Current Date

Search
Close this search box.
Search
Close this search box.

ഇന്ത്യ വിദേശ മാധ്യമങ്ങളെ നിശബ്ദമാക്കുന്ന വിധം

പ്രധാനമന്ത്രി നരേന്ദ്ര മോദിയെ വിമർശിക്കുന്ന ഡോക്യുമെന്ററി സംപ്രേക്ഷണം ചെയ്ത് ആഴ്ചകൾക്ക് ശേഷം തന്നെ ബിബിസിക്കെതിരെ ഗവർമെന്റ് നടത്തിയ നികുതി വെട്ടിപ്പ് റെയ്ഡ് ലോകമെമ്പാടും വാർത്തയായിരുന്നു. എന്നാൽ ഇത് മോദി സർക്കാരിന്റെ ആദ്യത്തെ ശത്രുതാപരമായ നടപടിയല്ലെന്ന് ഇന്ത്യയിൽ പ്രവർത്തിക്കുന്ന വിദേശ മാധ്യമങ്ങളും ലേഖകരും പറയുന്നുണ്ട്.

2019 മുതൽ, തങ്ങൾ വിസ അനിശ്ചിതത്വം, യാത്രാ പെർമിറ്റ് നിഷേധിക്കൽ, നാടുകടത്തൽ അടക്കമുള്ള ഭീഷണികൾ നേരിടുന്നുണ്ടെന്നാണ് അവർ ആരോപിക്കുന്നത്. ഇത്തരം നീക്കങ്ങൾ മനസ്സിലാക്കാനായി വലിയ അന്വേഷണങ്ങളിലേക്ക് അവരെ ഇത് പ്രേരിപ്പിക്കുന്നുണ്ട്.

സർക്കാരിന് നേരെയുള്ള വിമർശനാത്മക റിപ്പോർട്ടിങ്ങുകൾക്ക് തടസ്സം സൃഷ്ടിക്കുന്നത് രാജ്യത്ത് വർദ്ധിച്ചുവരുന്ന ഭീഷണിയുടെ ഒരു ചിത്രം വരച്ചുകാട്ടുന്നുണ്ടെന്നാണ് സ്ക്രോൾ ഡോട്ട് ഇൻ നടത്തിയ അന്വേഷണത്തിൽ മാധ്യമപ്രവർത്തകർ അഭിപ്രായപ്പെടുന്നത്. ഇന്ത്യയിലെ മതന്യൂനപക്ഷങ്ങളും കാശ്മീർ, അസം തുടങ്ങിയ പ്രദേശങ്ങളിലും നേരിടുന്ന പീഡനങ്ങളുടെ കവറേജുകളും റിപ്പോർട്ടുകളും അടിച്ചമർത്താൻ സർക്കാർ ആഗ്രഹിക്കുന്നുവെന്ന് ഇവർ കണ്ടെത്തുന്നു.

ഒരു യൂറോപ്യൻ വാർത്താ ഓർഗനൈസേഷനിൽ ജോലി ചെയ്യുന്ന ഒരു പത്രപ്രവർത്തകന് ഇന്ത്യൻ എംബസിയുടെ ഇ മെയിലിലൂടെ അവരുടെ രാജ്യത്ത് ഇന്ത്യയിലെ “മുസ്ലിം പീഡനം കവർ ചെയ്യരുത്” എന്ന് ആവശ്യപ്പെട്ടിരുന്നു. സർവേകളിൽ വിദേശ മാധ്യമപ്രവർത്തകർ ഉന്നയിച്ച ആരോപണങ്ങളോട് മന്ത്രാലയത്തിൽ നിന്ന് സ്ക്രോൾ ഡോട്ട് ഇൻ പ്രതികരണം തേടിയിട്ടുണ്ടെങ്കിലും മന്ത്രാലയം ഇതുവരെ പ്രതികരിച്ചിട്ടില്ല.

പ്രവേശന നിയന്ത്രണം വർദ്ധിക്കുന്നു

രാജ്യത്തുടനീളമുള്ള വിദേശ ലേഖകർക്കിടയിലെ ഫോറിൻ കറസ്‌പോണ്ടന്റ്‌സ് ക്ലബിലെ അംഗങ്ങളായ ഡൽഹി ആസ്ഥാനമായുള്ള മാധ്യമപ്രവർത്തകരിലാണ് സർവേ നടത്തിയത്. ജമ്മു കശ്മീരിലെയും അസമിലെയും വലിയ പ്രക്ഷോഭങ്ങളെത്തുടർന്ന് 2020 ജനുവരിയിൽ 40 മാധ്യമപ്രവർത്തകർക്കിടയിലാണ് ആദ്യ സർവേ നടത്തിയത്‌.

2019 ഓഗസ്റ്റിൽ ഇന്ത്യൻ സർക്കാർ ജമ്മു കശ്മീരിന്റെ പ്രത്യേക പദവി റദ്ദാക്കുകയുണ്ടായി. നടപടിയുടെ ആഘാതം റിപ്പോർട്ട് ചെയ്യാൻ വിദേശ പത്രപ്രവർത്തകർ യാത്ര ചെയ്യാൻ തയ്യാറെടുക്കുമ്പോൾ, തലസ്ഥാനമായ ശ്രീനഗർ ഉൾപ്പെടെ ജമ്മു കശ്മീരിലെവിടെയും സഞ്ചരിക്കാൻ മുൻകൂർ അനുമതി തേടണമെന്ന് വിദേശകാര്യ മന്ത്രാലയം അവരോട് ആവശ്യപ്പെട്ടിരുന്നു.

അതുവരെ, വിദേശ പത്രപ്രവർത്തകർക്ക് ആഭ്യന്തര മന്ത്രാലയത്തിൽ നിന്ന് യാത്രാ പെർമിറ്റ് ആവശ്യമുള്ള സർക്കാർ നിയന്ത്രിതവും സംരക്ഷിതവുമായ പ്രദേശങ്ങളുടെ പട്ടികയിൽ ജമ്മു കശ്മീരിന്റെ ചില ഭാഗങ്ങൾ മാത്രമേ ഉൾപ്പെടുത്തിയിരുന്നുള്ളൂ. പതിറ്റാണ്ടുകളായി രാജ്യത്ത് പ്രവർത്തിക്കുന്ന പത്രപ്രവർത്തകരുടെ അഭിപ്രായത്തിൽ, 1990-ലെ ഒരു ചെറിയ കാലയളവ് ഒഴികെ, കാശ്മീരിലലേക്കുള്ള യാത്രയ്ക്കുള്ള ഭാഗിക നിയന്ത്രണം പോലും വലിയ തോതിൽ നടപ്പിലാക്കിയിട്ടില്ല എന്നാണ്.

എന്നാൽ, 2016 മുതൽ കുരുക്ക് മുറുകാൻ തുടങ്ങിയിരുന്നു. നാഗാലാൻഡ്, സിക്കിം, ആൻഡമാൻ നിക്കോബാർ ദ്വീപുകൾ,മിസോറാം, അരുണാചൽ പ്രദേശ്, ഉത്തരാഖണ്ഡ്, ഹിമാചൽ പ്രദേശ്, രാജസ്ഥാൻ, ജമ്മു കശ്മീർ, മണിപ്പൂരിന്റെ ചില ഭാഗങ്ങൾ എന്നിവ സന്ദർശിക്കുന്നതിന് യാത്രാനുമതി ആവശ്യമാണെന്ന് ആവർത്തിച്ചുകൊണ്ട് ആ വർഷം മെയ് മാസത്തിൽ വിദേശകാര്യ മന്ത്രാലയം വിദേശ ലേഖകർക്ക് ഒരു ഇമെയിൽ അയച്ചിരുന്നു. രണ്ട് വർഷത്തിന് ശേഷം, സമാനമായ രീതിയിൽ തന്നെ മറ്റൊരു ഓർമ്മപ്പെടുത്തലും അയച്ചിരുന്നു.

എന്നാൽ 2019 ഓഗസ്റ്റിൽ, ജമ്മു-കാശ്മീർ മുഴുവനായും നിയന്ത്രണങ്ങൾ വ്യാപിപ്പിച്ചത്, അവിടെ നിന്നുള്ള വിദേശ റിപ്പോർട്ടിംഗിന് ഏകദേശം നിരോധനത്തിന് കാരണമായി. പിന്നീട് ഒരു വിദേശ ലേഖകനും സ്വതന്ത്രമായി കശ്മീർ താഴ്‌വരയിലേക്ക് ഒരു റിപ്പോർട്ടിംഗ് യാത്രയ്ക്ക് കഴിഞ്ഞിട്ടില്ല.

ഏതാണ്ട് അതേ സമയം തന്നെയാണ് മതപരവും ഭാഷാപരവുമായ ന്യൂനപക്ഷങ്ങളെ ലക്ഷ്യമിടുന്ന അസം ദേശീയ പൗരത്വ രജിസ്റ്റർ അപ്‌ഡേറ്റ് നടന്നത്. വിദേശ ലേഖകർക്ക് സന്ദർശിക്കാൻ അനുമതി ആവശ്യമുള്ള സ്ഥലങ്ങളുടെ പട്ടികയിൽ അസം ഔദ്യോഗികമായി ഇല്ലെങ്കിലും, ഒരു വിദേശ പത്രപ്രവർത്തകനെ 2019 സെപ്റ്റംബറിൽ സംസ്ഥാന അധികാരികൾ വിമാനത്തിൽ തിരികെ അയച്ചതായി ആരോപണമുണ്ട്.

2020 ജനുവരിയിലെ സർവേ ഈ നിയന്ത്രണങ്ങളുടെ വ്യാപ്തി വർദ്ധിക്കുന്നതായി തെളിയിക്കുന്നുമുണ്ട്. 2019-ൽ യാത്രാ പെർമിറ്റിന് അപേക്ഷിച്ച 30 വിദേശ പത്രപ്രവർത്തകരിൽ (ഭൂരിഭാഗവും കശ്മീരിൽ നിന്നും അസമിൽ നിന്നും റിപ്പോർട്ട് ചെയ്യാൻ അപേക്ഷിച്ചവർ) 21 പേർക്കും അനുവാദം ലഭിച്ചിരുന്നില്ല.

ഒരു വിദേശ മാധ്യമപ്രവർത്തകൻ പറയുന്നു. “2018 അവസാനത്തോടെ കശ്മീരിലേക്കുള്ള പെർമിറ്റിനായി അപേക്ഷിച്ചു, അത് ലഭിച്ചു. 2019 ജനുവരി/ഫെബ്രുവരി മാസങ്ങളിൽ അവിടെ റിപ്പോർട്ട് ചെയ്തു. 2019 ഓഗസ്റ്റിൽ വീണ്ടും കശ്മീർ പെർമിറ്റിന് അപേക്ഷിച്ചു, പക്ഷേ മറുപടി ലഭിച്ചില്ല.’അപ്ലിക്കേഷൻ അവലോകനത്തിലാണ്’ എന്നാണ് വിദേശകാര്യ മന്ത്രാലയം പറഞ്ഞത്. ഏതാനും ആഴ്ചകൾ/മാസങ്ങൾ കൂടുമ്പോൾ വീണ്ടും പരിശോധിച്ചുവെങ്കിലും പ്രതികരണമുണ്ടായിരുന്നില്ല.”

വിദേശകാര്യ മന്ത്രാലയത്തിന്റെ ഏറ്റവും പുതിയ മാർഗ്ഗനിർദ്ദേശങ്ങൾ അനുസരിച്ച്, നിയന്ത്രിത സ്ഥലങ്ങളിൽ എട്ട് വടക്കുകിഴക്കൻ സംസ്ഥാനങ്ങളും, ലഡാക്ക്, ആൻഡമാൻ നിക്കോബാർ ദ്വീപ്, ലക്ഷദ്വീപ് തുടങ്ങിയവയും ഹിമാചൽ പ്രദേശ്, ഉത്തരാഖണ്ഡ്, രാജസ്ഥാൻ എന്നിവിടങ്ങളിലെ “അന്താരാഷ്ട്ര അതിർത്തി പ്രദേശങ്ങളും” ഉൾപ്പെടുന്നുണ്ട്. ഈ പെർമിറ്റുകൾ പ്രോസസ്സ് ചെയ്യുന്നതിന് “8-10 ആഴ്ച” വരെ സമയമെടുക്കുമെന്നാണ് ആഭ്യന്തര മന്ത്രാലയം പുതിയ രേഖയിലൂടെ അറിയിക്കുന്നത്.

നിയന്ത്രണങ്ങൾ വിസയുടെ പേരിലും

2021 ഏപ്രിലിൽ നടത്തിയ രണ്ടാമത്തെ സർവേയിൽ 41 പത്രപ്രവർത്തകർ പങ്കെടുത്തിരുന്നു. അതിന്റെ വ്യാപ്തി കൂടുതൽ വിശാലമായിരുന്നു. യാത്രാ പെർമിറ്റുകൾക്ക് പുറമെയുള്ള അന്വേഷണത്തിൽ മോദി സർക്കാർ വിസയുടെ പേരിൽ കടുത്ത നിയന്ത്രണങ്ങൾ ആരംഭിച്ചിട്ടുണ്ടെന്ന് സർവേ നടത്തിയ മാധ്യമപ്രവർത്തകർ വിശദീകരിക്കുന്നുണ്ട്.

ആ വർഷം സർവേയിൽ പങ്കെടുത്ത ഒരു പത്രപ്രവർത്തകൻ എഴുതി, “ഞാൻ വിസയ്ക്ക് അപേക്ഷിച്ചപ്പോൾ എന്നെ ഇന്ത്യൻ ഹൈക്കമ്മീഷനിലേക്ക് വിളിച്ചുവരുത്തുകയും ഞാൻ ചെയ്യുന്നത് കനത്ത സർക്കാർ വിരുദ്ധ പ്രവർത്തനമാണെന്നും പറഞ്ഞു.” തബ് ലീഗ് ജമാഅത് വിഷയത്തിൽ ഞാൻ തയ്യാറാക്കിയ ഒരു റിപ്പോർട്ടിനെ തുടർന്ന് ആഭ്യന്തര മന്ത്രാലയം എനിക്കെതിരെ എഡിറ്റർക്ക് കത്തെഴുതിയിരുന്നുവെന്ന് മറ്റൊരാൾ പറഞ്ഞു.

മറ്റൊരു പത്രപ്രവർത്തകൻ എഴുതി, “വിദേശ വിസ നീട്ടാൻ ഞാൻ അപേക്ഷിച്ചപ്പോൾ, മോദിയുടെ വിജയത്തെയും ഭരണത്തെയും കുറിച്ച് നല്ല വിവരങ്ങൾ എഴുതാൻ കോൺസുലേറ്റ് എന്നോട് അഭ്യർത്ഥിക്കുകയുണ്ടായി”.

“കാശ്മീർ കവറേജു”മായി ബന്ധപ്പെട്ട് ഉദ്യോഗസ്ഥർ വിളിച്ചുവരുത്തിയതിനെക്കുറിച്ചും നിരവധി പത്രപ്രവർത്തകർ സർവേയിൽ പ്രതികരിക്കുകയും കശ്മീരിൽ നിന്നും വടക്ക് കിഴക്കൻ പ്രദേശങ്ങളിൽ നിന്നും യഥാസമയം റിപ്പോർട്ട് ചെയ്യുന്നതിനുള്ള റിപ്പോർട്ടിംഗ് പെർമിറ്റ് ലഭിക്കാത്തതിൽ പത്രപ്രവർത്തകർ നിരാശ പ്രകടിപ്പിക്കുകയും ചെയ്തു. ആ വർഷം അപേക്ഷിച്ച 96% പേർക്കും പെർമിറ്റ് ലഭിച്ചില്ല എന്നത് ഖേദകരമാണ്.

ഒരു പത്രപ്രവർത്തകൻ എഴുതുന്നു: “പാൻഡെമിക്കിനെക്കുറിച്ച് അസമിൽ നിന്നുള്ള കുറച്ച് സെൻസിറ്റീവ് റിപ്പോർട്ടിംഗ് നടത്താൻ ഞാൻ അപേക്ഷിക്കുകയും പത്ത് ദിവസത്തിനുള്ളിൽ എനിക്ക് പെർമിറ്റ് ലഭിക്കുമെന്ന് ഉറപ്പുനൽകുകയും ചെയ്തുവെങ്കിലും അത് നടന്നില്ല. ആദ്യം ആസൂത്രണം ചെയ്‌തതിലും മൂന്നാഴ്‌ച കഴിഞ്ഞ്, എന്റെ യാത്രയ്‌ക്കായി പുതുക്കിയ തീയതികളോടെ അപേക്ഷ വീണ്ടും സമർപ്പിക്കാൻ എന്നോട് ആവശ്യപ്പെട്ടു. ഞാൻ അങ്ങനെ ചെയ്തുവെങ്കിലും ഒരു മാസത്തിലേറെയായി ഒരു പ്രതികരണവുമുണ്ടായില്ല. വീണ്ടും അന്വേഷിച്ചതിന് ശേഷം, രണ്ടാമത്തെ തവണ അപേക്ഷ വീണ്ടും സമർപ്പിക്കാൻ എന്നോട് ആവശ്യപ്പെടുകയും, ഇത് പ്രോസസ്സ് ചെയ്യാൻ നാലാഴ്ച വരെ എടുക്കുമെന്ന് അറിയിക്കുകയും ചെയ്തു. നിലവിലെ സംവിധാനത്തിന് കീഴിൽ സർക്കാർ നിയന്ത്രിത മേഖലകളിൽ സമയബന്ധിതമായ പത്രപ്രവർത്തനം അസാധ്യമാണെന്നാണ് എന്റെ അഭിപ്രായം”

ആശങ്ക വർധിപ്പിക്കുന്ന സർവ്വേകൾ

2022 ഫെബ്രുവരിയിലാണ് മൂന്നാമത്തെ സർവേ നടത്തിയത്‌. ഈ സർവേയിൽ കേവലം 21 വിദേശ ലേഖകരാണ് പങ്കെടുത്തത്. മുമ്പ് നടന്ന രണ്ട് സർവേകളും സർക്കാരുമായി പങ്കുവെച്ചിട്ടുണ്ടെങ്കിലും, വിദേശ മാധ്യമങ്ങളുടെ തൊഴിൽ സാഹചര്യങ്ങളിൽ പ്രകടമായ പുരോഗതിയൊന്നും ഉണ്ടാകാത്തതാണ് പങ്കാളിത്തം കുറയാൻ കാരണമെന്ന് സർവേ നടത്തുന്നവർ അഭിപ്രായപ്പെടുന്നു.

മുമ്പ് നടന്ന രണ്ട് സർവ്വേകൾക്കും സമാനമായി തന്നെയാണ് മൂന്നാമത്തെ സർവ്വെയുടെ കണ്ടെത്തലുകളും വ്യക്തമാക്കുന്നത്. 2021-ൽ ഒരു പ്രത്യേക റിപ്പോർട്ടിംഗ് പെർമിറ്റിന് അപേക്ഷിച്ച ഒരു വിദേശ മാധ്യമപ്രവർത്തകനും പെർമിറ്റ്‌ കിട്ടിയില്ല. “ക്ലിയറൻസ് ഒരിക്കലും ലഭിക്കാത്തതിനാൽ ഞാൻ ഇനി അപേക്ഷിക്കുന്നില്ല” എന്നായിരുന്നു ഒരു മാധ്യമപ്രവർത്തകൻ പ്രതികരിച്ചത്.

എന്നാൽ ഭീഷണിയുടെ അളവും വ്യാപ്തിയും ഉയർന്നതായിട്ടാണ് പുതിയ സർവ്വേ തെളിയിക്കുന്നത്.
കർണാടകയിലെ ക്രിസ്ത്യാനികൾക്കെതിരായ പീഡനത്തെക്കുറിച്ചുള്ള ഒരു വാർത്ത റിപ്പോർട്ട് ചെയ്തതിന്റെ പേരിൽ ഒരു പത്രപ്രവർത്തകനെ ചോദ്യം ചെയ്യുകയും അവരുമായുള്ള അഭിമുഖത്തെ കുറിച്ച് ഭീഷണിപ്പെടുത്തുകയും ചെയ്തുവെന്ന് ആരോപണമുയർത്തിയിരുന്നു.

ഒരു മാധ്യമ പ്രവർത്തകനെ നാടുകടത്തുമെന്ന് രണ്ടുതവണ ഭീഷണിപ്പെടുത്തിയതായി പറയുമ്പോൾ മറ്റൊരാൾ ഇന്ത്യൻ അധികാരികളിൽ നിന്നുള്ള ശാരീരിക ഭീഷണികൾ നേടിരുന്നുവെന്നാണ് ആരോപിച്ചത്.
ഒരു പത്രപ്രവർത്തകൻ പറയുന്നു: “ഞാൻ തയ്യാറാക്കുന്ന റിപ്പോർട്ടുകൾ ഇന്ത്യൻ അധികാരികൾക്ക് ഇഷ്ടപ്പെടാത്തപ്പോൾ എന്നെ ശിക്ഷിക്കാനുള്ള ഒരു ഉപകരണമായി ഇത് ഉപയോഗിച്ചതായാണ് എനിക്ക് തോന്നുന്നത്.”

ഈ സർവേകളിൽ പങ്കെടുത്ത നിരവധി പത്രപ്രവർത്തകരുമായി സംസാരിച്ചപ്പോൾ മേൽ പറഞ്ഞ ആശങ്കകൾക്കു പുറമെ തങ്ങളുമായി നല്ല രൂപത്തിൽ ഇടപഴകാൻ സർക്കാർ വിമുഖത പ്രകടിപ്പിന്നുണ്ടെന്നും ഞങ്ങൾക്ക് “ഒരു അജണ്ട” ഉണ്ടെന്ന് നിരന്തരം ആരോപിക്കപ്പെടുകയാണെന്നുമാണ് അവർ പ്രതികരിച്ചത്.

“ഞങ്ങൾക്ക് ഒരു പ്രത്യേക വീക്ഷണം ഉണ്ടായിരിക്കാം, പക്ഷേ അതിനർത്ഥം ഞങ്ങൾ ശരിയാണെന്നോ തെറ്റാണെന്നോ അല്ല,എന്നിരുന്നാലും അതിനായി സംസാരിക്കാൻ എല്ലാവർക്കും അവകാശമുണ്ട്.”
സർവേയിൽ പ്രതികരിച്ച മറ്റൊരു വ്യക്തിയും സമാനമായ അഭിപ്രായം ഉന്നയിച്ചു. “ഞങ്ങൾ അഭിപ്രായത്തിനായി ബന്ധപ്പെട്ട മന്ത്രാലയത്തിലേക്കും പ്രധാനമന്ത്രിയുടെ ഓഫീസിലേക്കും പോകുന്നതിൽ ശ്രദ്ധാലുവാണെങ്കിലും, ആളുകൾ വളരെ അപൂർവമായി മാത്രമേ പ്രതികരിക്കുന്നുള്ളൂ, അവർ അത് ചെയ്യുമ്പോൾ മാധ്യമങ്ങളും സർക്കാരും തമ്മിലുള്ള യഥാർത്ഥ ഇടപെടലുകൾ മനഃപൂർവം തടയുകയാണ്, അതിനാൽ അവരുടെ കാഴ്ചപ്പാടുകൾ ശരിയായി പ്രതിനിധീകരിക്കപ്പെടുന്നില്ലെന്നാണ് സർക്കാർ കരുതുന്നത്. ആ ധാരണ തീർത്തും തെറ്റാണ്”

ചുരുക്കത്തിൽ, ഇന്ത്യയിൽ പ്രവർത്തിക്കുന്ന ബിബിസി അടക്കമുള്ള വിദേശമാധ്യമങ്ങൾക്കെതിരെയുള്ള ആസൂത്രിതമായ നീക്കങ്ങൾ ഗവൻമെന്റിന്റെ ഭാഗത്തുനിന്നും മറ്റുമായി നിലവിലുണ്ടെന്നാണ് മേല്പറഞ്ഞ സർവ്വേകളും സമീപകാല സാഹചര്യങ്ങളും തെളിയിക്കുന്നത്.

മൊഴിമാറ്റം: മുജ്തബ മുഹമ്മദ്‌

???? വാട്‌സാപ് ഗ്രൂപ്പിൽ അംഗമാകാൻ????: https://chat.whatsapp.com/CtdeYjAfwas90JeGabX9H0

Related Articles