Current Date

Search
Close this search box.
Search
Close this search box.

മൊറോക്കോ പാർലമെന്റ് തെരഞ്ഞെടുപ്പ് ഫലം

മൊറോക്കോയിൽ സെപ്റ്റംബർ 8 ന് നടന്ന പാർലമെന്റ് തെരഞ്ഞെടുപ്പിൽ ഭരണകക്ഷിയായ ജസ്റ്റിസ് ആന്റ് ഡെവലപ്‌മെന്റ് പാർട്ടി (PJD) കനത്ത പരാജയം ഏറ്റുവാങ്ങിയിരിക്കുന്നു. 2016ലെ തെരഞ്ഞെടുപ്പിൽ 125 സീറ്റ് നേടിയ പി.ജെ.ഡി ഇത്തവണ കേവലം 12 സീറ്റുകളിലേക്കാണ് ഒതുങ്ങിയ ത്. പരാജയം അപ്രതീക്ഷിതമാണെന്ന് പറഞ്ഞുകൂടെങ്കിലും ഇത്ര കനത്തതായിരിക്കുമെന്ന് ആരും പ്രവചിച്ചിരുന്നില്ല. മൊത്തം വോട്ടർമാരിൽ പകുതി മാത്രമേ വോട്ടു ചെയ്യാനെത്തിയുള്ളൂ. കോവിഡ് പ്രമാണിച്ച് പ്രചാരണങ്ങൾക്ക് കടുത്ത നിയന്ത്രണങ്ങൾ ഉണ്ടായിരുന്നതിനാൽ രാഷ്ട്രീയ പാർട്ടികൾക്ക് കൂടുതൽ ജനങ്ങളിലേക്ക് എത്താൻ കഴിഞ്ഞിരുന്നില്ല.

രാജകുടുംബവുമായി അടുത്ത ബന്ധമുള്ള നാഷനൽ റാലി ഓഫ് ഇന്റിപ്പെന്റന്റ് (RNI) 97 സീറ്റുകൾ നേടി ഏറ്റവും വലിയ ഒറ്റക്കക്ഷിയായപ്പോൾ Authenticity and Modernity Party (PAM) 82 സീറ്റുമായി തൊട്ടുപിറകെയെത്തി. മൂന്നാം സ്ഥാനത്തുള്ള ഇസ്തിഖ്‌ലാൽ പാർട്ടി പോലും 78 സീറ്റുകൾ നേടിയപ്പോഴാണ് ഇസ്ലാമിസ്റ്റുകൾ വെറും 12 സീറ്റുമായി ഏറെ പിന്നിലായത്. 2016ൽ ആർ.എൻ.ഐക്ക് 37 സീറ്റുകളാണ് ഉണ്ടായിരുന്നത്. 2016ലും 2011ലും ഇസ്ലാമിസ്റ്റുകളുടെ സഖ്യ കക്ഷിയായി ഗവൺമെന്റിൽ അംഗമായിരുന്ന പാർട്ടി ധനകാര്യം, വിനോദ സഞ്ചാരം, വ്യാപാരം, കൃഷി തുടങ്ങിയ പ്രമുഖ വകുപ്പുകളാണ് കൈകാര്യം ചെയ്തിരുന്നത്.

മൊറോക്കോയിലെ ഏറ്റവും വലിയ കോടീശ്വരനായി ഫോർബ്‌സ് മാസിക കണ്ടെത്തിയ അസീസ് അകാനുഷാണ് ആർ.എൻ.ഐയുടെ നേതാവ്. മഹമ്മദ് രാജാവിന്റെ പിതാവ് ഹസ്സൻ രണ്ടാമന്റെ അളിയനാണ് പാർട്ടി സ്ഥാപകൻ. പി.ജെ.ഡിയുടെ നേതൃത്വത്തിലുള്ള കഴിഞ്ഞ ഗവൺമെന്റിൽ കൃഷി മന്ത്രിയായിരുന്ന അദ്ദേഹം പ്രധാനമന്ത്രിയായേക്കും. രണ്ടാമത്തെ കക്ഷിയായ പി.എ.എമ്മിനും രാജകുടുംബവുമായി അകന്ന ബന്ധമുണ്ട്. കിംഗ് മുഹമ്മജ് ആറാമന്റെ അടുത്ത സുഹൃത്തും സഹപാഠിയും ഉപദേശകനുമായ ഫുആദ് അലി അൽ ഹിമ്മയാണ് 2008ൽ പാർട്ടി സ്ഥാപിച്ചത്.

വർധിച്ച തൊഴിലില്ലായ്മ, വിലക്കയറ്റം തുടങ്ങിയവയെക്കൊയാണ് പി.ജെ.ഡിയുടെ പരാജയത്തിന് കാരണം. മൊറോക്കോയിൽ സ്ഥിരതാമസക്കാരനായ പ്രമുഖ വ്‌ളോഗർ സുനീർ കാൻഡിയുമായി സംസാരിച്ചപ്പോൾ അദ്ദേഹം പങ്കുവെച്ചതും സമാന നിലപാടുകൾ തന്നെ. പെട്രോളിന് അൽപം വില കൂടിയപ്പോൾ തന്നെ ജനങ്ങളുടെ പ്രതിഷേധം ശക്തമായിരുന്നതായി അദ്ദേഹം ചൂണ്ടിക്കാട്ടുന്നു. മറ്റൊന്ന് ഇസ്രായിലുമായി ബന്ധം സ്ഥാപിക്കുന്നതിന് കൂട്ടുനിന്ന നടപടി. ഇസ്രായിലുമായി നയതന്ത്ര ബന്ധം സ്ഥാപിക്കുന്ന രേഖയിൽ ഒപ്പുവെച്ച പ്രധാന മന്ത്രി സഅദുദ്ദീൻ അൽ ഉഥ്മാനിയുടെ നടപടി പാർട്ടിയുടെ അഭ്യുദയകാംക്ഷികളെപ്പോലും അകറ്റി. സ്വതന്ത്ര ഫലസ്ത്വീൻ സ്ഥാപിതമാകുന്നതുവരെ ഇസ്രായിലിനെ അംഗീകരിക്കരുതെന്ന വ്യക്തമായ നിലപാടുണ്ടായിരുന്ന പി.ജെ.ഡി 2020 ഡിസംബറിൽ മലക്കം മറിഞ്ഞത് കൊടും വഞ്ചന തന്നെയായിരുന്നു.

യഥാർഥത്തിൽ ഇസ്രായിൽ ബാന്ധവത്തിന്റെ ബുദ്ധികേന്ദ്രം മുഹമ്മദ് രാജാവ് തന്നെയായിരുന്നു. ഗവൺമെന്റിന് പരമിതമായ ചില അധികാരങ്ങൾ നൽകി എന്നതൊഴിച്ച് നിർത്തിയാൽ എല്ലാ തീരുമാനങ്ങളും അന്തിമമായി പാലസിൽനിന്ന് തന്നെയാണ് വന്നിരുന്നത്. അതിനാൽ കൊട്ടാര പ്രഖ്യാപനത്തിൽ ഒപ്പുചാർത്താൻ പ്രധാന മന്ത്രി നിർബന്ധിതനായി എന്നതാണ് വാസ്തവം. 2020 ഡിസംബർ 22ന് അന്നത്തെ യു.എസ് പ്രസിഡന്റ് ഡോണൽഡ് ട്രംപിന്റെ ഉപദേഷ്ഠാവ് ജാർഡ് കുഷ്‌നറിന്റെയും ഇസ്രായിൽ പ്രധാന മന്ത്രിയായിരുന്ന നെതന്യാഹുവിന്റെ ഉപദേശകൻ മെയിൽ ബെൻ ശബ്ബാതിന്റെയും ഒപ്പം സഅദുദ്ദീൻ അൽ ഉഥ്മാനി കരാറിൽ പ്പെുവെക്കുന്നത് വൻ മാധ്യമപ്പടയുടെ സാന്നിധ്യത്തിലായിരുന്നു. ഈ നിർബന്ധ ഒപ്പിടൽ കർമ്മത്തിൽ പങ്കെടുക്കേണ്ടിവന്നു എന്ന വാദത്തിനൊന്നും പ്രസക്തിയില്ല. നിലപാടുള്ള ഒരു ഇസ്സാമിസ്റ്റ് പാർട്ടിയാണെങ്കിൽ രാജിവെച്ച് അധികാരത്തിൽനിന്ന് പുറത്തുവരികയായിരുന്നു വേണ്ടിയിരുന്നത്. പി.ജെ.ഡി നേൃത്വം അതിനുള്ള ഇഛാശക്തി കാട്ടിയില്ല. നിലപാടിൽ വെള്ളം ചേർത്തതിന്റെ ഫലം അവർ അനുഭവിക്കുകയും ചെയ്തു. 1979ൽ ഈജിപ്തും 1994ൽ ജോർദാനും ഇസ്രായിലുമായി ബാന്ധവം സ്ഥാപിച്ചതിനെ പരാമർശിച്ച് ‘ഇസ്രായിലുമായി ബന്ധം സ്ഥാപിക്കുന്നത് നാഗരികമായ കൂട്ടക്കൊല’യെന്ന് ലേഖനമെഴുതിയയാളാണ് ഉഥ്മാനി എന്നതും ഇതോട് ചേർത്തുവായിക്കുക! ഒറ്റുകാരുടെ റോളിലായ ഒരു പാർട്ടിയെ ഇസ്ലാമിസ്റ്റ് എന്നു വിളിക്കണമോയെന്നത് ആലോചിക്കേണ്ടതുണ്ടെന്നാണ് പാർട്ടിയുടെ അടുത്ത അനുയായികൾ പോലും പറഞ്ഞത്.

ഇസ്രായിൽ ബാന്ധവത്തിനെതിരെ ഒന്നാമതായി ശബ്ദമുയർത്തേണ്ടത് ഇസ്ലാമിസ്റ്റ് പാർട്ടിയായിരുന്നു. രാജാവിനുമേൽ ഒരു പക്ഷിയും പറക്കാത്ത ഒരുനാട്ടിൽ ഒഴുക്കിനെതിരെ നീന്താൻ അവർ സന്നദ്ധമായില്ല. എന്നാൽ, സയണിസത്തോട് ഒട്ടിച്ചേർന്ന റോയൽ ഡിക്രിയോട് രാജിയാവാതെ നിലപാട് ഉയർത്തിപ്പിടിക്കാൻ മൂന്നു പാർട്ടികളെങ്കിലും ഉണ്ടായിരുന്നുവെന്നത് ചെറിയ കാര്യമല്ല. ഇസ്ലാമിസ്റ്റുകളായ അൽ അദ്ൽ വൽ ഇഹ്‌സാനും (ജസ്റ്റിസ് ആന്റ് സ്പിരിച്വാലിറ്റി പാർട്ടി) ഇടതുപക്ഷ പാർട്ടികളായ ഫെഡറേഷൻ ഓഫ് ദി ഡെമോക്രാറ്റിക് ലെഫ്റ്റും ഡെമോക്രാറ്റ്ിക് വേ പാർട്ടിയു (മാർക്‌സിസ്റ്റ്)മാണവ. ഇതിൽ രണ്ടു സീറ്റുകളുള്ള ഡെമോക്രാറ്റിക് ലെഫ്റ്റിനു മാത്രമേ പാർലമെന്റിൽ പ്രാതിനിധ്യമുള്ളൂ. മറ്റു രണ്ടു പാർട്ടികളാണ് യഥാർഥ പ്രതിപക്ഷത്തിന്റെ റോൾ എറ്റെടുത്തത്!

2011ൽ ആദ്യമായി അധികാരത്തിലേറിയപ്പോൾ കൊട്ടാരത്തിൽനിന്ന് നല്ല സഹകരണം പാർട്ടിക്ക് ലഭിച്ചിരുന്നു. എന്നാൽ, രണ്ടാമൂഴത്തിൽ സ്ഥിതി മാറി. രാജാവ് പറയുന്നിടത്ത് ഒപ്പുവെക്കുക എന്നതിലേക്ക് ഗവൺമെന്റ് ചുരുങ്ങുന്നതാണ് പിന്നീട് കണ്ടത്. സ്വന്തമായി തീരുമാനങ്ങൾ എടുക്കുന്നതിൽ ഗവൺമെന്റുകളെ നിയന്ത്രിക്കുന്ന സംവിധാനമാണല്ലോ കോൺസ്റ്റിറ്റിയൂഷനൽ മൊണാർക്കി എന്നൊക്കെ പറയുന്നത്. അത്തരമൊരു സംവിധാനത്തിൽ ഇസ്ലാമിസ്റ്റ് പാർട്ടികളുടെ ഭാവി തീർച്ചയായും ചർച്ച ചെയ്യേണ്ടതുണ്ട്.

2001ലെ മുല്ലപ്പൂ വിപ്ലവാനന്തരം അറബ് ലോകത്ത് ഉയർന്നുവന്ന ജനാധിപത്യ നീക്കങ്ങളിൽ മുന്നിലെത്തിയത് ഇസ്ലാമിസ്റ്റുകളായിരുന്നു. ഈജിപ്തിലും തുനീഷ്യയിലും മൊറോക്കോയിലുമൊക്കെ തെരഞ്ഞെടുപ്പുകളിൽ അവർ വൻ വിജയം കൊയ്തു. ഈജിപ്തിൽ പട്ടാള അട്ടിമറിയിലൂടെയും തൂനീഷ്യയിൽ പ്രസിഡന്റ് തന്നെ ജനാധിപത്യത്തെ ഗളഛേദം ചെയ്തും ഇസ്ലാമി്സ്റ്റ് പാർട്ടികളെ അധികാരത്തിൽനിന്ന് പുറന്തള്ളി. രാജഭരണത്തിന് കീഴിൽ ഇത്രയും കാലം അള്ളിപ്പിടിച്ചുനിന്ന മൊറോക്കൻ ഇസ്ലാമിസ്റ്റുകളും ഇതാ അധികാരത്തിൽനിന്ന് പടിയിറങ്ങുന്നു.

 

Related Articles