Current Date

Search
Close this search box.
Search
Close this search box.

ഉമ്മത്തിന്റെ പ്രശ്‌നങ്ങളും മൊറോക്കോ നൽകുന്ന പരിഹാരപാഠങ്ങളും

ഖത്തർ ഫുട്‌ബോൾ വേൾഡ് കപ്പിൽ ലോകത്തെ മുൻനിര ടീമുകളോടേറ്റുമുട്ടി മിന്നും വിജയങ്ങൾ നേടിയ മൊറോക്കോ ടീം ലോകശ്രദ്ധ മുഴുവൻ പിടിച്ചു പറ്റിയിരിക്കുകയാണല്ലോ. ലോകകപ്പ് ഫുട്‌ബോളിന്റെ സൗന്ദര്യം ലോകവ്യാപകമായി പടർന്നു പന്തലിക്കുകയും ചെയ്തു. വ്യക്തികളും സംഘങ്ങളും രാഷ്ട്രങ്ങളും ഗോത്രങ്ങളുമായി വിവിധ ജനപഥങ്ങൾ തങ്ങളുടെ സ്വന്തക്കാരുടെ വിജയം ഘോരഘോരം ആഘോഷിക്കുകയും ചെയ്യുന്നു. ‘ചിരിപ്പിക്കുന്നവരും കരയിപ്പിക്കുന്നവനും അവനാകുന്നു'(സൂറതുന്നജ്മ്- 43) എന്ന ഖുർആനിക സൂക്തം ഇവിടെ പ്രസക്തമാണ്.

നിലവിൽ നടക്കുന്ന കളിയെക്കുറിച്ച് ചുവടെയുള്ള വിചാരപ്പെടൽ ഉമ്മത്തിന്റെ വക്താക്കൾക്കും ശത്രുക്കൾക്കും ഏറെ സുപ്രധാനമാണ്. ആദ്യമായി, മുസ്‌ലിം സമൂഹത്തെ പലവിധത്തിലും ഉന്നംവെക്കുന്ന വൃത്തികെട്ട അക്രമണങ്ങൾക്ക് പ്രവർത്തനങ്ങളിലൂടെ എല്ലാവിധത്തിലും ശക്തമായ മറുപടി കൊടുക്കാനും അഭിമാനം കാത്തുസൂക്ഷിക്കാനും യാസീൻ ബോനുവിനെയും സുഹൃത്തുക്കളെയും പോലുള്ള ധീരന്മാർ സമൂഹത്തിന് അനിവാര്യമാണ്.

*നിരീശ്വരവാദികളുടെയും കുബുദ്ധികളുടെയും ദുരാചാരങ്ങളുടെ പ്രചാരകരെയും പ്രതിരോധിക്കാനുതകുന്ന യാസീൻ ബോനുവിനെപ്പോലുള്ള ആൾക്കാർ ഉമ്മത്തിന് ആവശ്യമാണ്. ശക്തമായ മതവിശ്വാസം വെച്ചുപുലർത്തുന്ന, വിശുദ്ധ ഗ്രന്ഥത്തിൽ നിന്നുള്ള സമുന്നതമായ മാനുഷിക മൂല്യങ്ങൾ ഉയർത്തിപ്പിടിക്കുന്ന, ലോകമൊട്ടാകെ തിരുനബിയുടെ സന്ദേശങ്ങൾ പ്രചരിപ്പിക്കാൻ പ്രാപ്തരായ ഇത്തരം പോരാളികളാണ് നമ്മുടെ പ്രതീക്ഷ.

*ദാരിദ്ര്യത്തെയും വിശപ്പിനെയും കുഴപ്പങ്ങളെയും പ്രതിരോധിക്കാനുതകുന്ന, സാമ്പത്തിക മേഖലയിലും നിർമാണ മേഖലയിലും പ്രാഗത്ഭ്യമുള്ള ഒരു സംഘത്തെ ഉമ്മത്തിന് ആവശ്യമുണ്ട്. കൂട്ടായ പുരോയാനം സാധ്യമാക്കാനും പ്രതിസന്ധികളെ തരണം ചെയ്യാനും ദാരിദ്യം, നിരക്ഷരത, അജ്ഞത എന്നിവക്ക് അന്ത്യം വരുത്താനും ബൗദ്ധികമായ പിന്നാക്കാവസ്ഥ, സാംസ്‌കാരിക അപചയം, വിദ്യഭ്യാസപരമായ പരാജയം, സ്ഥാപനസംവിധാനങ്ങളുടെ ശോചനീയാവസ്ഥ എന്നിവകളോട് പൊരുതാനുമുതകുന്ന ഒരു തലമുറയും സമുദായത്തിന് ആവശ്യമാണ്.

*രാഷ്ട്രീയം, സൈനികം, നിയമപരം, ചിന്താപരം, സാമ്പത്തികം, സാസ്‌കാരികം, മാനുഷികം തുടങ്ങിയ മേഖലകളിൽ കൃത്യമായ പ്ലാനിങ്ങുകൾ നടത്തുകയും നടപ്പിലാക്കുകയും ചെയ്യുന്ന, അല്ലാഹുവിന്റെ പ്രീതിയും സത്യത്തിന്റെ വിജയവും നാഗരികമായ ഉന്നമനവും മാത്രം ലക്ഷ്യമിടുന്ന, വിശ്വസ്തരും പരസ്പരസഹകാരികളുമായ ഒരു കൂട്ടരെയും കാലം തേടുന്നു.

*യാസീൻ ബോനുവും കൂട്ടരുമടങ്ങിയ മൊറോക്കോ ടീം ഉമ്മത്തിന്റെ അസ്തിത്വവും സംസ്‌കാരവും മൂല്യങ്ങളും സ്വഭാവങ്ങളും ഉയർത്തിപ്പിടിക്കുന്നതും തങ്ങളുടെ സംസ്‌കാരത്തെ മായ്ച്ചുകളയാൻ ശ്രമിക്കുന്നവരോട് മനോഹരമായി മറുപടി പറയുന്നതുമായ കാഴ്ചകളും നാം കണ്ടതാണല്ലോ. എല്ലാ ഏകാധിപതികളുടെ മുന്നിലും തങ്ങളുടെ മൂല്യങ്ങളും സ്വഭാവങ്ങളും ഉയർത്തിപ്പിടിക്കാൻ പ്രാപ്തിയുള്ള, തങ്ങളുടെ മതംകൊണ്ട് അഭിമാനം കൊള്ളുന്നവരാണ് തങ്ങളെന്ന് തെളിയിക്കാനും അവർക്ക് സാധിച്ചു.

*ഉത്തരവാദിത്വം ഏറ്റെടുക്കുകയും നിരാശ്രിതരും അടിച്ചമർത്തപ്പെട്ടവരുമായ ജനവിഭാഗങ്ങളെ സ്വതന്ത്രരാക്കുകയും സാസ്‌കാരികമായും നാഗരികമായും അതിനെ ഇല്ലാതാക്കാൻ ശ്രമിക്കുന്നവരെ പ്രതിരോധിക്കുകയും മതത്തോടൊപ്പം മനുഷ്യനെ ഉന്നതികളിലേക്ക് എത്തിക്കാനുള്ള പ്രവർത്തനങ്ങൾ സജീവമാക്കുകയും ചെയ്യുന്ന ആൾക്കാരെ സമൂഹത്തിന് ആവശ്യമാണ്. എതിരാളികൾക്കെതിരെ വിജയം നേടുമ്പോൾ ശുക്‌റിന്റെ സുജൂദിൽ വീഴുന്ന യാസീൻ ബോനുവും സംഘവും അതിന്റെ മനോഹരമായ ഉദാഹരണമാണ്. ‘മാതാപിതാക്കളുടെ പൊരുത്തം, ഉദ്ദേശ്യശുദ്ധി, ദൃഢനിശ്ചയം ഇവയൊക്കെയാണ് നമ്മുടെ വിജയത്തിന്റെ അടിസ്ഥാനം’ എന്ന അവരുടെ കോച്ചിന്റെ വാക്കുകളും നാം കേട്ടവരാണ്. ഇക്കാര്യങ്ങൾ നമ്മൾ നമ്മുടെ ജീവിതത്തിലും പ്രായോഗികവൽക്കരിക്കുന്നതിലൂടെ ഭൗതികവും ആത്മീയവുമായ വിജയം നമ്മെത്തേടിയെത്തുന്നതാണ്.

*രാഷ്ട്രത്തെ കൃത്യമായി സേവിക്കുകയും ഉമ്മത്തിന്റെ പുരോയാനത്തിന് സംഭാവനകളർപ്പിക്കുകയും ആവശ്യങ്ങൾ നിറവേറ്റുകയും ചെയ്യുന്ന രാഷ്ട്രനേതൃത്വത്തിന്റെ മാതൃകയും സമുദായം തേടുന്ന അനിവാര്യ ആവശ്യങ്ങളിലൊന്നാണ്.

*അന്താരാഷ്ട്രതലത്തിൽ തന്നെയുള്ള ചിന്തകളുടെ വൻ കൈമാറ്റങ്ങൾക്കുള്ള ഒരു വേദികൂടിയായി ഖത്തർ വേൾഡ് കപ്പ് മാറി. കിഴക്കും പടിഞ്ഞാറുമുള്ള മാധ്യമസ്ഥാപനങ്ങളും കമ്പനികളും മറ്റുസ്ഥാപനങ്ങളും തങ്ങളുടെ ചിന്തകളും പ്രൊഡക്ടുകളും സംസ്‌കാരങ്ങളും കൈമാറ്റം ചെയ്യാനുള്ള ഒരു വേദിയായി അതിനെ ഉപയോഗിക്കുകയും ചെയ്തു. ഇത്തരമൊരു സാഹചര്യത്തിൽ തങ്ങളുടെ ദൗത്യം സത്യസന്ധമാക്കി സൂക്ഷിക്കൽ വിശ്വാസിയുടെ ബാധ്യതയാണ്. എങ്കിൽ മാത്രമേ വിശുദ്ധ ദീനിന്റെ മനോഹരമായ സന്ദേശം വാക്കുകളിൽ നിന്ന് പ്രവർത്തികളിലേക്കും ഇടപാടുകളിലേക്കും പ്രതിഫലിപ്പിക്കുന്ന യഥാർഥ വിശ്വാസിയായി മാറാൻ നമുക്ക് സാധിക്കൂ.
ഹജ്ജിന്റെ വേളകൾ ഇസ്‌ലാമിന്റെ തീരത്തേക്ക് ആളുകളെ ചേർക്കാൻ നബി തങ്ങൾ കൃത്യമായി ഉപയോഗിച്ചിരുന്നുവല്ലോ. ഉക്കാദ് ചന്തയടക്കമുള്ള പ്രസിദ്ധമായ അങ്ങാടികൾ ഇസ് ലാമിക പ്രബോധനത്തിന്റെ മനോഹരമായ ഭൂമികളായി മാറിയിട്ടുണ്ട്.

* നിർബന്ധമോ അനുവദനീയമോ ആയ ലക്ഷ്യങ്ങൾ സാധിപ്പിക്കാൻ വേണ്ടി കാരണങ്ങൾ തിരയാനും അതനുസരിച്ചുള്ള പ്രവർത്തനങ്ങളിൽ ഏർപ്പെടാനും വിശുദ്ധ ഖുർആൻ നമ്മെ പഠിപ്പിക്കുന്നുണ്ട്. രാഷ്ട്രീയമോ സാമ്പത്തികമോ കായികമോ ചിന്താപരമോ വിദ്യഭ്യാസപരമോ യുദ്ധപരമോ സമാധാനപരമോ ആവട്ടെ, ദൃഢനിശ്ചയം വിശ്വാസിയുടെ ഓരോ നീക്കത്തിലും ഉണ്ടായിരിക്കണമെന്ന് ഇസ്‌ലാമിന് നിർബന്ധമുണ്ട്.

*വിവിധങ്ങളായ ജനവിഭാഗങ്ങൾക്കിടയിൽ മാനുഷികവും സാംസ്‌കാരികവുമായ കൂടിച്ചേരലുകൾ സാധ്യമാക്കുന്ന വേദിയായ ഫുട്‌ബോൾ വേൾഡ് കപ്പിന് ഒരു അറബിക് ഇസ്‌ലാമിക രാജ്യം ആതിഥ്യമരുളുന്നത് വലിയൊരു അവസരമായിരുന്നു. ദുഷിച്ച ചിന്തകർക്കുള്ള വ്യക്തമായ പരാജയം കൂടിയായിരുന്നുവത്.

*അവസാനമായി, പടിഞ്ഞാറൻ രാഷ്ട്രങ്ങൾക്കു മേലെ മൊറോക്കോ നേടിയിട്ടുള്ള വിജയം വലിയൊരു പാഠം പഠിപ്പിക്കുന്നുണ്ട്. അഥവാ, കൃത്യമായ ഒരുക്കങ്ങളിലൂടെ സംഘബോധത്തോടെ പ്രവർത്തിക്കുന്നതിലൂടെ ഏതു ദുശ്ശക്തികളെയും ശക്തരായ എതിരാളികളെയും തകർക്കാമെന്ന പാഠം.

വിവ. മുഹമ്മദ് ശാക്കിർ മണിയറ

???? വാട്‌സാപ് ഗ്രൂപ്പില്‍ അംഗമാകാന്‍????: https://chat.whatsapp.com/CtdeYjAfwas90JeGabX9H0

Related Articles