Columns

മുസ്‌ലിം സ്ത്രീകളെ പള്ളിയില്‍ കയറ്റാന്‍ വ്യഗ്രത കാട്ടുന്നവര്‍

മരുമകളെ വഴക്കു പറയാന്‍ ഒരു കാരണവുമില്ലാതെ വിഷമിക്കുകയാരുന്നു ദേവകിയമ്മ . അവസാനം ഒരു കാരണം കണ്ടെത്തി. മുകളില്‍ ഉണക്കാനിട്ട വസ്ത്രങ്ങള്‍ ഉണങ്ങാതെ തന്നെ മടക്കി വെക്കാനായുള്ള ശ്രമത്തിലായിരുന്നു ദേവകി. കുറച്ചു സമയം മിണ്ടാതിരുന്ന മരുമകള്‍ ചോദിച്ചു ‘അമ്മെ അത് ഉണങ്ങിയിട്ടില്ലല്ലോ’ . ദേവകിയമ്മക്ക് ആ ഒറ്റ ചോദ്യം മതി ‘നീ ആരാടീ എന്റെ വസ്ത്രത്തെ കുറിച്ച് പറയാന്‍. എന്റെ വീട്ടില്‍ നിന്റെ അധികാരം നടക്കില്ല…’ അപ്പോഴാണ് അവര്‍ക്കൊരു ആശ്വാസം വീണത്.

തങ്ങളുടെ കാര്യം തന്നെ പരിഹരിക്കപ്പെട്ടിട്ടില്ല. പല ആരാധനാലയങ്ങളിലും സ്ത്രീകളും ജാതിയില്‍ താഴ്ന്നവരും കയറണമോ വേണ്ടയോ എന്ന ചര്‍ച്ചക്ക് ഇത് വരെ പരിഹാരമായില്ല. ‘ഹിന്ദുക്കളുടെ സ്വന്തം സര്‍ക്കാര്‍’ എന്ന് സംഘപരിവാര്‍ വീമ്പു പറയുന്ന സര്‍ക്കാര്‍ രണ്ടു പ്രാവശ്യം തുടര്‍ച്ചയായി വന്നിട്ടും അതിനൊരു പരിഹാരമായില്ല എന്ന് മാത്രമല്ല ആ വിഷയത്തില്‍ പലവിധ ആക്രമണങ്ങളും നാട്ടില്‍ നടമാടുന്നു. ഉയര്‍ന്ന ജാതിക്കാരുടെ അമ്പലങ്ങളുടെ മുന്നിലൂടെ കടന്നു പോയതിന്റെ പേരില്‍ ആക്രമിക്കപ്പെടുന്ന സംഭവങ്ങള്‍ ഒരുപാട് നാം കേട്ടതാണ്. സംഘപരിവാര്‍ കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ വലിയ വിഷയമായി ചര്‍ച്ച ചെയ്ത ശബരിമല വിഷയത്തിലും ഒരു നിയമ നിര്‍മാണം നടത്താന്‍ മോഡി സര്‍ക്കാരിന് പദ്ധതിയില്ല.

ഹിന്ദു സ്ത്രീകളെ ശബരിമലയില്‍ കയറ്റണം എന്ന് പറഞ്ഞു കേസ് കൊടുത്തത് സംഘപരിവാറിന്റെ സ്വന്തം ആളുകളാണ്. അതിന്ന് നാട്ടില്‍ പാട്ടാണ്. അതില്‍ മറ്റു മതസ്ഥര്‍ക്ക് യാതൊരു പങ്കുമില്ല. അഖില ഭാരത് ഹിന്ദു മഹാസഭ ഇന്ത്യയിലെ ഏറ്റവും പുരാതന സംഘടനകളിലൊന്നാണ്. ഹിന്ദുക്കളുടെ പ്രശ്നങ്ങള്‍ സംരക്ഷിക്കുന്നതിനായി സ്ഥാപിതമായ മതേതരമല്ലാത്ത പാര്‍ട്ടിയാണ് ഹിന്ദു മഹാസഭ. അവര്‍ തന്നെയാണ് മുസ്‌ലിം സ്ത്രീകള്‍ക്ക് പള്ളിയില്‍ കയറി ആരാധന നടത്താന്‍ അനുവദിക്കണം എന്ന പേരില്‍ കോടതിയില്‍ അപേക്ഷ നല്‍കിയത്. കൂട്ടത്തില്‍ മുസ്‌ലിം സ്ത്രീകള്‍ ധരിക്കുന്ന പര്‍ദ്ദയും നിരോധിക്കണം എന്നു കൂടെ ആവശ്യപ്പെട്ടിരുന്നു. വളരെ മാന്യമായി തന്നെ കോടതി വിധി പറഞ്ഞു. ‘ആരാധന ആവശ്യമുള്ളത് മുസ്‌ലിം സ്ത്രീകള്‍ക്കാണ്. അവര്‍ കേസ് കൊടുത്താല്‍ പരിഗണിക്കാം’. പര്‍ദ്ദ നിരോധന ആവശ്യവും കോടതി തള്ളിക്കളഞ്ഞു. അവിടെയാണ് ആരാണ് ഈ കേസ് കൊടുത്ത വിഭാഗം എന്ന് പരിശോധിക്കേണ്ടി വരുന്നത്. മറ്റാരുമല്ല ഗോഡ്സെയുടെ ജന്മദിനം ആഘോഷിക്കുന്നവര്‍. ഒരിക്കല്‍ അവര്‍ തന്നെ കൊന്നുകളഞ്ഞ ഗാന്ധിജിയെ എല്ലാ കൊല്ലവും വെടിവെച്ചു കൊല്ലുന്നവര്‍. അവര്‍ക്കാണ് മുസ്‌ലിം സ്ത്രീകളോട് അതിയായ സ്‌നേഹം കടന്നു വരുന്നത്. മുസ്‌ലിംകളെ ദേശീയ ശല്യമായി മനസിലാക്കുന്നവരുടെ മുസ്‌ലിം സ്‌നേഹത്തിന്റെ അടിവേര് കൂടി അന്വേഷിക്കണം.

ഹിന്ദു സ്ത്രീകളുടെ അമ്പല പ്രവേശനവുമായി കേസ് കൊടുത്തതും വാദിച്ചതും മുസ്ലിംകളല്ല. എന്ന് മാത്രമല്ല മുസ്ലിം വിശ്വാസികള്‍ ആ കോടതി വിധിയെ അംഗീകരിക്കുന്നുമില്ല. കാരണം ആരാധന മതങ്ങളുടെ ആഭ്യന്തര കാര്യമാണ്. അത് മതങ്ങള്‍ തീരുമാനിക്കണം. അതെ സമയം കേസ് കൊടുത്തവരുടെ ആഗ്രഹം ആരാധനയായിരുന്നില്ല. കലാപമായിരുന്നു. അത് നടന്നില്ല എന്നത് മറ്റൊരു സത്യം. സ്ത്രീകളുടെ പള്ളിപ്രവേശനത്തിലൂടെ ഒരു കോടതി വിധി വന്നാല്‍ അത് മുസ്ലിം സമുദായത്തില്‍ പുതിയ പ്രശ്‌നങ്ങള്‍ ഉണ്ടാക്കും അതില്‍ നിന്നും മുതലെടുക്കാനുള്ള നീക്കമാണ് കോടതി തടഞ്ഞതും. എന്ത് കഴിക്കണം,ധരിക്കണം എന്നതൊക്കെ ഇന്ത്യന്‍ ഭരണഘടന പ്രകാരം വ്യക്തിയുടെ വിഷയമാണ്.

ഇസ്ലാം മുസ്ലിം സ്ത്രീകള്‍ക്ക് പള്ളി വിലക്കിയിട്ടില്ല എന്ന ബോധം കേസ് കൊടുത്തവര്‍ക്ക് ഇല്ലാഞ്ഞിട്ടല്ല. ഇസ്ലാമില്‍ പള്ളിയില്‍ പോകണമോ വേണ്ടയോ എന്ന് തീരുമാനിക്കാനുള്ള അവകാശം സ്ത്രീക്ക് മാത്രമാണ്. അവള്‍ പോകാന്‍ അനുമതി ചോദിച്ചാല്‍ തടയരുത് എന്ന് മാത്രമാണ് പുരഷനോടുള്ള കല്‍പ്പന. വീടാണ് ഉത്തമം എന്നത് പ്രവാചകന്‍ പുരുഷനോടല്ല പറഞ്ഞത്. ഒരു സ്ത്രീ ചോദിച്ചപ്പോള്‍ അവരോടു തന്നെ നേരിട്ട് പ്രവാചകന്‍ പറഞ്ഞു എന്നാണ് ഹദീസുകളില്‍ നിന്നും മനസ്സിലാവുക. സ്ത്രീകള്‍ക്ക് പള്ളിയില്‍ പോകാന്‍ കഴിയുന്ന സാഹചര്യം ഒരുക്കുക എന്നത് മാത്രമാണ് ഈ വിഷയത്തില്‍ പുരുഷന് ചെയ്യാനുള്ളത്. ലോകത്തില്‍ പലയിടത്തും സ്ത്രീകള്‍ പുരുഷരെ പോലെ പള്ളികളില്‍ വരികയും പ്രാര്‍ത്ഥിക്കുകയും ചെയ്യുന്നു. ഇന്ത്യയിലും അങ്ങിനെ ധാരാളം.

പര്‍ദ്ദ ഒരു ഇസ്ലാമിക വസ്ത്രമല്ല. ഇസ്ലാമിക വസ്ത്രം എന്നൊന്നില്ല. അതെ സമയത്ത് വസ്ത്രത്തിന് ഇസ്ലാം ചില നിബന്ധനകള്‍ വെക്കുന്നു. അത് ശരീരം മറക്കണം. ശരീരത്തിലെ ഉയര്‍ച്ച താഴ്ചകള്‍ പുറത്തു കാണിക്കരുത്, നിഴല്‍ അടിക്കുന്നതാവരുത്. അങ്ങിനെ ചില നിബന്ധനകള്‍. അറബ് നാടുകളിലെ വസ്ത്ര രീതി സ്വീകരിക്കണം എന്ന് ഇസ്ലാം പറഞ്ഞില്ല. വസ്ത്രവും ഭക്ഷണവും ആ നാടുകളിലെ ശീലമായാണ് സാധാരണ സ്വീകരിക്കപ്പെടാറുള്ളത്. പക്ഷെ അതില്‍ ഇസ്‌ലാമിന് വിരുദ്ധമായി ഒന്നും പാടില്ലെന്ന് മാത്രം.

ഹിന്ദുക്കളുടെ പ്രശ്നങ്ങള്‍ സംരക്ഷിക്കുന്നതിനായി കഴിഞ്ഞ നൂറ്റാണ്ടിന്റെ ആദ്യത്തില്‍ സ്ഥാപിതമായ പ്രസ്ഥാനത്തിന് ഒരു നൂറ്റാണ്ട് കഴിഞ്ഞിട്ടും അവിടുത്തെ ഒരു പ്രശ്‌നവും തീര്‍ക്കാന്‍ കഴിഞ്ഞില്ല. ഹിന്ദു എന്ന വിശാലത പരാമര്‍ശിക്കപ്പെടുമ്പോള്‍ തന്നെ വിശ്വാസത്തിന്റെയും ആചാരത്തിന്റെയും പേരില്‍ ഹിന്ദുക്കള്‍ ഹിന്ദുക്കളാല്‍ തന്നെ ആക്രമിക്കപ്പെടുന്നു. അതിനു സമയം കളയാതെ മറ്റുള്ളവരുടെ കാര്യത്തില്‍ ഇടപെട്ടു എങ്ങിനെ നാട്ടില്‍ കുഴപ്പം വര്‍ദ്ധിപ്പിക്കാം എന്ന് ചിന്തിക്കുന്നവര്‍ക്ക് നല്ല മറുപടിയാണ് ഇന്ന് കോടതി നല്‍കിയത്. ഇനി ഈ ആവശ്യം ഉന്നയിച്ച് മുസ്ലിം സ്ത്രീകള്‍ തന്നെ രംഗത്തു വന്നാലും നാം അത്ഭുതപ്പെടരുത്. മരുമകളെ വഴക്കു പറയാന്‍ കാരണം അന്വേഷിച്ചു നടക്കുന്ന അമ്മായിയമ്മമാര്‍ ഇന്ന് ഇന്ത്യന്‍ സാമൂഹിക ഘടനയില്‍ ഒരു വലിയ ദുരന്തമാണ്.

Facebook Comments
Show More

Related Articles

Check Also

Close
Close
Close