Columns

ദേശീയ പാത വികസനം ആരുടെ കുറ്റം ?

കേരളത്തിലെ വാഹനങ്ങളെ ഉള്‍ക്കൊള്ളാന്‍ മാത്രമുള്ള റോഡുകള്‍ സംസ്ഥാനത്തില്ല എന്നത് സത്യമാണ്. പാതകളുടെ കാര്യത്തില്‍ കേരളം ഇനിയും വളരെയധികം മുന്നോട്ടു പോകണം. എന്ത് കൊണ്ട് കേരളത്തില്‍ ഇത്രകാലമായിട്ടും ഗതാഗത യോഗ്യമായ പുതിയ റോഡുകള്‍ വന്നില്ല എന്ന ചോദ്യത്തിന്ന് നമുക്ക് നല്‍കാന്‍ കഴിയുന്ന ഉത്തരം കേരളത്തില്‍ റോഡ് മാത്രമല്ല കഴിഞ്ഞ ഏഴു പതിറ്റാണ്ടു കൊണ്ട് റെയില്‍ ഗതാഗതത്തിന്റെ കാര്യത്തിലും കാര്യമായ നേട്ടം ഉണ്ടാക്കാന്‍ കഴിഞ്ഞിട്ടില്ല എന്നത് തന്നെയാണ്. കേന്ദ്ര സര്‍ക്കാരുകളുടെ നിരന്തരമായ അവഗണനകള്‍ക്കു ഇത്രമേല്‍ പാത്രമായ സംസ്ഥാനം കേരളം പോലെ മറ്റൊന്നില്ല എന്ന് തന്നെയാണ് നമുക്ക് പറയാന്‍ കഴിയുക.

കേന്ദ്രം ദേശീയ പാത വികസനം അട്ടിമറിച്ചു എന്നതാണ് പുതിയ വിവാദ വിഷയം. ദേശീയ പാത വികസനം എന്നത് കേരളത്തെ സംബന്ധിച്ചിടത്തോളം ഒരു നിര്‍ബന്ധ കാര്യമാണ്. പക്ഷെ അതിനു സര്‍ക്കാരുകള്‍ കൈക്കൊള്ളുന്ന നിലപാടുകള്‍ മാറണമെന്ന് മാത്രം. ഇരകളില്‍ നിന്നും നിര്‍ബന്ധ പൂര്‍വം ഭൂമി പിടിച്ചെടുക്കുക എന്നതായിരുന്നു സംസ്ഥാന സര്‍ക്കാര്‍ സ്വീകരിച്ച നടപടി. കേരളത്തില്‍ ഒരു യുദ്ധ സമാനമായ ഇടപെടലിലൂടെയായിരുന്നു പ്രസ്തുത നടപടി ക്രമങ്ങള്‍. ഭൂമിയും വീടും നഷ്ടമാകുന്നവരുടെ ഭാവിയെ കുറിച്ച് കൃത്യമായ ഒരു തീരുമാനവും സര്‍ക്കാര്‍ തലത്തില്‍ നിന്നും വന്നില്ല. അതിലപ്പുറം പ്രതിഷേധിക്കുന്നവരെ ഭീഷണിപ്പെടുത്തുന്ന രീതി തുടര്‍ന്ന് പോന്നു. കോടതികളും ഇത്തരം വിഷയങ്ങളില്‍ ഇടപെടാന്‍ മടിച്ചു നിന്ന അനുഭവം ധാരാളം. കേരളത്തിലെ റോഡ് വികസനം കുറച്ചു പേരുടെ ചിലവില്‍ മാത്രമായി നടക്കണം എന്നതായിരുന്നു വിഷയത്തിന്റെ കാതല്‍.

റോഡ് വികസനത്തിന് സ്ഥലം ഏറ്റെടുക്കുക എന്നത് ഒരു സാധാരണ സംഭവം മാത്രമാണ്. എല്ലാ രാജ്യത്തും അത് നടക്കുന്നുണ്ട്. ഇരകളെ പരിഗണിച്ചു കൊണ്ടാകണം അത്തരം തീരുമാനങ്ങള്‍ എന്നത് മാത്രമാണ് അതിന് പറയപ്പെടുന്ന കാരണം. എല്ലാം നഷ്ടമാകുന്ന ഇരകളെ പരിഹസിക്കാനും ശത്രുക്കളായി കാണാനും ഭരണ കൂടങ്ങളും രാഷ്ട്രീയ പാര്‍ട്ടികളും മുന്നിട്ടിറങ്ങി എന്നതാണ് അതിലെ ദുരന്തം. റോഡ് വരാന്‍ ഭൂമി വേണം എന്നതു പോലെ തന്നെ പ്രസക്തമാണ് കേരളം പോലുള്ള ഒരു സംസ്ഥാനത്തിലെ ഭൂമിയുടെ ലഭ്യതയും. പുതിയ ഭൂമി വാങ്ങി വീട് സ്ഥാപിക്കുക എന്നത് വര്‍ത്തമാന സാഹചര്യത്തില്‍ പലര്‍ക്കും അചിന്തനീയമാണ്. അത്രമേല്‍ ഉയരത്തിലാണ് കേരളത്തിലെ ഭൂമിയുടെ ലഭ്യത. അതിനു പുറമെ വരാന്‍ പോകുന്ന റോഡിലൂടെ സഞ്ചരിക്കാന്‍ അമിതമായ ടോള്‍ കൊടുക്കേണ്ടിയും വരുന്നു. കേരത്തിന്റെ സഞ്ചാര സൗകര്യം എന്നതിനേക്കാള്‍ ബി ഒ ടി മുതലാളിയുടെ കീശ നിറക്കുക എന്നത് കൂടി നിര്‍ദ്ദിഷ്ട പാത വികസനത്തിന്റെ കാരണമാണ് എന്നത് പരസ്യമായ രഹസ്യമാണ്.

നിലവിലുള്ള സാഹചര്യത്തില്‍ മുപ്പതു മീറ്ററില്‍ തന്നെ ആറുവരി പാത പണിയാം എന്നിരിക്കെ അനാവശ്യമായി നാല്‍പത്തിയഞ്ചു മീറ്റര്‍ എന്തിനു എന്ന ചോദ്യത്തിന് ഇനിയും മറുപടി ലഭിച്ചിട്ട് വേണം. പല സ്ഥലത്തും പലര്‍ക്കും വേണ്ടിയും റോഡ് വളഞ്ഞു പോയതും നാം കണ്ടതാണ്. ദേശീയ പാത ഇരകള്‍ എണ്ണത്തില്‍ കുറവാണ് എന്നതിനാല്‍ തന്നെ പൊതു സമൂഹവും പലപ്പോഴും അവരെ അവഗണിച്ചു. തങ്ങള്‍ക്ക് ഒന്നും നഷ്ടപ്പെടുന്നില്ല എന്ന ബോധമാണ് പലപ്പോഴും അതിനു പിന്നില്‍. ഒറ്റപ്പെടലും നഷ്ടബോധവും ഇരകളെ വല്ലാതെ ബാധിച്ചിരുന്നു. കേരളത്തിലെ പ്രബല രാഷ്ട്രീയ കക്ഷികള്‍ പോലും ഈ വിഷയത്തില്‍ ഇരകളുടെ കൂടെ നിന്നില്ല എന്നത് കൂടി ചേര്‍ത്ത് വായിക്കണം.

കേന്ദ്രത്തിലെ ബി ജെ പി സര്‍ക്കാരും സംസ്ഥാന സര്‍ക്കാരും തമ്മിലുള്ള രാഷ്ട്രീയ പകപോക്കലായി ഈ വിഷയത്തെ നിസാര വല്‍ക്കരിക്കരുത്. ദേശീയ പാത വികസനം ഇരകളെ കൂടി കണക്കിലെടുത്തു മുപ്പതു മീറ്ററില്‍ പണിയുക എന്ന സാധ്യമാകുന്ന രീതിയിലേക്ക് ബന്ധപ്പെട്ടവര്‍ ഇറങ്ങി വരണം. ഇപ്പോള്‍ തന്നെ പല പേരിലും കോടികള്‍ ഈ വിഷയത്തില്‍ പലരും കൈക്കലാക്കിയിട്ടുണ്ട്. അതിനിയും തുടരും എന്നല്ലാതെ വിഷയത്തിന് ഒരു ശാശ്വത പരിഹാരം ഉണ്ടാകുക എന്നത് തീര്‍ത്തും അകലെയാണ്. കേരളം വികസിക്കണം എന്നത് ശരിയാണ്. ബി ഒ ടി എന്ന ദുരന്തത്തെ കേരളത്തിലേക്ക് കൊണ്ട് വന്നാല്‍ അവരാകും ആദ്യം വികസിക്കുക. അല്ലെങ്കില്‍ അവര്‍ക്കു വഴി തുറന്നു കൊടുത്തവരും.

Facebook Comments
Show More

Related Articles

Check Also

Close
Close
Close