Current Date

Search
Close this search box.
Search
Close this search box.

ഗോർബച്ചേവും കേരളത്തിലെ സമ്മേളനങ്ങളും!

‘വിശ്വാസത്തിലേക്ക് വീണ്ടും’ എന്ന തലക്കെട്ടിൽ, 1988-89 കാലത്ത്, കേരളത്തിൽ നടന്ന ജില്ലാ സമ്മേളനങ്ങളാണ് ഗോര്‍ബച്ചേവിന്റെ മരണം എന്നിലുണർത്തിയ ആദ്യ ഓർമ്മ. യു.എസ്.എസ്.ആർ എന്ന നാല് അക്ഷരങ്ങളിൽ അറിയപ്പെട്ട യൂനിയൻ ഓഫ് സോവിയറ്റ് സോഷ്യലിസ്റ്റ് റിപ്പബ്ലിക്ക് എന്ന ലോകശക്തി ദുർബലപ്പെടുകയും കമ്മ്യൂണിസത്തിൻ്റെ തകർച്ചക്ക് ലോകം സാക്ഷ്യം വഹിക്കാൻ തുടങ്ങുകയും ചെയ്ത കാലമായിരുന്നു അത്. 1991ഡിസംബറിൽ ക്രെംലിനിൽ സോവിയറ്റ് പതാക താഴ്ന്നതും -92 ൽ യു.എസ്.എസ്.ആറിൻ്റെ പതനം ഏതാണ്ട് പൂർണ്ണമായതും ലോകം കണ്ടു.

പക്ഷേ, അതിനും രണ്ട് വർഷങ്ങൾക്ക് മുമ്പ്, 1998 പകുതിയോടെത്തന്നെ സോവിയറ്റ് യൂനിയൻ്റെ പതനവും കമ്മ്യുണിസത്തിൻ്റെ തകർച്ചയും പ്രഖ്യാപിച്ച് പ്രതികരിക്കാൻ കേരളത്തിലെ ഒരു കൂട്ടം ചിന്തിക്കുന്ന ചെറുപ്പത്തിന് കഴിഞ്ഞിരുന്നു. കാരണം, ‘മോസ്കോയിൽ കമ്മ്യൂണിസത്തിന് അഭയമില്ലാത്ത കാലം വരും’ എന്ന് പതിറ്റാണ്ടുകൾക്ക് മുമ്പേ പ്രവചിച്ച സയ്യിദ് മൗദൂദിയുടെ ശിഷ്യൻമാരായിരുന്നു അവർ.
എസ്.ഐ.ഒ എന്നാണ് ആ വിദ്യാർത്ഥി -യുവജന സംഘടനയുടെ പേര്.

1988-89 കാലത്ത് കേരളത്തിലെ വിവിധ ജില്ലകളിൽ, എസ്.ഐ.ഒ നടത്തിയ സമ്മേളനങ്ങളുടെ പ്രമേയമായിരുന്നു ‘വിശ്വാസത്തിലേക്ക് വീണ്ടും’. ഈ പ്രമേയത്തിന് ശക്തമായൊരു ദാർശനിക അടിത്തറയും സംഭവ ലോകത്തിൻ്റെ പശ്ചാതലവുമുണ്ടായിരുന്നു. കമ്മ്യൂണിസ്റ്റ് സർവാധിപത്യത്തിൻ്റെ ഇരുമ്പ് മറയ്ക്കകത്തേക്ക് അൽപ്പം ജീവവായു കടത്തിവിടാൻ, പ്രസിഡൻ്റ് മിഖായീൽ ഗോർബച്ചേവ് ശ്രമിക്കുകയുണ്ടായി. ഗ്ലാസ്നസ്റ്റ് – പെരിസ്ട്രോയിക്ക (തുറവിയും ഉടച്ച് വാർക്കലും) എന്ന തലക്കെട്ടിലാണ് അതറിയപെട്ടത്. സ്റ്റാലിനിസ്റ്റ് ഉരുക്കുമതിലിനകത്ത് നിലനിന്ന രാജ്യത്തിൻ്റെ വ്യവസ്ഥയെ അൽപ്പമൊന്ന് മാറ്റിപ്പണിയാനായിരുന്നു ഗോർബച്ചോവിൻ്റെ ശ്രമം. സമീപ ഭാവിയിൽ തകരുമെന്ന് ഗോർബച്ചേവ് തന്നെ തിരിച്ചറിഞ്ഞ, യു.എസ്.എസ്.ആറിനെ കുറച്ചു കാലം കൂടി മുന്നോട്ട് നയിക്കാനായിരിക്കാം അദ്ദേഹത്തിൻ്റെ നടപടികൾ.

ഗോർബച്ചേവിൻ്റെ ഗ്ലാസ്നസ്റ്റ് – പെരിസ്ട്രോയിക്ക പക്ഷേ, യു.എസ്.എസ്.ആറിൻ്റെ സമ്പൂർണ്ണ തകർച്ചക്കാണ് വഴിതുറന്നത്. കമ്മ്യൂണിസ്റ്റ് ഉരുക്കുമുഷ്ടിക്കകത്ത് പാരതന്ത്ര്യം പേറിക്കഴിഞ്ഞിരുന്ന റിപ്പബ്ലിക്കുകളിൽ പലതും സ്വാതന്ത്ര്യം പ്രഖ്യാപിച്ച്, സ്വന്തം കാലിൽ നിൽക്കാൻ തീരുമാനിച്ചു. ഈ രാഷ്ട്രങ്ങളിൽ ചിലത് മുസ്ലിം സ്വാധീനം കൂടുതലുള്ളവയായിരുന്നു.

കമ്മ്യുണിസ്റ്റ് അടിമത്തത്തിൽ നിന്ന് സ്വാതന്ത്ര്യം ലഭിച്ചതോടെ, ഇസ്ലാമിക വിശ്വാസത്തിലേക്കും സംസ്കാരത്തിലേക്കും അവർ തിരിച്ചു പോകാൻ തുടങ്ങി. ചരിത്രപരമായ ഈ മാറ്റത്തെ, അഭിവാദ്യം ചെയ്യാൻ ഇന്ത്യയിലെ ഏറ്റവും വലിയ ഇസ് ലാമിക വിദ്യാർത്ഥി -യുവജന ശക്തിയായ എസ്.ഐ.ഒ അന്ന് സധീരം എഴുന്നേറ്റ് നിന്നു. അങ്ങനെയാണ് ‘വിശ്വാസത്തിലേക്ക് വീണ്ടും’ എന്ന പ്രമേയം കേരളത്തിൻ്റെ തെരുവുകളിൽ മുഴങ്ങുന്നത്.

എനിക്കന്ന് പതിമൂന്ന് വയസ്സാണ് പ്രായം. എങ്കിലും, സമ്മേളന പ്രമേയം ഇങ്ങനെ ഓർത്തിരിക്കാൻ ഒരു കാരണമുണ്ട്. വിശ്വാസത്തിലേക്ക് വീണ്ടും എന്ന തലക്കെട്ട് മാത്രം കേട്ട അന്നത്തെ എൻ്റെ ഒരു മുസ്ലിം സുഹ്യത്തിൻ്റെ ചോദ്യം ഇങ്ങനെയായിരുന്നു; ‘നിങ്ങൾ ജമാഅത്തുകാർ വിശ്വാസത്തിലേക്ക് വീണ്ടും വരാൻ, നിങ്ങളൊക്കെ ഇസ്ലാമിൽ നിന്ന് പോയിരുന്നോ? നിങ്ങൾക്കിതുവരെ വിശ്വാസം ഉണ്ടായിരുന്നില്ലേ’?
ഗ്ലാസ്നോസ്റ്റും – പെരിസ്ട്രോയിക്കയും അന്നെനിക്ക് മനസ്സിലാകില്ലെങ്കിലും, സമ്മേളന പ്രമേയത്തിൻ്റെ ആശയം ചോദിച്ചറിയാൻ, ഈ സുഹൃത്തിൻ്റെ കളിയാക്കൽ കാരണമായി. ഇസ്ലാമിക പ്രസ്ഥാനത്തിൻ്റെ ആശയ പ്രചാരണങ്ങളെ, മുസ്ലിം സമുദായത്തിനകത്തെ ഒരു വിഭാഗം അക്കാലത്ത് എങ്ങനെയാണ് എടുത്തിരുന്നത് എന്നറിയാൻ ഈ ഉദാഹരണം തന്നെ മതി. ഇസ്ലാമിക പ്രത്യയശാസ്ത്രത്തിൻ്റെ സമകാലിക പ്രസക്തിയെക്കുറിച്ച് മികച്ച പ്രമേയങ്ങൾ ഉയർത്താൻ, അത്തരമൊരു വിഭാഗത്തെക്കൂടി വിദ്യാഭ്യാസം ചെയ്യിക്കാൻ ഇസ്ലാമിക പ്രസ്ഥാനത്തിന് സാധിച്ചു എന്നതാണ് പിൽക്കാല അനുഭങ്ങൾ തരുന്ന അഭിമാനകരമായ നേട്ടം!

എസ്.ഐ.ഒ സമ്മേളനത്തിൻ്റെ പശ്ചാത്തലത്തിലും, പിന്നീട് സോവിയറ്റ് യൂനിയൻ്റെ തകർച്ചയുടെ സന്ദർഭത്തിലും പ്രബോധനം വാരികയിലും യുവസരണി മാസികയിലും പ്രസിദ്ധീകരിച്ചു വന്ന ചില ഫോട്ടോകളും കവർ ചിത്രങ്ങളും ഒർമ്മകളിലുണ്ട്. കേരളത്തിൽ കമ്മ്യൂണിസ്റ്റ് പാർട്ടികളുടെ മനുഷ്യചങ്ങല വ്യാപകമായി നടക്കുന്ന കാലമായിരുന്നു അത്. തകർന്ന് വീഴുന്ന കമ്മ്യൂണിസ്റ്റ് സോവിയറ്റ് യൂനിയന് ചുറ്റും മനുഷ്യചങ്ങല തീർത്ത്, പിടിച്ചു നിർത്താൻ ശ്രമിക്കുന്ന ഒരു കൂട്ടം ആളുകളെ ചിത്രീകരിച്ച ഒരു കാർട്ടൂൺ യുവസരണിയിൽ വന്നതാണ് പ്രധാനപെട്ട ഒരോർമ്മ. ആവേശകരമായ ആശയ പോരാട്ടങ്ങളുടെ ആ നാളുകൾ മറക്കാനാകില്ല!

????വാട്‌സാപ് ഗ്രൂപ്പില്‍ അംഗമാകാന്‍????: https://chat.whatsapp.com/ElWKbMwC52LBPoEJ9Tbrkp

Related Articles