Current Date

Search
Close this search box.
Search
Close this search box.

മുസ്‌കന്‍ ഖാനും സോഷ്യല്‍ മീഡിയയിലെ വ്യാജ വാര്‍ത്തകളും

കഴിഞ്ഞ ഒരു വാരം ദേശീയ തലത്തില്‍ ഏറെ ചര്‍ച്ച ചെയ്യപ്പെട്ട വാര്‍ത്തയാണ് കര്‍ണാടകയിലെ കോളേജ്, സ്‌കൂള്‍ ക്യാംപസുകളിലെ ഹിജാബ് നിരോധനവും അതിനെതിരായ പ്രതിഷേധങ്ങളും. ഇതില്‍ തന്നെ ഏറെ വാര്‍ത്താപ്രാധാന്യം നേടിയ ഒന്നായിരുന്നു ബംഗളൂരു മാണ്ഡ്യ പി.ഇ.എസ് കോളേജില്‍ സംഘ്പരിവാര്‍ വിദ്യാര്‍ത്ഥികള്‍ക്കെതിരെ ഒറ്റയാള്‍ പോരാട്ടം നടത്തിയ മസ്‌കന്‍ ഖാന്‍ എന്ന പെണ്‍കുട്ടിയുടെ പ്രതിഷേധം.

കോളേജില്‍ അസൈന്‍മെന്റ് സമര്‍പ്പിക്കാന്‍ സ്‌കൂട്ടറില്‍ കോളേജ് ക്യാംപസിലേക്ക് ഹിജാബ് ധരിച്ചെത്തിയ മസ്‌കന്‍ ഖാനെതിരെ പ്രതിഷേധവുമായി ക്യംപസിനകത്ത് കാവിഷാള്‍ധാരികളായ ഒരു കൂട്ടം വിദ്യാര്‍ത്ഥികള്‍ സംഘടിച്ചുനില്‍ക്കുകയായിരുന്നു. ക്ലാസ്‌റൂമിലേക്ക് നടന്നുനീങ്ങിയ മസ്‌കനു നേരെ അമ്പതോളം വരുന്ന വിദ്യാര്‍ത്ഥികള്‍ ജയ്ശ്രീറാം വിളികളോടെ ആക്രോശിച്ചെത്തുകയായിരുന്നു. എന്നാല്‍ ഇവരെ സധൈര്യം നേരിട്ട മസ്‌കന്‍ അവര്‍ക്കെതിരെ കൈയുയര്‍ത്തി പ്രതികരിക്കുകയും അല്ലാഹു അക്ബര്‍ എന്ന് വിളിച്ച് നടന്നുനീങ്ങുകയായിരുന്നു. പെണ്‍കുട്ടിയുടെ ചെറുത്തുനില്‍പ്പിന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാവുകയും ദേശീയമാധ്യങ്ങളിലും അന്താരാഷ്ട്ര തലത്തിലും ശ്രദ്ധയാകര്‍ഷിക്കുകയും ചെയ്തു.

വീഡിയോ പുറത്തുവന്നതിന് പിന്നാലെ പെണ്‍കുട്ടി ആരാണെന്നറിയാനുള്ള വ്യഗ്രതയിലായിരുന്നു സോഷ്യല്‍ മീഡിയ. പിന്നാലെ അവളുടേതെന്ന പേരില്‍ വ്യാജ ചിത്രങ്ങളും വാര്‍ത്തകളും പ്രചരിക്കാന്‍ തുടങ്ങി. ഉടന്‍ തന്നെ യഥാര്‍ത്ഥ പെണ്‍കുട്ടിയുടെ വിവരങ്ങളും പുറത്തുവന്നു. എന്നാല്‍ അവിടെ അവസാനിച്ചില്ല വ്യാജ വാര്‍ത്തകള്‍. മസ്‌കന്റെ പഴയ ഫോട്ടോകള്‍ എന്ന തലക്കെട്ടില്‍ അശ്ലീലമായ ചിത്രങ്ങളും മസ്‌കന്‍ ഹിജാബ് ധരിക്കാറില്ലെന്നും ഇതാണ് അവളുടെ യഥാര്‍ത്ഥ ഫോട്ടോ എന്നും പ്രചരിപ്പിച്ച് നിരവധി വ്യാജ ചിത്രങ്ങളാണ് സോഷ്യല്‍ മീഡിയയില്‍ അതിവേഗം പ്രചരിച്ചത്. ട്വിറ്ററിലും ഇന്‍സ്റ്റഗ്രാമിലും വ്യാജ വാര്‍ത്തകളുടെയും പോസ്റ്റുകളുടെയും മലവെള്ളപ്പാച്ചില്‍ തന്നെയായിരുന്നു.

അതേസമയം, പെണ്‍കുട്ടിയെ അപമാനിക്കാനും വിഷയത്തിന്റെ ശ്രദ്ധ മാറ്റാനും വ്യാജ പ്രചാരണങ്ങള്‍ക്ക് പിന്നിലെല്ലാം സംഘ്പരിവാര്‍ സൈബര്‍ പോരാളികള്‍ തന്നെയാണെന്ന് പിന്നീട് മനസ്സിലായി. അള്‍ട്ട് ന്യൂസ്, ദി ലോജിക്കല്‍ ഇന്ത്യന്‍ ഡോട് കോം, ദി പ്രിന്റ്, ദി വയര്‍, ബൂം ലൈവ് തുടങ്ങി വിവിധ ഫാക്ട് ചെക്ക് വെബ്‌സൈറ്റുകള്‍ ഇവയുടെ യഥാര്‍ത്ഥ വസ്തുത പുറത്തുകൊണ്ടുവന്നിരുന്നു. മിക്ക പ്രചാരണങ്ങളും ഏറ്റെടുത്തത് ബി.ജെ.പി പ്രോപഗണ്ടയുടെ ഭാഗമായിട്ടായിരുന്നു.

മസ്‌കന് പിന്തുണ അറിയിച്ച് നിരവധി പ്രമുഖര്‍ രംഗത്തെത്തിയിരുന്നു. എന്നാല്‍ ഇതിനെ മറയാക്കിയും വ്യാജ പ്രചാരണങ്ങള്‍ അരങ്ങുതകര്‍ത്തു. ബോളിവുഡ് താരങ്ങളായ സല്‍മാന്‍ ഖാനും അമീര്‍ ഖാനും ഷാറൂഖ് ഖാനും മസ്‌കന് പിന്തുണ അറിയിച്ചിട്ടുണ്ടെന്നും അവള്‍ക്ക് അഞ്ച് കോടി പാരിതോഷികം നല്‍കുമെന്നുമായിരുന്നു മറ്റൊരു വ്യാജപ്രചാരണം. എന്നാല്‍ നടന്മാരെ അപകീര്‍ത്തിപ്പെടുത്തി അവര്‍ക്കെതിരെ ഇസ്ലാമോഫോബിയ പ്രചാരണം നടത്തുക എന്നത് കൂടിയാണ് ഇതിന് പിന്നിലെ സംഘ്പരിവാര്‍ അജണ്ട. യൂട്യൂബില്‍ ഇതുമായി ബന്ധപ്പെട്ട് പോസ്റ്റ് ചെയ്ത വീഡിയോ 13 ലക്ഷം പേരാണ് കണ്ട്ത്. അതേസമയം, യു.പി ജംഇയ്യത്തുല്‍ ഉലമാഅ ഹിന്ദ് മുസ്‌കന് അഞ്ച് ലക്ഷം പാരിതോഷികം നല്‍കുമെന്ന് ഫെബ്രുവരി 9ന് ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്തിരുന്നു.

ട്വിറ്റര്‍, ഫേസ്ബുക്ക്, ഇന്‍സ്റ്റഗ്രാം തുടങ്ങിയ സാമൂഹ്യമാധ്യമങ്ങളില്‍ നിരവധി വ്യാജ അക്കൗണ്ടുകളാണ് മുസ്‌കന്റേതെന്ന പേരില്‍ പ്രചരിച്ചത്. മുസ്‌കന്റെ ഔദ്യോഗിക അക്കൗണ്ടുകള്‍ എന്ന പേരിലുള്ള നിരവധി അക്കൗണ്ടുകളെക്കുറിച്ച് അള്‍ട്ട് ന്യൂസിലെ പൂജ ചൗധരി വിശദമായ ലേഖനം തന്നെ പ്രസിദ്ധീകരിച്ചിരുന്നു. വ്യാജ അക്കൗണ്ടുകളിലെല്ലാം വ്യാജ പ്രചാരണങ്ങളാണ് മസ്‌കന്റെ പേരില്‍ പോസ്റ്റ് ചെയ്യുന്നതും. അതില്‍ ഒന്നായിരുന്നു താലിബാന്‍ വക്താവിന്റെയും ഖലിസ്ഥാന്‍ മൂവ്‌മെന്റിന്റെയും പിന്തുണക്ക് നന്ദി അര്‍പ്പിച്ചുള്ള പോസ്റ്റ്. ഒരു അക്കൗണ്ടില്‍ ‘ഇതാണ് എന്റെ യഥാര്‍ത്ഥ അക്കൗണ്ട് എന്നും ഇപ്പോള്‍ ഞാന്‍ സോഷ്യല്‍ മീഡിയയില്‍ സജീവമല്ല, എന്നാല്‍ ഉടന്‍ തന്നെ തിരിച്ചുവരുമെന്നും എന്നെ ഫോളോ ചെയ്യുന്നവരെ തിരിച്ചും ഫോളോ ചെയ്യുമെന്നും’ വരെ കുറിച്ചിട്ടുണ്ട്. പല അക്കൗണ്ടുകളും പേര് മാറ്റിയതാണെന്ന് പിന്നീട് കണ്ടെത്തി. എന്നാല്‍ താന്‍ ഇതുവരെ ട്വിറ്റര്‍ അക്കൗണ്ട് ഉണ്ടാക്കിയിട്ടില്ലെന്ന് പിന്നീട് മസ്‌കന്‍ അറിയിച്ചു. പ്രമുഖ മാധ്യമപ്രവര്‍ത്തകനായ മഹ്‌മൂദ് ഹസന്‍ ആണ് ഇക്കാര്യം ട്വീറ്റ് ചെയ്തത്. അഞ്ചിലധികം വ്യാജ ട്വിറ്റര്‍ അക്കൗണ്ടുകള്‍ മസ്‌കന്റെ പേരില്‍ ട്വിറ്ററിലുണ്ടെന്നും അവ മെന്‍ഷന്‍ ചെയ്തുകൊണ്ട് ഫെബ്രുവരി 12ന് ഹസന്‍ ട്വീറ്റ് ചെയ്തിരുന്നു.

ദുബൈയിലെ ബുര്‍ജ് ഖലീഫയില്‍ മസ്‌കന് ഐക്യദാര്‍ഢ്യം അര്‍പ്പിച്ച് ചിത്രമടക്കം പ്രകാശിപ്പിച്ചു എന്ന തരത്തിലായിരുന്നു മറ്റൊരു വ്യാജ പ്രചാരണം. ബുര്‍ജ് ഖലീഫയില്‍ മസ്‌കന്റെ പേരും ചിത്രവും പ്രകാശിപ്പിച്ച വ്യാജ ഫോട്ടോയും വിഡിയോയും എഡിറ്റ് ചെയ്ത് പ്രചരിപ്പിച്ചിരുന്നു. ഇത് ഫേസ്ബുക്കില്‍ വൈറലാവുകയും ചെയ്തു. എന്നാല്‍ ഇത് വ്യാജമാണെന്ന് തെളിയിക്കുന്ന റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നു. ഖത്തര്‍ അമീര്‍ മുസ്‌കന് സൗജന്യമായി ഖത്തറില്‍ ഭവനും ആജീവനാന്ത വിമാനടിക്കറ്റും ഒരുക്കിയെന്നായിരുന്നു മറ്റൊരു പ്രചാരണം. ഇങ്ങനെ നിരവധി വ്യാജ വാര്‍ത്തകളാണ് മുസ്‌കന്റെ പേരില്‍ ഇപ്പോഴും സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചുകൊണ്ടിരിക്കുന്നത്.

സത്യം ചെരിപ്പിടുമ്പോഴേക്കും അസത്യം നാടുനീളെ സഞ്ചരിച്ച് തിരിച്ചെത്തിയിട്ടുണ്ടാകുമെന്നതിനെ അന്വര്‍ത്ഥമാക്കുന്ന തരത്തിലാണ് ആധുനിക കാലഘട്ടത്തിലെ വ്യാജ പ്രചാരണങ്ങള്‍. ഇത്തരം വ്യാജ വാര്‍ത്തകള്‍ക്കെല്ലാം യഥാര്‍ത്ഥ വാര്‍ത്തകളെക്കാള്‍ പതിന്മടങ്ങ് സ്വീകാര്യതയും ലൈക്കും ഷെയറുമാണ് ലഭിക്കുന്നത് എന്നതാണ് മറ്റൊരു യാഥാര്‍ത്ഥ്യം. ഇതിന്റെ യഥാര്‍ത്ഥ വസ്തുതകള്‍ വിവരിച്ചുള്ള പോസ്റ്റുകള്‍ക്കും വാര്‍ത്തകള്‍ക്കും ഇത്ര പ്രാധാന്യം കിട്ടുന്നില്ലെന്ന് മാത്രമല്ല. അപ്പോഴും വ്യാജ വാര്‍ത്ത പറന്നുനടക്കുന്നുണ്ടാകും.

Related Articles