Current Date

Search
Close this search box.
Search
Close this search box.

ഇത് ഇരട്ടത്താപ്പ്, കാപട്യവും

സിറിയ,ഇറാഖ്,യമന്‍ എന്നിവ സ്വതന്ത്ര രാജ്യങ്ങളാണ്. മുസ്ലിം ഭൂരിപക്ഷ പ്രദേശമാണ് എന്നത് കൊണ്ട് ഇന്ത്യന്‍ മുസ്ലിംകള്‍ക്കു അവിടെ ഒരു സ്വാധീനവുമില്ല. ലോകത്ത് മറ്റെല്ലായിടത്തും ജനാധിപത്യം ശക്തിപ്പെട്ട സമയത്തു അതില്‍ നിന്നും മാറി നിന്ന് എന്നതാണ് പശ്ചിമേഷ്യന്‍ രാജ്യങ്ങളുടെ ദുരന്തം. വ്യക്തി സ്വാതന്ത്രത്തിന്റെ കാര്യത്തില്‍ കമ്യൂണിസ്റ്റ് രാജ്യങ്ങളും രാജ ഭരണം നിലനില്‍ക്കുന്ന രാജ്യങ്ങളും ഏകദേശം തുല്യമാണ്.

ഇറാഖിലും സിറിയയിലും യമനിലും എന്ത് നടക്കുന്നു എന്നത് ആ നാട്ടുകാര്‍ക്ക് പോലും അറിയില്ല. കാരണം അവിടങ്ങളില്‍ പലയിടത്തും ഭരണകൂടത്തിനു നാടിന്റെ മേല്‍ ഒരു സ്വാധീനവുമില്ല എന്നത് തന്നെ. പലയിടത്തും ഭരണകൂടം തന്നെ ഭീകരമാവുന്ന അവസ്ഥയും കണ്ടു വരുന്നു. ഐ.എസ് ഈ നാടുകളില്‍ ഒരു സജീവ സാന്നിധ്യമാണ് എന്ന് പറഞ്ഞു വരുന്നു. എന്താണ് ഐ എസ് എന്ന് ഇന്നുവരെ കൃത്യമായി ആര്‍ക്കും നിര്‍വചിക്കാന്‍ കഴിഞ്ഞിട്ടില്ല. അതിന്റെ നേതാവ് തന്നെ പലപ്പോഴും കൊല്ലപ്പെടുകയും പിന്നീട് തിരിച്ചു വരികയും ചെയ്യുന്ന വാര്‍ത്തകള്‍ ഇപ്പോള്‍ സാധാരണമാണ്. ഒരു കാര്യം ഉറപ്പാണ് ഒരു ഭീകര സാന്നിധ്യം ഈ നാടുകളില്‍ ഉണ്ടായിട്ടുണ്ട്. അതിനെ നാം ഐ എസ് എന്ന് വിളിക്കുന്നു. ഇസ്ലാമിക് സ്റ്റേറ്റ് എന്ന് അവര്‍ സ്വയം വിളിക്കുന്നു. പക്ഷെ അവരുടെ ഇസ്ലാമിനെ ലോകത്തെ ഒരു മുസ്ലിം സംഘടനയും പണ്ഡിതരും അംഗീകരിച്ചിട്ടില്ല എന്നതാണ് വാസ്തവം. അത് കൊണ്ട് തന്നെ അവരുടെ ചെയ്തികള്‍ക്ക് മുസ്ലിംകള്‍ പ്രതികരിക്കേണ്ട ആവശ്യമില്ല. അതൊന്നും പലരും സമ്മതിക്കില്ല. അവര്‍ നടത്തുന്ന ഓരോ ക്രിയക്കും കേരളത്തിലെ മുസ്ലിംകള്‍ മാപ്പു പറയണം എന്നതാണ് കപട മതേതര യുക്തി സംഘ വിഭാഗങ്ങളുടെ ആവശ്യം.

അതെ സമയത്തു നമ്മുടെ നാട്ടില്‍ അടുത്തിടെ ഐ എസിനെ തോല്‍പ്പിക്കുന്ന പല ക്രൂരതകളും നടക്കുന്നു, ഇപ്പോഴും നടന്നു കൊണ്ടിരിക്കുന്നു. ആധുനിക ലോകത്തും ആളുകളെ നിര്‍ബന്ധിപ്പിച്ച് ‘ജയ് ശ്രീറാം’ വിളിപ്പിക്കുന്ന വാര്‍ത്തകള്‍ ഇന്ന് സാധാരണമാണ്. അതിന്റെ പേരില്‍ കൊല്ലപ്പെട്ട മുസ്ലിം വിഭാഗത്തിലെ യുവാക്കളുടെ വാര്‍ത്തകളും നമ്മുടെ മുന്നിലുണ്ട്. ഇന്ത്യയിലെ കുറച്ചു സാംസ്‌കാരിക പ്രവര്‍ത്തകര്‍ ഈ വിഷയത്തില്‍ പ്രധാനമന്ത്രിക്ക് കത്തെഴുതി. ആളുകളെ പീഡിപ്പിക്കുകയും പച്ചക്കു കൊല്ലുകയും ചെയ്യുന്നു എന്നതിനേക്കാള്‍ പലരും തെറ്റായി കണ്ടത് പ്രധാനമന്ത്രിക്ക് എഴുതിയ കത്താണ്. അതിന്റെ പേരില്‍ കത്തയച്ചവര്‍ക്കു എതിരെ നിയമ നടപടി വേണമെന്ന നല്‍കിയ പരാതി കോടതി ഫയലില്‍ സ്വീകരിച്ച വിവരവും നാം വായിച്ചതാണ്.

എന്ത് കൊണ്ടാണ് ഇത്തരം കൊലകളും സംഭവങ്ങളും ഒരു പൊതു വിഷയമാകാതെ പോകുന്നു. കേരളത്തിലെ തന്നെ സാമൂഹിക സാംസ്‌കാരിക നേതാക്കള്‍ അധികവും മൗനികളാണ്. ഈ അരുംകൊലകള്‍ നടത്തുന്നത് ഹിന്ദുത്വ ശക്തികളാണ്. അവര്‍ സമൂഹത്തില്‍ ചെറിയ ന്യൂനപക്ഷമാണ് എന്നിരിക്കലും അവര്‍ ഹിന്ദു മതത്തിന്റെ വാക്താക്കളായാണ് രംഗത്തു വരുന്നത്. ഒരാളെയും നിര്‍ബന്ധിപ്പിച്ചു ചേര്‍ക്കേണ്ടതല്ല മതം. അത് വിശ്വാസവും അതനുസരിച്ചുള്ള ജീവിതവുമാണ്. ഇതൊരു ഒറ്റപ്പെട്ട സംഭവമായി കാണാന്‍ കഴിയില്ല. ഓരോ ദിവസവും പുതിയ വാര്‍ത്തകള്‍ വന്നു കൊണ്ടിരിക്കുന്നു. ഇന്ത്യയില്‍ ഹിന്ദുക്കളും മുസ്ലിംകളും ഒന്നിച്ചു ജീവിക്കാന്‍ തുടങ്ങിയിട്ട് നൂറ്റാണ്ടുകളായി. ഭരണത്തില്‍ സംഘ പരിവാര്‍ വന്നു എന്നത് മാത്രമാണ് ഇപ്പോഴത്തെ വിഷയങ്ങളുടെ കാരണം. മനുഷ്യ മനസ്സുകള്‍ പരമാവധി അകറ്റാന്‍ സംഘ് പരിവാര്‍ ശ്രമിച്ചു കൊണ്ടിരിക്കുന്നു. അഹിന്ദു കൊണ്ട് വന്ന ഭക്ഷണം പോലും സ്വീകരിക്കാതിരിക്കാന്‍ മാത്രം ചില മനസ്സുകള്‍ അടഞ്ഞു പോയിരിക്കുന്നു. അവിടെയാണ് രാജ്യത്തെ ചില സാമൂഹിക പ്രവര്‍ത്തകര്‍ പ്രധാനമന്ത്രിക്ക് കത്തെഴുതിയത്. അമ്പതില്‍ താഴെ മാത്രമായിരുന്നു അവരുടെ എണ്ണം. അതെ സമയം രാജ്യത്തെ അധികം സാംസ്‌കാരിക നായകരും വിഷയത്തില്‍ മൗനം പാലിച്ചു.

അക്രമം നടത്തുന്നവരെ തള്ളിപ്പറയുക എന്നത് സാന്മാര്‍ഗിക ബോധമുള്ള ഒരു സമൂഹത്തിന്റെ ആവശ്യമാണ്. ഇതുവരെ ഇത്തരം അക്രമികളെ തള്ളിപ്പറയാന്‍ ഹിന്ദു സമൂഹത്തില്‍ നിന്നും ഒരു സംഘടനയും രംഗത്തു വന്നില്ല. അത് പോലെ മറ്റു സഹോദര മതങ്ങളില്‍ നിന്നും അത്തരം ഒരു പ്രവണത കണ്ടില്ല. സമൂഹത്തിലെ നല്ല മനുഷ്യരുടെ നിസ്സംഗതയാണ് പലപ്പോഴും അക്രമികള്‍ക്ക് വളമാകുന്നത്. നേരത്തെ പറഞ്ഞത് പോലെ സിറിയയിലും ഇറാഖിലും പേരും ഊരുമറിയാത്ത പലരും ചെയ്തു കൂട്ടുന്ന ക്രൂരതകളെ നിരന്തരം തള്ളിപ്പറയാന്‍ മുസ്ലിംകള്‍ സന്നദ്ധരാകണം. അതെ സമയം അവര്‍ക്കെതിരെ നടക്കുന്ന ആക്രമങ്ങളെ എല്ലാ വിഭാഗങ്ങളും കണ്ടില്ലെന്നു നടിക്കുന്നു. അക്രമങ്ങളെയും അക്രമികളെയും മുഖം നോക്കാതെ തള്ളി പറയാനും ഒറ്റപ്പെടുത്താനും സമൂഹം തയ്യാറാകണം. അതിനു മതവും രാഷ്ട്രീയവും തടസ്സമാകരുത്. ജീവിക്കാനുള്ള എല്ലാ മനുഷ്യരുടെയും അവകാശം ഒന്നാണ്. ഇന്ത്യ എന്ന വൈവിധ്യങ്ങളുടെ നാട്ടില്‍ സങ്കുചിത ചിന്തകള്‍ കൊണ്ട് വരുന്നവരെ എതിര്‍ക്കാന്‍ നാം ഒന്നിച്ചു രംഗത്തു വരണം.

Related Articles