Columns

മത സംഘടനകൾ എന്ത് ചെയ്യുകയാണ് ?

സാലിം തികഞ്ഞ തെമ്മാടിയായിട്ടാണ് ജീവിച്ചത്. അവന്റെ രക്ഷിതാക്കള്‍ക്കൊഴികെ മറ്റാര്‍ക്കും അതൊരു വിഷയമായി അനുഭവപ്പെട്ടില്ല. അങ്ങിനെ ഒരിക്കല്‍ നാട്ടിലെ നവോത്ഥാന പ്രസ്ഥാനങ്ങളുടെ ശ്രമഫലമായി ജാസിം പുതിയ ജീവിതം കണ്ടെത്തി. പള്ളിയിലെ ഒന്നാമത്തെ സ്വഫില്‍ പിന്നെ ആളുകള്‍ ജാസിമിനെ കണ്ടു. നാട്ടിലെ എല്ലാ നല്ല കാര്യത്തിലും അവന്‍ മുന്നിലാണ്. മാതാപിതാക്കള്‍ തികഞ്ഞ സന്തോഷത്തിലും. അപ്പോഴാണ് പുതിയ വിഷയം ഉടലെടുത്തത്. ജാസിം കൈ കെട്ടുന്നത് കുറച്ചു മുകളിലാണ്. നമസ്‌കാര ശേഷം ഒന്നിച്ചു പ്രാര്‍ത്ഥിക്കുന്നില്ല. സുബ്ഹിക്ക് ഖുനൂത്ത് ഓതുന്നില്ല. പള്ളിയിലെ ഇമാമും പ്രസിഡന്റും തീരുമാനിച്ചു. ഈ വിഷയം സാലിമിന്റെ രക്ഷിതാക്കളെ അറിയിക്കണം. സമൂഹത്തില്‍ നിന്നും ഒരാള്‍ പിഴച്ചു പോകുന്നത് അത്ര കണ്ട് അവര്‍ക്കു അസഹ്യമായിരുന്നു. ഒരു ദിവസം വൈകീട്ട് അവര്‍ സാലിമിന്റെ വീട്ടിലെത്തി കാര്യങ്ങള്‍ സംസാരിച്ചു. ‘എന്റെ മോന്‍ മോശമായി നടന്ന കാലത്തു അത് നേരെയാക്കാന്‍ ആരെയും കണ്ടില്ല. അപ്പോള്‍ നിങ്ങളുടെ കാര്യം ആളുകള്‍ നന്നാവുന്നതാണ്’ എന്നായിരുന്നു സാലിമിന്റെ പിതാവിന്റെ മറുപടി.

ഇത് കേട്ട് മറന്ന കഥയാകാം. പക്ഷെ ഇതൊരു സത്യം കൂടിയാണ്. മുസ്ലിം സംഘടനകള്‍ എന്തെടുക്കുന്നു എന്ന ചോദ്യം പലപ്പോഴും അവിടെയാണ് പ്രസക്തമാകുന്നത്. ഇന്നലെ ഒരു വാര്‍ത്ത നാം വായിച്ചു. വിവാഹ നിശ്ചയം ആഘോഷിക്കാന്‍ ബാറില്‍ പോയ ഒരു സമുദായ അംഗം അവിടെ വെച്ച് തന്നെ മദ്യത്തിന്റെ പേരില്‍ മറ്റൊരു സമുദായ അംഗത്താല്‍ കൊല്ലപ്പെട്ടു. കെവിന്‍ കൊലപാതക കേസിലും സമുദായ അംഗങ്ങളുടെ എണ്ണം കുറവല്ല. ദിനേന വരുന്ന പത്രങ്ങളില്‍ വായിക്കുന്ന വാര്‍ത്തകള്‍ വേറെ. മുസ്ലിം ഭൂരിപക്ഷ പ്രദേശങ്ങളില്‍ ലഹരി മാഫിയ അഴിഞ്ഞാടുന്ന വിവരം മറ്റൊരിടത്ത്. മുസ്ലിം യുവത്വത്തിന്റെ അവസ്ഥയാണ് മേല്‍ പറഞ്ഞു വരുന്നത്. ഒരാള്‍ വിശ്വാസിയാകുന്നത് കേവലം വിശ്വാസവും കര്‍മവും കൊണ്ട് മാത്രമല്ല. നിലപാടുകള്‍ കൂടി പ്രാധ്യാന്യമര്‍ഹിക്കുന്നു. നന്മ പ്രചരിപ്പിക്കുക തിന്മ തടയുക എന്നത് വിശ്വാസത്തിന്റെ ഭാഗമാണ്. ഖുര്‍ആന്‍ വിമര്‍ശിക്കുന്നത് തെറ്റ് ചെയ്യുന്നവരെ കുറിച്ചല്ല. അത് കണ്ടിട്ടും തടയാത്തവരെ കുറിച്ചാണ്. തിന്മയോട് പൂര്‍ണമായും രാജിയാവുക എന്ന നിലപാട് വിശ്വാസികള്‍ക്ക് അന്യമാണ്. എപ്പോഴെങ്കിലും തെറ്റുകള്‍ സംഭവിച്ചു പോയാല്‍ അതിനു പരിഹാരമായി അവര്‍ അപ്പോള്‍ തന്നെ അത് തിരിച്ചറിഞ്ഞു ദൈവത്തോട് മാപ്പപേക്ഷിക്കുന്നു.

കേരള മുസ്ലിം സമുദായത്തില്‍ സംഘടനകളുടെ സ്വാധീനം കൂടുതലാണ്. അല്ലാഹുവിന്റെ ദീന്‍ എത്തിക്കുക,സംസ്‌കരിക്കുക, വിവരമുള്ളവരാകുക എന്നതാണ് പ്രവാചകന്മാര്‍ ചെയ്ത പണികള്‍. അത് തന്നെയാണ് എന്നും ചെയ്യേണ്ടതും. സമുദായത്തിന്റെ സംസ്‌കരണം എന്ന മുഖ്യ അജണ്ടയില്‍ നിന്നും സംഘടനകള്‍ പിറകോട്ടു പോകുന്നു. അവരുടെ അജണ്ടകള്‍ അതിലുമപ്പുറത്താണ്. സമുദായ അംഗങ്ങള്‍ തെറ്റുകളിലേക്കും കുറ്റങ്ങളിലേക്കും പതിക്കുമ്പോള്‍ അവര്‍ മറ്റൊരു ദീനിനെയാണ് സമൂഹത്തിനു പരിചയപ്പെടുത്തുന്നത്. സംഘടനകളെ പരസ്പരം ഇസ്ലാമില്‍ നിന്നും പുറത്താക്കാനുള്ള വ്യഗ്രതയിലാണ് അവരില്‍ ചിലര്‍. ഈ വഴികേടൊന്നും അവര്‍ അറിയുന്നില്ല. ഇപ്പോള്‍ നടക്കുന്ന ഇത്തരം പ്രവണതകള്‍ മാറ്റി വെച്ച് സമുദായത്തെ സംസ്‌കരിക്കുക എന്നതിലേക്ക് അവര്‍ തിരിഞ്ഞാല്‍ അതൊരു അനുഗ്രഹമാകും. അത് മാത്രമേ അനുഗ്രഹമാകൂ.

കേവലം നല്ല മനുഷ്യനാകുക എന്നതിലപ്പുറം അത് വിശ്വാസത്തിന്റെ കൂടി ഭാഗമാണ് എന്ന ബോധമാണ് വിശ്വാസികള്‍ക്ക് ഉണ്ടാകേണ്ടത്. അവര്‍ പ്രമാണമായി അംഗീകരിക്കുന്ന ഗ്രന്ഥം അതിലേക്കാണ് ലോകത്തെ വിളിക്കുന്നത്. എന്നിട്ടും സമുദായത്തില്‍ തിന്മയുടെ സാന്നിധ്യം കൂടുമ്പോള്‍ അത് കണ്ടില്ലെന്നു നടിക്കാന്‍ വാസ്തവത്തില്‍ ഇസ്ലാമിക സംഘടനകള്‍ക്ക് പാടില്ലാത്തതാണ്. വിശ്വസിക്കാന്‍ പറയുന്നതിന്റെ മുമ്പ് ഖുര്‍ആന്‍ പറയുന്നത് നന്നാവുന്നതിനെ കുറിച്ചാണ്. അതായത് സമൂഹത്തിനു നല്ലതു മാത്രമേ മുസ്ലിംകളില്‍ നിന്നും വരാന്‍ പാടുള്ളൂ. ഇന്നത്തെ ഈ അവസ്ഥയില്‍ നമ്മുടെ സംഘടനകളുടെ നിലപാട് ഖേദകരമാണ്. പലപ്പോഴും ഇത്തരം വഴി പിഴച്ചവരെ തങ്ങളുടെ ഉദ്ദേശങ്ങള്‍ക്കു വേണ്ടി സംഘടനകള്‍ ഉപയോഗിക്കുന്നു എന്നതും മറ്റൊരു സത്യമാണ്.

സമുദായത്തില്‍ വര്‍ധിച്ചു വരുന്ന കുറ്റകൃത്യങ്ങളും അസാന്മാര്‍ഗിക രീതികളും വാസ്തവത്തില്‍ വിശ്വാസികളുടെ ഉറക്കം കെടുത്തണം. മറ്റൊരാളെ ചീത്ത വിളിക്കുന്നത് പോലും മതം വിലക്കുന്നു. പ്രവാചകന്‍ അതിനെതിരെ ശക്തമായ മുന്നറിയിപ്പ് നല്‍കുന്നു. മദ്യത്തെ തിന്മകളുടെ മാതാവ് എന്ന് വിശേഷിപ്പിക്കുന്നു. പലിശയെ വന്‍പാപമായി കരുതുന്നു. കളവു വലിയ കുറ്റമായി പ്രഖ്യാപിക്കുന്നു. കൊലയും വഞ്ചനയും പാടില്ലെന്ന് കര്‍ശനമായി നിര്‍ദ്ദേശിക്കുന്നു. എന്നിട്ടും ഒരു ഭാഗത്ത് ഇവയെല്ലാം അധികരിച്ചു വരുന്നു. മുസ്ലിം സംഘടനകള്‍ അവരുടെ മുഖ്യ അജണ്ട മാറ്റേണ്ടി വരുന്നത് ഇവിടെയാണ്. പണ്ഡിതന്മാര്‍ക്ക് ഈ വിഷയത്തില്‍ പ്രത്യേക സ്ഥാനമുണ്ട്. സമുദായത്തെ വലിയ്യുകളുടെ കറാമത്തുകളിലും പോരിശകളിലും കെട്ടിയിടാതെ ജീവിക്കുന്ന സമൂഹത്തിന്റെ സംസ്‌കരണ പ്രവര്‍ത്തനങ്ങള്‍ക്ക് മുന്‍ഗണന നല്‍കട്ടെ. നിസാര കാര്യങ്ങളില്‍ തര്‍ക്കിച്ചു സമയം കളയാതെ മാന്യമായ പ്രബോധന സംസ്‌കരണ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കട്ടെ. സമുദായത്തിലെ യുവതയുടെ വഴിമാറി പോക്ക് ഏറ്റവും ചുരുങ്ങിയത് സംഘടനകളുടെ ഒരു മുഖ്യ വിഷയമായി മാറുകയെങ്കിലും ചെയ്യട്ടെ. അല്ലെങ്കില്‍ ഉത്തമ സമുദായം എവിടെ ചെന്ന് നില്‍ക്കുമെന്ന് നമുക്ക് ഊഹിക്കാം. നന്മ മാത്രം പ്രവര്‍ത്തിക്കുക അതിനു വേണ്ടി നിലകൊള്ളുക തിന്മയെ ഏതവസ്ഥയിലും എതിര്‍ക്കുക എന്ന നിലപാടുള്ള സമുദായം തിന്മയുടെ ആളുകളാവുക എന്നതിന്റെ ഉത്തരവാദിത്വത്തില്‍ നിന്നും ആര്‍ക്കും പെട്ടെന്ന് ഒഴിഞ്ഞുമാറാന്‍ കഴിയില്ല. അത് കൊണ്ട് തന്നെയാണ് സാലിമിന്റെ കഥക്ക് എന്നും പുതുമയുണ്ടാകുന്നതും.

Author
as
Facebook Comments
Related Articles
Close
Close