Current Date

Search
Close this search box.
Search
Close this search box.

മുത്വലാഖിലെ ധൃതി ശബരിമലയുടെ കാര്യത്തിലുണ്ടായിരുന്നെങ്കില്‍

talaq.jpg

നിറയെ പക്ഷികളുള്ള മരത്തിലേക്കാണ് മുതലാളി വെടിവെച്ചത്. ഒരു പക്ഷിയെ പോലും ശല്യപ്പെടുത്താതെ വെടിയുണ്ട കടന്നു പോയി. ഇത് കണ്ട കാര്യസ്ഥന്‍ ഇങ്ങിനെയാണ് പ്രതികരിച്ചത് ‘മുതലാളിയുടെ ഉന്നം സമ്മതിക്കണം. ഒരൊറ്റ കിളിയെ പോലും കൊള്ളിക്കാതെ എത്ര സമര്‍ത്ഥമായാണ് വെടിവെച്ചത്’

മോഡി സര്‍ക്കാരിന്റെ ഉന്നം സമ്മതിക്കണം. എത്രയോ ജീവന്‍ മരണ വിഷയങ്ങള്‍ മുന്നിലുണ്ട്. പക്ഷെ അതിലൊന്നും ഇല്ലാത്ത ബേജാറാണ് അവര്‍ക്കു മുത്വലാക്കിന്റെ കാര്യത്തില്‍. കോടതി വിധി നിലനില്‍ക്കുമ്പോള്‍ തന്നെ തിടുക്കപ്പെട്ടു ഓര്‍ഡിനന്‍സ് കൊണ്ടുവന്നു. ഓര്‍ഡിനന്‍സിന്റെ കാലാവധി തീരാനിരിക്കുമ്പോള്‍ തന്നെ ഒട്ടും സമയം കളയാതെ ബില്ല് വീണ്ടും ലോകസഭയില്‍ വന്നിരിക്കുകയാണ്. ഒരു ദിവസം വൈകിയാല്‍ ആരെങ്കിലും തങ്ങളുടെ ഭാര്യമാരെ വേണ്ടെന്നു വെക്കുമോ എന്ന ഭയമാകും ഈ ധൃതിക്കു പിന്നില്‍. ഇതേ ആവേശം ശബരിമല വിഷയത്തില്‍ കൈകൊണ്ടിരുന്നുവെങ്കില്‍ കേരളത്തില്‍ സംഘ പരിവാര്‍ ഇങ്ങിനെ വിയര്‍ക്കില്ലായിരുന്നു. ശബരിമലയില്‍ ആര്‍ത്തവ സാധ്യതയുള്ള സ്ത്രീകളെ കയറ്റരുത് എന്നൊരു നിയമം പാര്‍ലമെന്റില്‍ പാസ്സാക്കിയാല്‍ തീരുന്നതാണ് കാര്യം. കോണ്‍ഗ്രസ്സും മറ്റു പാര്‍ട്ടികളും അതിനു പിന്തുണ നല്‍കും എന്നുറപ്പാണ്.

ഹിന്ദുക്കളുടെ മൊത്തം കുത്തക അവകാശപ്പെടുന്നവര്‍ക്കു ചെയ്യാന്‍ കഴിയുന്ന നല്ല കാര്യമായി അതിനെ ഹിന്ദു സമൂഹം വിലയിരുത്തും. ശബരിമല വിഷയത്തില്‍ പാര്‍ട്ടിയും സര്‍ക്കാരും എന്നും വിശ്വാസികളുടെ കൂടെയാണ് എന്ന ഖ്യാതിയും ലഭിക്കും. പിന്നെ എന്ത് കൊണ്ട് അതിനവര്‍ തുനിയുന്നില്ല. അതെ സമയം ഇന്ത്യയില്‍ അത്ര വലിയ സാമൂഹിക വിപത്തല്ലാത്ത മുത്തലാഖിലാണ് മോഡിക്ക് താല്പര്യം. മുസ്ലിമിനെ പീഡിപ്പിക്കലാണ് പാര്‍ട്ടി വളര്‍ത്താനുള്ള നല്ല വഴി എന്ന് സ്വയം തീരുമാനിച്ച ഒരു കൂട്ടര്‍ കിട്ടുന്ന ഒരു അവസരവും വേണ്ടെന്നു വെക്കില്ല. മുസ്ലിം സമുദായത്തില്‍ തന്നെ ഇതൊരു വലിയ വിഷയമല്ല. നിയമത്തിന്റെ ബലത്തില്‍ ഒന്നിച്ചു പോകേണ്ട ഒന്നല്ല വിവാഹ ജീവിതം. അത് മനസ്സുകളുടെ യോജിപ്പില്‍ വേണം മുന്നോട്ടു പോകാന്‍. ബന്ധം മുന്നോട്ട് കൊണ്ട് പോകാന്‍ താല്പര്യം ഇല്ലെങ്കില്‍ മറ്റു വഴികള്‍ ഇവിടെ തന്നെയുണ്ട്. ഒരു ത്വലാഖ് കൊണ്ടും ബന്ധം വേറിടും. തിരിച്ചെടുക്കേണ്ട എന്ന് പുരുഷന്‍ തീരുമാനിച്ചാല്‍ അവസാനിക്കുന്നതാണ് സംഗതി. അപ്പോള്‍ മൂന്നും ഒന്നും എന്നത് തീര്‍ത്തും സാങ്കേതികത്വം മാത്രം.

വിവാഹ മോചനം ഒരു ഔദ്യോഗിക സമിതിയുടെ മുന്നില്‍ വേണം എന്ന നിയമം കൊണ്ട് വന്നിരുന്നെങ്കില്‍ പലതിനും അതൊരു തടസ്സമാകും. ആരുമറിയാതെ ഭാര്യയെ ഒഴിവാക്കി എന്ന് എഴുതി അയക്കുന്നവര്‍ക്കു അതൊരു ബുദ്ധിമുട്ടാണ്. പല വിവാഹ മോചനവും ഇടയില്‍ ഒരാളുണ്ടെങ്കില്‍ അവസാനിക്കുന്ന വിഷയമാണ്. വിവാഹം ഇസ്ലാമില്‍ എളുപ്പമാണ്. അതെ സമയം വിവാഹ മോചനം ഒരു നീണ്ട പ്രക്രിയയാണ്. അതെ സമയം നാം അനുഭവിക്കുന്നത് വിവാഹം വളരെ ബുദ്ധിമുട്ടുള്ളതും മോചനം വളരെ എളുപ്പമുള്ളതും.

മുസ്ലിം സ്ത്രീകളുടെ രക്ഷകര്‍ ഞങ്ങളാണ് എന്ന് ബോധിപ്പിക്കാനുള്ള ശ്രമത്തിലാക്കും സര്‍ക്കാര്‍. പക്ഷെ അതൊരു അതിരുകടന്ന പ്രതീക്ഷയാണ്. ഹിന്ദുക്കളായ വിശ്വാസികളോടില്ലാത്ത സ്‌നേഹം അവര്‍ക്കു എങ്ങിനെ മറ്റുള്ളവരോട് ഉണ്ടാകാന്‍. അങ്ങിനെ ഉണ്ടായിരുന്നെങ്കില്‍ ശബരിമല ബില്‍ എന്നോ അവര്‍ പാര്‍ലിമെന്റില്‍ കൊണ്ട്‌വരുമായിരുന്നു. അത് കൊണ്ട് തന്നെയാണ് കാപട്യത്തിന്റെ മറ്റൊരു രൂപമായി ഈ സര്‍ക്കാരിനെ ജനം കാണുന്നതും.

Related Articles