Current Date

Search
Close this search box.
Search
Close this search box.

അവസാന ചിരി ആരുടേതാവും ?

സംഘ പരിവാർ മുന്നോട്ട് വെക്കുന്ന ആശയത്തിന്റെ അടിസ്ഥാനം ശുദ്ധ വംശീയതയാണ്. അവരുടെ കണക്കിൽ അവർ മുന്നോട്ട് വെക്കുന്ന നിലപാടുകൾ നടപ്പിലാക്കാൻ തടസ്സം നിൽക്കുന്നത് മൂന്ന് പേരാണ്. രാഷ്ട്രത്തിന്റെ ആഭ്യന്തര ശത്രുക്കൾ എന്ന പേരിൽ അവർ അത് വിശദീകരിക്കുകയും ചെയ്തു. മുസ്‌ലിംകൾ കൃസ്ത്യാനികൾ കമ്യുണിസ്റ്റ്കൾ എന്നിങ്ങനെ. ഇന്ത്യൻ സ്വാതന്ത്രത്തിനു മുമ്പ് തന്നെ ഈ നിലപാടിൽ സംഘ പരിവാർ എത്തിയിരുന്നു.

ഇന്ത്യാ വിഭജനം പോലെ ഇന്ത്യൻ ജനത നേരിട്ട മറ്റൊരു ദുരന്തമില്ല. അതിനു മുമ്പും പിമ്പും നമ്മുടെ നാട്ടിൽ ഒഴുക്കിയ രക്തത്തിനു വർഗീയതയുടെ മണമായിരുന്നു. എന്നിട്ടും ആ സന്നിഗ്ദ്ധ ഘട്ടങ്ങളെ ഇന്ത്യൻ ജനത മറികടന്നു. മനുസ്മൃതിയെ വിസ്മരിച്ചാണ് ഇന്ത്യൻ ഭരണ ഘടന രൂപം കൊണ്ടത് എന്ന ആക്ഷേപം അന്ന് തന്നെ സംഘ പരിവാർ മുന്നോട്ട് വെച്ചിരുന്നു.

ഇന്ത്യൻ ജനത വർഷങ്ങളോളം പുറത്തു നിർത്തിയ സംഘ പരിവാർ ഇന്ന് അധികാരത്തിലാണ്. തങ്ങൾ മനസ്സിൽ താലോലിച്ച പലതും നടപ്പിലാക്കാനുള്ള തീവ്ര ശ്രമത്തിലാണ് സംഘ പരിവാർ. ഒന്നാം ശത്രു എന്ന് കണക്കാക്കിയ വിഭാഗത്തെ ഒതുക്കാനുള്ള പ്രവർത്തനത്തിൽ അവർ വ്യാപൃതരാണ്. പാകിസ്ഥാനുമായി അടുത്ത് കിടക്കുന്നു എന്നതിനേക്കാൾ അവിടം മുസ്ലിംകളാണ് കൂടുതൽ എന്നതാണ് കാശ്മീർ വിഷയത്തിലെ അവരുടെ താല്പര്യത്തിനു കാരണം. അവിടം തുടങ്ങി അവസാനം പൗരത്വ നിയമം വരെ എല്ലാത്തിനും ഒരു ഏക ദിശയായിരുന്നു. ഇടക്കിടക്ക് ഉണ്ടാക്കിക്കൊണ്ടിരിക്കുന്ന വർഗീയ കലാപങ്ങൾ ഇതിനു പുറമെയാണ്. ഇന്ത്യക്കാർ എന്നതിൽ നിന്നും ഹിന്ദു മുസ്ലിം എന്ന വേർ തിരിവ് ഇന്ത്യൻ സമൂഹത്തിൽ വ്യാപിപ്പിക്കാൻ സംഘ പരിവാരിനു കഴിയുന്നു എന്നത് ഒരു സത്യമായി ഇപ്പോൾ നമ്മുടെ മുന്നിലുണ്ട്.

Also read: ഉമ്മത്താണ് അടിസ്ഥാനം

ഭിന്നിപ്പിച്ചു ഭരിക്കുക എന്ന തന്ത്രം കണ്ടു പിടിച്ചത് ബ്രിട്ടീഷുകാരാണ്. ഒരു സമൂഹത്തെ ഭിന്നിപ്പിക്കാൻ മതവും സമുദായവും പോലെ അനുയോജ്യമായ ഒന്നില്ല. മതേതരത്വം എന്നത് നമ്മുടെ നാട്ടിൽ മത നിരാസത്തിന്റെ പേരല്ല. എല്ലാ മതങ്ങളെയും ബഹുമാനിക്കുന്നതിന്റെ പേരാണ്. കേരളം അടുത്ത കാലം വരെ ഇന്ത്യയുടെ മറ്റു സംസ്ഥാനങ്ങളിൽ നിന്നും പലതിലും മുന്നിട്ടു നിന്നിരുന്നു. അതിൽ ഒന്ന് സാമുദായിക ഐക്യം തന്നെയായിരുന്നു. പല കാരണം കൊണ്ടും കേരളത്തിനു പുറത്തു മനുഷ്യ രക്തം ഒഴുകിയപ്പോഴും കേരളം അതിൽ നിന്നെല്ലാം സുരക്ഷിതമായി നിലകൊണ്ടു. കേരള നവോദ്ധാനം എന്നത് നാം അഭിമാത്തോടെ എടുത്തു പറയുന്ന ഒന്നാണ്. കേരളം നേടിയ മുഴുവൻ സാമൂഹിക മുന്നേറ്റങ്ങളുടെയും അടിവേര് ഈ നവോദ്ധാനം തന്നെയായിരുന്നു.

കേരളത്തിൽ ഇടതു പക്ഷ പ്രസ്ഥാനങ്ങൾക്ക്‌ മറ്റു അയല്സംസ്ഥാനങ്ങളെ അപേക്ഷിച്ച് കൂടുതൽ സ്വീകാര്യത ലഭിച്ചു. അതെ സമയം മറ്റു സംസ്ഥാനങ്ങളിൽ ഉണ്ടായ പോലെ ഒരു സംഘ പരിവാരിനു കേരള മണ്ണിൽ കാര്യമായ സ്വീകാര്യത ഇപ്പോഴും ലഭിച്ചില്ല. കേരളത്തെ വർഗീയമായി ഭിന്നിപ്പിക്കാൻ സംഘ പരിവാർ പല കളികളും നടത്തിയിരുന്നു. അവസാനത്തെ ഉദാഹരണമായി ശബരിമല കോടതി വിധി നമ്മുടെ മുന്നിലുണ്ട്. കേരളത്തിൽ ഹിന്ദുക്കളെ ഭിന്നിപ്പിക്കുക എന്നത് അത്ര എളുപ്പമുള്ള വഴിയല്ല എന്ന് സംഘ പരിവാർ മനസ്സിലാക്കിയിട്ടുണ്ട്. കേരളത്തിൽ ഹിന്ദുക്കളും മുസ്ലിംകളും ഒന്നിച്ചാണ് ജീവിക്കുന്നത്. അത് കൊണ്ട് തന്നെ അവർക്ക് മുസ്ലിംകൾ ഒരു അനുഭവമാണ്‌.

വർത്തമാന കേരളത്തിൽ സംഘ പരിവാർ സന്തോഷിക്കുന്ന ചിലത് നടക്കുന്നുണ്ട്. അവർ ശത്രുക്കൾ എന്ന് കണക്കാക്കിയ വിഭാഗങ്ങൾ തമ്മിലാണ് ഇന്ന് സംഘട്ടനം. അടുത്ത കാലം വരെ കേരളത്തിൽ സാമുദായിക ഐക്യം വളരെ നല്ല നിലയിൽ തന്നെ മുന്നോട്ടു പോയി. കേരളത്തിൽ ഹിന്ദുക്കളും കൃസ്ത്യാനികളും മുഖ്യമന്ത്രി സ്ഥാനത്തെത്തി. ജനസംഖ്യയിൽ മുസ്ലിംകളെക്കാൾ പിറകിൽ നിൽക്കുന്ന കൃസ്തു മതത്തിൽ നിന്നും ഒരാൾ മുഖ്യമന്ത്രിയാകും എന്ന രീതിയിൽ മുസ്ലിം പോക്കറ്റുകളിൽ പ്രചരണം നടത്താൻ ആർക്കും ധൈര്യം വന്നിരുന്നില്ല. മുസ്ലിം സമുദായം എന്നും ഒരു തുറന്ന പുസ്തകമായാണ് കേരളത്തിൽ ജീവിച്ചത്. അവർക്കിടയിൽ നിന്നും ഉയർന്നു വരുന്ന അശാവമാല്ലാത്ത പ്രവണതകളെ അവർ തന്നെ കൈകാര്യം ചെയ്തു. അതാണ് ചരിത്രം. മുസ്ലിം മനസ്സിലേക്ക് കടന്നു കയറാൻ വേണ്ടി മുസ്ലിം നാമധരികൾക്ക് സംഘ പരിവാർ ഉന്നത പദവികൾ നൽകി. അതെല്ലാം മനസ്സിലാക്കാനുള്ള രാഷ്ട്രീയ ബോധം കേരള മുസ്ലിം സമൂഹം കാണിച്ചുകൊണ്ടിരുന്നു.

Also read: ധാർമ്മികതയുടെ സ്രോതസ്സുകൾ

കേരള സമൂഹത്തിൽ ഇപ്പോൾ ഉണ്ടായിക്കൊണ്ടിരിക്കുന്ന പുതിയ പ്രവണതകൾ അത്ര ആശാവഹമായ ഒന്നല്ല. വളരെ ആസൂത്രിതമായി ശത്രുക്കൾ പടച്ചുവിട്ട ഒന്നാണ് ലവ് ജിഹാദ്. അത് കേരളത്തിൽ ഏറ്റു പിടിച്ചത് കൃസ്ത്യൻ സമൂഹമാണ്‌. അതിനു വെള്ളവും വിറകും നൽകാൻ സംഘ പരിവാർ തയ്യാറായി. അപ്പോൾ ഒന്നാമത്തെ ശത്രുവിനെ ഒതുക്കാൻ രണ്ടും മൂന്നും ശത്രുക്കളെ ഉപയോഗിക്കാൻ സംഘ പരിവാരിനു കഴിയുന്നു. കേരള രാഷ്ട്രീയത്തിൽ ലീഗ് എന്നത് കൊണ്ട് വിവക്ഷിക്കപ്പെടുന്നത്‌ മലബാറാണ്. അതായത് മലബാറിലെ മുസ്ലിംകൾ. മുഖ്യമന്ത്രി പിണറായി വിജയൻ അടുത്ത ദിവസം തുറന്നു വിട്ട ഒരു ആരോപണം കേവലം രാഷ്ട്രീയത്തിൽ ഒതുങ്ങില്ല എന്നുറപ്പാണ്. അതിനു മറ്റു ചില മാനങ്ങൾ കൂടിയുണ്ട്. മുസ്ലിംകൾ കേരളത്തിന്റെ രാഷ്ട്രീയ ഭാവി തീരുമാനിക്കും എന്ന ആശങ്ക, മറ്റൊരു ഭാഷയിൽ പറഞ്ഞാൽ ഇസ്ലാമോഫോബിയയാണ് മുഖ്യമന്ത്രി തുറന്നു വിട്ടത്.

തദ്ദേശ സ്വയം ഭരണ തിരഞ്ഞെടുപ്പിൽ തെക്കൻ കേരളത്തിൽ, പ്രത്യേകിച്ച് കൃസ്ത്യൻ ഭൂരിപക്ഷ മേഖലയിൽ ഇടതു പക്ഷത്തിനു കൂടുതൽ മുന്നേറ്റം ഉണ്ടാക്കാൻ കഴിഞ്ഞു. മുന്നോക്ക സംവരണം അതിനൊരു കാരണമാണ് എന്ന് പറയപ്പെടുന്നു. സ്വാഭാവികമായും അതിനെ എതിർക്കുക എന്നത് ലീഗിന്റെ രാഷ്ട്രീയമാണ്. അതും ഒരു സാമുദായിക വികാരത്തിലേക്ക് കൊണ്ട് പോകാൻ ഇടതു പക്ഷത്തിനു കഴിഞ്ഞിട്ടുണ്ട്. പൗരത്വ വിഷയത്തിൽ സംഘ പരിവാർ കണക്കിൽ പെടുത്തിയത് മുസ്ലിംകളെ മാത്രമാണ്. അതിനെതിരെ കൃസ്ത്യൻ സമുദായത്തിന്റെ ഭാഗത്ത്‌ നിന്നും കാര്യമായ ഒരു ചലനവും നാം കണ്ടില്ല. അതെ സമയം ഹാഗിയ സോഫിയ വിഷയത്തിൽ ചില മുസ്ലിംകൾ എന്തോ പറഞ്ഞു എന്നതാണ് ചർച്ചാ വിഷയം. ഒരു വർഗീയ ച്ചുവയോടെ തന്നെയാണ് ഇടതു പക്ഷം ആ വിഷയവും ഉപയോഗപ്പെടുത്തിയത്. മൊത്തത്തിൽ സംഘ പരിവർ സന്തുഷ്ടരാണ്. അവർക്ക് വേണ്ടത് നൽകാനുള്ള ശ്രമത്തിലാണ് കേരളത്തിലെ ഇടതു പക്ഷവും ചില സമുദായങ്ങളും.

Also read: ജയ് ജവാൻ, ജയ് കിസാൻ

പുലിയുടെ പുറത്തു സവാരി ചെയ്ത മദാമ്മയുടെ കഥ പറയാറുണ്ട്‌. യാത്ര പോകുമ്പോൾ മദാമ്മയുടെ മുഖത്തായിരുന്നു ചിരി. തിരിച്ചു വരുമ്പോൾ ആ ചിരി പുലിയുടെ മുഖത്തായിരുന്നു എന്ന് മാത്രം. താൽക്കാലിക രാഷ്ട്രീയ നേട്ടമാണ് ഭരണകക്ഷി ആഗ്രഹിക്കുന്നത്. ഒരു സമുദായത്തെ ചാരിക്കൊണ്ട് നടത്തുന്ന രാഷ്ട്രീയ നീക്കത്തിൽ ആദ്യം ഇടതുപക്ഷത്തിന്റെ മുഖത്ത് ചിരി കാണാം. അവസാനത്തിൽ ആ ചിരി സംഘ പരിവാറിന്റെ മുഖത്താകും എന്ന് മാത്രം.

Related Articles