Current Date

Search
Close this search box.
Search
Close this search box.

മാതൃദിനം വിശ്വാസിയോട് പറയുന്നത്

പ്രവാചകന് ആറു വയസ്സ് പ്രായമാകുമ്പോള്‍ മകനെയും കൂട്ടി ആമിന മദീനയിലേക്ക് പോയി. അവരുടെ കുടുംബക്കാര്‍ അവിടെ ഉണ്ടായിരുന്നു. മക്കയിലേക്ക് തിരിച്ചു വരുന്നതിനിടയില്‍ അസുഖ ബാധിതയായി അവര്‍ മരണപ്പെട്ടു. മാതാവിന്റെ മയ്യിത്ത് മറമാടുന്നത് കുട്ടിയായ മുഹമ്മദ്‌ കണ്ടു നില്‍ക്കുന്നത് വായിച്ചിട്ടുണ്ട്. ശേഷം മാതാവ് എന്ന് പറയുമ്പോള്‍ പ്രവാചകന്‍റെ മുഖത്ത് വല്ലാത്ത വിഷമം വരുമായിരുന്നു. ജനിക്കുമ്പോള്‍ തന്നെ പിതാവിനെ നഷ്ടമായി. ആറു വയസ്സില്‍ മാതാവും. മാതാപിതാക്കളുടെ സ്നേഹവും വാത്സല്യവും പ്രവാചകന് അന്യമായിരുന്നു. പക്ഷെ ആ കുറവ് പിതാമഹന്‍ അബ്ദുല്‍ മുത്തലിബ് വരുത്തിയില്ല. ശേഷം അബൂത്വാലിബും പ്രവാചകനെ സ്നേഹത്തോടെ തന്നെ വളര്‍ത്തി.

ആമിനയ്ക്ക് പ്രവാചകനെ ഗര്‍ഭമുള്ള കാലം മുതല്‍ ഉമ്മു അയ്മന്‍ ( ബറക) അവരുടെ കൂടെയുണ്ടായിരുന്നു. മരണ സമയത്ത് ആമിന മകനെ എല്പ്പിച്ചതും ബറകയുടെ കയ്യില്‍ തന്നെ. പിന്നെ കുറെ കാലം പ്രവാചകനെ വളര്‍ത്തിയതും അവര്‍ തന്നെ. പ്രവാചകന്‍ ആ സ്നേഹം തിരിച്ചും കാണിച്ചു. ഒരു മാതാവിന് നല്‍കേണ്ട എല്ലാ ബഹുമാനവും ആദരവും അവര്‍ക്ക് നല്‍കി. പ്രവാചകന്റെ മരണ ശേഷവും സഹാബികള്‍ അവരോടുള്ള സ്നേഹവും വാത്സല്യവും തുടര്‍ന്നു പോന്നു,

ഇതൊക്കെ ചരിത്രം. ഇന്ന് ലോക മാതൃ ദിനമാണ്. മാതാവ് ഒരു വികാരമാണ്. ലോകത്ത് പകരം വെക്കാനില്ലാത്ത വികാരം. അതൊരു ദിവസത്തില്‍ ഒതുങ്ങുന്നു എന്നതാണ് ആധുനിക ദുരന്തം. ഒരാളുടെ ജീവിത വിജയത്തിന്റെ അടിത്തറ അയാള്‍ മാതാപിതാക്കളെ എങ്ങിനെ പരിഗണിക്കുന്നു എന്നതാണ്. അവരുടെ മേല്‍ കാരുണ്യത്തിന്റെ ചിറകു വിരിച്ചു കൊടുക്കുക എന്നാണു ഖുര്‍ആന്‍ പറഞ്ഞത്. മാതാപിതാക്കള്‍ക്ക് വേണ്ടി പ്രാര്‍ത്ഥനയില്ലാത്തവരുടെ ജീവിത വിഭവങ്ങളില്‍ വിശാലതയുണ്ടാകില്ല എന്നാണു മതം പറയുന്നത്.

ജീവിതത്തില്‍ നാം കണ്ടു മുട്ടേണ്ട പല യാഥാര്‍ഥ്യങ്ങളുമുണ്ട്. അതില്‍ ഒന്നാണ് ഭാര്യയും മാതാവും. ഒരു സമയം കഴിഞ്ഞാല്‍ പലര്‍ക്കും മാതാവ് ഒരു ഭാരമാകുന്നു. നമ്മുടെ സാമൂഹിക ചുറ്റുപാടില്‍ പിതാവ് ആദ്യമേ മരണപ്പെട്ടു പോകുന്നു. അവിടെ മാതാവ് തനിച്ചാകുന്ന അവസ്ഥ സംജാതമാകുന്നു. പിതാവിന്റെ കാര്യത്തില്‍ ഒരു പുനര്‍ വിവാഹം സാധ്യമാകുന്നത് പോലെ മാതാവിന്റെ കാര്യത്തില്‍ അതുണ്ടാവാന്‍ സാധ്യത വളരെ കുറവാണ്. അത് കൊണ്ട് തന്നെ മാതാക്കള്‍ മക്കളുടെ കൂടെ ജീവിക്കേണ്ടി വരുന്നു. അവിടെയാണ് “ അടിമ ഉടമയെ പ്രസവിക്കുക” എന്ന ആപ്തവാക്യം യാഥാര്‍ഥ്യമാകുന്നത്. മാതാക്കള്‍ പലപ്പോഴും മക്കളുടെ അടിമകളായി തീരുന്ന അവസ്ഥയാണ്‌ പിന്നെ കാണുക.

മക്കള്‍ തമ്മിലുണ്ടാകുന്ന വഴക്കിനും പിണക്കത്തിനും കരുവാകേണ്ടി വരുന്നത് മാതാക്കളാണ്. ഒരിക്കല്‍ ഒരാള്‍ തന്റെ ഭാര്യയേയും മാതാവിനെയും കുറിച്ച് പരാതി പറയാന്‍ ശൈഖുല്‍ ഇസ്ലാമിന്റെ അടുത്ത് വന്നു. അദ്ദേഹത്തോട് ഷെയ്ഖ് നല്‍കിയ ഉപദേശം “ നിന്റെ ഉമ്മയും ഭാര്യയും രണ്ട് സത്യങ്ങളാണ് എന്ന് തിരിച്ചറിയുക” എന്നതായിരുന്നു. ഒരു സമയം കഴിഞ്ഞാല്‍ പിന്നെ ഭാര്യയുടെ മുന്നില്‍ മാതാവ് ചെറുതാവുന്ന അവസ്ഥയാണ്‌ നാം കണ്ടു വരുന്നത്. “ ഭാര്യയെ അനുസരിക്കുക മാതാവിനെ ധിക്കരിക്കുക” എന്നൊരു പ്രയോഗം അന്ത്യ ദിനത്തിന്റെ അടയാളവുമായി ബന്ധപ്പെട്ട ഹദീസില്‍ കാണാവുന്നതാണ്.

ഒരാളുടെ സ്വര്‍ഗവും നരകവും നിശ്ചയിക്കുന്നതില്‍ മതാപിതാക്കള്‍ക്കുള്ള പങ്ക് വലുതാണ്. സ്വര്‍ഗം എന്നത് അല്ലാഹുവിന്റെ തൃപ്തിയുമായി ബന്ധപ്പെട്ടതാണ്. അല്ലാഹുവിന്റെ തൃപ്തി എന്നത് മാതാപിതാക്കളുടെ തൃപ്തിയുമായി ബന്ധപ്പെട്ടതാണ്. ആദര്‍ശ പരമായി വ്യത്യസ്തരായ അവസ്ഥയില്‍ പോലും “ ദുനിയാവില്‍ നിങ്ങള്‍ അവരോടു മാന്യമായി വര്‍ത്തിക്കുക” എന്നതാണ് ഇസ്ലാം ആവശ്യപ്പെടുന്നത്.

ഇന്ന് പല വീടുകളിലും മാതാപിതാക്കള്‍ ശ്വാസം മുട്ടിയാണ് ജീവിക്കുന്നത്. പ്രത്യേകിച്ച് മാതാക്കള്‍. അവരുടെ സ്വത്തു വേണം അവരെ വേണ്ടെന്ന നിലപാട് ഒരു സാധാരണ സംഭവമായി തീര്‍ന്നിരിക്കുന്നു. ജീവിതത്തില്‍ ഇസ്ലാമിക മൂല്യങ്ങള്‍ കാത്തു സൂക്ഷിക്കുന്നു എന്നവകാശപ്പെടുന്നവര്‍ പോലും ഈ കാര്യങ്ങളില്‍ വേണ്ടത്ര സൂക്ഷ്മത കാണിക്കുന്നില്ല. “ ഛെ “ എന്ന് പോലും പറയരുത് എന്നിടത്ത് നിന്നും അവരുടെ മുഖത്ത് നോക്കി അലറുന്ന മക്കള്‍ സാധാരണം.

“ ഇഹ്സാന്‍” എന്നത് “ അഹ്സന്‍” എന്ന പദത്തിന്റെ ഉറവിടമായി ( മസ്ദര്‍) കണക്കാക്കപ്പെടുന്നു. ഏറ്റവും നല്ല രീതില്‍ എന്ന് അതിനു മലയാളത്തില്‍ അര്‍ഥം നല്‍കാം. ഈ പദം ഖുര്‍ആനില്‍ ആറു തവണ വന്നിട്ടുണ്ട് . അതില്‍ അഞ്ചു തവണയും മാതാപിതാക്കളുമായി ബന്ധപ്പെട്ടു വന്നതാണ്‌. അതിനു മുമ്പ് പറയുന്നത് അല്ലാഹുവിനു മാത്രം “ ഇബാദത്ത് ചെയ്യണം” എന്നായിരിക്കും. അതായത് അല്ലാഹുവിനു മാത്രം ഇബാദത്ത് ചെയ്യുക എന്നതിന്റെ തേട്ടമാണ്‌ മാതാപിതാക്കളോട് നല്ല രീതിയില്‍ വര്‍ത്തിക്കുക എന്നതും. പക്ഷെ ഒന്നാമത്തെ കാര്യത്തില്‍ കണിശത പുലര്‍ത്തുന്നവര്‍ രണ്ടാമത്തെ കാര്യത്തില്‍ പലപ്പോഴും അലംഭാവം കാണിക്കുന്നു.

ഒരു മാതൃദിനം കൂടി കടന്നു പോകുന്നു. മാതാവ് മക്കളെ കൊല്ലുന്ന വാര്‍ത്തയും മക്കള്‍ മാതാവിനെ ആക്രമിക്കുന്ന വാര്‍ത്തയും നാള്‍ക്ക് നാള്‍ വര്‍ധിച്ചു വരുന്നു. മാതാവ് മക്കള്‍ എന്നതിനേക്കാള്‍ പാവനമായ മറ്റൊരു ബന്ധം ഈ ഭൂമിയില്‍ വേറെയില്ല. എന്നിട്ടും നാം ദുരന്തങ്ങള്‍ കേള്‍ക്കേണ്ടി വരുന്നു. ആധുനികത ബന്ധങ്ങളെ നിരാകരിക്കുന്നു. ഉപകാരമില്ലാത്ത എന്തും ഉപേക്ഷിക്കപ്പെടണം എന്നതാണ് ആധുനികത മുന്നോട്ടു വെക്കുന്നത്. ഒരു കാലം കഴിഞ്ഞാല്‍ മാതാപിതാക്കളും നമുക്ക് ഭാരമാകുന്നത് നമ്മിലും പൈശാചികത പടര്‍ന്നിരിക്കുന്നു എന്നതിന്റെ തെളിവായി കാണണം.

തന്റെ ഉമ്മയെ നേരില്‍ അനുഭവിക്കാന്‍ കഴിയാതിരുന്ന പ്രവാചകന്‍ വളര്‍ത്തുമ്മയായ ഉമ്മു അയ്മനെ ആദരിച്ചതിലും ബഹുമാനിച്ചതിലും നമുക്ക് പാഠമുണ്ട്. സ്വന്തം മാതാവിനെ പോലും തിരിഞ്ഞു നോക്കാന്‍ പറ്റാത്ത കാലത്ത് ഉമ്മു അയ്മന്‍ നല്‍കുന്ന വെളിച്ചം നാം അറിയാതെ പോകരുത്.

Related Articles