Current Date

Search
Close this search box.
Search
Close this search box.

യുക്രൈനിലെ ദുരന്തവും ഇന്ത്യൻ വിദ്യാർത്ഥികളുടെ ഭാവിയും

ഇന്ത്യയിൽ നിന്നും ഉപരി പഠനാർത്ഥം വിദേശത്തേക്ക് പോവുന്ന ആൺകുട്ടികളുടേയും പെൺകുട്ടികളുടേയും എണ്ണത്തിൽ വലിയ വർധനവാണ് ഉണ്ടായികൊണ്ടിരിക്കുന്നത്. വിദ്യാഭ്യാസത്തിനായി ഏതറ്റം വരേയും പോവാനും പണം ചെലവഴിക്കാനും അവർ തയ്യാറാണ്. റഷ്യ യുക്രൈൻ എന്ന കൊച്ചു രാജ്യത്തെ അക്രമിച്ചപ്പോൾ അങ്ങനെയാണ് നമ്മുടെ കുറേ മക്കൾ യുക്രൈയിനിൽ കുടുങ്ങിപോയത്. ദേശത്തിൻറെ എത്ര മക്കളാണ് യുദ്ധക്കെടുതിക്കിരയായതെന്നും അവരുടെ രോദനവും നിലവിളിയും നാം നിർവ്വിശങ്കം കേൾക്കുകയുണ്ടായി.

റഷ്യ യുക്രൈൻ യുദ്ധം ആരംഭിക്കുന്നതിൻറെ മാസങ്ങൾക്ക് മുമ്പ് തന്നെ, ചുരുങ്ങിയത് ആഴ്ചകൾക്ക് മുമ്പ് എങ്കിലും, ഇത്തരമൊരു ആക്രമണം നടക്കുമെന്നതിനെ കുറിച്ച് വ്യക്തമായ അറിവ് ലഭിച്ചിട്ടും, ഒട്ടകപക്ഷി നയം സ്വീകരിക്കുകയായിരുന്നു നമ്മുടെ ഭരണാധികാരികളും. 20,000 ത്തോളം ഇന്ത്യക്കാർ പല കാരണങ്ങളാൽ, അവരിൽ അധികവും വിദ്യാർത്ഥികളാണ്, യുക്രൈയിനിൽ കഴിയുന്നുണ്ട് എന്നറിഞ്ഞിട്ടും അവരെ രാജ്യത്തേക്ക് തിരിച്ചത്തെിക്കുന്നതിനെ കുറിച്ചു നാം അജ്ഞത നടിക്കുകയായിരുന്നു.

ടി.വി.ചാനലുകളിലൂടെ കേൾക്കുന്ന ജീവന് വേണ്ടിയുള്ള അവരുടെ നിലവിളി, നമ്മുടെ ഭരണാധികരികളൊഴിച്ച് എല്ലാവരുടേയും കരളലിയിപ്പിക്കുന്നതാണു. കലാപങ്ങൾക്ക് നേതൃത്വം കൊടുത്തും അക്രമങ്ങൾ അഴിച്ചുവിട്ടും അവരുടെ മനുഷ്യത്വം, അങ്ങനെയൊന്ന് ഉണ്ടങ്കിൽ, മരവിച്ചിരിക്കുന്നു. കൊടും തണുപ്പിൽ ഭക്ഷണമില്ലാതെ, വസ്ത്രമില്ലാതെ കഴിയുന്നവരുടെ അവസ്ഥ അനുഭവിച്ചവർക്കേ അറിയൂ. ഇത്പോലെയുള്ള ഒരു ആക്രമണം 1990 ൽ ഇറാഖ് കുവൈത്തിനെതിരെ നടത്തിയപ്പോൾ, അന്ന് ജോർദൻ വഴി നാട്ടിലേക്ക് പാലായനം ചെയ്തതിൻറെ ഓർമ്മ ഇപ്പോഴും നടുക്കമുളവാക്കുന്നു.

യുക്രൈയിനിനെക്കാൾ അഞ്ച് ഇരട്ടി വലിപ്പമുള്ള, പ്രകൃതി വിഭവങ്ങളും ഭൂപ്രകൃതിയം കൊണ്ടു സമ്പന്നമായ രാജ്യമാണ് ഇന്ത്യ. എന്നിട്ടും എന്ത്കൊണ്ട് നമ്മുടെ കുട്ടികൾക്ക് അവരുടെ സ്വപ്നങ്ങൾ സാക്ഷാൽകരിക്കാൻ സൗകര്യം ചെയ്തുകൊടുക്കുന്നില്ല? നിക്ഷിപ്ത താൽപര്യങ്ങളും ബഹുഭൂരിഭാഗം ജനങ്ങളും തങ്ങളുടെ പാദസേവകരായി നിലകൊള്ളണമെന്ന ഫാസിസ്റ്റ് മനോഭാവമല്ലാതെ മറ്റൊന്നുമല്ല. ഒരു ആണവ നിലയം ഉണ്ടാക്കുന്ന പണം ഉണ്ടായാൽ, പത്ത് മെഡിക്കൽ കോളേജെങ്കിലും ഉണ്ടാക്കാൻ കഴിഞ്ഞേനെ. കോടികൾ തുലച്ചു ടാങ്കുകളും മിസൈലുകളും വാങ്ങികൂട്ടുന്നതിന് പകരം ദേശനിവാസികൾക്ക് എൻജീനിയറിംങ്ങ് കോളേജും പരിശീലന കേന്ദ്രങ്ങളും സ്ഥാപിച്ചിരുന്നെങ്കിൽ.

ഇപ്പോൾ സ്വകാര്യവൽകരണത്തിൻറെ പേരിൽ എല്ലാം വിറ്റുതുലക്കുന്ന തെരക്കിലാണ് നമ്മുടെ ഭരണാധികാരികൾ. പ്രമുഖ ദേശസൽകൃത സ്ഥാപനങ്ങളെ നഷ്ടത്തിലാക്കണമെന്ന കരാറോട്കൂടിയാണ് അതിൻറെ തലപ്പത്ത് മാനേജർമാരെ നിയമിക്കുന്നതെന്ന് പോലും തോന്നിപോവുന്ന അവസ്ഥയാണുള്ളത്. സ്വന്തം പൗരന്മാർക്ക് വിദ്യാഭ്യാസവും ശുശ്രൂഷയും നൽകാൻ സർക്കാർ പഴയതുപോലെ ശുഷ്കാന്തി കാണിക്കാത്തതിൻറെ ബലിയാടുകളാണ് യുക്രൈയിനിലെ നമ്മുടെ കുട്ടികൾ. ഭാവിയിലെങ്കിലും നമ്മുടെ കുട്ടികളെ കുരുതിക്കിരയാക്കാതിരിക്കാൻ ആവശ്യമായ സംവിധാനങ്ങൾ രാജ്യത്ത് ഒരുക്കേണ്ട കാലം അതിക്രമിച്ചിരിക്കുന്നു.

ഇടതു സർക്കാർ ഭരിക്കുന്ന കേരളത്തിൻറെ കാര്യവും ഒട്ടും ഭിന്നമല്ല. മനുഷ്യവിഭവത്താൽ സമ്പന്നമാണ് കേരളം. അതിനെ ഫലപ്രദമായി ഉപയോഗിക്കാനുള്ള പദ്ധതികൾ ആവിഷ്കരിക്കുന്നതിന് പകരം, കെ റയിലിന് വേണ്ടി അഹോരാത്രം പണിഎടുത്തുകൊണ്ടിരിക്കുകയാണു നമ്മുടെ മുഖ്യമന്ത്രി. ആ തുകയുടെ ചെറിയ വിഹിതം നീക്കിവെച്ചാൽ, എല്ലാ ജില്ലകളിലും മെഡിക്കൽ കോളേജുകൾ, മറ്റു ആവശ്യമായ ടെക്നികൽസ്ഥാപനങ്ങൾ, വിദ്യാഭ്യാസ സമുച്ചയങ്ങൾ സ്ഥാപിക്കാനും അവയുടെ നിലവാരം ഉയർത്താനും സാധിക്കുമായിരുന്നു. എങ്കിൽ, സംസ്ഥാനത്തെ ജനങ്ങളുടെ ജീവിതാവസ്ഥ മെച്ചപ്പെടുമെന്ന് മാത്രമല്ല, ലോകത്തിന് ആവശ്യമുള്ള മനുഷ്യ വിഭവത്തെ നൽകാനും നമുക്ക് കഴിയുമായിരുന്നു.

യുക്രൈയിനിലെ ദുരന്തവും ഇന്ത്യൻ വിദ്യാർത്ഥികളുടെ ഭാവിയെ കുറച്ചും ആലോചിക്കുമ്പോൾ അടിയന്തരമായി ചെയ്യേണ്ട കാര്യമാണ് അവരുടെ തുടർ പഠനത്തിന് സൗകര്യമുണ്ടാക്കുക എന്നത്. അവിടെ ഏത് കോർസിനാണൊ അവർ പഠിച്ചിരുന്നത് അതേ കോർസിന് അതത് സംസ്ഥാനങ്ങളിൽ സംവിധാനം ഒരുക്കാൻ കേന്ദ്ര സംസ്ഥാന സർക്കാറുകൾ തയ്യാറാവണം. തിരിച്ചുവന്ന നമ്മുടെ കുട്ടികളോട് ഐക്യദാർഡ്യം പ്രകടിപ്പിച്ചു സർക്കാറുകളിൽ സമ്മർദ്ദം ചെലുത്താനും ആവശ്യമായ വിദ്യാഭ്യാസ മെഡിക്കൽ സ്ഥാപനങ്ങൾ തുടങ്ങാനും ശക്തമായ പ്രക്ഷോഭത്തിലൂടെ മാത്രമേ സാധിക്കുകയുള്ളൂ. ഇനിഎങ്കിലും നമ്മുടെ കുട്ടികളെ രാഷ്ട്രീയ ബലിയാടിന് ഇടയാകാതിരിക്കാൻ എല്ലാവരും ശ്രമിക്കേണ്ടതാണ്.

Related Articles