Current Date

Search
Close this search box.
Search
Close this search box.

അനിവാര്യമാകുന്ന സംഗീതം

സൈക്കിള്‍ ചവിട്ടുന്നത് നിഷിദ്ധമായ ഒരു കാലത്തെ കുറിച്ച് ടൊറണ്ടോ അഹമ്മദ് കുട്ടി സാഹിബ് തന്റെ അനുഭവത്തില്‍ പറയുന്നുണ്ട്. പന്ത് കളിയും പാന്റ്‌സ് ധരിക്കലും നിഷിദ്ധത്തോടു അടുത്ത് വന്നിരുന്ന കാലം നമ്മില്‍ കഴിഞ്ഞു പോയിട്ടുണ്ട്. ഭര്‍ത്താക്കന്മാര്‍ ഭാര്യമാരെ പകല്‍ കാണാന്‍ പാടില്ല എന്നൊരു നിയമവും ചില സ്ഥലങ്ങളില്‍ നിലനിന്നിരുന്നു. ഒരു കാലത്തു മതം നിഷിദ്ധങ്ങള്‍ കൊണ്ട് നിറഞ്ഞതായിരുന്നു. നിഷിദ്ധങ്ങള്‍ ഓരോന്നായി മാഞ്ഞു പോകുകയും കാല ക്രമത്തില്‍ അതെല്ലാം ഒരു അനിവാര്യമാകുന്ന ചരിത്രമാണ് നമ്മുടെ മുന്നിലുള്ളതും.

സംഗീതം ഒരു ചര്‍ച്ചയായിട്ടു കാലമേറെയായി. ഒന്നാം നൂറ്റാണ്ടില്‍ തന്നെ ആ ചര്‍ച്ച വന്നു എന്ന് വേണം മനസ്സിലാക്കാന്‍. പ്രമാണങ്ങളില്‍ കൃത്യമായ നിര്‍ദ്ദേശമില്ല എന്നത് തന്നെയാണ് ആ ചര്‍ച്ചയുടെ കാരണവും. ഇസ്മാലില്‍ നിഷിദ്ധം എന്ന് കൃത്യമായി മനസ്സിലായ ഒന്നും പിന്നെ ആരും ചര്‍ച്ച ചെയ്തില്ല. മദ്യം,ചൂതാട്ടം,പലിശ എന്നിവയുടെ നിഷിദ്ധങ്ങളെ കുറിച്ച് ആരും ചര്‍ച്ച ചെയ്തില്ല. പലിശയുടെ ഇനങ്ങളെ കുറിച്ച് ചര്‍ച്ച നടന്നിട്ടുണ്ടാകാം പക്ഷെ അതിന്റെ നിഷിദ്ധതയെ കുറിച്ച് അങ്ങിനെ ഒന്ന് നടന്നില്ല.

സംഗീതം നിരുപാധികം നിഷിദ്ധമാണ് എന്ന് കുറിക്കുന്ന പ്രമാണമില്ല എന്നത് തന്നെയാണ് അങ്ങിനെ പറയാതിരിക്കാന്‍ നമ്മെ പ്രേരിപ്പിക്കുന്നത്. ശേഷം വന്ന പലരും അതിന്റെ നിഷിദ്ധതയെ കുറിച്ച് പറയുന്നു. ഒരു കാര്യം നിരുപാധികം നിഷിദ്ധമാകാന്‍ വേണ്ട ഒന്നും അവരും ഉന്നയിക്കുന്നില്ല എന്നതിനാല്‍ ആ നിഷിദ്ധങ്ങള്‍ ഒരു പ്രമാണമായി കണക്കാക്കാന്‍ കഴിയില്ല. സംഭവങ്ങളെ കുറിച്ച ചര്‍ച്ചകളും തെളിവുകളും വേണ്ടുവോളം വന്നു കഴിഞ്ഞു എന്നതിനാല്‍ അവ വീണ്ടും പ്രസിദ്ധീകരിക്കുന്നത് ആവര്‍ത്തനമാകും.

രണ്ടാം നൂറ്റാണ്ടിലാണ് ഇസല്മിക കര്‍മ്മ ശാസ്ത്രം വളര്‍ച്ച പ്രാപിച്ചത്. പ്രവാചക കാലത്തു ഇല്ലാത്ത പലതും രണ്ടാം നൂറ്റാണ്ടില്‍ ഉയര്‍ന്നു വന്നിട്ടുണ്ട്. കൊട്ടാരങ്ങളും രാജാക്കന്മാരും അതില്‍ പെട്ടതാണ്. പ്രവാചക കാലത്തെ ജീവിത വിശുദ്ധി ആ കാലത്തെ സമൂഹത്തില്‍ അന്യമായിരുന്നു. പ്രവാചക കാലത്ത് സംഗീതത്തിന്റെയും കവിതയുടെയും ആളുകള്‍ ശത്രുപക്ഷത്തായിരുന്നു കൂടുതല്‍. അത് കൊണ്ട് കവികളെ കുറിച്ച് ഖുര്‍ആന്‍ ഇങ്ങിനെ പറയുന്നു. ”ഇനി കവികളോ, അവരുടെ പിന്നാലെ കൂടുന്നത് വഴിപിഴച്ച ജനമത്രെ. അവര്‍ സകല താഴ്വരകളിലും അലഞ്ഞുതിരിയുന്നത് നീ കാണുന്നില്ലേ? തങ്ങള്‍ പ്രവര്‍ത്തിക്കാത്തത് പറയുന്നതും? സത്യവിശ്വാസം കൈക്കൊണ്ടവരും സല്‍ക്കര്‍മങ്ങളാചരിച്ചവരും അല്ലാഹുവിനെ ഏറെ സ്മരിച്ചവരും അക്രമിക്കപ്പെട്ടപ്പോള്‍ അതിനെ നേരിടുക മാത്രം ചെയ്തവരും ഒഴികെ. അക്രമം പ്രവര്‍ത്തിച്ചവരോ, അവര്‍ എവ്വിധമുള്ള ദുഷ്പരിണതിയിലാണ് അകപ്പെടുകയെന്ന് അടുത്തുതന്നെ അറിയാന്‍ പോകുന്നു.”

കവിതയെ മോശമായ രീതിയില്‍ ഉപയോഗിച്ച ഒരു കാലമാണ് പ്രവാചക കാലം. മാന്യമായ ഒന്നും അന്നത്തെ കവിതകളില്‍ കണ്ടില്ല. മാത്രമല്ല കവികളുടെ ജീവിതം എല്ലാ അതിര്‍വരമ്പുകളും മുറിച്ചു കടന്നിരുന്നു. സമൂഹത്തിനു അവരെക്കൊണ്ടു കാര്യമായ ഉപയോഗവുമില്ലായിരുന്നു. ‘നിങ്ങളിലൊരുവന്റെയുള്ളില്‍ ചലം നിറയുന്നത് പദ്യം നിറയുന്നതിനേക്കാള്‍ ഗുണകരമാകുന്നു. ‘എന്നൊരു പ്രവാചക വചനം ശരിയായ രീതിയില്‍ വന്നിട്ടുണ്ട്. ഈ ഹദീസിനെ നിരുപാധികം സമീപിച്ചാല്‍ ഒരു കവിതയും പദ്യവും സാധ്യമല്ല എന്ന് വരും. അതെ സമയം ഇത് കൊണ്ട് ഉദ്ദേശം മോശമായ കവിതകളും പദ്യങ്ങളുമാണ് എന്ന് ഹദീസ് വിശദീകരണത്തില്‍ കാണുന്നു. സംഗീതം പ്രവാചക കാലത്തും നില നിന്നിരുന്നു. അത് തീരെ പാടില്ല എന്ന് കുറിക്കുന്ന ഒന്നും നമ്മുടെ ശ്രദ്ധയില്‍ പെട്ടില്ല. അതെസമയം നേരത്തെ പറഞ്ഞ തിന്മകള്‍ കൃത്യമായി തന്നെ ഇസ്ലാം പറഞ്ഞു വെച്ചു.

മദ്ഹബീ ഇമാമുകള്‍ ജീവിച്ച കാലത്തു അവരുടെ സമൂഹത്തില്‍ മോശമായ രീതിയില്‍ സംഗീതവും കലയും ഉപയോഗിച്ചു എന്ന് വേണം മനസ്സിലാക്കാന്‍. അത് കൊണ്ട് തന്നെ സാമൂഹിക തിന്മ ഭയന്ന് അവര്‍ അതിനെ നിഷിദ്ധമായി പ്രഖ്യാപിച്ചു എന്ന് വേണം മനസ്സിലാക്കാന്‍. മനുഷ്യനെ ദൈവ സ്മരണയില്‍ നിന്ന് മാറ്റുകയും തിന്മയിലേക്ക് വഴി നടത്താന്‍ പ്രേരിപ്പിക്കുന്നതുമെല്ലാം തെറ്റ് തന്നെ. അതെ സമയം സംഗീതവും കലയും ഉപയോഗിച്ച് ഒരു വിഭാഗം മതത്തെ തകര്‍ക്കാനും മോശമാക്കാനും ശ്രമിക്കുമ്പോള്‍ അതിനു പരിഹാരം നല്ല സംഗീതവും കലയും തന്നെ. ഇസ്ലാമിനെ താറടിക്കുന സിനിമകള്‍ ഇന്ന് ലോകത്തു വന്നു കൊണ്ടിരിക്കുന്നു. അത്തരം മനോഗതിക്കാരുടെ മനസ്സില്‍ കയറിയ തെറ്റിദ്ധാരണ മാറ്റാന്‍ അവര്‍ ഉപയോഗിക്കുന്ന മാധ്യമം തന്നെ വേണം ഉപയോഗിക്കാന്‍. കവിതയും സിനിമയും സംഗീതവും ഒരു മാധ്യമം എന്ന രീതിയില്‍ കണ്ടാല്‍ തീരുന്നതാണ് ഈ ഹലാല്‍ ഹറാമിന്റെ വിഷയം.

പാട്ടു കേട്ട് ആരെങ്കിലും നന്നായിട്ടുണ്ടോ എന്ന ചോദ്യത്തിന് പ്രസംഗം കേട്ട് മോശമായവര്‍ നാട്ടിലുണ്ട് എന്നാണു മറുപടി. വെള്ളിയാഴ്ച മിമ്പറുകള്‍ക്കു പൂട്ടിട്ടു പറമ്പില്‍ നമസ്‌കരിക്കാന്‍ കാരണം ചിലരുടെ പ്രസംഗമാണ്. കേരള മുസ്ലിം സമൂഹം ഇന്നനുഭവിക്കുന്ന പല വിഷയങ്ങളുടെയും മൂല കാരണം ചിലരുടെ ബെല്ലും ബ്രേക്കുമില്ലാത്ത വാക്കുകള്‍ തന്നെ. മുസ്ലിം സമുദായത്തിന്റെ മനസ്സുകള്‍ ഇത്ര കുടുസ്സാക്കുന്നതില്‍ പലരുടെയും പ്രസംഗം ചെലുത്തിയ സ്വാധീനം വലുതാണ്.

തന്റെ കാലത്തുള്ള സാമൂഹിക തിന്മകളോട് ശക്തമായ നിലപാട് പ്രവാചകന്‍ പുലര്‍ത്തി. അങ്ങിനെയാണ് മദ്യവും ചൂതാട്ടവും വ്യഭിചാരവും പലിശയും അര്‍ ഥശങ്കക്കിടയില്ലാത്ത വിധം നിഷിദ്ധമായി പ്രഖ്യാപിച്ചതും. കലയും സംഗീതവും ഒരു തിന്മയല്ല അത് മോശമായി ഉപയോഗിച്ചാല്‍ തിന്മയിലേക്കുള്ള വഴികളാണ്. അത് അന്നും ഇന്നും ഒരു മാധ്യമം എന്ന രീതിയില്‍ വീക്ഷിക്കപ്പെടുന്നു. കവിതയും പദ്യവും പോലെ. ഒരു വിഭാഗം അത് മോശമായി ഉപയോഗിച്ച് സമൂഹത്തെ വഴി തെറ്റിക്കുമ്പോള്‍ മാന്യമായ രീതിയില്‍ അതിനെ ഉപയോഗിക്കാന്‍ മുസ്ലിംകള്‍ ബാധ്യസ്ഥരാണ്.

 

Related Articles