Current Date

Search
Close this search box.
Search
Close this search box.

ഇബ്രാഹിം നബിയുടെ ബലിയും പ്രകൃതി ദുരന്തവും

ഒരുപാട് അന്വേഷണങ്ങള്‍ക്ക് ശേഷമാണ് ബനൂ ഇസ്രായില്‍ ബലി നടത്തിയത്. ആ നാട്ടില്‍ ലഭിക്കാവുന്ന ഏറ്റവും നല്ല ഉരുവിനെ തന്നെ അവര്‍ ബലി കഴിച്ചു. ആ ബലിയെ കുറിച്ച് ഖുര്‍ആന്‍ പറഞ്ഞത് ‘അങ്ങനെ അവര്‍ അതിനെ അറുത്തു. അവരതു ചെയ്യാന്‍ തയാറായിരുന്നില്ല’ എന്നാണ്. ഇബ്രാഹിം പ്രവാചകന്റെ ബലി സംഭവിച്ചിട്ടില്ല. പക്ഷെ ആ ബലിയെ കവച്ചു വെക്കാന്‍ കഴിയുന്ന മറ്റൊരു ബലിയും പിന്നെ നാം പറഞ്ഞു കേട്ടില്ല. ഖുര്‍ആന്‍ അതിനെ കുറിച്ച് ഇങ്ങിനെ പറയുന്നു ‘അവയുടെ മാംസമോ രക്തമോ അല്ലാഹുവിനെ പ്രാപിക്കുന്നില്ല. മറിച്ച്, അവനെ പ്രാപിക്കുന്നത് നിങ്ങളുടെ ഭക്തിയാകുന്നു’. അപ്പോള്‍ കേവലം ഒരു ഉരുവിനെ അറക്കുക എന്നതിലേക്ക് ബലികര്‍മ്മം താഴാന്‍ പാടില്ല. ഇബ്രാഹിം പ്രവാചകന്‍ ‘അല്ലാഹുവിനു പൂര്‍ണമായി സമര്‍പ്പിതനായി’ എന്നാണു ഖുര്‍ആന്‍ പറഞ്ഞത്.

ഒരു ചടങ്ങു എന്ന രീതിയില്‍ ബലികര്‍മ്മം രൂപാന്തരം പ്രാപിക്കരുത്. അറുത്ത ഉരുവിന്റെ എണ്ണം നോക്കി പ്രവര്‍ത്തനം വിലയിരുത്തുക എന്നതിനേക്കാള്‍ അല്ലാഹുവിന്റെ അടുത്ത് സ്വീകാര്യമാകുക അതിന്റെ പിന്നിലെ മനസ്സാകും. പലപ്പോഴും പലരില്‍ നിന്നും വിഹിതം നിര്‍ബന്ധ പൂര്‍വം പിടിച്ചു വാങ്ങേണ്ടി വരുന്നു. അല്ലാഹുവിനെ മാര്‍ഗത്തില്‍ ചിലവഴിക്കുക എന്ന അടിസ്ഥാന ബോധ്യമുള്ളവര്‍ക്കുള്ളതാണ് ഈ ബലിയും. അത് കേവലം ഒരു ഇറച്ചി കച്ചവടമായി മാറരുത്. ഹജ്ജിന്റെ ഒരു കര്‍മമാണ് ബലി. പെരുന്നാളിന്റെ പ്രത്യേക കര്‍മവും. ഇബ്രാഹിം എന്ന പ്രവാചകന്‍ ത്യാഗത്തിന്റെ പര്യായമാണ്. ഇസ്‌ലാം ത്യാഗമാണ്. ആ ത്യാഗത്തിന്റെ ഓര്‍മ്മപ്പെടുത്തല്‍ കൂടിയാണ് ഹജ്ജും ബലിയും. ശരീരം കൊണ്ടും ധനം കൊണ്ടും ദൈവിക മാര്‍ഗത്തില്‍ സമരം ചെയ്യാനുള്ള ആര്‍ജ്ജവമാണ് ഹജ്ജും ബലിയും നമുക്കു നല്‍കേണ്ടത്. പെരുന്നാളിന് ഒരു ഉരുവിനെ അറുത്താല്‍ ഇസ്ലാം ഉദ്ദേശിച്ച ബലിയാകില്ല. പകരം ത്യാഗവും സമര്‍പ്പണവും ഒന്നിച്ചു ചേര്‍ന്നാല്‍ മാത്രമാണ് ബലിയുടെ ഉദ്ദേശം പൂര്‍ത്തിയാകുന്നത്.

ബലികര്‍മ്മം മാറ്റിവെച്ചു ദുരിത ബാധിതരെ സഹായിക്കുക എന്നതിനേക്കാള്‍ ഇത് രണ്ടും ഒരേ പോലെ കൊണ്ട് പോകുക എന്നതാണ് വിശ്വാസിയുടെ ദൗത്യം. തനിക്കു ചുറ്റും കഷ്ടത അനുഭവിക്കുന്ന മനുഷ്യരെ കണ്ടില്ലെന്നു നടിക്കാന്‍ വിശ്വാസികള്‍ക്ക് കഴിയില്ല. കാരണം അത് അവരുടെ നിര്‍ബന്ധ ബാധ്യതയാണ്. ഇസ്ലാമിലെ നിര്‍ബന്ധ ആരാധന കാര്യങ്ങള്‍ പഠിപ്പിക്കുന്നതിന്റെ മുമ്പ് ഇത്തരം വിഷയങ്ങള്‍ പഠിപ്പിച്ചിരുന്നു. കഷ്ടപ്പെടുന്നവന്റെ കഷ്ടപ്പാടുകള്‍ തന്റെയും കൂടി കഷ്ടതയാണ് എന്ന അവസ്ഥയില്‍ എത്തുമ്പോള്‍ മാത്രമാണ് വിശ്വാസം പൂര്‍ത്തിയാകുന്നത്. ബലിയും ഈ സഹായവും കൂട്ടി ചേര്‍ക്കേണ്ടതില്ല. കേരള സാഹചര്യത്തില്‍ അതിന്റെ ആവശ്യകത നമുക്ക് ബോധ്യമാവും. ഇറച്ചി സൂക്ഷിക്കാന്‍ ഇടമില്ലാത്ത അവസ്ഥയാണ് പലപ്പോഴും നമ്മുടെ മുന്നില്‍ വരിക. അതെ സമയം പെരുന്നാളിന് മാത്രം ഇറച്ചി കഴിക്കുന്ന ജനതയും നമ്മുടെ നാട്ടിലുണ്ട്. ഇസ്ലാമിലെ ഒരു സുന്നത്തു വഴി തിരിച്ചു വിടുക എന്നത് ഫാസിസ്റ്റു കാലത്തു വലിയ വില കൊടുക്കേണ്ടി വരും. സുന്നത്തുകള്‍ ആ വഴിക്കു പോകട്ടെ. അതിന്റെ സ്ഥലം പരിഗണിക്കുക എന്നതാകും കൂടുതല്‍ അഭികാമ്യം.

സാമ്പത്തിക സഹായവും അതുമായി ബന്ധപ്പെട്ട ബാധ്യതകളും ധനമുള്ളവരെ മാത്രം ബാധിക്കുന്ന വിഷയമാണ്. ഒന്ന് നിര്‍ത്തിവെച്ചല്ല മറ്റൊന്നിനു സഹായിക്കേണ്ടത്. ബലി ഒരു സമയത്തിന്റെ മാത്രം വിഷയമാണ്. ദുരന്തവും സഹായവും എല്ലായ്‌പ്പോഴും ഉണ്ടാകുന്നതും. ചിലവഴിക്കുക എന്നത് ഒരു ജീവിത രീതിയായി സ്വീകരിച്ചവര്‍ക്കു ഇതൊന്നും ഒരു ഭാരമാകില്ല. ദുരിതം അനുഭവിക്കുന്ന മനുഷ്യരെ സഹായിക്കാന്‍ സ്വമേധയാ മനസ്സ് വരാത്തവര്‍ ബലി നടത്തണമെന്നു ദൈവം പറയുന്നുമില്ല.

Related Articles