Current Date

Search
Close this search box.
Search
Close this search box.

മുസ്ലിം ലീഗ് ഇന്നിങ്ങിനെയാണ്

മുസ്ലിം ലീഗ് ഒരു മത സംഘനടയല്ല. അതൊരു രാഷ്ട്രീയ പാർട്ടി മാത്രം. എങ്കിലും മറ്റു പാർട്ടികളുമായി താരതമ്യം ചെയ്‌താൽ ആ പാർട്ടിയുടെ ധാർമ്മികതയും അനുസരണവും മറ്റുള്ളവരേക്കാൾ എന്നും ഒരു പണത്തൂക്കം മുന്നിൽ തന്നെയായിരുന്നു. കേരള രാഷ്ട്രീയത്തിൽ എന്നും അനിഷേധ്യമായ ഒരു സ്ഥാനം ലീഗിനുണ്ട്‌. മലബാറിൽ അവരുടെ സ്വാധീനം എന്നും ബഹുദൂരം മുന്നിൽ തന്നെയാണ്. കേരളത്തിലെ ചില മത സംഘടനകൾ പരസ്യമായി രംഗത്ത്‌ വന്നിട്ടും ലീഗിന്റെ അപ്രമാദിത്വം ചോദ്യം ചെയ്യാൻ സാധിക്കാതെ പോയിട്ടുണ്ട്.

മുസ്ലിംകൾ അടക്കമുള്ള ഇന്ത്യൻ ന്യൂനപക്ഷങ്ങളുടെ ശബ്ദം എന്നതാണ് പാർട്ടി സ്വയം നൽകുന്ന വിശദീകരണം. ന്യൂനപക്ഷങ്ങൾ കൂടുതലുള്ള കേരളത്തിനു പുറത്തു എന്ത് കൊണ്ട് പാർട്ടി ശക്തി പ്രാപിച്ചില്ല എന്ന ചോദ്യം എന്നും പ്രസക്തമാണ്. കുറച്ചു കാലമായി ഇന്ത്യൻ യൂണിയൻ മുസ്ലിം ലീഗ് ഒരു കേരള പാർട്ടിയായി ചുരുങ്ങിയിട്ടുണ്ട്. അതിന്റെ ചരിത്രം നാം വേണ്ടുവോളം ചർച്ച ചെയ്തിട്ടുണ്ട്. കേരള രാഷ്ട്രീയം പുതിയ രീതികൾ സ്വീകരിച്ചിരിക്കുന്നു. ഇതുവരെ ഇരു മുന്നണികളെയും മാറിമാറി സ്വീകരിക്കുക എന്നതായിരുന്നു കേരള ലൈൻ. കഴിഞ്ഞ തിരഞ്ഞെടുപ്പിൽ ആ രീതിക്ക് മാറ്റം വന്നിരിക്കുന്നു. കേരളത്തിൽ ഭരണത്തുടർച്ച ഉണ്ടായിരിക്കുന്നു. അത് ഭരിക്കുന്ന പാർട്ടിയുടെ മേന്മ കൊണ്ട് എന്നതിനേക്കാൾ പ്രതിപക്ഷത്തിന്റെ മേന്മ കുറവ് കൊണ്ട് എന്ന് പറയുന്നതാവും നല്ലത്.

അധികാരമില്ലാതെ രാഷ്ട്രീയ പാർട്ടികൾക്ക് മുന്നോട്ട് പോകൽ അസാധ്യമാണ്. അഞ്ചു വർഷം പ്രതിപക്ഷം എന്നത് മനസ്സിലാക്കാം. അതെ സമയം മറ്റൊരു അഞ്ചുവർഷം കൂടി എന്നത് പാർട്ടികൾക്ക് ചിന്തിക്കാൻ പോലും കഴിയാത്ത കാര്യമാണ്. തിരഞ്ഞെടുപ്പ് കഴിഞ്ഞു രാഷ്ട്രീയ പാർട്ടികൾ അധികവും ജയവും പരാജയവും ചർച്ച ചെയ്തിരുന്നു. പക്ഷെ അത്തരം ഒരു കാര്യത്തിലേക്ക് വൈകിയാണ് ലീഗ് കടന്നത്‌. ആ യോഗത്തിൽ നടന്ന ചർച്ചകൾ മാധ്യമങ്ങളിൽ നിന്നും നാം വായിച്ചതാണ്. എന്ത് കൊണ്ട് തോറ്റു എന്നതിന് ലീഗുകാർക്ക് തന്നെ മറുപടിയുണ്ട്. അതിൽ ലീഗ് നേതൃത്വത്തിന്റെ പങ്കു വളരെ വലുതാണെന്ന് ലീഗുകാർ തിരിച്ചറിയുന്നു.

മറ്റുള്ള പാർട്ടികളിൽ നിന്നും ലീഗിനെ മാറ്റി നിർത്തുന്ന മറ്റൊരു ഘടകം അതിന്റെ നേതൃത്വം തന്നെയാണ്. രാഷ്ട്രീയ നേതാവ് എന്നതിനേക്കാൾ ആത്മീയ നേതാവ് എന്ന് കൂടി ലീഗ് നേതൃത്വം കണക്കാക്കപ്പെട്ടിരുന്നു. അത് കൊണ്ട് തന്നെ എല്ലാം പ്രസിഡന്റിന്റെ അവസാന വാക്കിൽ അവസാനിച്ചിരുന്നു. പാണക്കാട് തങ്ങന്മാരെ നോക്കുകുത്തിയാക്കി മറ്റു പലരും ലീഗിൽ കാര്യം നേടുന്നു എന്നൊരു പ്രചാരം പണ്ടേ ലീഗിൽ നിലവിലുണ്ട്. ആരും തന്നെ അത്തരം കാര്യങ്ങൾ ഉന്നയിക്കാൻ ധൈര്യം കാണിച്ചിരുന്നില്ല എന്ന് മാത്രം. കഴിഞ്ഞ ദിവസം നടന്ന പ്രവർത്തക സമിതി യോഗം അതിനൊരു അപവാദമായിരുന്നു.

ഒരു രാഷ്ട്രീയ പാർട്ടി എന്ന നിലയിൽ പണ്ടും ലീഗ് ആരോപണങ്ങൾ കേട്ടിട്ടുണ്ട്. പക്ഷെ അന്നെല്ലാം ലീഗ് നേതാക്കളും അണികളും ഒറ്റക്കെട്ടായി അതിനെ നേരിട്ടിരുന്നു. പക്ഷെ ഇന്ന് പുറത്തു നിന്നുള്ള ആരോപണങ്ങളെ ഏറ്റുപിടിക്കാൻ പാർട്ടിയിൽ തന്നെ ആളുകളുണ്ട് എന്ന അവസ്ഥ കൈവന്നിരിക്കുന്നു. എ ആർ നഗർ സഹകരണ ബാങ്കിലെ കള്ളപ്പണം ലീഗിന്റെ പേരിൽ വരേണ്ട കാര്യമില്ല. കുഞ്ഞാലിക്കുട്ടിയുടെ മകന് ലീഗുമായി എന്ത് ബന്ധം എന്ന് ചോദിക്കാം. അദ്ദേഹം തെറ്റ് ചെയ്തിട്ടുണ്ടെങ്കിൽ ശിക്ഷ ലഭിക്കട്ടെ എന്ന നിലപാടിന് പകരം കള്ളപ്പണ കേസിനെ ന്യായീകരിക്കാൻ ലീഗുകാർ ഉത്സാഹം കാണിച്ചു. കുഞ്ഞാലിക്കുട്ടിയുടെ മകനും കുടുംബത്തിനും പാർട്ടിയുടെ തണൽ ലഭിക്കുന്നു എന്നത് തെറ്റായ സന്ദേശം നൽകാൻ കാരണമായി.

ചന്ദ്രികയും പാലാരിവട്ടം പാലവും തമ്മിലുള്ള ബന്ധം കൂടി ശത്രുക്കൾ ചർച്ചയാക്കി. അതിന്റെ പേരിൽ ലീഗ് അധ്യക്ഷന് ED യുടെ നോട്ടീസ് ലഭിക്കാൻ കാരണമായി. അതിനെ ഒരു രാഷ്ട്രീയ ആയുധമായി സി പി എം ഉപയോഗിച്ചു. അതിനു വെള്ളവും വളവും നൽകുന്ന തീരുമാനമാണ് ചില ലീഗ് നേതാക്കളുടെ ഭാഗത്ത്‌ നിന്നുണ്ടായത്. ലീഗ് സംസ്ഥാന ഓഫീസിൽ വെച്ച് തന്നെ ലീഗിന്റെ നേതാക്കളെ തള്ളിപ്പറഞ്ഞു മറ്റൊരു നേതാവ് പത്ര സമ്മേളനം നടത്തുക. ആ നേതാവിനെ കേട്ടാൽ അറയ്ക്കുന്ന ഭാഷയിൽ ഒരു “ ക്രിമിനൽ” ചോദ്യം ചെയ്യുക. ലീഗിൽ ഇതെല്ലാം കേട്ട്കേൾവി മാത്രമായിരുന്നു. അതൊരു സത്യമായി മാറുന്നു എന്നതാണ് വർത്തമാന ചരിത്രം. സ്വന്തം പിതാവിന് മറ്റു ചിലരുടെ ചെയ്തികൾ കാരണം ED ഓഫീസ് കയറിയിറങ്ങേണ്ട അവസ്ഥ ഒരു മകനും പൊറുക്കാൻ കഴിഞ്ഞെന്നു വരില്ല.

കഴിഞ്ഞ ദിവസമാണ് ഐ എൻ എൽ അധികാരത്തിന്റെ പേരിൽ തെരുവിൽ തല്ലിയത്. ഇന്നിപ്പോൾ ലീഗിന്റെ മക്കയായ ലീഗ് ഓഫീസിൽ വച്ചു തന്നെ നേതൃത്വത്തെ അണികൾ ശകാരിക്കുന്നു. വരും ദിവസങ്ങളിൽ പലതും കേൾക്കേണ്ടി വരും എന്നുറപ്പാണ്. തിരഞ്ഞെടുപ്പ് ജയവും തോൽവിയും പാർട്ടികൾക്ക് സാധാരണ കാര്യം മാത്രം. പക്ഷെ ലീഗിൽ നിന്നും കേൾക്കുന്നത് മറ്റു പലതുമാണ്. പാർട്ടിയെ ചിലർ ഹൈജാക്ക് ചെയ്യുന്നു എന്ന ആരോപണം പുതിയതല്ല. അത് എല്ലാ പരിധികളും ലംഘിച്ചു മുന്നേറുന്നു എന്നതാണ് വർത്തമാന ചരിത്രം. മലബാറിലെ ജില്ലകളിൽ ഒരു കാലത്ത് ലീഗിന്റെ സ്വാധീനം മറ്റു പാർട്ടികൾക്ക് ബാലികേറാമലയായി നിലനിന്നിരുന്നു. പക്ഷെ ഇന്നത്തെ അവസ്ഥ മാറിയിരിക്കുന്നു. ഒരു പാർട്ടി എന്ന നിലയിൽ ലീഗ് ഇന്നും ശക്തമാണ്. പക്ഷെ അതിനു കൈമോശം വന്നത് പഴയ ധാർമ്മികയും അനുസരണവുമാണ്. അണികൾക്ക് നേതാക്കളിൽ വിശ്വാസം കുറയുക എന്നത് ഒരു ദുരന്തമാണ്.

മുസ്ലിം ലീഗ് എന്ന പേര് കാരണം ഒരിക്കൽ ലീഗിനെ വർഗീയമെന്നു വിളിക്കാനായിരുന്നു പലരും ശ്രമിച്ചത്. അന്ന് അണികൾ നേതൃത്വത്തിന് പിറകിൽ ഒറ്റക്കെട്ടായി നില കൊണ്ടു. പക്ഷെ തെക്കൻ കേരളത്തിൽ തങ്ങളുടെ വോട്ടു ബാങ്ക് ശക്തിപ്പെടുത്താൻ ലീഗിനെ വർഗീയമായി സി പി എം ഉപയോഗിച്ച് കൊണ്ടിരുന്നു. ലീഗിന്റെ ചിലവിൽ ഇസ്ലാമോഫോബിയ വളർത്താൻ ഇടതു പക്ഷവും ക്രിസ്ത്യന്‍ തീവ്രവാദികളും നടത്തിയ ശ്രമം വെറുതെയായില്ല. ചരിത്രപരമായി ലീഗ് കൂടുതൽ ശ്രദ്ധ കാണിക്കേണ്ട കാലത്ത് പാർട്ടിയെ ചിലർ തട്ടിയെടുക്കുന്നു എന്ന ആരോപണവും പ്രത്യാരോപണങ്ങളും പാർട്ടിയെ ഏതു രീതിയിലേക്ക് എത്തിക്കുമെന്ന് ചരിത്രം തെളിയിക്കും. ഒരു വ്യക്തിയിൽ നിന്നും ലീഗിന് മോചനം വേണമെന്ന് ലീഗുകാർ ആഗ്രഹിക്കുന്നു. ആകെക്കൂടി ചേർത്ത് വായിച്ചാൽ മനസ്സിലാകുന്ന കാര്യം ഇത് മാത്രമാണ്.

Related Articles