Current Date

Search
Close this search box.
Search
Close this search box.

മൗദൂദി ചിന്തകളുടെ കാലിക പ്രസക്തി

സയ്യിദ് മൗദൂദിയുടെ അറബി ഭാഷാ പരിജ്ഞാനത്തെ കുറിച്ചായിരുന്നു സഹോദരന്റെ ചോദ്യം ‘അദ്ദേഹം ജീവിച്ചിരിപ്പില്ലാത്തതു കൊണ്ട് അത് തെളിയിക്കാന്‍ എനിക്ക് കഴിയില്ല’ എന്ന മറുപടിയും ഞാന്‍ നല്‍കി. പക്ഷെ സഹോദരന്‍ അവിടെ നില്‍ക്കാന്‍ തായ്യാറായില്ല. അദ്ദേഹം ചോദിച്ചു കൊണ്ടേയിരുന്നു. എനിക്ക് ഇതില്‍ കൂടുതല്‍ മറുപടി നല്‍കാനും കഴിഞ്ഞില്ല.

ഒരു കാര്യം എനിക്ക് പറയാന്‍ കഴിയും. ഇരുപതാം നൂറ്റാണ്ടില്‍ ഇസ്ലാമിന് വേണ്ടി എഴുന്നേറ്റു നിന്നവരില്‍ സയ്യിദ് മൗദൂദിയുടെ സ്ഥാനം വളരെ വലുതാണ്. സയ്യിദ് മൗദൂദി എന്ത് കൊണ്ട് അറബിയില്‍ ഒരു ഗ്രന്ഥവും രചിച്ചില്ല എന്നതാണ് മറ്റൊരു ചോദ്യം. സയ്യിദ് മൗദൂദി ജീവിച്ചത് അനറബി ലോകത്താണ്. അത്‌കൊണ്ട് തന്നെ അദ്ദേഹത്തിന്റെ സ്ഥാനം അനറബികള്‍ക്കു ഇസ്ലാമിനെ പരിചയെപ്പെടുത്തുക എന്നതാണ്. തന്റെ ജീവിത കാലത്തമ കണക്കറ്റമ പുസ്തക രചന നടത്തിയ വ്യക്തിത്വമാണ് സയ്യിദ് മൗദൂദി. അത് പോലെ തന്നെ ഒരുപാട് പ്രഭാഷണങ്ങളും. അതിന്റെയെല്ലാം അടിസ്ഥാനം ഇസ്ലാമായിരുന്നു. അദ്ദേഹത്തിന്റെ പ്രശസ്തമായ ”തഫ്ഹീമുല്‍ ഖുര്‍ആന്‍’ ഖുര്‍ആന്‍ വ്യാഖ്യാനമാണ്. ഇസ്ലാമിക ലോകത്ത് വേറിട്ട് നില്‍ക്കുന്നത് എന്നതാണ് അതിന്റെ പ്രത്യേകത. അദ്ദേഹത്തെ അതിനു സഹായിച്ചതായി ആരും ഇത് വരെ പറഞ്ഞു കേട്ടിട്ടില്ല.

സയ്യിദ് മൗദൂദിയുടെ പല കൃതികളും പല ലോക ഭാഷകളിലേക്കും മൊഴിമാറ്റം നടത്തപ്പെട്ട ചരിത്രം നമ്മുടെ മുന്നിലുണ്ട്. ലോക പ്രശസ്തരായ പല പണ്ഡിതരും സയ്യിദ് മൗദൂദിയെ അനുകൂലിച്ചിട്ടും പ്രതികൂലിച്ചിട്ടുമുണ്ട്. ലോകത്തു വന്ന എല്ലാ പണ്ഡിതര്‍ക്കും അത് ബാധകമാണ്. വൈജ്ഞാനിക ചര്‍ച്ചയും വിയോജിപ്പും എന്നും ഇസ്ലാമിക ലോകത്തു അംഗീകരിക്കപ്പെട്ടതാണ്. സ്വന്തം ഗുരുക്കന്മാരോട് വിയോജിപ്പ് രേഖപ്പെടുത്തിയാണ് ഇമാം ഷാഫിയും ഇമാം അഹ്മദും (റ) മറ്റു സരണികള്‍ തെളിയിച്ചത്. മറ്റൊരു പണ്ഡിതന്‍ എതിര്‍ക്കുന്നു എന്നത് ഒരാളുടെ വിവരം അളക്കാനുള്ള മാര്‍ഗ്ഗമല്ല. അറബി ഭാഷ അറിയാത്ത ഒരാള്‍ക്ക് ഇസ്ലാമിനെ കുറിച്ച് ആധികാരികമായി പറയാന്‍ കഴിയില്ല എന്നുറപ്പാണ്. അതെ സമയം സയ്യിദ് മൗദൂദിയുടെ രചനകള്‍ അറബി ഗ്രന്ഥങ്ങളുടെ സൂചിക കൊണ്ട് സമ്പന്നവും.

ഇന്ത്യന്‍ ഉപഭൂഖണ്ഡത്തിലെ മുസ്ലിം അമുസ്ലിം ജനതയായിരുന്നു അദ്ദേഹത്തിന്റെ മുന്നിലെ വായനക്കാരും കേള്‍വിക്കാരും. അവര്‍ക്കു മനസ്സിലാവുന്ന ഭാഷയില്‍ കാര്യങ്ങള്‍ അവതരിപ്പിക്കുക എന്നതാണ് അദ്ദേഹം ഏറ്റെടുത്ത ഉദ്യമവും. സയ്യിദ് മൗദൂദിയോട് എതിര്‍പ്പ് പ്രകടിപ്പിച്ചു പുറത്തു വന്ന അലിമിയാന്‍ സയ്യിദ് മൗദൂദി ഇസ്ലാമിന്റെ രാഷ്ട്രീയത്തിന് അധിക പ്രാധാന്യം നല്‍കി എന്നാണ് പ്രതികരിച്ചത്. മറ്റൊരു ആരോപണം അദ്ദേഹം ഉന്നയിച്ചത് ജമാഅത്ത് പ്രവര്‍ത്തകര്‍ മൗദൂദിയോടു അതിരു കടന്ന വിദേയത്വം കാണിക്കുന്നു എന്നതും. ഇന്ന് ജീവിച്ചിരിക്കുന്ന പല അറബി പണ്ഡിതരും സയ്യിദ് മൗദൂദിയെ അഭിസംബോധന ചെയ്തത് ‘ഉസ്താദ്’ എന്നായിരുന്നു. മരണപ്പെട്ട പണ്ഡിതരും ആ രീതിയില്‍ മൗദൂദിയെ അംഗീകരിച്ചിട്ടുണ്ട്. ഇസ്ലാമിനെ കേവല മതം എന്നിടത്തു നിന്നും ഒരു ജീവിത വ്യവസ്ഥ എന്ന രീതിയില്‍ ചര്‍ച്ച ചെയ്യാന്‍ കാരണമായി എന്നതാണ് സയ്യിദ് മൗദൂദി നല്‍കിയ സംഭാവന. ഇസ്ലാം ഒരു സാമുദായികതയുടെ പേരല്ല പകരം അതൊരു ആദര്‍ശത്തിന്റെ പേരാണ് എന്ന തിരിച്ചറിവിലേക്ക് സമൂഹത്തെ കൊണ്ട് വന്നു എന്നതും അദ്ദേഹത്തിന്റെ ചിന്തകളുടെ ബാക്കി പത്രമാണ്. ഫൈസല്‍ അവാര്‍ഡ് വലിയ കാര്യമാണ് എന്ന വിചാരം നമുക്കില്ല. എങ്കിലും അത് നല്‍കാന്‍ ചില മാനദണ്ഡങ്ങള്‍ അവര്‍ ഒരുക്കി വെച്ചിട്ടുണ്ട്. ഇസ്ലാമിക സേവനത്തിനു ആദ്യമായി അത് നല്‍കുമ്പോള്‍ അവയുടെ മുന്നിലുള്ള ഏക മാര്‍ഗം അദ്ദേഹം നല്‍കിയ വിജ്ഞാനം തന്നെയാകും.

സയ്യിദ് മൗദൂദിക്ക് അറബി അറിയില്ല എന്നത് ഇനിയും തെളിയിക്കപ്പെട്ടിട്ടു വേണം. നമ്മുടെ മുന്നിലുള്ള അദ്ദേഹം ഇട്ടേച്ചു പോയ വിജ്ഞാനം നമ്മോടു പറയുന്നത് അദ്ദേഹത്തിന്റെ അറബി പരിജ്ഞാനവുമാണ്. ഖുര്‍ആന്‍, ഹദീസ്, ചരിത്രം, കര്‍മ്മ ശാസ്ത്രം, അഖീദ, സാമ്പത്തികം, വൈവാഹികം, പ്രവാചകത്വ വാദം, യുക്തിവാദം, ഹദീസ് നിഷേധം തുടങ്ങിയ വിവിധ മേഖലകളില്‍ അദ്ദേഹം തന്റെ വൈജ്ഞാനിക പാടവം തെളിയിച്ചിട്ടുണ്ട്. അതെല്ലാം നമ്മുടെ മുന്നില്‍ ഒരു സത്യമായി നിലനില്‍ക്കെ ആരെങ്കിലും പടച്ചു വിടുന്ന ഇത്തരം അബദ്ധങ്ങള്‍ കൊണ്ട് നടക്കുക എന്നത് സമയം കൊല്ലിയാണ്. മാത്രമല്ല സയ്യിദ് മൗദൂദിയെ വ്യക്തിപരമായി ചര്‍ച്ചയാക്കുക വഴി അദ്ദേഹം ഉയര്‍ത്തി കൊണ്ട് വന്ന ഇസ്ലാമിക ചര്‍ച്ചകളെ സാവധാനത്തില്‍ സമൂഹത്തില്‍ നിന്നും മാറ്റിക്കളയാം എന്നും അവര്‍ ആഗ്രഹിക്കുന്നു.

ചരിത്രത്തില്‍ മദ്ഹബിന്റെ പേരില്‍ നടന്ന വാക്കു തര്‍ക്കവും തട്ടിച്ചു നോക്കിയാല്‍ ഇതെല്ലം ചെറുതാണ്. ഇമാം ഷാഫിയെ കണ്ടിടത്തു വെച്ച് കൊല്ലണം എന്നുവരെ ചിലര്‍ പ്രവാചക വചനം ഉദ്ധരിച്ചതായി വായിച്ചിട്ടുണ്ട്. ഇമാം ബുഖാരി സ്വന്തം നാട്ടില്‍ നിന്നും മറ്റൊരു സ്ഥലത്തേക്കു മാറി പോകുന്ന വഴിക്കാണ് മരണം വരെ സംഭവിച്ചത്. രാജാവും കൊട്ടാര പണ്ഡിതരും ഖുര്‍ആനെ സൃഷ്ടിയായി പരിചയപ്പെടുത്താന്‍ തുനിഞ്ഞപ്പോള്‍ അതിനെതിരെ നില കൊണ്ടു എന്നതാണ് ഇമാം അഹ്മദ് അവര്‍കള് ചെയ്ത മഹത്വരമായ പ്രവര്‍ത്തി. അന്ന് ബാഗ്ദായില്‍ അദ്ദഹത്തെ പ്രതിരോധിക്കാന്‍ അഹ്മദ് മാത്രമായിരുന്നു ബാക്കിയായത്. സയ്യിദ് മൗദൂദി മുന്നോട്ട് വെച്ച സംവാദം ഇപ്പോഴും പലരുടെയും ഉറക്കം കെടുത്തുന്നു എന്നത് സത്യമാണ്. ഇസ്ലാം ഒരു മാപ്പു സാക്ഷിയായ കാലത്തു ഞാന്‍ മുസ്ലിമാണ് എന്ന് ഉറക്കെ പറയാനുള്ള ആര്‍ജവം സമൂഹത്തിനു നല്‍കി എന്നത് തന്നെയാണ് സയ്യിദ് മൗദൂദിയുടെ ചിന്തകളുടെ അടിസ്ഥാനം. വിമര്‍ശകര്‍ മൗദൂദി കൃതികള്‍ ആദ്യം വായിക്കട്ടെ. എന്നിട്ട് അതിലെ അനിസ്‌ലാമികത ചര്‍ച്ച ചെയ്യട്ടെ.

Related Articles