മുസ്ലിം സമുദായത്തിന് മുഖ്യധാര രാഷ്ട്രീയ പാര്‍ട്ടികള്‍ വേണ്ട പരിഗണന നല്‍കുന്നില്ല എന്നത് തെരഞ്ഞെടുപ്പ് സമയത്ത് ഉയര്‍ന്നു വരുന്ന ചര്‍ച്ചയാണ്. ഇന്നലെ സമസ്തയുടെ നേതാക്കള്‍ തന്നെ ആ വിഷയം ചൂണ്ടിക്കാണിച്ചത് നാം കണ്ടതാണ്. കേരളത്തില്‍ ഹിന്ദു സമുദായം കഴിഞ്ഞാല്‍ കൂടുതല്‍ പ്രാധിനിത്യമുള്ള ജനവിഭാഗം മുസ്‌ലിംകളാണ്. 55 ശതമാനം ഹിന്ദുക്കള്‍ 27 ശതമാനം മുസ്‌ലിംകള്‍ 18 ശതമാനം ക്രിസ്ത്യാനികള്‍ എന്നതാണ് അവസാനം നടന്ന ജനസംഖ്യാ കണക്കെടുപ്പില്‍ മനസ്സിലാകുന്നത്. അതില്‍ മുസ്‌ലിം ജനസംഖ്യ കാര്യമായി മലബാറിലും ക്രിസ്ത്യന്‍ ജനസംഖ്യ തിരുവിതാംകൂറിലും കേന്ദ്രീകരിച്ചിരിക്കുന്നു.
മലബാര്‍ പ്രദേശങ്ങളില്‍ മുസ്‌ലിം പ്രാധിനിത്യം ഇങ്ങിനെ വായിക്കാം.
മലപ്പുറം 70 %
കോഴിക്കോട് 40 %
കാസര്‍കോട് 37 %
കണ്ണൂര്‍ 30 %
വയനാട് 29 %
മലബാറിന് പുറത്ത് മുസ്‌ലിം ജനസംഖ്യ കൂടുതലുള്ളത് പാലക്കാട് ജില്ലയിലാണ്. അതിനപ്പുറത്ത് മിക്ക ജില്ലകളിലും 15 ശതമാനത്തില്‍ താഴെയാണ് മുസ്‌ലിം ജനസംഖ്യ. കേരളത്തിലെ 13 ജില്ലകളിലും ഒന്നാം സ്ഥാനത്ത് നില്‍ക്കുന്നത് ഹിന്ദു ജനസംഖ്യയാണ്. മലപ്പുറത്ത് മാത്രമാണ് മുസ്‌ലിം പ്രാതിനിത്യം കൂടുതലുള്ളത്. ജനസംഖ്യ അനുപാതം വെച്ച് നോക്കിയാല്‍ മുസ്‌ലിംകള്‍ക്ക് ലഭിക്കേണ്ട പലതും ലഭിച്ചിട്ടില്ല എന്നുറപ്പാണ്. സച്ചാര്‍ കമ്മീഷന്‍ റിപ്പോര്‍ട്ട് ഈ വിഷയത്തില്‍ പല ചര്‍ച്ചകള്‍ക്കും വഴിവെച്ചെങ്കിലും തുടര്‍ നടപടികള്‍ ഒന്നും ഉണ്ടായില്ല എന്ന ദുഃഖ സത്യം കൂടി നമ്മെ ഓര്‍മ്മപ്പെടുത്തുന്നു. രാജ്യത്തിന്റെ പല ഭാഗങ്ങളിലും സമൂഹത്തിന്റെ ഏറ്റവും താഴെയാണ് മുസ്ലിംകളുടെ സ്ഥാനം എന്നതൊക്കെ നാം വായിച്ചു മറന്ന സത്യങ്ങളും.
കേരളത്തില്‍ വികസന കാര്യത്തില്‍ മലബാര്‍ താരതമ്യേന പിറകിലാണ്. അടുത്ത കാലത്ത് വരെ വേണ്ടത്ര വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ കുറവിനെ കുറിച്ച് ചര്‍ച്ച നടന്നിരുന്നു. മലബാറിന് കേരളം ഭരിച്ചവരില്‍ നിന്നും വേണ്ടത്ര പരിഗണന ലഭിച്ചില്ല എന്നത് യാഥാര്‍ത്ഥ്യമായി തന്നെ നിലനില്‍ക്കുന്നു. മലബാറിലെ മുഖ്യ രാഷ്ട്രീയ പാര്‍ട്ടികള്‍ ലീഗും സി പി എമ്മും കോണ്‍ഗ്രസുമാണ്. ലീഗ് ഐക്യ മുന്നണിയില്‍ ഉണ്ട് എന്നത് കൊണ്ട് തന്നെ മുസ്‌ലിം പ്രാതിനിധ്യത്തില്‍ നിന്നും പലപ്പോഴും കോണ്‍ഗ്രസ് വഴുതി മാറും. അതാണ് നാം കണ്ടു കൊണ്ടിരിക്കുന്ന അവസ്ഥ. അതെ സമയം ക്രിസ്ത്യന്‍ പ്രാതിനിധ്യത്തില്‍ കോണ്‍ഗ്രസ്സ് ഒരു കുറവും വരുത്താറില്ല. ഇപ്പോള്‍ തന്നെ പ്രഖ്യാപിച്ച സ്ഥാനാര്‍ഥികളില്‍ അഞ്ചു പേര് അതെ സമുദായത്തില്‍ നിന്നുള്ളവരാണ്. മുസ്‌ലിം പ്രാതിനിധ്യം ലീഗിന്റെ ചുമലില്‍ വെക്കുമ്പോള്‍ കേരള കോണ്‍ഗ്രസ്സും കൂടെയുണ്ട് എന്ന കാര്യം കൂടി ചേര്‍ത്ത് വായിക്കണം. മുസ്‌ലിംകളുടെ കുത്തക ലീഗിനാണ് എന്നത് കൊണ്ട് തങ്ങള്‍ക്ക് അതില്‍ ഒരു പങ്കുമില്ല എന്ന നിലപാട് എത്രമാത്രം ശരിയാണ് എന്നത് വിശകലനം ചെയ്യണം.
മതേതര പാര്‍ട്ടികള്‍ മതത്തിന്റെ പേരിലല്ല കാര്യങ്ങള്‍ തീരുമാനിക്കേണ്ടത് എന്നത് ശരിയാണ്. പക്ഷെ നാട്ടിലെ മത ന്യൂനപക്ഷങ്ങളെ കൂടി അവര്‍ പരിഗണിക്കുന്നു എന്നത് തെറ്റായ കാര്യമല്ല. സംവരണ മണ്ഡലങ്ങള്‍ നമ്മുടെ നാട്ടിലുണ്ട്. ആ സംവരണത്തിന്റെ അടിസ്ഥാനം ജാതി തന്നെയാണ്. ഉദ്യോഗ തലത്തില്‍ പരിഗണന ലഭിക്കുക എന്നത് പോലെ തന്നെയാണ് ഭരണ തലത്തിലും പരിഗണന ലഭിക്കുക എന്നതും. അപ്പോള്‍ പിന്നോക്ക വിഭാഗങ്ങളെ അത്തരം സ്ഥാപനങ്ങളിലേക്ക് പരിഗണിക്കുക എന്നത് അവരോടു ചെയ്യുന്ന നീതിയായി മാത്രമേ കരുതാന്‍ കഴിയൂ. കോണ്‍ഗ്രസ്സ് മുസ്‌ലിംകളെ അവഗണിക്കുന്നു എന്ന കാരണമാണ് മുസ്ലിം ലീഗ് എന്ന പ്രസ്ഥാനം രൂപീകരിക്കാന്‍ തന്നെ കാരണമായത്. സംഘപരിവാര്‍ കാലത്ത് നിയമ നിര്‍മാണ സഭകളില്‍ ന്യൂനപക്ഷങ്ങളുടെ എണ്ണം തീരെ കുറഞ്ഞു വരുന്നു. അതെ രീതി തന്നെ മതേതര കക്ഷികള്‍ പിന്തുടര്‍ന്നാല്‍ സംഭവിക്കുക ന്യൂനപക്ഷം പൂര്‍ണമായി അരികുവല്‍ക്കരിക്കപ്പെടുക എന്നതാണ്.
മുസ്‌ലിം ലീഗ് പലപ്പോഴും പ്രതിരോധത്തിന്റെ ഭാഗത്താണ്. രണ്ടില്‍ കൂടുതല്‍ പാര്‍ലമെന്റ് സീറ്റിനു അര്‍ഹത ഉണ്ടായിട്ടും അത് ചോദിക്കാനുള്ള ആര്‍ജവം ലീഗിന് നഷ്ടപ്പെടുന്നു. അഞ്ചാം മന്ത്രിയുടെ കാര്യത്തില്‍ ചര്‍ച്ചകള്‍ ഉണ്ടാക്കിയ കുടുക്കുകള്‍ അവരെ പലപ്പോഴും പിന്നോട്ടടിപ്പിക്കുന്നു. അതൊരു അവസരമായാണ് കോണ്‍ഗ്രസ് മാനസ്സിലാക്കുന്നത് എന്ന് വേണം കരുതാന്‍. മുസ്‌ലിം മത നേതൃത്വങ്ങള്‍ ഒരിക്കലും ഒന്നിലും ഒന്നിക്കില്ല എന്ന ബോധം കൃത്യമായി മനസ്സിലാക്കിയത് നമ്മുടെ രാഷ്ട്രീയ നേതൃത്വമാണ്. അത് കൊണ്ട് തന്നെ പലപ്പോഴും രാഷ്ട്രീയ താല്‍പര്യങ്ങള്‍ക്ക് വേണ്ടി സംഘടനകളെ പിളര്‍ക്കാനും ഒതുക്കാനും അവര്‍ക്ക് കഴിയുന്നു. ഇസ്ലാം, മുസ്ലിം എന്ന പൊതു വികാരത്തിനപ്പുറം സങ്കുചിത താല്പര്യങ്ങള്‍ കൂടി കടന്നു വരുമ്പോള്‍ മുസ്ലിംകളുടെ സംഘടിത ശക്തി എന്നത് ഒരു സ്വപ്നം മാത്രമായി അവശേഷിക്കുന്നു. ചില നേതാക്കള്‍ക്ക് ജീവിത കാലം മുഴുവന്‍ അധികാരത്തില്‍ ചേര്‍ന്ന് നില്‍ക്കാനുള്ള ഇടമായി ന്യൂനപക്ഷ രാഷ്ട്രീയവും മുസ്ലിം സംഘടനകളും മാറുമ്പോള്‍ അവരുടെ അവകാശങ്ങള്‍ തട്ടിയെടുക്കാന്‍ മറ്റുള്ളവര്‍ക്ക് ഒരു വിഷമവും കാണില്ല.