Current Date

Search
Close this search box.
Search
Close this search box.

മുസ്ലിം സമുദായവും ജമാഅത്തെ ഇസ്ലാമിയും

‌കുഞ്ഞിക്കണ്ണൻ എഴുതുന്നു :”ദേശീയ പ്രസ്ഥാനം ഉയർത്തിയ സ്വാതന്ത്ര്യത്തിൻറെയും സ്വരാജിൻറെയും ആശയങ്ങൾക്ക് എതിരായിട്ടാണ് ആർ.എസ്.എസ് എന്നപോലെ ജമാഅത്തെ ഇസ്ലാമിയും നിലകൊണ്ടത്”

വിമർശകൻ ആരോപിക്കുന്ന പോലെ സ്വാതന്ത്ര്യത്തിൻറെയും സ്വരാജിൻറെയും ആശയങ്ങളെ ജമാഅത്തെ ഇസ്ലാമി എതിർത്തിട്ടില്ല. എന്നല്ല, വൈദേശികാധിപത്യത്തിൽ നിന്ന് രാജ്യത്തെ മോചിപ്പിക്കണമെന്നാണ് സയ്യിദ് മൗദൂദി ആഹ്വാനം ചെയ്തത്. ഇക്കാര്യം നേരത്തെ വ്യക്തമാക്കിയിട്ടുണ്ട്.

1947 ആഗസ്റ്റ് 15ന് ഇന്ത്യ സ്വാതന്ത്ര്യം നേടിയെന്ന് പോലും കമ്മ്യൂണിസ്റ്റ് പാർട്ടി അംഗീകരിച്ചിരുന്നില്ല. മാർക്സിസത്തെയും ഇന്ത്യൻ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തെയും ആഴത്തിൽ പഠിച്ച മുൻ നക്സലൈറ്റ് നേതാവും പ്രമുഖ ബുദ്ധിജീവിയുമായ സഖാവ് കെ. വേണു എഴുതുന്നു:”ഇന്ത്യയിലെ കമ്യൂണിസ്റ്റ് നേതൃത്വത്തിൻറെ പാപ്പരത്തം ഏറ്റവും കൂടുതൽ പ്രകടമായത് ഇന്ത്യ സ്വാതന്ത്ര്യം നേടിയതിനെ തുടർന്നുള്ള നാലു വർഷത്തിനുള്ളിലാണ്. 1947 ആഗസ്റ്റിൽ പാർട്ടി ജനറൽ സെക്രട്ടറിയായിരുന്ന പി. സി. ജോഷിയുടെ നേതൃത്വത്തിൽ ഇന്ത്യയുടെ സ്വാതന്ത്ര്യത്തെ അംഗീകരിക്കുകയും കോൺഗ്രസിൻറെ നേതൃത്വത്തിലുള്ള സർക്കാരിനെ ദേശീയ ബൂർഷ്വാ സർക്കാറെന്ന നിലക്ക് പിന്തുണയ്ക്കാൻ തീരുമാനിക്കുകയുമാണ് പാർട്ടി ചെയ്തത്. എന്നാൽ മാസങ്ങൾക്കുള്ളിൽ 1948 ഫെബ്രുവരിയിൽ കൊൽക്കത്തയിൽ ചേർന്ന പാർട്ടിയുടെ രണ്ടാം കോൺഗ്രസിൽ നേതൃത്വം രണദിവെയുടെ കയ്യിലെത്തുകയും ഇന്ത്യ സ്വാതന്ത്ര്യം നേടിയിട്ടില്ലെന്നും റഷ്യൻ മോഡൽ സായുധ ഉയർത്തെഴുന്നേൽപ്പ് വിപ്ലവത്തിന് ഉടൻ സജ്ജമാകണമെന്നും തീരുമാനിക്കുകയും ചെയ്തു. മാസങ്ങൾക്കുള്ളിൽ കൽക്കത്താ തിസീസ് വിപ്ലവം ചീറ്റിപ്പോയതോടെ, തെലുങ്കാനയിൽ ആന്ധ്ര പാർട്ടി ഘടകത്തിൻറെ നേതൃത്വത്തിൽ നടത്തിയിരുന്ന ചൈനീസ് മാതൃകയിലുള്ള ജനകീയ യുദ്ധത്തിൻറെ വക്താവായിരുന്ന സി.രാജേശ്വര റാവു പാർട്ടി നേതൃത്വം ഏറ്റെടുക്കുകയും ചൈനീസ് പാത ഇന്ത്യൻ വിപ്ലവത്തിൻറെ മാർഗമായി പ്രഖ്യാപിക്കുകയും ചെയ്തു. അടിച്ചമർത്തലിനെ നേരിട്ടുകൊണ്ട് തെലുങ്കാനാ സമരത്തിന് പിടിച്ചുനിൽക്കാനാവാതെ വന്നപ്പോൾ, അജയ ഘോഷിൻറെ നേതൃത്വത്തിൽ 1951ൽ തെലുങ്കാനാ സമരം പിൻവലിക്കുകയും പാർലമെൻററി സമ്പ്രദായം സ്വീകരിക്കുകയും ചെയ്യുന്ന നയപ്രഖ്യാപനം അംഗീകരിച്ചു.( സി.പി.എം. ഫാഷിസത്തിൻറെ പാതയിൽ, പേജ് 127)

മുസ്ലിം സമുദായം ജമാഅത്തെ ഇസ്ലാമിയെ തള്ളി പറഞ്ഞുവെന്നും അവർ മുന്നോട്ടുവെച്ച ഇസ്ലാമിനെ അംഗീകരിച്ചില്ലെന്നുമാണ് കുഞ്ഞിക്കണ്ണൻ പുസ്തകത്തിലുടനീളം പറഞ്ഞുകൊണ്ടിരിക്കുന്നത്. പിന്നെ എന്തിനാണ് അദ്ദേഹവും അദ്ദേഹത്തിൻറെ പാർട്ടിയും ആരുടെയും അംഗീകാരവും പിൻബലവുമില്ലാത്ത ജമാഅത്തിനെ എതിർക്കാൻ ഇത്രയേറെ അധ്വാനവും സമ്പത്തും സമയവും ചെലവഴിക്കുന്നത്.

യഥാർത്ഥത്തിൽ വസ്തുത അതല്ല. മുസ്ലിം സമുദായത്തിലെ വ്യത്യസ്ത സംഘടനകൾ പല കാരണങ്ങളാൽ ജമാഅത്തെ ഇസ്ലാമിയെ വിമർശിക്കുകയും എതിർക്കുകയും ചെയ്യുന്നുണ്ടെങ്കിലും എല്ലാ സംഘടനകളിലെയും സാധാരണ പ്രവർത്തകൻ തൊട്ട് പ്രഗത്ഭർ വരെ ജമാഅത്തിനെ ഇഷ്ടപ്പെടുകയും സ്നേഹിക്കുകയും അതുമായി സഹകരിക്കുകയും ചെയ്യുന്നു.

കേരളത്തിലെ ഏറ്റവും വലിയ മുസ്ലിം മത സംഘടനയിലെ സാധാരണ പ്രവർത്തകനായ എ.കെ.മാടായി എഴുതുന്നു:”ഇങ്ങോർ ഒരു മഹാ സംഭവം തന്നെയാണ്.അവിഭക്ത ഇന്ത്യയിൽ പട്ടാം കോട്ട് എന്ന ഗ്രാമത്തിൽ ഒരു സാധാരണ കുടുംബത്തിൽ ജനിച്ച മനുഷ്യൻ, സയ്യിദ് (തങ്ങൾ) കുടുംബം ആയിരുന്നെങ്കിലും ആ രീതിയിൽ അങ്ങോരുടെ അനുയായികൾ പോലും വിശേഷിപ്പിക്കാറില്ല.

ഇന്ത്യാ ഉപഭൂഖണ്ഡത്തിൽ തന്നെ വളരെ ശുഷ്കമായ അനുയായികൾ മാത്രമേ ഇപ്പോഴും ഇദ്ദേഹത്തിനുള്ളു.80 ലക്ഷം മുസ്ലിംകളുള്ള കേരളത്തിൽ തന്നെ ആകെക്കൂടി പതിനായിരം പൂർണ അർത്ഥത്തിലുള്ള അനുയായികൾ ഉണ്ടാവില്ല. മുത്തഫിഖുകൾ (അനുഭാവികൾ)കാർകുനുകൾ,(പ്രവർത്തകർ)എന്നീ അവസ്ഥകൾ പിന്നിട്ട് വേണം റുക്ന്(അംഗം) എന്ന പരമമായ അവസ്ഥയിലെത്താൻ. ജമാഅത്ത് രീതിയനുസരിച്ച് അവിടെ എത്തുക എന്നത് ഭഗീരഥ പ്രയത്നമാണ്.

ഇങ്ങനെയൊക്കെയാണെങ്കിലും ഇന്ത്യൻ ഉപഭൂഖണ്ഡത്തിൽ മൊത്തവും ലോകത്തിൻറെ പല ഭാഗങ്ങളിലും ഭാഗികമായും, നാല് പതിറ്റാണ്ടു മുമ്പ് മരിച്ചുപോയ ഈ മനുഷ്യൻ നിരന്തരം ചർച്ച ചെയ്യപ്പെട്ടു കൊണ്ടിരിക്കുന്നു . റഷ്യയും ചൈനയും പോലത്തെ വൻകിട രാഷ്ട്രങ്ങൾ മുതൽ യൂറോപ്പിൻറെ നല്ലൊരു ഭാഗവും ഒരു കാലത്ത് അടക്കിവാണിരുന്ന പ്രത്യയ ശാസ്ത്രത്തിൻറെ വക്താവായ കാറൽമാർക്സ് പോലും കാലയവനികയ്ക്കുള്ളിൽ തമസ്കരിക്കപ്പെട്ട വർത്തമാന കാലത്തിൽ ഈ മൗലവിയുടെ ചിന്തകളും ആശയങ്ങളും ഇപ്പോഴും വമ്പൻ പാർട്ടികളുടെയും ചിന്തകരുടെയും പോലും ഉറക്കം കെടുത്തുന്നു.

രാഷ്ട്ര വ്യവഹാരം മുതൽ ഭരണകൂടങ്ങളും കലാലയങ്ങളും സാഹിത്യവും കലയും ആധുനിക സിനിമകൾ പോലും ഈ മനുഷ്യൻറെ ചിന്താധാരകളെ അധികരിച്ചും അപഗ്രഥിച്ചും വിശകലനം ചെയ്യപ്പെടുന്നു.മൗലാനാ മൗദൂദി എന്ന, മികച്ച അക്കാദമിക യോഗ്യതകളൊന്നും അകമ്പടി ചേർക്കാനില്ലാത്ത നാട്ടിൻപുറത്തെ ഒരു പള്ളി ഇമാമിൻറെ മകൻ ഇസ്ലാമിക് ഐഡിയോളജി സ്വന്തം പഠനഗവേഷണ നിരീക്ഷണത്തിലൂടെ കണ്ടെത്തി ആവിഷ്കരിച്ച ചിന്താധാരകൾ മനുഷ്യനിർമ്മിത പ്രസ്ഥാനങ്ങളിലെ ആസ്ഥാന പണ്ഡിതന്മാരായ പലരെയും വിറളി പിടിപ്പിക്കുന്നു എന്നതിന് വർത്തമാന കേരളം തന്നെ സാക്ഷിയാണ്.

വിശ്വാസപരമായ ഇങ്ങേരുടെ ആശയത്തിൻറെ വിരുദ്ധ ചേരിയിൽ നിൽക്കുന്ന, പലപ്പോഴും ഇവരുടെ ആശയത്തെ വിമർശിക്കുന്ന പാരമ്പര്യ സുന്നി വിശ്വാസികളാണ് നമ്മളൊക്കെ. അപ്പോഴും ഇദ്ദേഹത്തിൻറെ പാണ്ഡിത്യത്തിൻറെ ഗരിമയും ഉൾക്കാഴ്ചയും ഗവേഷണ പരതയും ചിന്തയിലെ ദീർഘവീക്ഷണവും ക്യാപിറ്റലിസത്തിനും ആധുനിക സോഷ്യലിസത്തിനും പകരമായി ഇസ്ലാമിക് ഐഡിയോളജിയെ സരളമായി അവതരിപ്പിക്കാനും കാണിച്ച മിടുക്കും ആദരപൂർവ്വം നോക്കി കണ്ടിട്ടുണ്ട്. ഇപ്പോൾ പ്രബുദ്ധ കേരളത്തിൽ പോലും മൂന്ന് സിനിമകൾ ഇറങ്ങിയാൽ അതിലൊന്ന് മൗദൂദിയൻ സ്വാധീന സിനിമ എന്ന് പ്രതിയോഗികളെക്കൊണ്ട് വിലാപകാവ്യം എഴുതിക്കാൻ മാത്രം ഈ മനുഷ്യൻറെ ചിന്തകൾ എസ്റ്റാബ്ളിഷ്ഡ് ചെയ്യപ്പെട്ടിരിക്കുന്നു”.

ജമാഅത്തെ ഇസ്ലാമി പ്രവർത്തകർ നടത്തുന്ന മാധ്യമങ്ങൾ, പുസ്തക പ്രസിദ്ധീകരണങ്ങൾ, വിദ്യാഭ്യാസ സ്ഥാപനങ്ങൾ, പള്ളികൾ, ആശുപത്രികൾ, കലാസാംസ്കാരിക സംരംഭങ്ങൾ, ജനസേവന പ്രവർത്തനങ്ങൾ തുടങ്ങിയവയോടെല്ലാം സമൂഹം പൊതുവിലും മുസ്ലിം സമുദായം പ്രത്യേകിച്ചും പൂർണമായും സഹകരിക്കുന്നു. സഹായിക്കുന്നു.

ഇതൊക്കെത്തന്നെയാണല്ലോ കമ്മ്യൂണിസ്റ്റുകാരെ വിറളി പിടിപ്പിക്കുന്നത്. എതിർപ്പുകളുടെയെല്ലാം കുന്തമുന അതിൻറെ നേരെ തിരിച്ചു വെക്കാൻ അവരെ പ്രേരിപ്പിക്കുന്നതും.

Related Articles