Columns

യുദ്ധമല്ല, ഭീകരത ഇല്ലാതാക്കുകയാണ് വേണ്ടത്

അബൂദാബിയില്‍ നിന്നും വന്നതിനു ശേഷം സിയാഉല്‍ റഹ്മാനെ കുറിച്ച് വിവരമില്ലായിരുന്നു. ഇന്നലെ അവന്റെ ഒരു മെസ്സേജ് വന്നു. ഇന്ത്യ-പാക് അതിര്‍ത്തിയായ വാഗയുടെ അടുത്താണ് അവന്റെ വീടെന്നറിയാം. ഇന്ത്യയും പാകിസ്ഥാനും തമ്മില്‍ പലപ്പോഴും പ്രശ്‌നങ്ങള്‍ രൂക്ഷമാകുമ്പോള്‍ അത്ഭുതത്തോടെ അവന്‍ ചോദിക്കും ‘ഇതെന്ത് അത്ഭുതമാണെന്ന്’. ഇന്ത്യയിലേക്ക് ഇടക്ക് അവന്‍ വരാറുണ്ടത്രെ. വാഗയുടെ മനോഹാരിതയെ കുറിച്ചാണ് അവന്‍ എപ്പോഴും പറയുക. ‘ആര്‍ക്കാണ് ഈ യുദ്ധത്തിന്റെ ഗുണം ലഭിക്കുന്നത്’ എന്നതായിരുന്നു സിയാ ഉന്നയിച്ച ചോദ്യം. യുദ്ധ മുന്നണിയില്‍ നിന്നും ഞാന്‍ ഒരുപാട് അകലെയാണ് എന്ന മറുപടിയാണ് ഞാന്‍ നല്‍കിയത്.

ഒന്നിച്ചു ജോലി ചെയ്തിരുന്ന മറ്റൊരാളെയും ഇന്നലെ ഓര്‍ത്തു. സിക്കന്തര്‍. ആസാദി കശ്മീര്‍ നിവാസി. കാലത്തു എഴുന്നേറ്റാല്‍ കണി കാണുക ഇന്ത്യയാണ്. അങ്ങിനെ ഇന്ത്യയെ സ്‌നേഹിക്കുന്ന പലരെയും എനിക്കറിയാം. തിരിച്ചും അങ്ങിനെയുള്ള ഇന്ത്യക്കാരെയും നേരില്‍ കണ്ടിട്ടുണ്ട്. പാക് ജനതയ്ക്ക് തീവ്രവാദത്തെ അംഗീകരിക്കാന്‍ കഴിയില്ല. അത്ര മാത്രം അതിന്റെ കെടുതി അനുഭവിച്ചവരാണ് ആ ജനത. ഇസ്‌ലാമാബാദിനു നിയന്ത്രണമില്ലാത്ത പല മേഖലകളും അവിടെയുണ്ട് എന്നാണ് വിവരം.

വിദ്യാഭ്യാസ കാര്യത്തില്‍ അവര്‍ നമ്മെക്കാള്‍ വളരെ പിറകിലാണ്. പട്ടാണി എന്ന് പറഞ്ഞാല്‍ തന്നെ സാധാരണ ആളുകളുടെ മനസ്സില്‍ കടന്നു വരുന്ന ചിത്രം അങ്ങിനെയാണ്. ഇന്ത്യക്കു ഒപ്പം അല്ലെങ്കില്‍ ഒരു ദിവസം മുമ്പ് അവര്‍ സ്വാതന്ത്ര്യം നേടി. പക്ഷെ ഇന്ത്യയെ പോലെ ജനാധിപത്യം അവിടെ നിലനിന്നില്ല. അധികാരത്തിനു വേണ്ടി നേതാക്കളും പട്ടാളവും പരസ്പരം മത്സരിച്ചപ്പോള്‍ ജനതയുടെ കാര്യം നോക്കാന്‍ ആരുമില്ലാതെ പോയി. അവിഭക്ത ഇന്ത്യയില്‍ മുസ്ലിം ജനത അനുഭവിക്കാന്‍ ഇടയുള്ള ദുരന്തം ഓര്‍മ്മിപ്പിച്ചാണ് പാകിസ്ഥാന്‍ രൂപം കൊണ്ടത്. ആര്‍ക്കു വേണ്ടിയാണോ ആ രാഷ്ട്രം രൂപം കൊണ്ടത് അവര്‍ക്കു അതൊരു തീരാ ദുരന്തം എന്നതിലപ്പുറം മറ്റൊരു ഗുണവും ലഭിച്ചില്ല.

തിരിച്ചു ഇന്ത്യയില്‍ ജനാധിപത്യം കുറച്ചു കാലത്തെ ഇടവേള മാറ്റി നിര്‍ത്തിയാല്‍ നിലനിന്നു. അതെ സമയം നമ്മുടെ നാട്ടിലെ സാധാരണ ജനതയ്ക്ക് എത്ര മാത്രം അനുഗ്രഹമായിരുന്നു കഴിഞ്ഞ കാലങ്ങള്‍ എന്ന് പുനഃപരിശോധിക്കണം. തലസ്ഥാന നഗരിയില്‍ പോലും നീണ്ടു കിടക്കുന്ന ചേരികളും പൊതു നിരത്തില്‍ ഉറങ്ങുന്ന യാചകരും നല്‍കുന്നത് നല്ല ലക്ഷണമല്ല. ഇരു രാജ്യങ്ങളിലെ വിഭവങ്ങളും കൂടുതല്‍ വിനിയോഗിക്കേണ്ടി വരുന്നത് പരസ്പരം പ്രതിരോധിക്കാനാണ്.

ബ്രിട്ടീഷുകാര്‍ നിലനിര്‍ത്തി പോയ ആ ദുരന്തം നമ്മെ ഇന്നും വേട്ടയാടുന്നു. ഇന്ത്യ ആവശ്യപ്പെടുന്ന ഭീകരര്‍ പാക് മണ്ണില്‍ ജീവിച്ചിരിക്കുന്നു എന്നത് സത്യമാണ്. അത് ലോകം അംഗീകരിച്ചതും. മസൂദ് അസ്ഹര്‍ പാകിസ്ഥാനില്‍ ഉള്ള കാലത്തോളം പാകിസ്ഥാന് ആരോപണങ്ങളില്‍ നിന്നും മാറി നില്ക്കാന്‍ കഴിയില്ല. ലോകം ഭീകര പട്ടികയില്‍ ഉള്‍പ്പെടുത്തിയ ഒരാളെ ആദ്യം നാട്ടില്‍ നിന്നും പുറത്താക്കുക അല്ലെങ്കില്‍ അയാളെ ജയിലില്‍ അടക്കുക എന്ന ഒന്നാമത്തെ പണി പാകിസ്താന്‍ ചെയ്യണം. കഴിയില്ലെങ്കില്‍ അതിനു പുറം ലോകത്തിന്റെ സഹായം ആവശ്യപ്പെടണം. അത് കൊണ്ട് തന്നെയാണ് പാകിസ്ഥാന്‍ മണ്ണില്‍ ഭീകരര്‍ സുഖമായി വാഴുന്നു എന്ന് ലോകം പറയുന്നതും.

ഇന്ത്യയും പാകിസ്താനും ഒരു യുദ്ധത്തിന്റെ വക്കില്‍ എത്തി നില്‍ക്കുന്നു എന്നാണ് പൊതുവെ സംസാരം. യുദ്ധം കൊണ്ട് അടിസ്ഥാന വിഷയങ്ങള്‍ക്ക് പരിഹാരമാകില്ല. ഇന്ത്യയിലെയും പാകിസ്ഥാനിലെയും സാധാരണ ജനം ഒരു യുദ്ധം ആഗ്രഹിക്കുന്നില്ല. യുദ്ധം കൊണ്ട് അവര്‍ക്ക് ലഭിക്കുക തീരാ ദുരിതം മാത്രമാകും. അത് കൊണ്ട് തന്നെയാണ് ഇരു രാജ്യത്തു നിന്നും ‘യുദ്ധം വേണ്ട’ (say no to war) എന്ന മെസേജുകള്‍ സോഷ്യല്‍ മീഡിയകളില്‍ വന്നു കൊണ്ടിരിക്കുന്നതും. നമ്മുടെ ഒരു പട്ടാളക്കാരന്‍ അവരുടെ കയ്യിലാണ്. യുദ്ധം വര്‍ധിച്ചാല്‍ അത്തരം സംഭവങ്ങള്‍ വര്‍ധിച്ചു കൊണ്ടിരിക്കും. ദുരന്തത്തിന് കാരണക്കാരായവര്‍ സുഖമായി രക്ഷപ്പെടുകയും പട്ടാളക്കാരും സാധാരണ മനുഷ്യരും അതിന്റെ ഇരയാവുകയും ചെയ്യുന്നു എന്നതാണ് അന്തിമ ഫലം.

അതെ സമയം ഓരോ നീക്കവും രാഷ്ട്രീയമായി ഉപയോഗിക്കാന്‍ ഭരണകക്ഷി ശ്രമിച്ചു കൊണ്ടിരിക്കുന്നു. പട്ടാളം ആക്രമണം തുടങ്ങുന്നതിനു മുമ്പ് തന്നെ പ്രധാനമന്ത്രിക്ക് അഭിവാദ്യം അര്‍പ്പിച്ചു ഫ്‌ളെക്‌സുകള്‍ റോഡരികില്‍ ഉയരുന്നു എന്നതു കാണാതിരുന്നുകൂട. കള്ളനെ പിടിക്കുക, കവര്‍ച്ചയില്‍ നിന്നും രക്ഷ നല്‍കുക എന്നത് കാവല്‍ക്കാരന്റെ ബാധ്യതയാണ്. ആ ബാധ്യത നിറവേറ്റാനാണ് ജനം അവരെ തിരഞ്ഞെടുത്തതും.

നമ്മുടെ ശത്രു പാകിസ്ഥാനല്ല. മനുഷ്യജീവന്‍ കൊണ്ട് വിലപേശുന്ന ഭീകരര്‍ മാത്രമാണ്, അതിനു പിന്തുണ നല്‍കുന്നവരും. നാടിന്റെയും ജനത്തിന്റെയും ശത്രു ഒരാളാണെന്ന് വന്നാല്‍ ഒന്നിച്ചു നേരിടുക എന്നതാണ് ശരിയായ മാര്‍ഗം. ശത്രുവിനെതിരെ ഒന്നിക്കാന്‍ നമ്മുടെ നാട്ടിലെ രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് പോലും കഴിയുന്നില്ല, ദുരന്തങ്ങളും പരസ്പരം നേട്ടങ്ങള്‍ക്കായി ഉപയോഗിക്കുന്നു. ശത്രുവിനെതിരെ നാം ഒറ്റക്കെട്ടെന്നു ലോകത്തെ ബോധ്യപ്പെടുത്തേണ്ട സമയത്ത് നാം പല തട്ടിലാണ് എന്ന പ്രതീതിയാണ് പുറം ലോകത്തിനു ലഭിക്കുക.

നമ്മുടെ ലക്ഷ്യം യുദ്ധമല്ല. ഭീകരത ഇല്ലാതാക്കുകയാണ്. അതിനു നല്ല മനുഷ്യര്‍ എല്ലാം ഒന്നിക്കണം. ഇരു രജ്യങ്ങളിലും നല്ല മനുഷ്യരാണ് കൂടുതല്‍. ഭീകരര്‍ കുറവുമാണ്. കുറച്ചു പേര്‍ക്ക് വേണ്ടി കൂടുതല്‍ പേരെ ദുരന്തത്തിലേക്ക് തള്ളിവിടാന്‍ ബുദ്ധിയുള്ള ഭരണകൂടങ്ങള്‍ ശ്രമിക്കരുത്. തിന്മയുടെ കൂട്ടുകാരെ ഒറ്റപ്പെടുത്താന്‍ നല്ലവര്‍ ഒന്നിക്കുക എന്നതാവട്ടെ നമ്മുടെ മുദ്രാവാക്യം.

Facebook Comments
Related Articles
Show More
Close
Close