ടി.വി ഈച്ചരവാര്യരുടെ ‘ഒരച്ഛൻ്റെ ഓർമ്മക്കുറിപ്പുകൾ’ എന്ന, നൂറ്റി നാല്പത്തി നാല് പേജുകളുള്ള ആത്മകഥ ഞാൻ ആകെ വായിച്ചത് ഒന്നര പേജോളമാണ്. “രാജൻ വരുമെന്ന് തന്നെ ഞാൻ ഉറച്ചു വിശ്വസിച്ചു. രാത്രി എപ്പോഴും ഒരിലച്ചോറ് കരുതി വെയ്ക്കാൻ ഞാൻ ഭാര്യയോട് പറഞ്ഞു കൊണ്ടിരുന്നു. അവനെപ്പോഴും വരാം.പട്ടിണി കിടന്ന് വിശന്ന വയറോടെ ചടച്ച ശരീരത്തോടെ അവൻ വരുമ്പോൾ ചോറ് കരുതി വെച്ചിരിക്കണം. അവന് വരാതിരിക്കാനാവില്ല. തുടർച്ചയായുള്ള രാജൻ്റെ അഭാവം അവൻ്റെ അമ്മ രാധയെ ദിനംപ്രതി തളർത്തി കൊണ്ടിരുന്നു.രാജൻ്റെ സുഹൃത്തുക്കൾ കാണാൻ വന്നാൽ രാജനെ കണ്ടുവോ എന്ന ചോദ്യം അവർ നിരന്തരമുയർത്തി .
2000 മാർച്ച് 13 നാണ് രാജൻ്റെ അമ്മ എന്നെ വിട്ടുപിരിയുന്നത്. രാധയുടെ മരണത്തിന് അവസാന ആഴ്ച വരെ ഞാനവരെ കാണാൻ ചെന്നു. വൈകിട്ട് തൃശൂരിലേക്ക് യാത്ര ചോദിച്ചപ്പോൾ അവർ കിടക്കയിൽ കിടന്നു കൊണ്ട് എൻ്റെ കൈകളിൽ പിടിച്ചു.അവരുടെ കണ്ണുകളിൽ ദൈന്യം മുറ്റിയ ഒരപേക്ഷ വന്നു നിറഞ്ഞു “ഇനി വരുമ്പോ ഒന്നു കാണാൻ രാജനെ കൊണ്ടരുമോ ? കക്കയം ക്യാമ്പ് എന്ന് പറയുമ്പോൾ തലമുറകൾ ലജ്ജിച്ചു തലതാഴ്ത്തുന്നത് ഞാൻ കാണുന്നു. ജനാധിപത്യ കേരളത്തിൻ്റെ കൊടിക്കൂറയിൽ എക്കാലവും കണ്ണീരിൽ വിരിഞ്ഞൊരു പൂവ് വിടർന്നു നിൽക്കുമെന്നും ഞാനുറച്ചു വിശ്വസിക്കുന്നു. വാർദ്ധക്യത്തിൽ സമ്മാനമായി കിട്ടുന്ന അബോധാവസ്ഥയിലും കക്കയം ക്യാമ്പിനെക്കുറിച്ചു തന്നെയാണ് ഞാൻ പറയുക.
കഴിഞ്ഞ രാത്രിയിൽ കനത്ത മഴ പെയ്തിരുന്നു. മകളുടെ വീടായ ശ്രീ വിഹാറിൻ്റെ ജനലുകൾ തുറന്നിട്ടാൽ പടിഞ്ഞാറേ ചിറ. മിന്നലിൽ തിളങ്ങുന്ന ജലം. മഴ ജ്വലിച്ചു വീഴുകയാണ്. എനിക്ക് രാജനെ ഓർമ്മ വരികയാണ്. രാജനെ ഏതോ കൊടുങ്കാട്ടിലിട്ട് പഞ്ചസാരയിട്ട് കത്തിച്ചു എന്നാണ് പറഞ്ഞത്. ആർക്കും അവൻ്റെ ഒരു കഷണം എല്ലുപോലും കിട്ടരുത് എന്നായിരുന്നു നിശ്ചയം. കക്കയം ക്യാമ്പിലേക്ക് കൊണ്ടുവന്ന എൻ്റെ മകൻ രാജനെ ആദ്യം ഭീകരമായി മർദ്ദിച്ചു. കായണ്ണ പോലീസ് സ്റ്റേഷൻ ആക്രമിക്കാൻ ഒരു തോക്ക് എടുത്തിരുന്നുവത്രേ. അത് എവിടെയെന്ന് ചോദിച്ചായിരുന്നു മർദ്ദനം. ആദ്യത്തെ മർദ്ദനത്തിൽ തന്നെ രാജൻ തളർന്നു. പിന്നീട് അവൻ്റെ കൈകാലുകൾ ബെഞ്ചിനു പിറകിലേക്ക് വെച്ച് കൂട്ടിക്കെട്ടി. ഉരുട്ടലായിരുന്നു മുറ. ‘അമ്മേ’ എന്ന് നിലവിളിച്ച് അവൻ കരഞ്ഞു. അപ്പോൾ വായിൽ തുണി കുത്തിക്കയറ്റി. മർദ്ദനത്തിനൊടുവിൽ സഹിക്കാൻ വയ്യാതെ തോക്കെടുത്തു തരാമെന്ന് രാജൻ പറഞ്ഞത്രെ. അപ്പോൾ ഉരുട്ടൽ നിർത്തി. പിന്നെ അവനെ താങ്ങിപ്പിടിച്ച് ജറയാംപടിക്കലിൻ്റെ മുന്നിലേക്ക് കൊണ്ടുപോയി. തോക്ക് കാണിച്ചു തരാൻ രാജനെ ജീപ്പിൽ കയറ്റിയിരുത്താൻ അദ്ദേഹം കല്പിച്ചു. അപ്പോൾ രാജൻ കരഞ്ഞു. തോക്ക് എവിടെയെന്ന് തനിക്കറിയില്ലെന്നും മർദ്ദനത്തിൽ വേദന സഹിക്കാതെ അങ്ങനെ പറഞ്ഞു പോയതാണെന്നും രാജൻ പറഞ്ഞു. അപ്പോൾ പുലിക്കോടൻ നാരായണൻ ബൂട്ട്സിട്ട കാലുകൊണ്ട് രാജൻ്റെ വയറ്റിൽ ചവിട്ടി. ഒരു നിലവിളിയോടെ രാജൻ പുറകോട്ട് മറിഞ്ഞു. അർദ്ധരാത്രി രാജൻ്റെ മൃതദേഹം ചാക്കിൽ കെട്ടി ജീപ്പിന് പിറകിൽ കയറ്റി .
ഞാൻ അവസാനിപ്പിക്കുകയാണ്. ഈ കർക്കടകത്തിൽ മഴ തകർത്തു പെയ്യുന്നു. പെരുമഴ ശ്രീ വിഹാറിന് മുകളിൽ പെയ്തു വീഴുമ്പോഴൊക്കെ ഞാൻ മോനെ ഓർക്കുന്നു. പടിവാതിൽ അടച്ചു പൂട്ടിയാലും ആരോ വന്ന് അത് തുറന്ന് പൂമുഖപ്പടിയിൽ മുട്ടുന്നത് പോലെ. ആത്മാവിന് പൂർവജന്മ ബന്ധങ്ങളില്ലാ എന്നെഴുതുന്നത് ശരിയാവില്ല. മഴ പൊഴിയുന്ന ഈ രാത്രിയിൽ ഞാൻ അവൻ്റെ കാസറ്റിലാക്കിയ പാട്ടു വെയ്ക്കുന്നു. മൂളുന്ന ടേപ് റെക്കാർഡിനൊപ്പം കളഞ്ഞു പോയ ഒരു ശബ്ദവീചിയെ ഞാൽ തൊട്ടെടുക്കാൻ ശ്രമിക്കുകയാണ്. പരുക്കനായ ഒരച്ഛനായതു കൊണ്ടുമാത്രം ഞാൻ കേൾക്കാതെ പോയ പാട്ടുകൾ കൊണ്ട് എൻ്റെ ഭൂമി നിറയുകയാണ്. പുറത്ത് മഴ നനഞ്ഞ് എൻ്റെ മകൻ നില്ക്കുന്നു. പകയുണ്ടോ എന്ന ചോദ്യത്തിന് ഇപ്പോഴും എനിക്കുത്തരമില്ല. പക്ഷേ ലോകത്തിനോട് ഒരു ചോദ്യം ഞാനിപ്പോഴും ബാക്കിയാക്കുന്നു. എൻ്റെ നിഷ്കളങ്കനായ കുഞ്ഞിനെ മരിച്ചിട്ടും നിങ്ങളെന്തിനാണ് മഴയത്ത് നിറുത്തിയിരിക്കുന്നത്. ഞാൻ വാതിലടയ്ക്കുന്നേയില്ല. പെരുമഴ എന്നിലേക്ക് ചെയ്തു വീഴട്ടെ. ഒരു കാലത്തും വാതിലുകൾ താഴിടാനാവാത്ത ഒരച്ഛനെ അദ്യശ്യനായ എൻ്റെ മകനെങ്കിലും അറിയട്ടെ…”
‘അടിയന്തരാവസ്ഥയിലെ പീഡിതർക്ക്’ സമർപ്പിച്ചിട്ടുള്ള ആ പുസ്തകം മുഴുവൻ വായിച്ചാൽ ഉടുത്തിരിക്കുന്ന വസ്ത്രത്തോടെ ദേഹത്ത് തീ ആളിക്കത്തിയ പോലെ വേദനയും വെപ്രാളവും കൊണ്ട് ഓടിപ്പോവുന്നത്ര നിസ്സഹായതയിലാവുമെന്ന് ഭയന്നു പോയി. അത്, ജീവിതത്തിലെ വായനയുണ്ടായിരുന്ന കാലമായിരുന്നിട്ടും ” വായിച്ചിട്ട് തിരിച്ചു തരാം” എന്ന ഒരൊറ്റ ചോദ്യത്തിൻ്റെ മാത്രം അകലത്ത് പുസ്തകം കിട്ടാനുണ്ടായിരുന്നിട്ടും അതിലപ്പുറം വായിക്കാൻ അശക്തയാണ് ഞാനിപ്പോഴും.
ജെ. എൻ. യൂവിൽ നിന്ന് നിർബന്ധപൂർവ്വം കാണാതാക്കപ്പെട്ട നജീബിൻ്റെ തിരോധാന കേസ് എങ്ങുമെത്താതെ അവസാനിപ്പിച്ചു എന്ന വാർത്തയിൽ ഉറക്കം നഷ്ടമായ കഴിഞ്ഞ ദിവസം എനിക്ക് പിന്നെയും ഈച്ചര വാര്യരെ ഓർമ വന്നു. ഒരിക്കൽ ഒരു ശസ്ത്രക്രിയ കഴിഞ്ഞ ആൾക്ക് വർഷങ്ങൾക്ക് ശേഷവും അപ്രതീക്ഷിത നേരത്ത് അതിൻ്റെ വേദന കൊളുത്തി വലിക്കുന്ന പോലെ ഒരോർമ്മ.
സ്വന്തം മക്കളെ കാണാതാവുക എന്നാൽ ഹൃദയത്തിൽ മൂർച്ചയുള്ള ആയുധം കുത്തിയിറക്കുക എന്നാണ്. അതിൻ്റെ കഠിനമായ വേദന സഹിച്ച് പിന്നീടുള്ള ദിവസങ്ങളിൽ ജീവിക്കുക എന്നതാണ്. പുറമേക്ക് കാണും പോലെ ആവില്ല അവരുടെ ജീവിതം. നേർത്ത കാലൊച്ച കൊണ്ട് പോലും ഉണരുന്ന രാത്രികളേ അവർക്കുണ്ടാകൂ. കാണുന്ന ഓരോ മുഖത്തിലും അവർ അവരുടെ പൈതലിനെ തിരയും. കേടുപാടുകളില്ലാതെ തിരികെ കിട്ടണേ എന്ന ദുആകളുടെ കണ്ണീർത്തുള്ളികൾ വീണു നിറം മങ്ങിയ മുസല്ലകളും തസ്ബീഹ് മാലകളും ഉള്ള വീട്ടിൽ രാത്രിയിലും വാതിൽ കൊളുത്തിടാതെ ഒരുമ്മയും ഉപ്പയും ഉറക്കം നടിക്കുന്നുണ്ടാകും. മറ്റാരൊക്കെ പ്രതീക്ഷ ഉപേക്ഷിച്ചാലും മകൻ വരുമെന്ന് തന്നെ അവർ ഉറച്ചു വിശ്വസിക്കും.
ആ പാവങ്ങളോട്, മകനെ കണ്ടെത്തിക്കൊടുക്കാൻ ഉത്തരവാദപ്പെട്ട അധികാരികൾ, “ഇനി ഞങ്ങൾക്കൊന്നും വയ്യ” എന്ന് മുഖമടച്ച് തിരിഞ്ഞു നിൽക്കുന്നതിൻ്റെ ക്രൂരത എത്ര വലുതാണെന്ന് ഒന്നോർത്തു നോക്കൂ… സങ്കടം വന്നിട്ട് വയ്യ. അവർ മാത്രമോ, കർണാടകയിൽ ഹിന്ദുത്വരാൽ കൊല ചെയ്യപ്പെട്ട മലയാളിയായ അശ്റഫ്, (അങ്ങനെ എത്രയോ പേര് ), നമ്മൾ ജീവിച്ചിരിക്കുന്ന കാലത്ത് പട്ടിണിക്കിട്ടും ബോംബിട്ടും ഭൂമുഖത്ത് നിന്ന് കൂട്ടത്തോടെ കൊന്നൊടുക്കപ്പെടുന്ന ഫലസ്തീനികൾ, അതിർത്തിയിൽ ദാഹിച്ചു വലഞ്ഞ് മരിച്ചു പോവുന്നവർ, അതിർത്തി കൊട്ടിയടച്ച് മരിക്കാൻ പറഞ്ഞയക്കുന്നവർ, ജനിച്ച നാട്ടിലെ വീട്ടിൽ നിന്നിറക്കിക്കൊണ്ടുപോയി അന്യ രാജ്യത്തേക്ക് തള്ളിയാട്ടപ്പെടുന്നവർ…
ഈയടുത്ത് ഒരു സുഹൃത്ത് പറഞ്ഞത് പോലെ, ഈ കെട്ട കാലത്ത് പ്രാർത്ഥന, നിസ്കാരം പോലെ തന്നെ നിർബന്ധമായ കാര്യമാണ്. നീതിക്ക് വേണ്ടി ശബ്ദമുയർത്തുക, സങ്കടം അനുഭവിക്കുന്നവർക്ക് വേണ്ടി നിർബന്ധമായും പ്രാർത്ഥിക്കുക. കാണാതായവർ എവിടെയോ ജീവിച്ചിരിക്കുന്നു എന്ന് വിശ്വസിക്കാൻ മാത്രമേ മനുഷ്യൻ്റെ മനസ്സിന് അറിയുകയുള്ളൂ. കൊല്ലങ്ങൾ എത്ര കഴിഞ്ഞാലും, സ്വഭാവികമായും ഒരാള് മരിച്ചു പോയേക്കാവുന്ന കാലം കടന്നു പോയാലും, കാണാതായവർ ഒരുനാൾ വീട്ടിലേക്ക് തിരിച്ച് വരും എന്ന് എല്ലാവരും കരുതുന്നു… നജീബ് തിരിച്ച് വരട്ടെ…എല്ലാം ഒരു ദുസ്വപ്നം പോലെ മറന്ന് ആ ഉമ്മയുമുപ്പയും സന്തോഷിക്കട്ടെ…