Current Date

Search
Close this search box.
Search
Close this search box.

എല്ലാം കേട്ടും കണ്ടും നമുക്ക് ‘അറപ്പ്‘ തീരുന്നോ?

കഴിഞ്ഞ ദിവസങ്ങളില്‍ ഉത്തരേന്ത്യയില്‍ നിന്നും രണ്ടു വാര്‍ത്തകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടു. പക്ഷെ ആ വാര്‍ത്തകള്‍ക്ക് നമ്മുടെ പൊതു മണ്ഡലത്തില്‍ വേണ്ടത്ര ശ്രദ്ധ കിട്ടിയില്ല. ദുരന്തങ്ങള്‍ കേട്ട് ശീലിക്കുമ്പോള്‍ പിന്നെ പലതും നമുക്ക് വാര്‍ത്തയല്ലാതായി മാറും. മോഡി ഭരണത്തിന്റെ ആദ്യ നാളുകളില്‍ നാം കേട്ട വാര്‍ത്തയാണ് ആളുകളെ പേപ്പട്ടിയെ പോലെ തല്ലിക്കൊല്ലുക എന്നത്. അന്ന് അത് ഒരു വലിയ വാര്‍ത്തയായിരുന്നു. ആദ്യം അത് പശുവിന്റെ പേരിലായിരുന്നു. പിന്നീട് കാരണങ്ങള്‍ മാറി വന്നു. ഇന്ന് അത് രാമന്റെ പേരിലാണ് എന്ന വ്യത്യാസം മാത്രം.

അതില്‍ ഒന്നാമത്തെ വാര്‍ത്ത ജയ്‌ ശ്രീരാം വിളിക്കാത്തതിന്റെ പേരില്‍ ഹരിയാനയില്‍ ഒരു മുസ്ലിം യുവാവിനെ ആള്‍ക്കൂട്ടം തല്ലിക്കൊന്നു എന്നതാണ്. മരുന്ന് വാങ്ങാന്‍ പുറത്തു പോയ സമയത്താണ് കൊല നടന്നത്. അക്രമികള്‍ ജയ്‌ ശ്രീരാം വിളിക്കാന്‍ നിര്‍ബന്ധിച്ചു എന്നാണു ഒപ്പം ഉണ്ടായിരുന്നയാള്‍ പറഞ്ഞത്. ഹരിയാനയിലെ മേവാറ്റിലാണ് സംഭവം നടന്നത്.

യു പി യില്‍ രാം സനേഹി ഘട്ട് തഹ്‌സിലിലെ നൂറ്റാണ്ടുകൾ പഴക്കമുള്ള ഗരിബ് നവാസ് പള്ളി തിങ്കളാഴ്ച രാത്രി പോലീസിന്റെ സാന്നിധ്യത്തിൽ നിയമപരമായ യാതൊരു ന്യായീകരണവുമില്ലാതെ പൊളിച്ചുമാറ്റിയതാണ് അടുത്തത്. പള്ളിയുടെ നിര്‍മ്മാണം നിയമ വിരുദ്ധമാണ് എന്നതാണ് ഔദ്യോഗിക വിശദീകരണം. അലഹബാദ്‌ ഹൈ കോടതിയില്‍ കേസ് നടന്നു കൊണ്ടിരിക്കെയാണ് ഈ ആക്രമം നടന്നത്.

പറഞ്ഞു വന്ന ഈ രണ്ടു വാര്‍ത്തകളും നമ്മുടെ പൊതു മണ്ഡലത്തില്‍ ഒരു ചലനവും സൃഷ്ടിച്ചില്ല. ആളുകളെ കൂട്ടമായി തല്ലിക്കൊല്ലുക എന്നത് മോഡി ഭരണത്തിന്റെ ആദ്യ കാലത്ത് സംഘ പരിവാര്‍ അവതരിപ്പിച്ച കലാപരിപാടിയായിരുന്നു. അന്ന് ദേശീയ മാധ്യമങ്ങള്‍ അതൊരു വാര്‍ത്തയായി നല്‍കിയിരുന്നു. ഒരു പാട് പേര്‍ പ്രസ്തുത കലാപരിപാടിക്ക് വിധേയമായതായി നാം കണ്ടു.

പിന്നീട് നാം കണ്ടത് കുറ്റവാളികള്‍ ജയിലില്‍ നിന്നും പുറത്തു വരുമ്പോള്‍ അവരെ പൂവിട്ടു പൂജിക്കുകയും ആദരിക്കുകയും ചെയ്യുന്ന അണികളെയാണ്. പിന്നെ അതൊരു സ്ഥിരം സംഭവമായി. മാധ്യമങ്ങള്‍ക്ക് അതൊക്കെ “ വെറും വാര്‍ത്തകളായി”. അത്തരം വാര്‍ത്തകള്‍ പത്രങ്ങളുടെ അവസാന പേജിലേക്കും മൂലയിലെക്കും നീങ്ങിപ്പോയി എന്നത് ഒരു രാജ്യവും ജനതയും എത്തി നില്‍ക്കുന്ന ദുരവസ്ഥയെ തുറന്നു കാട്ടുന്നു. നമ്മുടെ പൊതു ചര്‍ച്ചകളില്‍ ഇതൊന്നും ഇപ്പോള്‍ വാര്‍ത്തയല്ല.

ബാബറി മസ്ജിദ് വിധിയില്‍ നല്ലൊരു സന്ദേശമാണ് സുപ്രീം കോടതി നല്‍കിയത്. പള്ളി പൊളിച്ചത് അക്രമമാണ്. പക്ഷെ ഇപ്പോള്‍ അവിടെ പള്ളി ഇല്ല എന്നതിനാല്‍ ഭൂമിയുടെ ഉടമസ്ഥാവകാശം അക്രമികള്‍ക്ക് തന്നെ പതിച്ചു നല്‍കുക എന്ന കേട്ടുകേള്‍വിയില്ലാത്ത വിധി ഇന്ത്യന്‍ ജുഡീഷ്യറിയുടെ ചരിത്രത്തില്‍ ഒരു മോശം കീഴ്‌വഴക്കം സൃഷ്ടിക്കും എന്ന് ബുദ്ധിയുള്ള ആളുകള്‍ പറഞ്ഞിരുന്നു. അതിന്റെ ബാക്കിയാണ് ഇപ്പോള്‍ യു പിയില്‍ നിന്നും കേട്ടത്. കോടതിയും കേസും തങ്ങള്‍ക്കു ബാധകമല്ല എന്നതാണ് സംഘ പരിവാര്‍ ,മുന്നോട്ടു വെക്കുന്നത്.

രണ്ടിലും നാം കാണുന്നത് ഒരു നമ്മുടെ പൊതു ബോധ സൃഷ്ടിയെ എങ്ങിനെയാണ്‌ കാര്യങ്ങള്‍ സ്വാദീനിക്കുന്നത് എന്നതാണ്. ഒരു സ്വതന്ത്ര പരമാധികാര രാഷ്ട്രം എന്ന നിലയില്‍ നാട്ടിലെ എല്ലാ ജനങ്ങള്‍ക്കും നീതിയും നിയമവും ബാധകമാണ് എന്ന ബോധം എവിടെയോ നഷ്ടമായിരിക്കുന്നു. നൂറ്റാണ്ടുകളായി ഈ ഭൂമിയില്‍ ജീവിക്കുന്നു എന്നത് തന്നെ തെളിവായി കാണാന്‍ സംഘ പരിവാര്‍ തയ്യാറല്ല .അതാണ്‌ പൌരത്വ നിയമം നല്‍കുന്ന സൂചന.

നമ്മുടെ നാട്ടില്‍ ആരാധാനാലയങ്ങള്‍ക്ക് കൃത്യമായ രേഖകള്‍ ഉണ്ടാകണമെന്നില്ല . കാരണം അതെല്ലാം രൂപപ്പെട്ടത് ഇന്നത്തെ വ്യവസ്ഥകള്‍ രൂപപ്പെടുന്നതിന് മുമ്പാണ്. നാട്ടിലെ ഇതു ആരാധനാലയവും പൊളിച്ചു നീക്കാന്‍ പുതിയ നടപടികള്‍ കൊണ്ട് സാധിക്കും. എല്ലാ തിന്മകളെയും വെളിപ്പിക്കാന്‍ കോടതികള്‍ കൂടിയുണ്ട് എന്ന് വരുമ്പോള്‍ ഈ ആക്രമത്തിന്റെ തോത് വര്‍ധിക്കാനാണ് സാധ്യത കൂടുതല്‍. ബാബറി പള്ളിക്ക് ശേഷം കുറെ പള്ളികളുടെ പേര്‍ കീശയിലിട്ടാണ് സംഘ പരിവാര്‍ നടക്കുന്നത് എന്നത് കൂടി ചേര്‍ത്ത് വായിക്കണം.

പക്ഷെ എല്ലാം കേട്ടും കണ്ടും നമുക്ക് ‘അറപ്പ്‘ തീര്‍ന്നിരിക്കുന്നു. എല്ലാം ശരിയാകുന്ന കാലത്താണ് നാം ജീവിക്കുന്നത്. നീതിയും ന്യായവും നിലനില്‍ക്കുമ്പോള്‍ മാത്രമേ മനുഷ്യന് നില നില്ക്കാന്‍ കഴിയൂ, ഒരു ജനതയുടെ നേര്‍ക്കാവുമ്പോള്‍ എല്ലാം ശരിയാവുന്ന നീതി ശാസ്ത്രം തീര്‍ത്തും അപകടം വിളിച്ചു വരുത്തും എന്നതു കാലം തെളിയിക്കും .

Related Articles