Current Date

Search
Close this search box.
Search
Close this search box.

ഭീകരതയുടെ ആഗോളീകരണം

മാർച്ച് 13 ന് ശ്രീലങ്കയിലെ പൊതു സുരക്ഷാ മന്ത്രി ശരത് വീരശേഖര ഒരു പ്രഖ്യാപനം നടത്തി. രാജ്യത്ത് മുസ്ലിം സ്ത്രീകൾ ബുർഖ ധരിക്കുന്നത് നിരോധിക്കും. മാത്രമല്ല രാജ്യത്തെ ആയിരത്തിലധികം മദ്രസ്സകൾ അടച്ചു പൂട്ടുകയും ചെയ്യും. ബുർഖ മത തീവ്രവാദത്തിന്റെ അടയാളമാണെന്നും കൂടി മന്ത്രി പറഞ്ഞു, അന്താരാഷ്ട്ര സമൂഹത്തിന്റെയും മനുഷ്യാവകാശ സംഘടനകളുടെയും UN ന്റെയും ഇടപെടൽ കാരണം കൂടുതൽ പഠനം വേണം എന്ന പേരിൽ സർക്കാർ പിറകോട്ടു പോയി.

അടിസ്ഥാന വിഷയം ബുർഖയോ തീവ്രവാദമോ അല്ലെന്നു ശ്രീലങ്കൻ മുസ്ലിംകൾ തിരിച്ചറിയുന്നു. അത് മുസ്ലിംകൾക്ക് എതിരെയുള്ളത് തന്നെയാണ്. ആ ഉദ്ദേശ്യം മുന്നിൽ വെച്ച് സർക്കാർ ഇതിനു മുമ്പും പല തീരുമാനങ്ങളും നടപ്പിൽ വരുത്തിയിട്ടുണ്ട്. ജനസംഖ്യയുടെ എഴുപത് ശതമാനവും സിംഹളരാണ്. ഹിന്ദു, മുസ്ലിം കൃസ്ത്യൻ എന്നിവർ കൂടിയാണ് ബാക്കി മുപ്പതു ശതമാനം.

ഇന്ത്യയിലെ ആർ എസ് എസിന് സമാനമായ ഒരു സംഘടനയാണ് ശ്രീലങ്കയിലെ ബോഡു ബാല സേന. ബുദ്ധമതവുമായി ബന്ധപ്പെട്ടാണ് അവർ പ്രവർത്തിക്കുന്നത്. ആർ എസ് എസ് ഉന്നയിക്കുന്ന തീവ്ര ദേശീയത തന്നെയാണ് അവരും ഉപയോഗിക്കുന്നത്. ഭൂരിപക്ഷത്തെ പ്രീതിപ്പെടുത്തുക എന്ന രാഷ്ട്രീയമാണ് ഭരണ കക്ഷി നടപ്പിൽ വരുത്താൻ ആഗ്രഹിക്കുന്നതും. ഇന്ത്യയിൽ സംഘ പരിവാരിനു അനുകൂലമായ ഭരണ നടത്തിപ്പിന് ബി ജെ പി മുതിരുന്നത് പോലെ ലങ്കയിൽ ബോഡു ബാല സേനയെ സുഖിപ്പിക്കാനുള്ള ശ്രമത്തിലാണ് സർക്കാർ. ഒരു വേള കൊറോണ മൂലം മരണപ്പെട്ട മുസ്ലിംകളുടെ ഭൗതിക ജഡം മതപരമായ രീതിയിൽ അടക്കം ചെയ്യാൻ പോലും സർക്കാർ സമ്മതിച്ചില്ല.

ഇന്ത്യയിലെ ഭരണ കക്ഷിയും അതിന്റെ ചില അയല്പക്ക രാജ്യങ്ങളും കൈക്കൊള്ളുന്നത് ശുദ്ധ ഇസ്ലാം വിരുദ്ധ രാഷ്ട്രീയമാണ്. ഇന്ത്യയിൽ അത് തീവ്ര വലതു പക്ഷ ഹിന്ദു തീവ്രവാദികളിൽ നിന്നാണെങ്കിൽ ശ്രീലങ്ക മ്യാൻമാർ എന്നിവിടങ്ങളിൽ അത് ബുദ്ധ മതക്കാരിൽ നിന്നാണ്. ചൈനയിൽ അതിനു നേതൃത്വം നല്കുന്നത് സർക്കാർ നേരിട്ടാണ്. യുറോപ്പ് മുന്നോട്ട് വെക്കുന്ന ഇസ്ലാമോഫോബിയ മറ്റൊരു രൂപത്തിൽ ഏഷ്യൻ രാജ്യങ്ങളിൽ കണ്ടു വരുന്നു.

മറ്റൊരു കാര്യം ആദ്യ പടി എന്നോണം എല്ലാവരും കൈ വെക്കുന്നത് മുസ്ലിം സ്ത്രീകളുടെ വേഷത്തിലാണ്. സ്ത്രീകൾ ദേഹം മുഴുവൻ മറക്കണം എന്നത് മത നിയമമാണ്. മുഖം പൂർണമായി മറക്കണമോ എന്ന കാര്യത്തിൽ അഭിപ്രായ അന്തരമുണ്ട്. എല്ലാം തുറന്നിട്ട്‌ നടക്കാൻ അവകാശമുണ്ടെങ്കിൽ തീർച്ചയായും എല്ലാം മറച്ചു കൊണ്ട് നടക്കാനും അവകാശം വേണം, അതാണ് ജനാധിപത്യ മര്യാദ.

മദ്രസകളെ ഭീകരവാദവുമായി ബന്ധപെപ്പെടുത്താൻ ഒരു ആഗോള ശ്രമം നടക്കുന്നു. മറ്റു മതങ്ങളെ പോലെയല്ല ഇസ്ലാം. അത് പ്രാവർത്തികമാക്കാൻ കൂടിയുള്ളതാണ്. അത് കൊണ്ട് തന്നെ മത പഠനം ഇസ്ലാമിന്റെ ഒരു അഭിവാജ്യ ഘടകമായി മനസ്സിലാക്കപ്പെടുന്നു. വിശ്വാസത്തിൽ ഒരു തരത്തിലുള്ള വിട്ടുവീഴ്ചയും പാടില്ല എന്നാണ് മതം ആവശ്യപ്പെടുന്നത്. അത് തന്നെയാണ് ഇസ്ലാമിന്റെ മോശം വശമായി പലരും കാണുന്നതും.

ഒരേ സംഗതി മുസ്ലിംകൾ പ്രതി സ്ഥാനത്ത് വരുമ്പോഴും മറ്റുള്ളവർ വരുമ്പോഴും രണ്ടു രീതിയിൽ ലോകം കാണുന്നു. കൊറോണ എന്ന് കേൾക്കുമ്പോൾ നമ്മുടെ മനസ്സിലേക്ക് കയറി വരുന്ന വിഭാഗമാണ് തബ്ലീഗ് ജമാഅത്ത്. ഇന്ത്യയിൽ അവരാണ് കൊറോണ കൊണ്ട് വന്നത് എന്ന രീതിയിൽ ഒരിക്കൽ സംഘ പരിവാറും അവരെ പിന്തുണയ്ക്കുന്ന ചാനലുകളും അലമുറ കൂട്ടിയിരുന്നു. അതെ ഇന്ത്യയിൽ തന്നെ കൊറോണ രണ്ടാം വരവിന്റെ സമയത്ത് ലക്ഷങ്ങൾ കൂടിച്ചേർന്ന കുംഭമേള നടത്തിയിരിക്കുന്നു. പക്ഷെ അതിനെ ന്യായീകരിച്ചു കൊണ്ട് സംസാരിക്കുന്നത് മന്ത്രിമാരും ഉന്നത നേതാക്കളും തന്നെയാണ്.

കൊറോണക്ക് മതമില്ല എന്നാണു നമ്മുടെ വിവരം. ആളുകൾ കൂടി ചേരുമ്പോൾ അത് രോഗ വ്യാപനത്തിന് കാരണമാകുന്നു. മത ചടങ്ങുകളിൽ നൂറു പേരിൽ കൂടുതൽ പങ്കെടുക്കാൻ പാടില്ല എന്നാണ് നിയമം. അത് ചിലരിൽ മാത്രമായി ചുരുങ്ങുന്നു എന്നതാണ് അനുഭവം. മൊത്തത്തിൽ ഒരു വിഭാഗത്തെ ഉന്നം വെച്ച് നിയമങ്ങൾ നിർമ്മിക്കുക എന്നത് ഇന്ന് ഫാഷനായി മാറിയിരിക്കുന്നു. നേരത്തെ പറഞ്ഞ ശ്രീലങ്കയിലും അവസ്ഥ അത് തന്നെ. ലോകത്തിന്റെ നിസ്സംഗത കാര്യങ്ങളെ കൂടുതൽ ഭയാനകമാക്കും. ഒരു രാജ്യത്തെ പൗരത്വം തെളിയിക്കാൻ അടിസ്ഥാനമായി മതം നൽകിയ കഥയാണ് ഇന്ത്യക്കാർക്ക് പറയാനുള്ളത്. പൗരത്വ നിയമത്തിന്റെ കെടുതികൾ അവർ അനുഭവിച്ചു വരുന്നു.

ചുരുക്കത്തിൽ ഇസ്ലാമായി ജീവിക്കാനുള്ള അവകാശം എടുത്തു കളയാനുള്ള ശ്രമത്തിലാണ് ആധുനിക ലോകം. ഭരണ കൂടങ്ങളുടെ പിന്തുണയോടെയാണ് പലയിടത്തും മുസ്ലിം വേട്ട നടക്കുന്നത്. അതിനെ നിസാരമായി കണ്ടും, അതെ സമയം മിനക്കെട്ട്‌ ഉണ്ടാക്കുന്ന ഭീകരത സത്യമായി അവതരിപ്പിച്ചും ശത്രു മുന്നേറുന്നു. ഓരോ തിരിവിലും ശത്രു പതിയിരിക്കുന്നു എന്ന ബോധമാണ് വിശ്വാസികൾ ആർജിക്കേണ്ടത്..

Related Articles