Current Date

Search
Close this search box.
Search
Close this search box.

80:20 അനുപാതം ഹൈകോടതി റദ്ദാക്കുബോൾ

ഒരു പ്രത്യേക സമുദായത്തില്‍പെട്ട ഒരാള്‍ ന്യൂനപക്ഷ ക്ഷേമ വകുപ്പ് കൈകാര്യം ചെയ്യുന്നത് കേരളത്തിലെ കൃസ്ത്യന്‍ തീവ്രവാദികള്‍ ചോദ്യം ചെയ്തിരുന്നു. മുസ്ലിംകള്‍ എന്തോ അവിഹിതമായി നേടുന്നു എന്ന വാദവും അവര്‍ മുന്നോട്ടു വെച്ചു. വിഷയത്തില്‍ ഒരു ധവള പത്രം ഇറക്കണമെന്ന് കേരളത്തിലെ മുസ്ലിം മത സംഘടനകള്‍ ആവശ്യപ്പെട്ട് മുന്നോട്ട് വന്നിരുന്നു. പക്ഷെ കൃസ്ത്യന്‍ സമൂഹത്തിന്റെ വാദം ശരിവെച്ചു അവരുടെ ആവശ്യ പ്രകാരം ആ വകുപ്പ് തന്നെ മുഖ്യമന്ത്രി ഏറ്റെടുത്തിരുന്നു.

1980 ഡിസംബര്‍ 31 ന് കേന്ദ്ര സര്‍ക്കാര്‍ നിയമിച്ച ബി.പി മണ്ഡല്‍ ചെയര്‍മാനായ ആറംഗ മണ്ഡല്‍ കമ്മീഷന്‍ റിപ്പോര്‍ട്ടാണ് ആദ്യമായിറങ്ങിയത്. രാജ്യത്ത് പട്ടികജാതിക്കാരും പട്ടികവര്‍ഗക്കാരും മുസ്‌ലിംകള്‍ ഉള്‍പ്പെടുന്ന പിന്നാക്കക്കാരും ഇപ്പോഴും വളരെ പിന്നാക്കമാണെന്നും 50 ശതമാനം സംവരണം അവര്‍ക്ക് നല്‍കണമെന്നും മണ്ഡല്‍ കമ്മീഷന്‍ റിപ്പോര്‍ട്ടില്‍ പറഞ്ഞു. ഈ റിപ്പോര്‍ട്ട് നടപ്പാക്കുന്നതിനെതിരെ രാജ്യമൊട്ടാകെ പ്രക്ഷോഭം നടന്നു.

2001 ഒക്ടോബറില്‍ നരേന്ദ്രന്‍ കമ്മീഷന്‍ റിപ്പോര്‍ട്ട് സമര്‍പിച്ചു. റിപ്പോര്‍ട്ടില്‍ സര്‍ക്കാര്‍, പൊതുമേഖല സ്ഥാപനങ്ങള്‍, യൂണിവേഴ്‌സിറ്റി എന്നിവയില്‍ യഥാക്രമം 10.45, 8.67, 11.15 ശതമാനം പ്രാതിനിധ്യം മാത്രമേ 24 ശതമാനം ജനസംഖ്യയുള്ള മുസ്‌ലിം സമുദായത്തിനുള്ളൂവെന്ന് കണ്ടെത്തി. എന്നാല്‍ 23 ശതമാനം വരുന്ന മുന്നാക്കക്കാര്‍ക്ക് സര്‍ക്കാര്‍, പൊതുമേഖല സ്ഥാപനങ്ങള്‍, യൂണിവേഴ്‌സിറ്റി എന്നിവയില്‍ യഥാക്രമം 38, 36.84, 45.86 ശതമാനം പ്രാതിനിധ്യമുണ്ട് എന്നും കണ്ടെത്തി. മുസ്‌ലിം സമുദായത്തിന് ഇങ്ങനെയൊരു പിന്നാക്കാവസ്ഥ വന്നത് വിദ്യാഭ്യാസപരമായ പിന്നാക്കാവസ്ഥ കൊണ്ടാണെന്നും സര്‍ക്കാര്‍ ഈ കുറവുകള്‍ പരിഹരിക്കണമെന്നും നരേന്ദ്രന്‍ കമ്മീഷന്‍ റിപ്പോര്‍ട്ടില്‍ ശുപാര്‍ശ ചെയ്യുന്നു .

2004ല്‍ യു.പി.എ സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിന്‌ശേഷം രാജ്യത്തെ മുസ്‌ലിം സമുദായത്തിന്റെ പിന്നാക്കാവസ്ഥ പഠിക്കുന്നതിനായി മാത്രം സുപ്രീംകോടതി റിട്ടയേഡ് ജഡ്ജി രജീന്ദര്‍ സച്ചാര്‍ ചെയര്‍മാനായി ഒരു ഏഴംഗ സമിതിയെ നിയോഗിച്ചു. 17.11.2006 ന് സച്ചാര്‍ കമ്മിറ്റി റിപ്പോര്‍ട്ട് സമര്‍പ്പിച്ചു. റിപ്പോര്‍ട്ടിലെ 72 ശിപാര്‍ശകളെ കേന്ദ്ര സര്‍ക്കാര്‍ 2007 ജൂലൈ 17ന് അംഗീകരിച്ചു.

കേരളത്തിലെ ദാരിദ്ര്യ രേഖക്ക് താഴെയുള്ള ആളുകളില്‍ 30.8 ശതമാനം മുസ്‌ലിം സമുദായത്തില്‍പെട്ടവരാണെന്നും സര്‍ക്കാര്‍ സ്‌കീമുകളുടെ അഞ്ച് മുതല്‍ 16 ശതമാനം വരെ പ്രയോജനം മാത്രമേ മുസ്‌ലിം സമുദായത്തിന് ലഭിക്കുന്നുള്ളൂ എന്നും സച്ചാര്‍ കമ്മിറ്റി പറയുന്നു. കേരളത്തിലെ ന്യൂനപക്ഷ സമുദായങ്ങളില്‍ 57 ശതമാനം മുസ്‌ലിം സമുദായംഗങ്ങളാണെങ്കിലും ന്യൂനപക്ഷ/പിന്നാക്ക വിഭാഗങ്ങളുടെ ആനുകൂല്യങ്ങളുടെ 22 ശതമാനം മാത്രമേ മുസ്‌ലിം സമുദായത്തിന് ലഭിക്കുന്നുള്ളൂ എന്നും സച്ചാര്‍ കമ്മിറ്റി ചൂണ്ടിക്കാണിച്ചിരുന്നു.

കേരളത്തില്‍ ദരിദ്രരില്‍ 24 ശതമാനം മുസ്‌ലിം സമുദായംഗങ്ങളാണെന്നും മറ്റ് ന്യൂനപക്ഷങ്ങള്‍ ദരിദ്രരില്‍ 9 ശതമാനം മാത്രമാണെന്നും സച്ചാര്‍ റിപ്പോര്‍ട്ട് പറയുന്നു. കേരളത്തില്‍ മുസ്‌ലിം സമുദായം 24.6 ശതമാനം ഉണ്ടെങ്കിലും സര്‍ക്കാര്‍ സര്‍വീസില്‍ 10.4 ശതമാനം മാത്രമേ പ്രതിനിധ്യമുള്ളൂ.

മുസ്ലിം സമുദായത്തിന്റെ മേല്‍ പറഞ്ഞ പ്രശങ്ങള്‍ക്ക് പരിഹാരമായി കേരളത്തില്‍ ന്യൂനപക്ഷ ക്ഷേമ വകുപ്പ് രൂപീകരിക്കുന്നു’. നൂറു ശതമാനവും മുസ്ലിം ന്യൂനപക്ഷത്തിനു കിട്ടേണ്ട ആനുകൂല്യമാണ് 80:20 എന്ന ആനുപാതികത്തിലൂടെ അട്ടിമറിക്കപ്പെട്ടത്. മുന്നോക്ക സമൂഹങ്ങള്‍ക്ക് മാത്രമായി മറ്റു പല സഹായ പദ്ധതികളും നാട്ടില്‍ ലഭ്യമാണ്. അതില്‍ നിന്നും മുസ്ലിം സമൂഹത്തിനു യാതൊരു വിഹിതവും ലഭിക്കുന്നില്ല.

മുസ്‌ലിംകളുടെ പിന്നാക്കാവസ്ഥ പഠിക്കാനാണ് കമ്മിറ്റികള്‍ രൂപീകരിക്കപ്പെട്ടത്. മറ്റിതര ന്യൂനപക്ഷ സമുദായങ്ങള്‍ക്ക് പിന്നാക്കാവസ്ഥയില്ലെന്നും കമ്മിറ്റികള്‍ കണ്ടെത്തിയിരുന്നു എന്നാലിപ്പോള്‍ ഉയര്‍ത്തുന്ന ആവശ്യം പിന്നാക്കമാണെന്ന് റിപ്പോര്‍ട്ടുകള്‍ കണ്ടെത്തിയ മുസ്‌ലിംകള്‍ക്ക് കൊടുക്കുന്ന ആനുകൂല്യങ്ങള്‍ തുല്യമായി മുന്നാക്കമാണെന്ന് റിപ്പോര്‍ട്ടുകള്‍ കണ്ടെത്തിയവര്‍ക്കും വേണമെന്നാണ്.

പുതിയ കോടതി വിധി തീര്‍ത്തും അനീതിയാണ്. രാജ്യത്തെ ഒരു സമൂഹത്തിന്റെ പിന്നോക്കാവസ്ഥക്ക് പരിഹാരം കാണാന്‍ ഏര്‍പ്പെടുത്തിയ പദ്ധതി അവര്‍ക്ക് മാത്രമായി ചുരുക്കുക എന്നതാണ് നീതി. ഈ വിഷയത്തില്‍ സര്‍ക്കാര്‍ കാണിച്ച അലംഭാവം എടുത്തു പറയാതിരിക്കാനാവില്ല. ഹൈകോടതി വിധിക്കെതിരെ സര്‍ക്കാര്‍ അപ്പീല്‍ പോകുക എന്നതാണ് നീതി. മാത്രമല്ല നിലവിലുള്ള 80:20 എന്ന അനുപാതം മാറ്റി പൂര്‍ണമായി അത് കമ്മിറ്റി ശുപാര്‍ശയുടെ അടിസ്ഥാനത്തില്‍ വിതരണം ചെയ്യുകയും വേണം. സ്വാതന്ത്ര്യം നേടി പതിറ്റാണ്ടായിട്ടും ഒരു ജനത എങ്ങിനെ പിന്നില്‍ നില്‍ക്കുന്നു എന്ന ചോദ്യത്തിന് നല്‍കാന്‍ കഴിയുന്ന ഉത്തരമാണു പുതിയ ഹൈകോടതി വിധി.

Related Articles