Current Date

Search
Close this search box.
Search
Close this search box.

മുര്‍സിയുടെ രക്തസാക്ഷിത്വം വെറുതെയാവില്ല

അടിച്ചമര്‍ത്തപ്പെട്ട ജനതയുടെ മോചനമാണ് മൂസ നബി (അ) പണ്ട് ഫറോവയോട് ആവശ്യപ്പെട്ടത്. അത് കൊടുത്തില്ല എന്ന് മാത്രമല്ല കൂടുതല്‍ ധിക്കാരത്തോടെ ഫറോവ ദൈവത്തെ വെല്ലുവിളിച്ചു. ഒരു വേള ഫറോവ ഇങ്ങിനെ കൂടി പറഞ്ഞു ‘നിങ്ങളുടെ ഉന്നതനായ റബ്ബ് ഞാനല്ലേ’ മറ്റൊരിക്കല്‍ അതെ ഫറോവ ചോദിച്ചു ‘എന്റെ ജനങ്ങളേ, മിസ്വ്റിന്റെ ആധിപത്യം എനിക്കല്ലയോ? ഈ നദികള്‍ ഒഴുകിക്കൊണ്ടിരിക്കുന്നത് എന്റെ കീഴിലല്ലയോ? നിങ്ങള്‍ കാണുന്നില്ലേ? ഞാനോ, അതല്ല നീചനും നിസ്സാരനും സ്ഫുടമായി സംസാരിക്കാന്‍ പോലും കഴിയാത്തവനുമായ ഈ മനുഷ്യനോ ശ്രേഷ്ഠന്‍? അവന് കനക കങ്കണങ്ങള്‍ ലഭിക്കാത്തതെന്ത്? അല്ലെങ്കില്‍ അവന്റെ കൂടെ പാര്‍ശ്വവര്‍ത്തികളായ മലക്കുകള്‍ വരാത്തതെന്ത്’ ? പക്ഷെ അത് കൊണ്ടൊന്നും പ്രവാചകര്‍ തളര്‍ന്നില്ല എന്നത് മറ്റൊരു ചരിത്രം.

അതെ മിസ്‌റിന്റെ ഭൂമിയില്‍ നിന്നും മറ്റൊരു സംഭവ കഥ നാം കാണുന്നു. വര്‍ഷങ്ങളോളം തങ്ങളുടെ ജനതയെ അടക്കിവാണ കിങ്കരന്മാരെ ആ ജനത ഒന്നിച്ചു ജനകീയ സമരത്തിലൂടെ പുറത്താക്കി. പകരം തികച്ചും ജനാധിപത്യ രീതിയിലേക്ക് രാജ്യത്തെ കാര്യങ്ങള്‍ കൊണ്ടുപോയി. പണ്ട് ദൈവത്തെ വെല്ലുവിളിച്ചവരുടെ ബാക്കി തലമുറ അവിടെ അപ്പോഴും സജീവായിരുന്നു. ഒരു കൂസലുമില്ലാതെ സൈന്യത്തിന്റെ സഹായത്തോടെ അവര്‍ തെരഞ്ഞെടുത്ത സര്‍ക്കാരിനെ അട്ടിമറിച്ചു. ചുറ്റുമുള്ള നാട്ടു പ്രമാണിമാര്‍ അതിനെല്ലാം പിന്തുണ നല്‍കി. തങ്ങള്‍ക്ക് സ്വാതന്ത്ര്യം വേണം എന്ന് ആവശ്യപ്പെട്ട ആയിരങ്ങളെ അവര്‍ തടഞ്ഞു വെച്ച്, പലരെയും ഭരണകൂടം നിഷ്ടൂരമായി കൊലപ്പെടുത്തി. പലരെയും എന്നെന്നേക്കുമായി അഴിക്കുള്ളില്‍ പൂട്ടിയിട്ടു.

അതില്‍ പ്രാധാനിയായിരുന്നു അന്നത്തെ പ്രസിഡന്റ് മുഹമ്മദ് മുര്‍സി. ശരിയായ ചികിത്സ പോലും നല്‍കാതെ അവര്‍ അദ്ദേഹത്തെ ഇഞ്ചിഞ്ചായി കൊന്നു തീര്‍ത്തു. ഇല്ലാത്ത കഥകള്‍ മെനഞ്ഞെടുത് അവര്‍ കാരാഗ്രഹത്തിന്റെ വാതിലുകള്‍ കൂടുതല്‍ ശക്തമാക്കി. ബന്ധുക്കളെ പോലും കാണാന്‍ അനുവദിച്ചില്ല. ലോകത്തോട് പല തവണ ആ ദുരിതങ്ങള്‍ പറഞ്ഞെകിലും ആരും കേള്‍ക്കാന്‍ സന്മനസ്സു കാണിച്ചില്ല. അവസാനം തന്റെ സമര മാര്‍ഗത്തില്‍ തന്നെ മുര്‍സി രക്തസാക്ഷിത്വം സ്വീകരിച്ചു. നീതിക്ക് വേണ്ടിയുള്ള സമരമാണ് ഇസ്ലാമിലെ രക്തസാക്ഷിത്വം. ആ പോരാട്ടത്തിലാണ് സഹാബികള്‍ മരിച്ചു വീണതും.

ലോക ഇസ്ലാമിക പ്രസ്ഥാനങ്ങളെ തകര്‍ത്തു കളയാമെന്ന വ്യാമോഹം പലരെയും ബാധിച്ചിരിക്കുന്നു. ഭീഷണിയും ആക്രമണവും ഇസ്ലാമിക പ്രവര്‍ത്തകര്‍ക്ക് പുത്തരിയല്ല. അല്ലാഹുവിന്റെ മാര്‍ഗത്തില്‍ തന്നെ അവരുടെ ജീവന്‍ അവസാനിക്കണമെന്നാണ് അവര്‍ ആഗ്രഹിക്കുക. മുല്ലപ്പൂ വിപ്ലവം കേവലം ഒരു അട്ടിമറി അല്ലായിരുന്നു. അടിച്ചമര്‍ത്തപ്പെട്ട ജനതയുടെ രോഷമായിരുന്നു. അതൊരിക്കലും പൂര്‍ണമായി അവസാനിപ്പിക്കാന്‍ കഴിയില്ല. അത് കൊണ്ട് തന്നെ മുര്‍സിയുടെ രക്തസാക്ഷിത്വം വെറുതെയാവില്ല. അല്ലാഹുവിന്റെ അരികില്‍ അദ്ദേഹത്തിന് വിഭവമുണ്ട്. ഭൂമിയില്‍ തിന്മയുടെ അച്ചുതണ്ടിനെതിരെ സമരം ചെയ്യുന്നവര്‍ക്ക് അത് പ്രചോദനമാവും.

Related Articles