച്ചു തന്നെ നാം അഭിമാനത്തോടെ പറയാറുണ്ട്. അതിനു വിരുദ്ധമാണ് നാം കണ്ടു കൊണ്ടിരിക്കുന്ന ഇത്തരം നീക്കങ്ങള്‍. അതും ഇടത് പക്ഷത്തിനു മേല്‍ക്കൈ ഉണ്ടെന്നു അവര്‍ പറയുന്ന കേരളത്തില്‍. കൊച്ചിന്‍ ദേവസ്വം ബോര്‍ഡ് ഭരിക്കുന്നതും അവര്‍ തന്നെയാണ്. മേല്‍ പറഞ്ഞ ഭൂതത്തെ വളരെ പരിശ്രമിച്ചാണ് നാം പടി കടത്തിയത്. ആളുകളുടെ മനസ്സില്‍ നിന്നും അത് മാറിപ്പോയില്ല എന്നത് മറ്റൊരു കാര്യം. അതെ സമയം പരസ്യമായി പറയാന്‍ ആളുകള്‍ ഭയന്നിരുന്നു. ആ ഭയവും ലജ്ജയും ഇല്ലാതായി പോകുന്നു എന്നതു നമ്മെ പഴയ ആശങ്കപ്പെടുത്തണം. അതിന്റെ സൂചനയായി വേണം ഈ സംഭവ വികാസങ്ങളെ കാണാന്‍. കേവലം മുഖ പുസ്തകത്തിലെ ട്രോളും കമ്മന്റുമായി അവസാനിക്കരുത്.

Related Articles