Columns

ചെയ്യാന്‍ ബാക്കി വെച്ചത് മോദി പൂര്‍ത്തിയാക്കുമോ ?

രണ്ടാം ഊഴത്തിനുള്ള തയ്യാറെടുപ്പിലാണ് മോദിയും കൂട്ടരും. തിരഞ്ഞെടുപ്പിന്റെ സുതാര്യത എന്ന ചര്‍ച്ച ഇപ്പോള്‍ ആരും ഉന്നയിച്ചു കാണുന്നില്ല. അത് കൊണ്ട് തന്നെ തിരഞ്ഞെടുപ്പ് ഫലത്തെ അംഗീകരിക്കലാണ് ശരിയായ രീതി. കഴിഞ്ഞ അഞ്ചു കൊല്ലാതെ മോഡി ഭരണത്തെ പൂര്‍ണമായി അംഗീകരിക്കുന്ന നിലപാടാണ് ഇന്ത്യയിലെ വോട്ടര്‍മാര്‍ സ്വീകരിച്ചത് എന്നാണു ഭരണ കക്ഷിയുടെ നിലപാട്. അതെ സമയം തിരഞ്ഞെടുപ്പിന് ശേഷം നാം കാണുന്നത് കൂടുതല്‍ ക്ഷീണിച്ച പ്രതിപക്ഷത്തെയും.

ഒന്നാം മോഡി സര്‍ക്കാര്‍ ചെയ്യാന്‍ ബാക്കി വെച്ച പലതും രണ്ടാം മോഡി സര്‍ക്കാര്‍ പൂര്‍ത്തിയാക്കും എന്നുറപ്പാണ്. നോട്ടു നിരോധനം പോലെയുള്ള നടപടികളുമായി മുന്നോട്ടു പോയ സര്‍ക്കാരിനെ സംബന്ധിച്ചിടത്തോളം അടുത്ത നടപടി എന്ത് എന്നത് ആരെയും ആശങ്കാകുലരാക്കും. നിലവിലുള്ള മോഡി സര്‍ക്കാര്‍ ബാക്കിവെച്ച കുടിയേറ്റ നിയമം വീണ്ടും സജീവമാകും എന്നുറപ്പാണ്. ബാബരി മസ്ജിദ് വിഷയം കുത്തിപ്പൊക്കാന്‍ ആര്‍ എസ് എസ് ശ്രമിച്ചു കൊണ്ടിരിക്കുന്നു. ബി ജെ പിക്ക് എത്രമാത്രം അതിനെ അതിജയിക്കാനുള്ള ശക്തിയുണ്ട് എന്നത് നമുക്കറിയാവുന്ന കാര്യവും. സാധാരണയായി തിരഞ്ഞെടുപ്പ് സമയത്താണ് ഇത്തരം ചര്‍ച്ചകള്‍ ഉയര്‍ന്നുവരാറുള്ളത്. തിരഞ്ഞെടുപ്പ് കഴിഞ്ഞതിനു ശേഷമാണു അത്തരം ഒരു നിലപാടുമായി ആര്‍ എസ് എസ് രംഗത്തു വന്നത് എന്നതും ശ്രദ്ധേയം.

ഏക സിവില്‍ കോഡ് നടപ്പാക്കാന്‍ ആവശ്യമായ നിയമ നിര്‍മാണത്തിന് അവര്‍ക്കു കുറച്ചു കൂടെ അംഗങ്ങളുടെ കുറവുണ്ട്. രാജ്യസഭയില്‍ ബി ജെ പി ശക്തിയല്ല എന്നത് എത്ര കാലം ആശ്വാസം നല്‍കും എന്നത് സമയത്തിന്റെ മാത്രം വിഷയമാണ്. അടുത്ത തിരഞ്ഞെടുപ്പുകളില്‍ ഈ രീതി തുടര്‍ന്നാല്‍ ആ ആശ്വാസവും ഒരു പഴങ്കഥയാകും. മോദിയുടെ രണ്ടാം വരവോടു കൂടി തന്നെ രാജ്യത്ത് പശു ഭീകരരുടെ അക്രമം തുടങ്ങിയിരിക്കുന്നു. കഴിഞ്ഞ അഞ്ചു കൊല്ലം നടപ്പിലാക്കാന്‍ ശ്രമിച്ച എല്ലാം പൂര്‍വാധിക്യം ശക്തിയോടെ തിരിച്ചു വരും എന്നുറപ്പാണ്. തിരഞ്ഞെടുപ്പ് ഫല പ്രഖ്യാപനത്തോടെ പൊതുവെ അവശരായ പ്രതിപക്ഷം ദുര്‍ബലരാകുക കൂടി ചെയ്തിരിക്കുന്നു. അത് കൊണ്ട് തന്നെ പ്രതിപക്ഷ ശബ്ദത്തെ മോഡി സര്‍ക്കാര്‍ ഒരു നിലക്കും കേള്‍ക്കാന്‍ ശ്രമിക്കില്ല എന്നുറപ്പാണ്.

ജനാധിപത്യത്തിന്റെ നെടുംതൂണായ പാര്‍ലമെന്റിനെ തീര്‍ത്തും മാപ്പു സാക്ഷിയാക്കിയാണ് നിലവിലെ മോഡി സര്‍ക്കാര്‍ പല തീരുമാനങ്ങളും കൈകൊണ്ടത്. വേണ്ടത്ര ചര്‍ച്ച നടത്തിയല്ല പല നിയമങ്ങളും നിലവില്‍ വന്നതും. അത്തരം പ്രവണതകള്‍ വര്‍ധിക്കും എന്നുറപ്പാണ്. കഴിഞ്ഞ അഞ്ചു കൊല്ലം പ്രധാനമന്ത്രി ഏറ്റവും കുറവ് സന്ദര്‍ശിച്ചത് പാര്‍ലമെന്റാണ്. അതിനിയും തുടരാനാണ് സാധ്യത. ന്യൂനപക്ഷ വിരുദ്ധമായ നിയമങ്ങള്‍ പലതും അണിയറയില്‍ നിന്നും അരങ്ങത്തേക്ക് വരാനുള്ള സാധ്യതയും കൂടുതലാണ്. തുടര്‍ച്ചയായ രണ്ടാം തവണയും സാങ്കേതികമായി പ്രതിപക്ഷ നേതാവില്ലാത്ത അവസ്ഥയിലൂടെയാണ് ഇന്ത്യ കടന്നു പോകുന്നത്. കോണ്‍ഗ്രസ്സ് ഒഴികെ മറ്റുള്ള പ്രതിപക്ഷ കക്ഷികള്‍ പ്രാദേശികം എന്നതിനാല്‍ അവര്‍ക്കു ദേശീയ കാഴ്ചപ്പാടിന്റെ ആവശ്യം ഇല്ലായിരുന്നു. അതായത് സങ്കുചിത മനസ്‌കരായ പ്രതിപക്ഷത്തെ അടിച്ചിരുത്താന്‍ ഭരണകക്ഷിക്ക് പെട്ടെന്ന് കഴിഞ്ഞു.

പുതിയ സാഹചര്യത്തില്‍ റാഫേല്‍ യുദ്ധവിമാനം ഒരു കേട്ട് കഥയായി മാറും. കഴിഞ്ഞ അഞ്ചു കൊല്ലം മോഡി ഭരണം കൊണ്ട് ഗുണം ലഭിച്ചവര്‍ കോര്‍പറേറ്റുകളായിരുന്നു. അതില്‍ വലിയ മാറ്റം പ്രതീക്ഷിക്കാന്‍ വയ്യ. എണ്ണയും അനുബന്ധ സാധനങ്ങളും വില കൂടി തന്നെ നാം വാങ്ങേണ്ടി വരും. ജി എസ് ടി യുടെ ദൂഷ്യ ഫലങ്ങള്‍ കൂടുതല്‍ നാം അറിയാന്‍ പോകുന്നു. തിരിച്ചുകൊണ്ട് വരുന്ന കള്ളപ്പണം ഒരു സമസ്യയായി തുടരും. ഉത്തരേന്ത്യയില്‍ സജീവമായ ജാതി ചിന്തകളും ആക്രമണങ്ങളും തുടര്‍ക്കഥയാകും. അത് കൊണ്ട് തന്നെ രണ്ടാം മോഡി സര്‍ക്കാരിനെ ആശങ്കകളോടെ മാത്രമേ നോക്കിക്കാണാനാകൂ.

Facebook Comments
Show More

Related Articles

Check Also

Close
Close
Close